UPDATES

വായിച്ചോ‌

അച്ഛന്‍ കുട്ടിയായിരുന്നു ഗൌരി; നിവിന്‍ പോളിയെ ഇഷ്ടമായിരുന്നു; സഹോദരിയെക്കുറിച്ച് കവിത ലങ്കേഷ്

നിങ്ങളുടെ ശബ്ദം സജീവമാക്കൂ. ലക്ഷക്കണക്കിന് ഗൗരിമാര്‍ ഉയര്‍ന്നുവരും. ആരെയാണ് ലക്ഷ്യമിടേണ്ടതെന്ന് അവര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കാതെ വരും. ഒന്നുമല്ലെങ്കിലും, ഒരു വിപ്ലവത്തെ നിശബ്ദമാക്കാനാവില്ല.

ബംഗളുരുവിലെ സ്വവസതിയില്‍ വെടിയേറ്റു കൊല്ലപ്പെട്ട പത്രപ്രവര്‍ത്തക ഗൌരി ലങ്കേഷിനെക്കുറിച്ച് സഹോദരിയും ചലച്ചിത്ര പ്രവര്‍ത്തകയുമായ കവിതാ ലങ്കേഷ് എഴുതിയ കുറിപ്പിന്റെ സ്വതന്ത്ര വിവര്‍ത്തനം

ഗൗരിയും ഞാനും തമ്മില്‍ മൂന്നു വയസിന്റെ വ്യത്യാസം ഉണ്ടായിരുന്നു. തികച്ചും വ്യത്യസ്തരായ മനുഷ്യരുമായിരുന്നു ഞങ്ങള്‍. വളരുന്ന പ്രായത്തില്‍ ഞങ്ങള്‍ സാമ്പത്തികമായി അത്ര നല്ല നിലയിലായിരുന്നില്ല. ഒരു ലക്ചററും എഴുത്തുകാരനുമായിരുന്ന ഞങ്ങളുടെ പിതാവ് സ്വന്തം സ്ഥാപനം തുടങ്ങുന്നതിനായി ജോലി ഉപേക്ഷിച്ചു. അത് അത്ര നല്ലനിലയില്‍ പോയില്ല. കുട്ടിയെന്ന നിലയില്‍ ഞാന്‍ ക്ഷോഭിക്കുമ്പോഴൊക്കെ ഗൗരി എന്നെ കീഴടക്കിയിരുന്നെങ്കില്‍ താമസിയാതെ എനിക്ക് അവളെക്കാള്‍ പൊക്കം വച്ചതോടെ അത് അവസാനിച്ചു. പിറന്നാളുകള്‍ പോലുള്ള പ്രത്യേക സന്ദര്‍ഭങ്ങളിലല്ലാതെ ഞങ്ങള്‍ക്ക് വിരുന്നൊന്നും ലഭിച്ചിരുന്നില്ല. ഒരിക്കല്‍ എനിക്കും ഗൗരിക്കും ഞങ്ങളുടെ ഇളയ സഹോദരനും വേണ്ടി ഞാന്‍ മൂന്ന് ചോക്ലേറ്റുകള്‍ മോഷ്ടിച്ചു. അതില്‍ ഞാന്‍ ആത്മസംതൃപ്തി അനുഭവിക്കുകയും ചെയ്തു. ആരോടും പറയരുത് എന്ന് ഞാന്‍ ഗൗരിയോട് പറഞ്ഞെങ്കിലും ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ അവള്‍ കുഴപ്പം ഉണ്ടാക്കുകയും എനിക്ക് ഞങ്ങളുടെ അമ്മയുടെ കൈയില്‍ നിന്നും തല്ല് ലഭിക്കുകയും ചെയ്തു. ആ ചോക്ലേറ്റുകള്‍ കടക്കാരന് തിരിച്ചേല്‍പ്പിക്കേണ്ടി വരികയും ഞാന്‍ വളരെ അപമാനിതയാവുകയും ചെയ്തു. ആ പ്രായത്തില്‍ പോലും നൈതികത കാത്തുസൂക്ഷിക്കുന്ന വ്യക്തിയായിരുന്നു ഗൗരി.

അച്ഛന്‍ കുട്ടിയായിരുന്നു ഗൗരി. ബഹുമാനം മൂലം അദ്ദേഹത്തിന്റെ മരണശേഷവും പത്രമോഫീസിലെ അദ്ദേഹത്തിന്റെ കസേര ഉപയോഗിക്കാന്‍ അവള്‍ തയ്യാറായില്ല. ഞങ്ങളുടെ കുട്ടിക്കാലത്തെല്ലാം പുസ്തകങ്ങളായിരുന്നു അവളുടെ അടുത്ത സുഹൃത്തുക്കള്‍. ഞങ്ങളുടെ അച്ഛന്‍ ഇത് പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ഒരു മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ അവളെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് ഞങ്ങളുടെ പിതാവും ഗൗരിയുടെ മുന്‍ ഭര്‍ത്താവുമായിരുന്നു. വളര്‍ന്നു വന്നപ്പോള്‍, ഞങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനിന്നിരുന്നെങ്കിലും, മൃദുഭാഷിയായ ഗൗരി പോയിടത്തെല്ലാം സുഹൃത്തുക്കളെ സൃഷ്ടിച്ചു. യുവജനങ്ങള്‍ അവളെ സ്‌നേഹിക്കുകയും വിശ്വാസമര്‍പ്പിക്കുകയും ചെയ്തു. ഒരു മുതിര്‍ന്ന വ്യക്തിയെന്ന നിലയില്‍, കാര്യങ്ങളെ സമീപിക്കുന്നതില്‍ അവള്‍ എപ്പോഴും ഒരു വ്യത്യസ്ത രീതി വച്ചുപുലര്‍ത്തിയിരുന്നു. ഞങ്ങളുടെ വീട്ടില്‍ ഞാന്‍ ക്രിസ്തുമസും ഞങ്ങളുടെ സഹോദരന്‍ ഗണേഷ ചതുര്‍ത്ഥിയും ആഘോഷിക്കുമ്പോള്‍ ഈദ് ആഘോഷങ്ങളുടെ ചുമതല ഗൗരിക്കായിരുന്നു. ഒരു വര്‍ഷം അവള്‍ ഒരു ബക്രീദ് പാര്‍ട്ടി സംഘടിപ്പിക്കുകയും അതിന്റെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിക്കുന്നതിനായി ചിലരെ വിളിച്ചുവരുത്തുകയും ചെയ്തു. കുട്ടികള്‍ എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളണമെന്നും ഇത്തരം ആഘോഷങ്ങളുടെ പ്രാധാന്യം മനസിലാക്കണമെന്നും അവള്‍ ഉറച്ചു വിശ്വസിച്ചിരുന്നു.

എന്റെ പിതാവ് മരിച്ചപ്പോള്‍ അദ്ദേഹം ഒരു ഒസ്യത്തും വച്ചിരുന്നില്ല. അദ്ദേഹം ആരംഭിച്ച പത്രം ആര്‍ക്ക് വേണമെങ്കിലും നടത്താമായിരുന്നു. എന്നാല്‍ ഗൗരി എഡിറ്ററാവുകയും എന്റെ സഹോദരന്‍ പ്രസാധകനായി കുറച്ചുകാലം പ്രവര്‍ത്തിക്കുകയും ചെയ്‌തെങ്കിലും അവര്‍ തമ്മില്‍ തൊഴില്‍പരമായി തെറ്റി. കന്നട മാധ്യമരംഗത്തേക്കും ഗൗരി നീങ്ങിയിരുന്നു. എന്നാല്‍ ഈ തിരക്കുകള്‍ക്കിടയിലും തന്റെ ആരോഗ്യത്തെ കുറിച്ച് അവര്‍ വ്യാകുലപ്പെട്ടിരുന്നില്ല. ഇടയ്ക്കിടയ്ക്ക് ഞങ്ങളുടെ വീട്ടില്‍ നിന്നും ഭക്ഷണം പൊതിഞ്ഞെടുത്ത് അവള്‍ക്ക് എത്തിക്കുകയും ഞങ്ങളുടെ സായാഹ്ന സിനിമകള്‍ ആസ്വദിക്കുകയും ചെയ്തിരുന്നു. അവള്‍ക്ക് നിവിന്‍ പോളിയെ ഇഷ്ടമായിരുന്നു.

അവള്‍ക്ക് വെടിയേറ്റ ദിവസം എന്റെ സഹോദരി മറിഞ്ഞുവീണു എന്നൊരു ഫോണ്‍ സന്ദേശമാണ് എനിക്ക് ലഭിച്ചത്. അവര്‍ തെന്നിവീണതോ മറ്റോ ആയിരിക്കും എന്നാണ് ഞാന്‍ കരുതിയത്. അവള്‍ മരിക്കുമെന്ന് ഞാന്‍ ഒരിക്കലും സങ്കല്‍പിച്ചിരുന്നില്ല. ഞങ്ങളുടെ സ്‌നേഹബന്ധത്തെ കുറിച്ച് വളരെ തുറന്ന സമീപനമാണ് ഇരുവരും സ്വീകരിച്ചിരുന്നത്. കൂടുതല്‍ സൂക്ഷിക്കണമെന്ന്, ഒരു പക്ഷെ കൂടുതല്‍ നയത്തില്‍ പെരുമാറണമെന്ന് അവളോട് ഞാന്‍ പറയേണ്ടിയിരുന്നോ എന്ന് ഇടയ്ക്കിടക്ക് ആലോചിക്കും. അങ്ങനെ ചെയ്തിരുന്നെങ്കില്‍ അവളെ നിയന്ത്രിക്കുകയാവില്ലേ ഞാന്‍ ചെയ്യുക? അവളെ നിശബ്ദയാക്കുക? ‘ഞാനാണ് ഗൗരി’ പ്രചാരണം ലോകത്തെമ്പാടുമുള്ള ആയിരക്കണക്കിന് ഗൗരിമാരിലേക്ക് എത്തുമെന്ന് ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല. ഇന്ന് ധാരാളം തുറന്ന സംസാരങ്ങള്‍ നടക്കുന്നു.

വിദ്വേഷകരോടുള്ള എന്റെ ഒരേ ഒരു ഉപദേശം ഇതാണ്. നിങ്ങള്‍ എതിര്‍ക്കാനും വിയോജിക്കാനും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് പൊതുവേദിയില്‍ ചെയ്യുക. മുഖമില്ലാത്തവരാകരുത്. അത് ഭീരുത്വമാണ്. മറ്റുള്ളവരോട് പറയാനുള്ളത്, നിങ്ങളുടെ ശബ്ദം സജീവമാക്കൂ. ലക്ഷക്കണക്കിന് ഗൗരിമാര്‍ ഉയര്‍ന്നുവരും. ആരെയാണ് ലക്ഷ്യമിടേണ്ടതെന്ന് അവര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കാതെ വരും. ഒന്നുമല്ലെങ്കിലും, ഒരു വിപ്ലവത്തെ നിശബ്ദമാക്കാനാവില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍