UPDATES

കർണാടക: തദ്ദേശ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സിന് വൻ മുന്നേറ്റം; ലോകസഭാ തെരഞ്ഞെടുപ്പ് പ്രകടനം ആവർത്തിക്കാനാകാതെ ബിജെപി

19 ടൗൺ പഞ്ചായത്തുകളിലെ 290 വാർഡുകളിലെ ഫലങ്ങൾ പുറത്തു വന്നപ്പോൾ ബിജെപിക്ക് മേൽക്കൈ നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്.

കർണാടകത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സിന് വന്‍ മുന്നേറ്റം. ലോകസഭാ തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ മെയ് 29നാണ് കർണാടകത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. 63 അർബൻ ലോക്കൽ ബോഡികളില്‍ 8 സിറ്റി മുനിസിപ്പൽ കൗണ്‍സിലുകൾ, 33 ടൗൺ മുനിസിപ്പൽ കൗൺസിലുകൾ, 22 ടൗൺ പഞ്ചായത്തുകള്‍ എന്നിവയിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇവയിൽ പഞ്ചായത്തുകളിലൊഴികെ എല്ലായിടത്തും കോൺഗ്രസ്സാണ് മുന്നിട്ടു നിൽക്കുന്നത്. ലോകസഭാ തെരഞ്ഞെടുപ്പു ഫലത്തിന് നേർവിപരീതമാണ് ഈ ഫലങ്ങളെന്നത് ശ്രദ്ധേയമാണ്. കോൺഗ്രസ്സ്-ജെഡിയു സഖ്യത്തിന് വലിയ തിരിച്ചടിയായിരുന്നു ലോകസഭാ തെരഞ്ഞെടുപ്പ് ഫലം.

ഏറ്റവുമൊടുവിലത്തെ കണക്കുകൾ പ്രകാരം ആകെ 56 അർബൻ ലോക്കൽ ബോഡികളിലേക്കുള്ള ഫലങ്ങൾ വന്നതിൽ 25 എണ്ണത്തിൽ കോൺഗ്രസ്സ് ജയിച്ചിട്ടുണ്ട്. ബിജെപി 14 എണ്ണത്തിൽ ജയിച്ചുകയറി. ജെഡിഎസ് രണ്ടിടത്താണ് ജയിച്ചിട്ടുള്ളത്.

അർബൻ ലോക്കൽ ബോഡികളിലെ 509 വാർഡുകളിൽ കോൺഗ്രസ്സ് ജയിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം 105 അർബൻ ലോക്കൽ ബോഡികളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് 982 വാർഡുകളിലാണ് ജയിച്ചിരുന്നത്. ബിജെപി 929 വാർഡുകളിലും ജയിച്ചുകയറി. ജെഡിഎസ്സിന് 375ഉം സ്വതന്ത്രർക്ക് 329ഉം വാർഡുകളിൽ ജയിക്കാൻ കഴിഞ്ഞിരുന്നു.

ഫലം പുറത്തുവന്ന ഏഴ് സിറ്റി മുനിസിപ്പൽ കൗൺസിലുകളിലെ 217 സീറ്റുകളിൽ കോൺഗ്രസ്സ് 90 എണ്ണത്തില്‍ വിജയിച്ചിട്ടുണ്ട്. ബിജെപിക്ക് 56 ഇടത്ത് മാത്രമാണ് വിജയം കാണാനായത്. ജെഡിഎസ് 38 സീറ്റും ബിഎസ്പി രണ്ട് സീറ്റിലും വിജയിച്ചു. സ്വതന്ത്രർ 25 സീറ്റുകളിൽ‌ വിജയിച്ചു.

ഫലം വന്ന 30 ടൗൺ മുനിസിപ്പൽ കൗണ്‍സിലുകളിലെ 714 സീറ്റുകളിൽ 322 സീറ്റുകളിൽ കോൺഗ്രസ്സ് വിജയിച്ചു. ബിജെപി 184 സീറ്റുകളിൽ വിജയം കണ്ടപ്പോൾ ജെഡിഎസ് 102 സീറ്റുകളിലാണ് വിജയിച്ചത്. സിപിഎമ്മിന് രണ്ട് വാര്‍ഡുകളിൽ ജയിക്കാനായി. ബേഗാപള്ളി മുനിസിപ്പൽ കൗൺസിൽ വാർഡിലാണ് ജയിച്ചത്.

19 ടൗൺ പഞ്ചായത്തുകളിലെ 290 വാർഡുകളിലെ ഫലങ്ങൾ പുറത്തു വന്നപ്പോൾ ബിജെപിക്ക് മേൽക്കൈ നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്. 126 വാർഡുകളിൽ ബിജെപി ജയിച്ചപ്പോൾ 97 വാർഡുകളില്‍ മാത്രമേ കോൺഗ്രസ്സിന് ജയിക്കാനായുള്ളൂ. ജെഡിഎസ് 34 സീറ്റുകളിൽ ജയിച്ചു. 33 സ്വതന്ത്ര സ്ഥാനാർത്ഥികളും ജയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍