UPDATES

ട്രെന്‍ഡിങ്ങ്

പുരോഗമനവാദികളുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചു; അന്ധവിശ്വാസ വിരുദ്ധ ബില്ലുമായി കര്‍ണാടക

ഹീനമായ പ്രവര്‍ത്തികളും മൂല്യമേറിയ വസ്തുക്കളും പാരിതോഷികങ്ങളും നിധിയും ലഭിക്കുന്നതിന് വേണ്ടി നടത്തുന്ന ദുര്‍മന്ത്രവാദങ്ങളും നിരോധിക്കും

ഏറെനാളായി കാത്തിരുന്ന അന്ധവിശ്വാസ വിരുദ്ധ ബില്ലിന് കര്‍ണാടക മന്ത്രിസഭയുടെ അനുമതി. മനുഷ്യത്വരഹിതമായ ഹീന പ്രവര്‍ത്തികള്‍ തടയുകയും ഉന്മൂലനം ചെയ്യുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രിസഭ ബില്ലിന് അനുമതി നല്‍കിയത്. അടുത്ത നിയമസഭ സമ്മേളനത്തില്‍ ബില്‍ അനുമതിയ്ക്കായി വയ്ക്കും.

ഹീനവും മനുഷ്യത്വരഹിതവും അന്ധവിശ്വസവുമായ പ്രവര്‍ത്തികള്‍ നിരോധിക്കുന്ന ബില്‍ എന്നാണ് സഭ നേരത്തെ ഈ ബില്ലിന് പേരിട്ടിരുന്നത്. എന്നാല്‍ ഇതില്‍ നിന്നും അന്ധവിശ്വാസം എന്ന പേര് മാറ്റി കര്‍ണാടക പ്രിവന്‍ഷന്‍ ആന്‍ഡ് ഇറാഡിക്കേഷന്‍ ഓഫ് ഇന്‍ഹ്യൂമന്‍ ഇവിള്‍ പ്രാക്ടീസസ് ആന്‍ഡ് ബ്ലാക്ക് മാജിക് ബില്‍ 2017 എന്നാണ് പുതിയ ബില്ലിന് പേരിട്ടിരിക്കുന്നത്. ബില്ലിന് മന്ത്രിസഭ അനുമതി നല്‍കിയെന്നും നവംബറില്‍ നടക്കുന്ന അടുത്ത നിയമസഭ സമ്മേളനത്തില്‍ ഇത് അനുമതിയ്ക്കായി വയ്ക്കുമെന്നും കര്‍ണാടക നിയമ, പാര്‍ലമെന്ററി കാര്യ മന്ത്രി ടിബി ജയചന്ദ്ര അറിയിച്ചു.

പുരോഗമനവാദികളുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് ബില്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. മനുഷ്യ ബലിയും മറ്റ് മനുഷ്യത്വരഹിതവും അഖോരി പ്രവര്‍ത്തികളും ദുര്‍മന്ത്രവാദവും തടയുകയും ഇല്ലാതാക്കുകയും ചെയ്യുന്ന ബില്‍ എന്ന പേരിലാണ് മന്ത്രിസഭ ഈ ബില്‍ ചര്‍ച്ച ചെയ്തത്. 2016 ജൂലൈയില്‍ റവന്യു മന്ത്രി കഗോഡു തിമ്മപ്പ നേതൃത്വം നല്‍കുന്ന സബ്കമ്മിറ്റിയുടെ പഠനത്തിന് ബില്‍ വിട്ടിരുന്നു. ബില്‍ വിശദമായ പഠനത്തിന് ശേഷം മാത്രമേ ചര്‍ച്ചയ്ക്ക് വയ്ക്കാവൂവെന്നാണ് ഭൂരിഭാഗം മന്ത്രിമാരും ആവശ്യപ്പെട്ടത്.

മുഖ്യമന്ത്രി സിദ്ധരാമയ്യരുടെ പ്രിയപ്പെട്ട ബില്‍ ആണിത്. ചിലരുടെ നിക്ഷിപ്ത താല്‍പര്യങ്ങളാണ് ബില്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ തന്റെ സര്‍ക്കാര്‍ തുടര്‍ച്ചയായി പരാജയപ്പെടാന്‍ കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. എം എം കുല്‍ബുര്‍ഗി വെടിയേറ്റ് കൊല്ലപ്പെട്ടതിന് ശേഷം അന്ധവിശ്വാസത്തിനെതിരായ ബില്ലിനായി സമൂഹത്തില്‍ നിന്നും വന്‍തോതിലുള്ള ആവശ്യമാണ് ഉയര്‍ന്നത്. മുന്നോട്ട് വച്ച ബില്ലില്‍ കൂട്ടിച്ചേര്‍ക്കലുകളോ ഒഴിവാക്കലുകളോ ഉണ്ടായിട്ടില്ലെന്ന് മന്ത്രി ജയചന്ദ്ര അറിയിച്ചു. എന്നാല്‍ പിന്നീട് ഭേദഗതി വരുത്താനുള്ള നിബന്ധനകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മഹാരാഷ്ട്രയിലെ ബില്ലിന് സമാനമായ ബില്ലാണ് കര്‍ണാടകയിലും പാസാക്കിയിരിക്കുന്നതെന്നും എന്നാല്‍ കര്‍ണാടക ബില്ലില്‍ അധികമായി സംരക്ഷിത, പട്ടിക വിഭാഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഈ വിഭാഗങ്ങളില്‍ ക്ഷമിക്കാവുന്ന പ്രവര്‍ത്തികളും നിയന്ത്രിക്കേണ്ടതും നിരോധിക്കേണ്ടതുമായ പ്രവര്‍ത്തികളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ആരാധനാലയങ്ങളില്‍ നടത്തുന്ന പ്രദക്ഷിണം, യാത്രകള്‍, പരികര്‍മ്മങ്ങള്‍ എന്നിവയെ മറ്റ് സാധാരണ വിശ്വാസ പ്രവര്‍ത്തനങ്ങളുടെ കൂട്ടത്തില്‍ സംരക്ഷിത വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വാസ്തുശാസ്ത്ര ഉപദേശങ്ങള്‍, ജ്യോതിഷ ഉപദേശങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. അതേസമയം നിരോധിക്കേണ്ടതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് മനുഷ്യത്വരഹിതമായ ഏതൊരു പ്രവര്‍ത്തികളെയാണ്. ഹീനമായ പ്രവര്‍ത്തികളും മൂല്യമേറിയ വസ്തുക്കളും പാരിതോഷികങ്ങളും നിധിയും ലഭിക്കുന്നതിന് വേണ്ടി നടത്തുന്ന ദുര്‍മന്ത്രവാദങ്ങളും നിരോധിക്കും.

നിരോധിക്കേണ്ടതായ പ്രവര്‍ത്തികളെ 16 പോയിന്റുകളായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരാളെക്കൊണ്ട് മറ്റൊരാള്‍ ചെയ്യിക്കുന്ന ശയന പ്രദക്ഷിണങ്ങള്‍, നിരാഹാര വൃതങ്ങള്‍ എന്നിവ മനുഷ്യത്വരഹിതമാണെന്നാണ് ഈ ബില്ലില്‍ പറയുന്നത്. ഏതെങ്കിലും ജീവിയെ കൊല്ലുന്നതും ആരെയെങ്കിലും തീയിലൂടെ നടത്തുന്നതും ഹീനമായ പ്രവര്‍ത്തികളാണെന്നും അവയും നിരോധിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍