UPDATES

ട്രെന്‍ഡിങ്ങ്

തമ്മിലടിച്ച് കോണ്‍ഗ്രസ്-ജെ ഡി എസ് ഭരണസഖ്യം കര്‍ണ്ണാടക ബിജെപിക്ക് വിട്ടുകൊടുക്കുകയാണ്

കാര്യങ്ങള്‍ സര്‍വത്ര കുഴപ്പത്തിലാണ് എന്ന് ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി പരമേശ്വരയുടെ പ്രസ്താവനയും വ്യക്തമാക്കുന്നുണ്ട്. സിദ്ധരാമയ്യയാണ് ഏറ്റവും മികച്ച മുഖ്യമന്ത്രി എന്നാണ് പരമേശ്വര പറഞ്ഞത്.

കര്‍ണാടകയില്‍ കോണ്‍ഗ്രസും ജെഡിഎസും തമ്മിലുള്ള പോര് മുറുകുന്നു. എംഎല്‍എമാരെ കോണ്‍ഗ്രസ് നിലയ്ക്ക് നിര്‍ത്തണമെന്നും ഇല്ലെങ്കില്‍ താന്‍ രാജി വയ്ക്കാന്‍ തയ്യാറാണ് എന്നുമാണ് കര്‍ണാടക മുഖ്യമന്ത്രിയും ജനതാദള്‍ സെക്കുലര്‍ നേതാവുമായി എച്ച്ഡി കുമാര സ്വാമി പറഞ്ഞിരിക്കുന്നത്. നഗരസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാകില്ലെന്ന് ജെഡിഎസ് ദേശീയ പ്രസിഡന്റ് എച്ച്ഡി ദേവഗൗഡയും പറഞ്ഞിരിക്കുന്നു. സീറ്റ് വിഭജന കാര്യത്തില്‍ ധാരണയാകാതെ ലോക്‌സഭ തിരഞ്ഞെടുപ്പിലും സഖ്യമുണ്ടാകില്ലെന്ന് ദേവഗൗഡ നേരത്തെ പറഞ്ഞിരുന്നു. ആകെയുള്ള 28ല്‍ 12 സീറ്റുകളാണ് ജെഡിഎസ് ആവശ്യപ്പെട്ടത്. ഇത് കോണ്‍ഗ്രസ് അംഗീകരിക്കാന്‍ ഒരു സാധ്യതയുമില്ല. അതേസമയം കുമാരസ്വാമിയെ കടന്നാക്രമിച്ച് രംഗത്തെത്തിയ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് കര്‍ണാടകയയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ താക്കീത് നല്‍കി.

കോണ്‍ഗ്രസിനുള്ളില്‍ തന്നെ മന്ത്രി ഡികെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള വിഭാഗവും സിദ്ധരാമയ്യ വിഭാഗവും തമ്മില്‍ രൂക്ഷമായ ഗ്രൂപ്പ് പോര് നടക്കുന്നുണ്ട്. ഇതിനിടെയാണ് മൈസൂരുവിലെ ജനസമ്പര്‍ക്ക പരിപാടിയില്‍ എതിരഭിപ്രായം പറഞ്ഞ സ്ത്രീയോട് സിദ്ധരാമയ്യ അപമര്യാദയായി പെരുമാറിയത്. മോശമായ രീതിയില്‍ സംസാരിച്ച സിദ്ധരാമയ്യ ഇവരോട് ഇരിക്കാന്‍ ആക്രോശിക്കുക്കയും മൈക്ക് തട്ടിപ്പറിക്കുകയും ചെയ്തു. മൈക്ക് പിടിച്ചുവാങ്ങുന്നതിന് ഇടയില്‍ ഇവരുടെ വസ്ത്രവും സിദ്ധരാമയ്യ പിടിച്ചുവലിച്ചിരുന്നു. കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ ചാക്കിടാന്‍ ഓപ്പറേഷന്‍ കമലയുമായി ബിജെപി രംഗത്തിറങ്ങുകയും എംഎല്‍എമാരെ റിസോര്‍ട്ടില്‍ പാര്‍പ്പിക്കുന്ന ഏര്‍പ്പാട് വീണ്ടും തുടങ്ങുകയും ചെയ്തിരുന്നു. ചാക്കിട്ടുപിടിത്ത ശ്രമങ്ങള്‍ക്കിടെ ബിജെപിക്കെതിരെ ജെഡിഎസും കോണ്‍ഗ്രസും ഒരുമിച്ച് നിന്നെങ്കിലും ഇപ്പോള്‍ ഭരണസഖ്യത്തില്‍ തന്നെയാണ് പോര് മുറുകിയിരിക്കുന്നത്.

11 സിറ്റി കോര്‍പ്പറേഷനുകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ ജെഡിഎസ് ഒറ്റയ്ക്ക് ജനവിധി തേടുമെന്നാണ് ദേവഗൗഡ അറിയിച്ചത്. അതേസമയം ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയുണ്ടായാല്‍ കോണ്‍ഗ്രസുമായി ധാരണയിലെത്തി ഉചിതമായ തീരുമാനമെടുക്കുമെന്നും ദേവഗൗഡ അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതിനെതിരെ ജെഡിഎസ് പ്രവര്‍ത്തകരുടെ വികാരം പരിഗണിച്ചാണ് നേതൃത്വത്തിന്റെ തീരുമാനമെന്ന് ഡെക്കാണ്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം സംബന്ധിച്ച് ഇരു പാര്‍ട്ടികളും തമ്മില്‍ ചര്‍ച്ച തുടരുകയും മുഖ്യമന്ത്രി കുമാര സ്വാമി കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തി രാജി ഭീഷണി മുഴക്കുകയും ചെയ്യുന്നതിന് ഇടയിലാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ജെഡിഎസ് അറിയിക്കുന്നത്.

നേരത്തെ കോണ്‍ഗ്രസും ബിജെപിയും എംഎല്‍മാരെ ചാക്കിട്ടുപിടിത്തത്തില്‍ നിന്ന് ഒഴിവാക്കുന്നതിനായി റിസോര്‍ട്ടുകളില്‍ താമസിപ്പിച്ചിരുന്നു. 48 മണിക്കൂര്‍ കൊണ്ട് ബിജെപി എംഎല്‍എമാരെ തങ്ങളുടെ ക്യാമ്പിലെത്തിക്കാന്‍ അറിയാമെന്ന് കുമാരസ്വാമി നേരത്തെ പറഞ്ഞിരുന്നു. കോണ്‍ഗ്രസുമായുള്ള സഖ്യത്തിനോ സര്‍ക്കാരിനോ യാതൊരു ഭീഷണിയുമില്ലെന്നും രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുക എന്നത് ജെഡിഎസിന്റെ കൂടി ഉത്തരവാദിത്തമാണ് എന്നുമാണ് നേരത്തെ കുമാരസ്വാമി പറഞ്ഞിരുന്നത്. എന്നാല്‍ നാല് എംഎല്‍എമാര്‍ കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗത്തില്‍ പങ്കെടുക്കാതെ വിട്ടുനിന്നത് വിവാദമാവുകയും ചെയ്തിരുന്നു. ബെല്ലാരി അടക്കം ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ സഖ്യം വീണ്ടും ഉലഞ്ഞിരിക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയവരെ കൊന്നുകളയാന്‍ കുമാരസ്വാമി പരസ്യമായി ഫോണില്‍ ആഹ്വാനം ചെയ്തത് വലിയ വിവാദമായെങ്കിലും ഇത്തരം പ്രശ്‌നങ്ങളെല്ലാം പെട്ടെന്ന് തന്നെ അടങ്ങി. ഇപ്പോള്‍ ഇരു പാര്‍ട്ടികളും തമ്മില്‍ വീണ്ടും സംഘര്‍ഷം മൂര്‍ച്ഛിച്ചിരിക്കുകയാണ്.

കോണ്‍ഗ്രസ് എംഎല്‍എമാരുടെ വിചാരം സിദ്ധരാമയ്യയാണ് മുഖ്യമന്ത്രി എന്നാണ് എന്ന് കുമാരസ്വാമി പറഞ്ഞിരുന്നു. കഴിഞ്ഞ ഏഴ് മാസമായി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ഭരണത്തിന് സംസ്ഥാനത്ത് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കുറ്റപ്പെടുത്തിയിരുന്നു. സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയായിരുന്നെങ്കില്‍ സംസ്ഥാനത്ത് വലിയ വികസനത്തുടര്‍ച്ചയുണ്ടായേനെ എന്ന് കോണ്‍ഗ്രസ് എംഎല്‍എ എസ്ടി സോമശേഖര്‍ പറയുകയും ചെയ്തു. സിദ്ധരാമയ്യ മാത്രമാണ് എന്റെ മുഖ്യമന്ത്രി എന്നാണ് ഒരുപടി കൂടി കടന്ന് മന്ത്രി സി പുട്ടസ്വാമി പറഞ്ഞത്. ഇതെല്ലാമാണ് കുമാരസ്വാമിയെ ചൊടിപ്പിച്ചത്. അവര്‍ എല്ലാ അതിരും ലംഘിക്കുകയാണ്. കാര്യങ്ങള്‍ പഴയ പോലെ മതിയെന്നാണ് കരുതുന്നതെങ്കില്‍ ഞാന്‍ രാജി വയ്ക്കാന്‍ തയ്യാറാണ് – കുമാരസ്വാമി പറഞ്ഞു.

മാധ്യമങ്ങളാണ് എല്ലാ പ്രശ്‌നങ്ങളുമുണ്ടാക്കുന്നത് എന്നാണ് സഖ്യത്തിന്റെ കോഡിനേഷന്‍ കമ്മിറ്റി തലവനായ സിദ്ധരാമയ്യ പ്രതികരിച്ചത്. നിങ്ങള്‍ ഓരോരുത്തരോടും ഒരോന്ന് ചോദിച്ച് പ്രശ്‌നങ്ങളുണ്ടാക്കുകയാണ്. സത്യത്തില്‍ ഒരു പ്രശ്‌നവുമില്ല. ഞാന്‍ കുമാരസ്വാമിയോട് സംസാരിക്കുന്നുണ്ട് എന്നാണ് ജെഡിഎസ് മുന്‍ നേതാവ് കൂടിയായ സിദ്ധരാമയ്യ പറഞ്ഞത്. 2006ലാണ് പാര്‍ട്ടി നേതൃത്വവുമായി സിദ്ധരാമയ്യ കോണ്‍ഗ്രസിലേയ്ക്ക് ചേക്കേറിയത്. പാര്‍ട്ടിയില്‍ രണ്ടാമനായി പെട്ടെന്ന് കുമാരസ്വാമി മാറിയതില്‍ അടക്കമുള്ള പ്രതിഷേധം ഇതിന് പിന്നിലുണ്ടായിരുന്നു.

കാര്യങ്ങള്‍ സര്‍വത്ര കുഴപ്പത്തിലാണ് എന്ന് ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി പരമേശ്വരയുടെ പ്രസ്താവനയും വ്യക്തമാക്കുന്നുണ്ട്. സിദ്ധരാമയ്യയാണ് ഏറ്റവും മികച്ച മുഖ്യമന്ത്രി എന്നാണ് പരമേശ്വര പറഞ്ഞത്. സിദ്ധരാമയ്യയാണ് ഞങ്ങളുടെ നിയമസഭ കക്ഷി നേതാവ്. എംഎല്‍എമാരെ സംബന്ധിച്ച് സിദ്ധരാമയ്യയാണ് മുഖ്യമന്ത്രി. അതേസമയം കുമാരസ്വാമിയോട് ആര്‍ക്കും പ്രശ്‌നമില്ലെന്നും അദ്ദേഹവുമായി നല്ല ബന്ധമാണുള്ളതെന്നും പരമേശ്വര പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് എംഎല്‍എമാര്‍ സെല്‍ഫ് ഗോള്‍ അടിച്ചിരിക്കുകയാണ് എന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവു അഭിപ്രായപ്പെട്ടു. സോമശേഖര്‍ പറഞ്ഞത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. കുമാരസ്വാമിയാണ് മുഖ്യമന്ത്രി. വികസന പരിപാടികള്‍ മുന്നോട്ടുപോവുകയാണ്. പറഞ്ഞ കാര്യത്തിന് സോമശേഖറിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും ഗുണ്ടുറാവു വ്യക്തമാക്കി. കോണ്‍ഗ്രസിലെ ശക്തമായ വിഭാഗീയത വ്യക്തമാക്കുന്നതാണ് ജി പരമേശ്വരയും സിദ്ധരാമയ്യയും പ്രതികരിച്ചതിന് വിരുദ്ധമായുള്ള ദിനേഷ് ഗുണ്ടു റാവുവിന്റെ പ്രതികരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍