UPDATES

ട്രെന്‍ഡിങ്ങ്

മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള, ഫാറൂഖ് അബ്ദുള്ള ഉള്‍പ്പെടെയുള്ള നേതാക്കള്‍ വീട്ടുതടങ്കലില്‍; ശ്രീനഗറില്‍ നിശാനിയമം, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചു

കനത്ത സുരക്ഷാ മുന്നൊരുക്കങ്ങള്‍ക്കിടെ സഞ്ചാരികളോടും അമര്‍നാഥ് തീര്‍ത്ഥാടകരോടും സംസ്ഥാനം വിട്ടു പോകാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നേതാക്കളെ വീട്ടു തടങ്കലില്‍ ആക്കിയിരിക്കുന്നത്

ജമ്മുകശ്മീരിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ വീട്ടുതടങ്കലില്‍. പി ഡി പി നേതാവ് മെഹബൂബ മുഫ്തി, നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ ഒമര്‍ അബ്ദുള്ള, ഫാറൂഖ് അബ്ദുള്ള എന്നിവരാണ് വീട്ടു തടങ്കലില്‍ ഉള്ളത്. ജമ്മു ആന്‍ഡ് കാശ്മീര്‍ കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണും കോൺഗ്രസ് നേതാവ് ഉസ്മാൻ മാജിദും സിപിഎം നേതാവും എം എല്‍ എയുമായ മുഹമ്മദ് യൂസഫ് തരിഗാമിയും വീട്ടു തടങ്കലില്‍ ആണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ശ്രീനഗറില്‍ അനിശ്ചിതകാല നിശാനിയമം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്‍റര്‍നെറ്റ് സേവനങ്ങളും നിര്‍ത്തിവെച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത സുരക്ഷാ മുന്നൊരുക്കങ്ങള്‍ക്കിടെ സഞ്ചാരികളോടും അമര്‍നാഥ് തീര്‍ത്ഥാടകരോടും സംസ്ഥാനം വിട്ടു പോകാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നേതാക്കളെ വീട്ടു തടങ്കലില്‍ ആക്കിയിരിക്കുന്നത്. ഗവണ്‍മെന്‍റ് ഉത്തരവ് പ്രകാരം ആഗസ്ത് 5 അര്‍ദ്ധരാത്രി മുതലാണ് സി ആര്‍ പി സി സെക്ഷന്‍ 144 പ്രകാരം നിശാനിയമം പ്രഖ്യാപിച്ചിരിക്കുന്നത്.

നിശാനിയമം പ്രഖ്യാപിച്ച് മിനുട്ടുകള്‍ക്കുളില്‍ ഒരു ട്വീറ്റിലൂടെയാണ് താന്‍ വീട്ടുതടങ്കലില്‍ ആണെന്ന കാര്യം ഒമര്‍ അബ്ദുള്ള പുറംലോകത്തെ അറിയിച്ചത്. ഈ പ്രക്രിയ മറ്റ് മുഖ്യധാര രാഷ്ട്രീയ നേതാക്കള്‍ക്ക് എതിരെ തുടരുന്നതായും ഒമറിന്റെ ട്വീറ്റ് പറയുന്നു.

“എന്തൊരു വൈരുദ്ധ്യമാണ് തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയായ താന്‍ വീട്ടുതടങ്കലില്‍ അടയ്ക്കപ്പെടുന്നത്” എന്നാണ് മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തത്. “ജമ്മു കാശ്മീരില്‍ ജനങ്ങളെയും അവരുടെ ശബ്ദത്തെയും അടിച്ചമട്ര്‍ത്തുന്നത് ലോകം കാണുന്നുണ്ട്. മതേതര ഇന്ത്യയെ തിരഞ്ഞെടുത്ത കാശ്മീര്‍ സങ്കല്‍പ്പിക്കാന്‍ കഴിയാത്തവണ്ണം അടിച്ചമര്‍ത്തല്‍ നേരിടുകയാണ്.” മെഹബൂബമുഫ്തിയുടെ ട്വീറ്റ് തുടരുന്നു.

അതേസമയം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കാശ്മീര്‍ സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ട് ചര്‍ച്ച നടത്തി.
പ്രത്യേക കാബിനറ്റ് യോഗം ഇന്നു രാവിലെ 9.30ന് പ്രധാനമന്ത്രിയുടെ വസതിയിൽ ചേരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍