UPDATES

ട്രെന്‍ഡിങ്ങ്

മനുഷ്യൻ മനുഷ്യനെ വെറുക്കുന്ന ‘പുതിയ ഇന്ത്യ’യെ കയ്യിൽ വെച്ചോളൂ; പഴയ ഇന്ത്യയെ തിരിച്ചുതരൂ: രാജ്യസഭയിൽ ഗുലാം നബി ആസാദ്

മഹാരാഷ്ട്രയിലെ കർഷക ആത്മഹത്യയും സഭയിൽ ഉന്നയിക്കപ്പെട്ടു.

ജാർഖണ്ഡിൽ മുസ്ലിം യുവാവിനെ 18 മണിക്കൂറോളം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യസഭയിൽ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം. സർക്കാർ തങ്ങളുടെ ‘നവ ഇന്ത്യ’യെ കയ്യില്‍ത്തന്നെ വെക്കണമെന്നും പഴയ ഇന്ത്യയെ തങ്ങൾക്ക് തിരിച്ചു തരണമെന്നും മുതിർന്ന കോൺഗ്രസ് നേതാവ്  ഗുലാംനബി ആസാദ് ആവശ്യപ്പെട്ടു. “പഴയ ഇന്ത്യയിൽ ശത്രുതയും വിദ്വേഷവും വെറുപ്പും ആൾക്കൂട്ടക്കൊലകളും ഉണ്ടായിരുന്നില്ല. ‘നവ ഇന്ത്യ’യിൽ മനുഷ്യൻ മനുഷ്യന് ശത്രുവാണ്. ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും സമാധാനപരമായി ജീവിച്ചിരുന്ന, പരസ്പരം ജീവൻ വരെ നൽകാൻ തയ്യാറായിരുന്ന ആ പഴയ ഇന്ത്യ ഞങ്ങൾക്ക് തിരിച്ചു തരൂ,” -ഗുലാം നബി ആസാദ് പറഞ്ഞു. പ്രധാനമന്ത്രി നിരന്തരമായി ഉപയോഗിക്കുന്ന ‘നവ ഇന്ത്യ’ എന്ന പ്രയോഗത്തെ സൂചിപ്പിച്ച് വിമർശനമുന്നയിക്കുകയായിരുന്നു ആസാദ്.

ജാർഖണ്ഡ് ആൾക്കൂട്ടക്കൊലയുടെയും അക്രമത്തിന്റെയും ഫാക്ടറിയായി മാറിയിരിക്കുകയാണെന്ന് ആസാദ് ആരോപിച്ചു. എല്ലാ ആഴ്ചയിലും ദളിതരുടെയും മുസ്ലിങ്ങളുടെയും കൊലപാതക വാർത്തകളാണ് സംസ്ഥാനത്തു നിന്നും കേൾക്കുന്നത്. പ്രധാനമന്ത്രി പറയുന്നതു പോലെ എല്ലാവരുടെയും വികസനത്തിനു വേണ്ടി നിലകൊള്ളാൻ തങ്ങൾ തയ്യാറാണെന്നും എന്നാൽ അത് എവിടെയും കാണുന്നില്ലെന്നും ആസാദ് കുറ്റപ്പെടുത്തി.

തമിഴ്നാട്ടിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും തമിഴ് ഔദ്യോഗിക ഭാഷയാക്കണമെന്ന ആവശ്യവും ലോക്സഭയിൽ ഉന്നയിക്കപ്പെട്ടു. ഡിഎംകെയുടെ ശ്രീ പെരുമ്പദൂർ എംപി ടിആർ ബാലുവാണ് ഈ ആവശ്യം ഉന്നയിച്ചത്. സംസ്ഥാനത്തെ ജലപ്രതിസന്ധിയും ഇദ്ദേഹം സഭയിലുന്നയിച്ചു.

വൈഎസ്ആർ കോൺഗ്രസ്സ് ആന്ധ്രപ്രദേശിന് പ്രത്യേക പദവി ലഭിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. മഹാരാഷ്ട്രയിലെ കർഷക ആത്മഹത്യയും സഭയിൽ ഉന്നയിക്കപ്പെട്ടു. കഴിഞ്ഞ നാലു വർഷത്തിനിടെ പന്ത്രണ്ടായിരത്തിലധികം കർഷകരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. സംസ്ഥാനത്ത് ദിവസവും എട്ട് കർഷകരെങ്കിലും ആത്മഹത്യ ചെയ്യുന്നതായി പ്രശ്നം ഉന്നയിച്ച എൻസിപി എംപി അമോൽ രാംസിങ് കോലെ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍