UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോൺഗ്രസ്സിനുള്ളിൽ സമ്പന്നരുടെ പോര്; കുമാരസ്വാമിക്ക് തലവേദന

കർണാടകത്തിലെ സഖ്യ സർക്കാരിന് തലവേദന സൃഷ്ടിച്ച് കോൺഗ്രസ്സിലെ അതിസമ്പന്നരായ എംഎൽഎമാരുടെ പോര് കൊഴുക്കുകയാണ്. തെരഞ്ഞെടുപ്പിനു ശേഷമുള്ള ബിജെപിയുടെ ചാക്കിട്ടു പിടിത്ത ശ്രമങ്ങളെ വലിപ്പമേറിയ സ്വന്തം ചാക്കു കൊണ്ട് മറികടന്ന് ഹീറോ ആയി മാറിയ ഡികെ ശിവകുമാറും പഞ്ചസാര വ്യവസായികളായ ജാർകിഹോളി സഹോദരന്മാരും തമ്മിലാണ് പോര് നടക്കുന്നത്. ഇതൊരു വെറും ഈഗോ പോരാണെന്നാണ് കോൺഗ്രസ്സ് പറയുന്നത്. പക്ഷെ, കുമാരസ്വാമിക്കിത് വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

തങ്ങളുടെ മണ്ഡലങ്ങൾ സ്ഥിതി ചെയ്യുന്ന ബെലഗാവി ജില്ലയിൽ ഡികെ ശിവകുമാർ അനാവശ്യമായ ഇടപെടലുകൾ നടത്തുന്നുവെന്നാണ് ജാർകിഹോളി സഹോദരങ്ങൾ പരാതി പറയുന്നത്. ഇത് അവസാനിപ്പിക്കാൻ കുമാരസ്വാമി ഇടപെടണമെന്നും ഇരുവരും ആവശ്യപ്പെടുന്നു. സതീഷ് ജാർകിഹോളി, രമേഷ് ജാർകിഹോളി എന്നിവരാണ് ഡികെ ശിവകുമാറിനെതിരെ പാളയത്തിൽ പട നയിക്കുന്നത്.

സംസ്ഥാന ജലസേചന-മെഡിക്കൽ വിദ്യാഭ്യാസ മന്ത്രിയായ ശിവകുമാർ ബെലഗാവി ജില്ലയിലെ ഭരണപരമായ കാര്യങ്ങളിൽ ആവശ്യത്തിലധികം കൈകടത്തുന്നുണ്ടെന്നാണ് ജാർകിഹോളി സഹോദരങ്ങളുടെ പരാതി.

രണ്ട് സമ്പന്നർ തമ്മിലുള്ള ഈഗോ പ്രശ്നം മാത്രമാണിതെന്നാണ് കോൺഗ്രസ്സ് നേതാക്കൾ പറയുന്നത്. ശിവകുമാറിന്റെ അടുത്ത സുഹൃത്തായ എംഎൽഎ ലക്ഷ്മി ഹെബ്ബാൽക്കറെ ഉപയോഗിച്ച് ജാർകിഹോളി സഹോദരങ്ങളെ ഒതുക്കാൻ ശിവകുമാർ ശ്രമം നടത്തുകയാണ്. ഹെബ്ബാൽക്കർ ബെലഗാവി റൂറൽ എംഎൽഎയാണ്. ഉദ്യോഗസ്ഥരെ തന്നിഷ്ടം പോലെ സ്ഥലം മാറ്റിയും മറ്റും ജാർകിഹോളി സഹോദരങ്ങൾക്ക് അധികാരസ്ഥാനങ്ങളിലുള്ള പിടിപാട് ഇല്ലാതാക്കുകയാണ് ശിവകുമാർ ചെയ്യുന്നത്. ബെലഗാവിയെ പ്രൈമറി ലാൻഡ് ഡവലപ്മെന്റ് ബാങ്കിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശിവകുമാറിന്റെ സഹായത്തോടെ ഹെബ്ബാൽക്കർ ശ്രമിക്കുകയുണ്ടായി. ഇതോടെ പ്രശ്നങ്ങൾ കടുത്തു. അടുത്ത പതിനഞ്ച് ദിവസത്തിനുള്ള ‘എന്തും സംഭവിക്കാം’ എന്ന ഭീഷണിയും ജാർകിഹോളി സഹോദരങ്ങളുടെ ഭാഗത്തു നിന്നുണ്ടായി.

ഭീഷണി കുറച്ച് കടുത്തതാണ്. തങ്ങൾക്ക് കോൺഗ്രസ്സിൽ സ്വന്തമായൊരു ഗ്രൂപ്പുണ്ടെന്ന് ജാർകിഹോളി സഹോദരങ്ങൾ ചൂണ്ടിക്കാട്ടി. “കോൺഗ്രസ്സിൽ എക്കാലത്തും ഗ്രൂപ്പുകളുണ്ടായിട്ടുണ്ട്. ഞങ്ങളുടെ ഗ്രൂപ്പിൽ എഴെട്ടു പേരുണ്ട്.” -തിങ്കളാഴ്ച രമേഷ് ജാർകിഹോളി പറഞ്ഞു. ഈ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ബിജെപി ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.

കോൺഗ്രസ്സ്-ജെഡിഎസ് സഖ്യത്തെ യാതൊരു തരത്തിലും ബാധിക്കാത്ത ഒരു വിഷയമാണാണ് ബെലഗാവി ജില്ലയിലെ പ്രശ്നത്തെ കോണ്‍ഗ്രസ്സ് വിശദീകരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍