UPDATES

വിശ്വാസവോട്ടില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുത് എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ, വിപ്പ് ലംഘിക്കുന്നവരെ എന്ത് ചെയ്യണമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ല

സുപ്രീം കോടതി വിധി ഒരു തരത്തിലും വിമത എംഎല്‍എമാരെ രക്ഷിക്കുന്നില്ല എന്നതാണ് വസ്തുത.

കര്‍ണാടകയിലെ എംഎല്‍എമാരുടെ രാജി അംഗീകരിക്കാത്ത സ്പീക്കറുടെ നടപടിക്കെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി കല്‍പ്പിച്ചിരിക്കുന്ന തീര്‍പ്പ് ഹര്‍ജിക്കാരായ എംഎല്‍എമാര്‍ക്ക് മാത്രമല്ല, എതിര്‍കക്ഷികളായ സ്പീക്കര്‍ കെആര്‍ രമേഷ് കുമാറിനും മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിക്കും തൃപ്തികരമാണ് എന്നതാണ് വിചിത്രം. പ്രതാപ് ഗൗഡ പാട്ടീല്‍ വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കര്‍ണാടക ആന്‍ഡ് അദേഴ്‌സ് എന്ന കേസില്‍ സുപ്രീം കോടതി പറഞ്ഞിരിക്കുന്നത് എംഎല്‍എമാരുടെ രാജിയില്‍ തീരുമാനമെടുക്കാനുള്ള അധികാരം നിയമസഭ സ്പീക്കര്‍ക്കാണ് എന്നാണ്. അതേസമയം വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ എംഎല്‍എമാരെ നിര്‍ബന്ധിക്കരുത് എന്നും പറയുന്നു.

സഭയില്‍ വിപ്പ് ലംഘിച്ച് വോട്ട് ചെയ്താല്‍ സ്വാഭാവികമായും എംഎല്‍എമാര്‍ അയോഗ്യരാക്കപ്പെടും. സുപ്രീം കോടതി വിധി കൂറുമാറിയവരെ സംരക്ഷിക്കുന്നതും കുതിരക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണ് എന്നാണ് കോണ്‍ഗ്രസിന്റെ രൂക്ഷ വിമര്‍ശനം. അതേസമയം യഥാര്‍ത്ഥത്തില്‍ സുപ്രീം കോടതി വിമത എംഎല്‍എമാരെ സംരക്ഷിക്കുകയാണോ ചെയ്തത്. വിശ്വാസ വോട്ടില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുത് എന്നേ പറയുന്നുള്ളൂ . വിപ്പിനെക്കുറിച്ച് പറയുന്നില്ല. വിപ്പ് ലംഘിക്കപ്പെട്ടാല്‍ നടപടിയെടുക്കാനുള്ള നിയമസഭയുടെ അവകാശത്തെക്കുറിച്ച് പറയുന്നില്ല. സുപ്രീം കോടതി വിധി ഒരു തരത്തിലും വിമത എംഎല്‍എമാരെ രക്ഷിക്കുന്നില്ല എന്നതാണ് വസ്തുത. സഭയിലെത്തി സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാന്‍ പാര്‍ട്ടികള്‍ക്ക് ആവശ്യപ്പെടാം. ഈ ആവശ്യം എംഎല്‍എമാര്‍ തള്ളിയാല്‍ സ്വാഭാവികമായും അത് വിപ്പ് ലംഘനമാകും.

എംഎല്‍എമാര്‍ക്ക് സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വിപ്പ് നല്‍കുന്നത് നിര്‍ബന്ധത്തിന്റെ പരിധിയില്‍ വരുമോ എന്ന ചോദ്യമുണ്ട്. ഇതിന് ഉത്തരം നല്‍കുന്നത് 2008ലെ ഗുവാഹത്തി ഹൈക്കോടതിയുടെ ഒരു വിധിയാണ് എന്ന് ദ വയര്‍ ചൂണ്ടിക്കാട്ടുന്നു. യിതാച്ചു വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ എന്ന കേസ്. ജസ്റ്റിസ് ചെലമേശ്വര്‍, ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് എന്നിവര്‍ അംഗങ്ങളായിരുന്ന അന്നത്തെ ഹൈക്കോടതി ബഞ്ച് ആണ് സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്. 10ാം ഷെഡ്യൂളിലെ 2 (1) (b) പറയുന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ വിപ്പ് ലംഘിക്കുന്ന അംഗങ്ങള്‍ അയോഗ്യരാക്കപ്പെടും എന്ന് തന്നെയാണ്. യാതൊരു മര്യാദയുമില്ലാത്ത കൂറുമാറ്റങ്ങളെ തടയുന്നതിന് ഇത് അനിവാര്യമാണ് എന്ന് പാര്‍ലമെന്റ് കരുതുന്നതുകൊണ്ടാണ് ഇത്തരമൊരു നിയമം ഉണ്ടായത് എന്ന് ഗുവാഹത്തി ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അവകാശമുണ്ട് എന്ന ഹര്‍ജിക്കാരായ വിമത എംഎല്‍എമാരുടെ വാദത്തെ എതിര്‍കക്ഷികളായ സ്പീക്കറും മുഖ്യമന്ത്രിയും സുപ്രീം കോടതിയില്‍ എതിര്‍ത്തില്ല. വിപ്പ് അനുസരിക്കണോ ലംഘിക്കണോ എന്ന് തീരുമാനിക്കാന്‍ എംഎല്‍എമാര്‍ക്ക് അവകാശമുണ്ട് എന്നാണ് സുപ്രീം കോടതി ഇന്നലെ വ്യക്തമാക്കിയത്. അതേസമയം അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പറയുന്നുമില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍