UPDATES

കർണാടകത്തിൽ ടിപ്പു ജയന്തി ആഘോഷം റദ്ദാക്കി; ‘വർഗീയ ആഘോഷ’മെന്ന് വിശദീകരണം

ബിജെപിയുടെ അഭിപ്രായത്തിൽ ഹിന്ദുക്കളെ മതപരിവർത്തനം നടത്തിയയാളാണ് ടിപ്പു.

കർണാടകത്തിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ നടപ്പിലാക്കിയ ടിപ്പു സുൽത്താൻ ജയന്തി ആഘോഷം പുതുതായി അധികാരത്തിലെത്തിയ യെദിയൂരപ്പ സർക്കാർ റദ്ദാക്കി. ‘വിവാദപരവും വർഗീയവു’മായ ആഘോഷമെന്ന് വിശേഷിപ്പിച്ചാണ് ബിജെപി സര്‍ക്കാരിന്റെ ഈ നീക്കം. ആഘോഷം റദ്ദാക്കിയ കാര്യം കർണാടക ബിജെപിയുടെ ട്വിറ്റർ ഹാൻഡിൽ സ്ഥിരീകരിച്ചു.

സിദ്ധരാമയ്യ സർക്കാർ നടപ്പിലാക്കിയ ടിപ്പു സുൽത്താൻ ജയന്തി ആഘോഷം സംസ്ഥാനത്തും ദേശീയ തലത്തിലും വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

എല്ലാ വർഷവും നവംബർ പത്തിന് ടിപ്പുവിന്റെ ജന്മദിനം ആഘോഷിച്ചു വന്നിരുന്നതാണ്. 2015ൽ തുടങ്ങിയ ആ ആഘോഷം സിദ്ധരാമയ്യ ഭരണത്തിൽ നിന്നിറങ്ങുന്നതു വരെ തുടർന്നുവന്നു. ജെഡിഎസ്-കോൺഗ്രസ് സഖ്യ സർക്കാർ ഈ ആഘോഷം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിന്മാറാൻ സർക്കാർ തയ്യാറാകുകയുണ്ടായില്ല.

മൈസൂർ ഭരണാധികാരിയായ ടിപ്പു സുൽത്താൻ 1799ലാണ് ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി കൊലപ്പെടുത്തിയത്. ആധുനിക കർണാടകത്തിന്റെ സ്രഷ്ടാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ടിപ്പു സുൽത്താനെ ദീർഘകാലമായി അവഗണിക്കുകയായിരുന്നു സർക്കാരുകൾ. അക്രമിയെന്നും മതാന്ധനെന്നും ബ്രിട്ടീഷുകാർ ചാർത്തിക്കൊടുത്ത പ്രതിച്ഛായയെ വോഡിയാർ രാജകുടുംബം പിൽക്കാലത്ത് സമർത്ഥമായി ഉപയോഗിച്ചെന്നും ടിപ്പു അവഗണിക്കപ്പെട്ടെന്നും ആരോപിക്കപ്പെടുന്നുണ്ട്. ടിപ്പു കൊല്ലപ്പെട്ടതിനു ശേഷം മൈസൂർ ഭരണം വോഡിയാർമാരെ ഏൽപ്പിക്കുകയായിരുന്നു ബ്രിട്ടീഷുകാർ. ടിപ്പു കർണാടകത്തെയും ദക്ഷിണേന്ത്യയെ ആകമാനവും ആധുനികീകരിച്ചത് പരിഗണിച്ച് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കണമെന്നായിരുന്നു സിദ്ധരാമയ്യയുടെ നിലപാട്. ഇതിനെതിരെ വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു ബിജെപി.

ബിജെപിയുടെ അഭിപ്രായത്തിൽ ഹിന്ദുക്കളെ മതപരിവർത്തനം നടത്തിയയാളാണ് ടിപ്പു. കന്നഡ ഭാഷയ്ക്ക് എതിരായിരുന്നു ടിപ്പുവെന്നും ബിജെപി ആരോപിക്കുന്നു. എന്നാൽ, ടിപ്പു ആധുനിക മനോഭാവമുള്ളയാളായിരുന്നെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. അദ്ദേഹത്തിന് അക്കാലത്തുണ്ടായിരുന്ന അന്തർദ്ദേശീയ ബന്ധങ്ങൾ അതിശയകരമായിരുന്നെന്നും ടിപ്പുവിന്റെ കാഴ്ചപ്പാടുകൾ വിശാലമായിരുന്നെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടീഷുകാർക്കെതിരെ അദ്ദേഹം നടത്തിയ ചെറുത്തുനിൽപ്പ് ഐതിഹാസികമായിരുന്നെന്നും ചരിത്രമെഴുത്തുകാർ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍