UPDATES

കെജ്രിവാള്‍, താങ്കള്‍ ദന്തഗോപുരത്തില്‍ നിന്ന് താഴെയിറങ്ങാന്‍ സമയമായിരിക്കുന്നു

ഇന്ത്യക്ക് സെന്‍സിബിളായ, മതേതര, പുരോഗമന, അഴിമതി വിരുദ്ധ പ്ലാറ്റ്‌ഫോമുകള്‍ ആവശ്യമുണ്ട്

ആം ആദ്മി പാര്‍ട്ടിയില്‍ തുടര്‍ന്നു വരുന്ന ഭിന്നിപ്പുകളും പരസ്പരം ഉന്നയിക്കുന്ന ഗുരുതരമായ ആരോപണങ്ങളും കാണുമ്പോള്‍ ഒരു പ്രധാനപ്പെട്ട കാര്യം ജനങ്ങള്‍ക്ക് ചോദിക്കാനുണ്ടാകും: ഈ ജനാധിപത്യ രാജ്യത്തെ ജനങ്ങള്‍ എവിടെയാണ് തങ്ങളുടെ രോഷം പ്രകടിപ്പിക്കുക?

ഇന്ത്യയെപ്പോലൊരു രാജ്യത്ത് അത്തരം രോഷപ്രകടനങ്ങള്‍ക്ക് ആവശ്യമായതിലധികം കാര്യങ്ങളും കാരണങ്ങളും ഇവിടെ നിലനില്‍ക്കുന്നുണ്ട്. അത്തരത്തിലുള്ള സാഹചര്യങ്ങളില്‍ തങ്ങളുടെ ആശങ്കകളും വേവലാതികളുമൊക്കെ സമാധാനപരമായും എന്നാല്‍ അര്‍ത്ഥവത്തായും പ്രകടിപ്പിക്കാനുള്ള വേദികള്‍ ഉണ്ടാവുന്നു എന്നതാണ് ഇന്ത്യന്‍ ജനാധിപത്യം വര്‍ഷങ്ങള്‍ കൊണ്ട് നേടിയെടുത്തത്. ഭരണകൂട പരാജയങ്ങളോട് ജനങ്ങള്‍ക്കുണ്ടാകുന്ന അമര്‍ഷങ്ങളെ വഴിതിരിച്ചു വിടാന്‍ പുരോഗമനപരമായ ഒരു വഴി വെട്ടിത്തുറക്കുകയായിരുന്നു ഇന്ത്യ എഗനസ്റ്റ് കറപ്ഷനും പിന്നീട് അതിന്റെ രാഷ്ട്രീയ രൂപമായി മാറിയ ആം ആദ്മി പാര്‍ട്ടിയും.

ആം ആദ്മി പാര്‍ട്ടി എന്തുകൊണ്ട് ഒരു സാധാരണ രാഷ്ട്രീയ പാര്‍ട്ടി മാത്രമല്ല എന്നാണ് പറഞ്ഞു വരുന്നത്. ആദര്‍ശവാദത്തിന്റെ ഉടോപ്യയാണത്. വളരെക്കാലമായി ഇന്ത്യയില്‍ ഇല്ലാതിരുന്ന ഒരു ബദല്‍ രാഷ്ട്രീയ പ്ലാറ്റ്‌ഫോമാണ് ആം ആദ്മി പാര്‍ട്ടിയിലൂടെ ഉണ്ടായി വന്നത്. 1950-കളിലേയും 60-കളിലേയും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ പോലെ, അടിയന്തരാവസ്ഥക്കാലത്തെ പ്രതിപക്ഷ പാര്‍ട്ടികളെ പോലെ, 1980-കളിലെ വി.പി സിംഗ് നേതൃത്വം കൊടുത്ത സാമൂഹിക മുന്നേറ്റങ്ങള്‍ പോലെയൊന്ന്.

എന്നാല്‍ അരവിന്ദ് കെജ്‌രിവാള്‍ ധരിച്ചത് ആം ആദ്മി പാര്‍ട്ടിയിലുള്ള ഊര്‍ജവും അതിന് പുറത്തുനിന്നു കിട്ടിയ അകമഴിഞ്ഞ പിന്തുണയും മറ്റെന്തോ ആണെന്നാണ്. തന്റെ വ്യക്തിപ്രഭാവമാണ് എല്ലാത്തിനും കാരണം എന്നായിരുന്നു അദ്ദേഹത്തിന്റെ ധാരണ.

ഈ പ്രസ്ഥാനത്തെ കെട്ടിപ്പടുക്കാന്‍ സഹായിച്ച അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവും ഈഗോയും ചേര്‍ന്നുള്ള ദന്തഗോപുരത്തില്‍ നിന്ന് കെജ്‌രിവാളിനെ താഴെയിറക്കാറായി. പഞ്ചാബ് മുതല്‍ മഹാരാഷ്ട്ര വരെ, എല്ലായിടത്തു നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഡല്‍ഹിയില്‍, ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളെ ചവിട്ടി പുറത്താക്കി, ബാക്കിയുള്ളതും ഇതാ ഒലിച്ചു പോയിത്തുടങ്ങിയിരിക്കുന്നു.

അപ്പോള്‍ ഞങ്ങള്‍ ചോദിക്കുന്നത് ഇതാണ്. എവിടെയാണ് ഒരു സാധാരണ ഇന്ത്യക്കാരന്‍, പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുള്ള മനുഷ്യര്‍ തങ്ങളുടെ രോഷങ്ങളെ, അമര്‍ഷങ്ങളെ ഇല്ലായ്മ ചെയ്യുക?

അത്തരം വികാരങ്ങളെ പ്രകടിപ്പിക്കാന്‍ എല്ലായ്‌പ്പോഴും പ്ലാറ്റ്‌ഫോമുകളുണ്ട്. എന്നാല്‍ അതിനെ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നാണ് ജനാധിപത്യത്തിലെ പ്രാധാന്യം.

ഉദാഹരണത്തിന്, നിങ്ങള്‍ക്കിപ്പോള്‍ രോഷപ്രകടനത്തിന് പശുസംരക്ഷക ഗ്രൂപ്പുകളുണ്ട്, ടി.വി സ്റ്റുഡിയോകളും അതുപോലുള്ള മറ്റ് വേദികളുമുണ്ട്. അവിടെ സാധാരണ ഇന്ത്യക്കാര്‍ തങ്ങളുടെ അമര്‍ഷം ഇറക്കിവയ്ക്കുന്നു, അതുവഴി തങ്ങള്‍ കരുത്തരാകുന്നു എന്ന തോന്നല്‍ നേടുന്നു. എന്നാല്‍ ഒരു ന്യൂനപക്ഷ സമുദായത്തിന്, പ്രത്യേകിച്ച് മുസ്ലീങ്ങള്‍ക്കെതിരെയാണ് തങ്ങളുടെ രോഷത്തെ വഴിതിരിച്ചു വിടുന്നതെന്ന് അവരില്‍ പലര്‍ക്കും അറിയില്ല, ചിലര്‍ അറിഞ്ഞു കൊണ്ടു തന്നെ അതില്‍ ഭാഗഭാക്കാകുന്നു. നമ്മുടെ രാഷ്ട്രീയ ആഹ്വാനങ്ങളിലും മത ബോധങ്ങളിലുമെല്ലാം ആ സാമുദായിക വേര്‍തിരിവും വെറുപ്പും ചുറ്റിത്തുടങ്ങിയിരിക്കുന്നു. അതൊരിക്കലും പുരോഗമനപരമായ പ്രക്ഷോഭങ്ങളോ രോഷ പ്രകടനങ്ങളോ അല്ല.

മധ്യ ഇന്ത്യയുടെ ഹൃദയഭാഗത്ത് ജനം തങ്ങളുടെ അമര്‍ഷങ്ങള്‍ പ്രകടിപ്പിക്കുന്നത് ആയുധം കൈയിലെടുത്തും മാവോയിസ്റ്റുകളെ പിന്തുണച്ചുമാണ്. അവരുടെ ജീവിതത്തിന് പ്രക്ഷോഭങ്ങളല്ലാതെ മറ്റു വഴികളില്ല. അവര്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തുന്നു. ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികളും വ്യത്യസ്തമല്ല.

കാശ്മീരില്‍ രോഷം അണപൊട്ടുന്നത് തെരുവിലേക്കാണ് വ്യാപിക്കുന്നത്, സായുധ സേനയെ അവര്‍ കല്ലെറിയുന്നു, ആയുമെടുക്കുന്നു. രോഷാകുലരായ ജനത്തിന് എന്തെല്ലാം ചെയ്യാന്‍ സാധിക്കും എന്നതിന്റെ ഉത്തമോദാഹരണമാണ് കാശ്മീര്‍ താഴ്‌വര, പ്രത്യേകിച്ച് നിരുത്തരവാദത്തോടെയും ഒട്ടും സംവേദനക്ഷമതില്ലാതെയും സര്‍ക്കാര്‍ പെരുമാറുമ്പോള്‍.

ഇന്ത്യയുടെ, പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍, രോഷാകുലരായ ലക്ഷക്കണക്കിന് ചെറുപ്പക്കാരാണ് യാതൊരു വികസനവും എത്തിച്ചേര്‍ന്നിട്ടില്ലാത്ത തങ്ങളുടെ ഗ്രാമങ്ങളിലും ആള്‍ക്കൂട്ടത്താല്‍ പെരുകിയ പട്ടണങ്ങളിലും ഒരു തൊഴിലുമില്ലാതെ അലഞ്ഞു നടക്കുന്നത്. സര്‍ക്കാരിനെതിരെ തങ്ങളുടെ രോഷം പ്രകടിപ്പിക്കാന്‍, തങ്ങളുടെ നാണക്കേടുകള്‍ക്ക് പകരം ചോദിക്കാനുള്ള അര്‍ത്ഥവത്തായ, പുരോഗമനാത്മകമായ പ്ലാറ്റ്‌ഫോമുകള്‍ അവര്‍ അന്വേഷിക്കുന്നുണ്ട്. അത്, ആം ആദ്മി പാര്‍ട്ടിയെ പോലുള്ള സമാധാനപരമായ പ്ലാറ്റ്‌ഫോമുകള്‍ അല്ലെങ്കില്‍ ജനാധിപത്യം എന്നതിന് അധികകാലത്തെ ആയുസുണ്ടാവില്ല. പശുവിന്റെ പേരിലും മതവികാരത്തിന്റെ പേരിലുമൊക്കെ മനുഷ്യരെ തല്ലിക്കൊല്ലുന്നത് അതിന്റെയൊക്കെ പ്രത്യക്ഷ ലക്ഷണമാണ്.

ഇന്ത്യക്ക് അത്തരം പ്ലാറ്റ്‌ഫോമുകള്‍ ആവശ്യമുണ്ട്; സെന്‍സിബിളായ, മതേതര, പുരോഗമന, അഴിമതി വിരുദ്ധ പ്ലാറ്റ്‌ഫോമുകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍