UPDATES

ട്രെന്‍ഡിങ്ങ്

കതുവാ ബലാത്സംഗ കേസ്: തകരുക കാശ്മീര്‍ സഖ്യ സര്‍ക്കാരോ പിഡിപിയോ?

ഒമർ അബ്ദുള്ളയുടെ ഭരണകാലത്ത് കല്ലെറിയുന്ന കശ്മീരികളോട് മൃദുസമീപനമാണ് മെഹബൂബ പുലർത്തിയിരുന്നതെന്നും ഇതിന്റെ തുടർച്ചയാണ് മെഹബൂബയുടെ ഇപ്പോഴത്തെ ഭരണസമീപനമെന്നുമാണ് ബിജെപി കരുതുന്നത്.

ബിജെപി വൻ വിജയം നേടിയ 2014ലെ ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം രൂപപ്പെട്ട പിഡിപി-ബിജെപി സഖ്യ സർക്കാർ നിരവധി അസ്വാരസ്യങ്ങളിലൂടെയാണ് ഇത്രയും സഞ്ചരിച്ചെത്തിയത്. ‘കശ്മീർ ജനതയും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെ ജനങ്ങളും തമ്മിലുള്ള സഖ്യം’ എന്നായിരുന്നു ബിജെപിയുമായുള്ള സഖ്യത്തെ മുൻ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്യീദ് വിശേഷിപ്പിച്ചത്. വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന ആശയഗതികൾ സഖ്യം ചേരുന്നതിനെ പ്രയാസപ്പെട്ട് ന്യായീകരണം കണ്ടെത്തുകയായിരുന്നു മുഫ്തി.

സഖ്യം സംബന്ധിച്ച് നിരവധി പ്രശ്നങ്ങൾ പാർട്ടികൾക്കകത്തുണ്ടായി. അസാധ്യമായതെല്ലാം സാധ്യമാക്കുന്ന അമിത് ഷാ-മോദി കൂട്ടുകെട്ടിന്റെ തീരുമാനങ്ങളിൽ ബിജെപിക്കകത്ത് വലിയ എതിർപ്പുകളെ നേരിടേണ്ടി വന്നില്ല. ബിജെപിയെ സംബന്ധിച്ച് അന്നത്തെ സാഹചര്യത്തിൽ എന്തുകൊണ്ടും നേട്ടം തന്നെയായിരുന്നു പിഡിപിയുമായുള്ള സഖ്യം. ഉൾപ്പാർട്ടി പ്രശ്നങ്ങൾ ഏറെ പ്രയാസപ്പെടുത്തിയത് പിഡിപി തന്നെയാണ്. പാർട്ടിക്കുള്ളിൽ അതൃപ്തികൾ പുകഞ്ഞു കൊണ്ടിരുന്നു. അധികാരമേറ്റെടുത്ത നാള്‍ മുതൽ കശ്മീരിൽ സംഘർഷങ്ങൾ വർധിച്ചു വന്നു. ആൾക്കൂട്ട ആക്രമണങ്ങളും സാധാരണ ജനങ്ങൾക്കു മീതെ പൊലീസിന്റെ ആക്രമണങ്ങളുമെല്ലാം വർധിച്ചു വന്നപ്പോൾ‌ പരസ്പരം പഴിചാരുന്നതിൽ ഇരു കക്ഷികളും ശ്രദ്ധ കേന്ദ്രീകരിച്ചു.

കശ്മീർ സംബന്ധിച്ച് തികച്ചും വിരുദ്ധമായ നയപരിപാടികളുള്ള രണ്ടു കക്ഷികളുടെ ഒരുമിച്ചുള്ള സഞ്ചാരം പാർട്ടികള്‍ക്കുള്ളിൽ സൃഷ്ടിച്ച പ്രശ്നങ്ങൾ 2017 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ കൂടുതൽ ശക്തിയോടെ പുറത്തുവരാൻ തുടങ്ങി. ഇരുകക്ഷികളും പരസ്യമായ വാഗ്വാദങ്ങളിലേർപ്പെട്ടു. ജനക്കൂട്ടം അക്രമാസക്തരാകുന്നതും തീവ്രവാദ പ്രവർത്തനം വർധിക്കുന്നതും ബിജെപിയുടെ നയങ്ങൾ മൂലമാണെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി അന്നാരോപിച്ചു. പിഡിപിയുടേത് ‘പ്രീണന’ രാഷ്ട്രീയമാണെന്ന് ബിജെപിയും, ബിജെപിയുടേത് ‘സംഘർഷോന്മുഖ’ രാഷ്ട്രീയമാണെന്ന് പിഡിപിയും ആരോപിച്ചു.

ഒമർ അബ്ദുള്ളയുടെ ഭരണകാലത്ത് കല്ലെറിയുന്ന കശ്മീരികളോട് മൃദുസമീപനമാണ് മെഹബൂബ പുലർത്തിയിരുന്നതെന്നും ഇതിന്റെ തുടർച്ചയാണ് മെഹബൂബയുടെ ഇപ്പോഴത്തെ ഭരണസമീപനമെന്നുമാണ് ബിജെപി കരുതുന്നത്. വിഘടനവാദികളോടും തീവ്രവാദ ആക്രമണങ്ങൾ സംഘടിപ്പിക്കുന്നവരോടും പുലർത്തുന്ന മൃദുനിലപാട് ഭരണത്തില്‍ സുതാര്യത ഇല്ലാതാക്കിയെന്നും കാര്യക്ഷമത കുറച്ചെന്നും ബിജെപി ആരോപിക്കുന്നു.

ജമ്മുവിലെ കത്തുവ ജില്ലയിൽ നാടോടികളായി ജീവിക്കുന്ന ബകർവാലകൾ എന്നറിയപ്പെടുന്ന ഒരു മുസ്ലിം സമുദായത്തിൽ പെട്ട എട്ടു വയസ്സുള്ള പെൺകുട്ടിയ ദിവസങ്ങളോളം അമ്പലത്തിൽ പൂട്ടിയിട്ട് ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തോടെ പിഡിപിക്കുള്ളിലെ ഈ അതൃപ്തി ശക്തമായി പുറത്തു വന്നിരിക്കുകയാണ്. ഇതോടൊപ്പം മുഫ്തി മന്ത്രിസഭയിലെ ബിജെപി മന്ത്രിമാരായ ചൗധരി ലാല്‍ സിങ്, ചന്ദര്‍ പ്രകാശ് ഗംഗ എന്നിവര്‍ പിഡിപിക്കെതിരെ രംഗത്തിറങ്ങിയിട്ടുണ്ട്. ഒരു റിട്ടയേഡ് റവന്യൂ ഉദ്യോഗസ്ഥനടക്കം എട്ടു പേർക്കെതിരെ ചാർജ് ഷീറ്റ് ഫയൽ ചെയ്തതാണ് ബിജെപി മന്ത്രിമാരെ പ്രകോപിപ്പിച്ചിരിക്കുന്നത്. പൊലീസ് ഗൂഢലക്ഷ്യത്തോടെ പെരുമാറുന്നുവെന്നാണ് ബിജെപി മന്ത്രിമാരുടെ ആരോപണം. കേസ് സിബിഐക്ക് വിടണം എന്നാണ് അവരുടെ ആവശ്യം. എന്നാല്‍ മുന്നണിക്കുള്ളിലും പാര്‍ട്ടിയില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നുമുണ്ടായ സമ്മര്‍ദ്ദത്തെതുടര്‍ന്ന് അവര്‍ക്ക് ഇന്നലെ രാജി സമര്‍പ്പിക്കേണ്ടി വന്നിരിക്കുകയാണ്.

ഇതിനിടെ ബിജെപിയുമായുള്ള സഖ്യം സംബന്ധിച്ച് പാർട്ടിക്കുള്ളിൽ വളര്‍ന്ന അസംതൃപ്തി വെളിപ്പെടുത്തി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവും ടൂറിസം മന്ത്രിയുമായ തസ്സാദുഖ് മുഫ്തി രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ സഹോദരൻ കൂടിയായ തസ്സാദുഖിന്റെ തുറന്നുപറച്ചിൽ പാര്‍ട്ടി പ്രവർത്തകർക്കിടയിൽ വളർന്ന അതൃപ്തി എത്രകണ്ട് വലുതാണെന്നതിലേക്ക് സൂചന നൽകുന്നു.

ബിജെപിയുമായുള്ള പിഡിപിയുടെ സഖ്യം കുറ്റകൃത്യങ്ങളിൽ പങ്കുകാരാകുന്നതിലേക്ക് പാർട്ടിയെ നയിച്ചുവെന്നും ഇതിന് കശ്മീരിലെ ഒരു തലമുറ മുഴുവൻ തങ്ങളുടെ ചോര തന്നെ വിലയായി നൽകേണ്ടി വരുമെന്നും തസ്സാദുഖ് പറഞ്ഞു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമല്ലെന്നും പാർട്ടിക്കുള്ളിലെ പൊതുവികാരമാണെന്നുമാണ് തസ്സാദുഖ് പറയുന്നത്.

മെഹ്ബൂബ മുഫ്തിക്ക് മുന്‍പിലെ വെല്ലുവിളികള്‍; കശ്മീരും ഡല്‍ഹിയും

കേന്ദ്രസർക്കാർ തങ്ങളുടെ കടുംപിടിത്തങ്ങൾ അവസാനിപ്പിക്കണമെന്നും, നിലവിലെ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് മേഖലയിലെ അസ്വസ്ഥതകൾ അവസാനിപ്പിച്ച് രാഷ്ട്രീയപ്രക്രിയകൾക്കുള്ള സാധ്യത ഒരുക്കണമെന്നും തസ്സാദുഖിന്റെ ആവശ്യം. സഖ്യത്തിന്റെ അജണ്ടകളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളോട് പ്രതിബദ്ധത കാട്ടാൻ ബിജെപി തയ്യാറാകുന്നില്ല. പാർട്ടിക്ക് ഇതുറപ്പു വരുത്താൻ സാധിക്കാത്ത പക്ഷം സ്വയമറിയാതെയാണെങ്കിലും ജനങ്ങളെ അവർ അർഹിക്കാത്ത പ്രശ്നങ്ങളിലേക്ക് വലിച്ചിട്ടതിന് പിഡിപി മാപ്പു പറയേണ്ടതായി വരുമെന്നും തസ്സാദുഖ് പറയുന്നു.

കൊല്ലപ്പെട്ട പെൺകുട്ടിക്കു വേണ്ടി സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്ന പ്രതിഷേധ പരിപാടികളിൽ പിഡിപി പ്രവർത്തകരുമുണ്ട്. അവർക്കെതിരെ ബ്രാഹ്മണ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങൾ ബിജെപി മന്ത്രിമാരുടെ കാർമികത്വത്തിലാണ്! ഗുജ്ജാർ, ബകാർവാൽ ഗോത്രവർഗക്കാർക്ക് കത്തുവ ജില്ലയിൽ ഇടം കൊടുക്കുന്നതിനെ എതിർത്തും ബലാൽസംഗക്കേസിൽ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടും ഹിന്ദു ഏക്ത മഞ്ച് നടത്തിയ മാർച്ചിൽ ബിജെപിയുടെ സംസ്ഥാന സെക്രട്ടറിയും പങ്കെടുത്തിരുന്നു. ദേശീയപതാകയുമേന്തിയായിരുന്നു ഇവരുടെ പ്രകടനം. ഇതിനെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി മെഹബൂബ മുഫ്തി രംഗത്തെത്തി. രണ്ട് മന്ത്രിമാരാണ് നിരോധനാജ്ഞ ലംഘിച്ച് റാലികളെ അഭിസംബോധന ചെയ്തത്. പക്ഷെ ഇതിനെ അപലപിക്കാൻ മുഖ്യമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

കുറ്റവാളികളെ സംരക്ഷിച്ച് നീതി അട്ടിമറിക്കാൻ ബിജെപി മന്ത്രിമാരെയും എംഎൽഎമാരെയും അനുവദിക്കുകയാണ് പിഡിപി എന്ന ആരോപണവുമായി നാഷണലിസ്റ്റ് കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള രംഗത്തുണ്ട്. റാലികളിൽ ബിജെപി നേതാക്കളുടെ സജീവ സാന്നിധ്യം ചർച്ചയായ ഘട്ടത്തിലാണ് ഒമറിന്റെ ട്വീറ്റ്. പെൺകുട്ടിയെ ബലാൽസംഗം ചെയ്തു കൊന്നവരെ മുഫ്തിയുടെ കാബിനറ്റ് സഹപ്രവർത്തകർ തന്നെ സംരക്ഷിക്കാനിറങ്ങിയത് നേരിൽ കണ്ടിട്ടും അവർക്കൊപ്പം തുടരാൻ കഴിയുമെന്നാണ് മുഫ്തി വിചാരിക്കുന്നതെങ്കിൽ അത് അവരുടെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും വിലകെട്ട കാലമായിരിക്കുമെന്നായിരുന്നു നാഷണൽ കോൺഫറൻസ് വക്താവ് ജുനൈദ് മോട്ടുവിന്റെ ട്വീറ്റ്. തങ്ങളുടെ തന്നെ ചെയ്തികൾ പിഡിപിയെ വളഞ്ഞിട്ടാക്രമിക്കുകയാണ്.

ബിജെപിയുമായി രൂപപ്പെടുത്തിയ സഖ്യം പിഡിപിയെ സംബന്ധിച്ചിടത്തോളം ഒരു വൻ നഷ്ടക്കച്ചവടമായി മാറി എന്ന വിലയിരുത്തൽ തെറ്റാകില്ല. തങ്ങൾ നടത്തിയ അക്രമങ്ങൾക്കെല്ലാം ഒരുതരം ‘നിയമപരത’ നേടാൻ ഭരണത്തിലെ പങ്കാളിത്തം ബിജെപി ഉപയോഗപ്പെടുത്തി. ഇതിനെ ശരിയായ അർത്ഥത്തിൽ പ്രതിരോധിക്കാൻ മുഫ്തിക്ക് സാധിച്ചില്ലെന്ന വിമർശനം നിലവിലുണ്ട്. ഭരണം തുടങ്ങിയതു മുതൽ വർഷാവർഷം വർധന മാത്രം രേഖപ്പെടുത്തിയ അക്രമങ്ങളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ മാത്രമായി മുഫ്തിയുടെ ഭരണം ഒതുങ്ങി. ഇപ്പോഴത്തെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് മുഫ്തി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായി ചർച്ച നടത്തിയിരുന്നു. അക്രമങ്ങൾ കുറയ്ക്കാനുതകുന്ന ശരിയായ ഒരു നയം ബിജെപിയുടെ ഭാഗത്തു നിന്നുണ്ടാകുമെന്ന പ്രതീക്ഷ പിഡിപിക്കുള്ളിൽ നശിച്ചിരിക്കുകയാണ്.

മോദിയും ഷായും കണ്ടതല്ല കാശ്മീര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍