UPDATES

ഇന്ത്യ

നിരോധനങ്ങള്‍ മറികടക്കുന്നു: ഫേസ്ബുക്ക് വിലക്കപ്പെട്ട കാശ്മീരിന് ഇനി സ്വന്തം ‘കാശ്ബുക്ക്’

ഇപ്പോള്‍ താഴ്വരയിലെ പ്രധാന സാമൂഹിക മാധ്യമ ശൃംഗലയായി കാശ്ബുക്ക് മാറിയിരിക്കുന്നു.

ഏപ്രില്‍ 26ന് കാശ്മീരില്‍ സോഷ്യല്‍ മീഡിയയ്ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ളവരുടെ വിമര്‍ശനത്തിന് കാരണമായിരുന്നു. വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയുള്‍പ്പെടെ ഏറ്റവും പ്രചാരത്തില്‍ ഉണ്ടായിരുന്ന 22 സാമൂഹിക മാധ്യമ സേവനങ്ങള്‍ ഒരു മാസത്തേക്കാണ് സര്‍ക്കാര്‍ നിരോധിച്ചത്. സര്‍ക്കാര്‍ വിരുദ്ധ ശക്തികള്‍ സാമൂഹിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നു എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നിരോധനം.
എന്നാല്‍ അനന്തനാഗ് ജില്ലയില്‍ നിന്നുള്ള 16 കാരനായ ഷെയാന്‍ ഷഫീഖ് കാശ്ബുക് എന്ന ഒരു സാമൂഹിക മാധ്യമ ശൃംഘലയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് നിരോധനം മറികടക്കാന്‍ ശ്രമിക്കുകയാണ്. ഇപ്പോള്‍ താഴ്വരയിലെ പ്രധാന സാമൂഹിക മാധ്യമ ശൃംഗലയായി കാശ്ബുക്ക് മാറിയിരിക്കുന്നു.

കാശ്ബുക്കിന്റെ ആശയം പുതുതായിരുന്നില്ല. 2013ല്‍ അന്ന് 13 കാരനായിരുന്ന ഷെഫീഖും സുഹൃത്ത് ഉസൈര്‍ ജാന്‍ എന്ന 17 കാരനും ചേര്‍ന്ന് വികസിപ്പിച്ചെടുത്തതാണ് ഈ സൈറ്റ്. കുട്ടിക്കാലം മുതല്‍ ഷെഫീഖിന് കോഡിംഗില്‍ താല്‍പര്യമുണ്ടായിരുന്നു. അച്ഛന്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറായതിനാല്‍ ഒരു ലാപ്‌ടോപ് അക്കാലത്ത് തന്നെ അവന് ലഭിക്കുകയും ചെയ്തിരുന്നു. ആദ്യം എച്ച്ടിഎംഎല്‍ കോടുകള്‍ എഴുതി തുടങ്ങിയ ഷെഫീഖ് പിന്നീട് പിഎച്ച്പി, സിഎസ്എസ് തുടങ്ങിയവയിലും കൈവെക്കാന്‍ തുടങ്ങി. 2013 ല്‍ കാശ്ബുക്ക് ആരംഭിച്ചെങ്കിലും അത് ഉപയോഗമില്ലാതെ കിടക്കുമ്പോഴാണ് താഴ്വരയില്‍ സോഷ്യല്‍ മീഡിയ നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വരുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കാശ്ബുക്ക് ഇപ്പോഴും ആളുകള്‍ ഉപയോഗിക്കുന്നു എന്ന് കാണിക്കുന്ന ഒരു ഇ-മെയില്‍ ലഭിച്ചപ്പോള്‍ ഇരുവര്‍ക്കും അത്ഭുതവും ആവേശവും വര്‍ദ്ധിച്ചു. ജനങ്ങള്‍ക്ക് സാമൂഹിക മാധ്യമങ്ങള്‍ ആവശ്യമുണ്ട് എന്ന മനസിലാക്കിയ ഇരുവരും ചേര്‍ന്ന് വീണ്ടും സൈറ്റ് പുനഃസൃഷ്ടിക്കുകയായിരുന്നു.

ഇപ്പോള്‍ കാശ്ബുക്കിന് പൂര്‍ണസജ്ജമായ ഒരു വെബ്‌സൈറ്റും ആന്‍ഡ്രോയിഡ് ആപ്പും ഉണ്ട്. ഉടനടി ഒരു ഐഒഎസ് ആപ്പും ആരംഭിക്കുമെന്ന് ഷഫീഖ് ക്യാച്ച്ന്യൂസിനോട് പറഞ്ഞു. ഏതായാലും കാശ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം അതിവേഗം വര്‍ദ്ധി്ച്ചുകൊണ്ടിരിക്കുകയാണ്. തുടക്കത്തില്‍ 130 പേരാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഒറ്റ ദിവസം കൊണ്ട് അത് 1500 ആയി വര്‍ദ്ധിച്ചു. എന്നാല്‍ തല്‍ക്കാലം ഇതൊരു വരുമാനമാര്‍ഗ്ഗമാക്കി മാറ്റാന്‍ ഇരുവരും ഉദ്ദേശിക്കുന്നില്ല. ചില പ്രത്യേകതകളാണ് കാശ്ബുക്കിനെ ഇത്രയും ആകര്‍ഷമാക്കുന്നത്. വിര്‍ച്യുല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്കിലാണ് (വിപിഎന്‍) ഇത് പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ ആളുകള്‍ക്ക് ഇത് എളുപ്പം പ്രാപ്യമാക്കാന്‍ സാധിക്കുന്നു. അതുകൊണ്ട് തന്നെ കാശ്മീരിലെ ജനങ്ങള്‍ക്ക് പരസ്പരം ബന്ധപ്പെടാനും സാധിക്കുന്നു. സെര്‍വര്‍ തടപ്പെടുന്ന നിമിഷം തന്നെ ഇരുവരും ചേര്‍ന്ന് ഒരു പുതിയ സര്‍വറിലേക്ക് മാറ്റുന്നതിനാല്‍ ആളുകള്‍ക്ക് എപ്പോഴും സൈറ്റ് ലഭ്യമാവുകയും ചെയ്യുന്നു. സെര്‍വര്‍ മാറ്റുന്നതിന് പത്ത് മിനിട്ട് സമയം മാത്രമേ എടുക്കാറുള്ളുവെനന്ന് ഷഫീഖ് ചൂണ്ടിക്കാട്ടുന്നു. ഫേസ്ബുക്ക് ഇത്തരത്തിലുള്ള ഒരു ശ്രമം നടത്താത്തതിനാലാണ് അത് കാശ്മീര്‍ താഴ്വരയിലുള്ളവര്‍ക്ക് അപ്രാപ്യമാകുന്നത്. വ്യാപാരവുമായി ബന്ധപ്പെട്ട ഒരു ലിങ്ക് കൊടുത്തിട്ടുള്ളതും സൈറ്റിന്റെ ജനപ്രിയത വര്‍ദ്ധിപ്പിക്കുന്നു. ഇതിലൂടെ തങ്ങളുടെ സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനും ഉപയുക്താക്കള്‍ക്ക് സാധിക്കുന്നു. ഇതിനായി ഒരു ഫോറം തന്നെ സൈറ്റിലുണ്ട്.

എന്നാല്‍ നിരോധനം ഒരു മാസത്തിന് ശേഷവും തുടരുമോ എന്ന ആശങ്കയും ഇരുവര്‍ക്കുമുണ്ട്. തങ്ങളുടെ സൈറ്റ് നിരോധിക്കപ്പെട്ടാലും സര്‍വര്‍ മാറ്റി അത് നിലനിറുത്താന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് ഷഫീഖും ജാനും. സാമൂഹിക മാധ്യമങ്ങളെ നിരോധിച്ചതില്‍ ഇരുവര്‍ക്കും പ്രതിഷേധമുണ്ട്. ലോകവുമായുള്ള ബന്ധം തങ്ങളില്‍ നിന്നും വിച്ഛേദിക്കപ്പെടുകയാണെന്ന് ഈ യുവാക്കള്‍ ആരോപിക്കുന്നു. ആരും തങ്ങളുടെ ഭാഗം ചെവിക്കൊള്ളാനില്ല എന്ന് വരുമ്പോള്‍ സര്‍ക്കാര്‍ സേനകള്‍ക്ക് എന്ത അതിക്രമവും നടത്താന്‍ സാധിക്കുമെന്നും ഇരുവരും ഭയക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഇന്ത്യയില്‍ നിര്‍മ്മിക്കുക’ ‘ഡിജിറ്റല്‍ ഇന്ത്യ’ എന്നീ രണ്ട് ലക്ഷ്യങ്ങള്‍ നേടുന്നതിന് ഇത്തരത്തിലുള്ള സാമൂഹിക മാധ്യമങ്ങളുടെ നിരോധനം ആവശ്യമായി വന്നു എന്നതാണ് ഇതിലെ വിരോധാഭാസം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍