UPDATES

ട്രെന്‍ഡിങ്ങ്

കശ്മീർ വിഷയത്തിൽ യുഎൻ രക്ഷാസമിതി ചേർന്നേക്കും; പിന്നിൽ ചൈനയുടെ സമ്മര്‍ദ്ദം

കശ്മീരിനെ വിഭജിക്കുകയും ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കുകയും ചെയ്ത നടപടിയിൽ ചൈനയ്ക്ക് അതൃപ്തിയുണ്ട്.

ജമ്മു കശ്മീരില്‍ ആർട്ടിക്കിൾ 370 നീക്കം ചെയ്ത ഇന്ത്യയുടെ നടപടി ഐക്യരാഷ്ട്രസഭാ രക്ഷാ കൗൺസില്‍ ചർച്ച ചെയ്യാനുള്ള സാധ്യത ഒരുങ്ങുന്നതായി റിപ്പോർട്ട്. പാകിസ്താനാണ് ഈ വിഷയം അടച്ചിട്ട മുറിയിൽ ചർച്ച ചെയ്യണമെന്ന നിർദ്ദേശം രക്ഷാ കൗൺസിലിനു മുമ്പാകെ വെച്ചത്. ഈ നിർദ്ദേശത്തെ ചൈന പിന്താങ്ങുകയും ചെയ്തു. ഓഗസ്റ്റ് മാസത്തിലെ കൗൺസിലിന് അധ്യക്ഷസ്ഥാനം വഹിക്കുന്ന പോളണ്ടിനാണ് പാകിസ്താൻ കത്തെഴുതി ഈ നിർദ്ദേശം വെച്ചത്.

അതെസമയം യോഗം എന്ന് നടക്കുമെന്നത് ഇനിയും വ്യക്തമല്ല. തിയ്യതി നിശ്ചയിച്ചിട്ടില്ലെന്നാണ് വിവരം.

‘ഇന്ത്യ പാകിസ്താൻ പ്രശ്നം’ എന്ന അജണ്ടയിൽ ചർച്ച വേണമെന്ന് ചൈന ആവശ്യപ്പെട്ടതായി യുഎന്നിലെ ചില നയതന്ത്രജ്ഞനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ചൈനയുടെ ഈ ആവശ്യം പാകിസ്താന്റെ കത്തിനെ പരാമർശിച്ചുള്ളതാണെന്നും റിപ്പോർട്ടുകള്‍ പറയുന്നു.

കശ്മീരിനെ വിഭജിക്കുകയും ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കുകയും ചെയ്ത നടപടിയിൽ ചൈനയ്ക്ക് അതൃപ്തിയുണ്ട്. ഇതവർ തുറന്ന് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

അതിനിടെ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്ത്യക്കെതിരെ ഭീഷണി മുഴക്കിയത് വാർത്തയായിട്ടുണ്ട്. കശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി പോരാടാൻ ജനങ്ങൾ തയ്യാറാണെന്നായിരുന്നു ഇമ്രാന്റെ പ്രസ്താവന.

അതേസമയം, ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി ജമ്മു കാശ്മീര്‍ വിഷയത്തിൽ പ്രതിപക്ഷം സ്വീകരിച്ച നിലപാടിനെ കടന്നാക്രമിച്ച് പ്രസ്താവന നടത്തി. ‘ഒരു രാജ്യം, ഒരു ഭരണഘടന’ എന്നതാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കിയ അദ്ദേഹം ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ സാധ്യമാക്കിയത് കാശ്മീർ ജനതയുടെ ആഗ്രഹമായിരുന്നെന്നും പ്രതികരിച്ചു. തീരുമാനം ഏകകണ്ട്ഠമായാണെന്നും വ്യക്തമാക്കി. ജമ്മു കശ്മീരില്‍ നില നിന്നിരുന്ന പഴയ സമ്പ്രദായം അഴിമതിയിലേക്കും സ്വജനപക്ഷപാതത്തിലേക്കും നയിക്കുകയാണുണ്ടായത്. സ്ത്രീകൾ, കുട്ടികൾ, ദലിതർ, ആദിവാസി സമൂഹങ്ങൾ എന്നിവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു. അടിസ്ഥാനസൗകര്യ വികസനം തടസപ്പെട്ട അവസ്ഥയായരുന്നു. ഇത് എങ്ങനെ സ്വീകരിക്കുമെന്നും അദ്ദേഹം പ്രസംഗത്തിൽ ചോദിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍