UPDATES

ശക്തമായ മഴയ്ക്ക് സാധ്യത; നിരവധി താലൂക്കുകളിൽ വെള്ളിയാഴ്ച അവധി

മലപ്പുറത്ത് മൂന്നു താലൂക്കുകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് റിപ്പോർട്ട്. മൂന്ന് ജില്ലകളിൽ റെഡ് അലര്‍ട്ടും 10 ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

തിരുവനന്തപുരം പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് ഉദ്യോഗസ്ഥൻ രാധാക‍ൃഷ്ണനെ നെയ്യാറിൽ കാണാതായതായി റിപ്പോർട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിറങ്ങിയവരിൽ ഒരാൾ കൊടുങ്ങല്ലൂർ ഏറിയാട് പ്രദേശത്തു വെച്ച് ഷോക്കേറ്റ് മരിച്ചു. മഞ്ഞപ്പള്ളിക്ക് സമീപം പുല്ലാർക്കാട്ട് ആനന്ദനാണ് മരിച്ചത്. ഭൂദാനത്തെ മണ്ണിടിഞ്ഞിടത്തു നിന്നും ഒരാളുടെ മൃതദേഹം കൂടി കിട്ടിയതായി റിപ്പോർട്ടുണ്ട്.

അതെസമയം വയനാട് പുത്തുമലയിലെ മണ്ണിടിച്ചിലിൽ പെട്ട ഏഴുപേരെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മനുഷ്യസാധ്യമായ എല്ലാ രീതിയിലുമുള്ള പ്രവര്‍ത്തനങ്ങളും നടത്തുമെന്നു സ്ഥലം സന്ദര്‍ശിച്ചശേഷം ആരോഗ്യമന്ത്രി ശൈലജ ടീച്ചർ പറഞ്ഞു.

മലപ്പുറത്ത് മൂന്നു താലൂക്കുകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, കൊണ്ടോട്ടി, താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമാണ്.

തൃശൂര്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ കോട്ടയം, വൈക്കം, ചങ്ങനാശേരി താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കളക്ടര്‍ വെള്ളി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് മാത്രം വെള്ളിയാഴ്ച ജില്ലാ കലക്റ്റര്‍ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധിയാണ്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ഒരു പഠനം പുറത്തിറങ്ങി. ജവഹ‍ർലാൽ നെഹ്റു സർവകലാശാലയുടെ പഠന റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്. തീരങ്ങളിലും മലമ്പ്രദേശങ്ങളിലും മാത്രമല്ല, ഇടനാടുകളിലും ദുരന്തങ്ങൾക്ക് സാധ്യത കാണുന്നതാണ് റിപ്പോർട്ട്. മണ്ണിന്റെ പ്രതലം താഴെക്ക് താണുപോകുന്ന പ്രതിഭാസമുണ്ട്. ഒഴുക്കിനെ തടഞ്ഞുനിർത്തുന്ന പ്രവർത്തനങ്ങൾ ഭൂമിലേക്കുള്ള ജലത്തിന്റെ മർദ്ദം കൂട്ടുന്നത് മണ്ണിടിച്ചിലിനു കാരണമാകുന്നുണ്ടെന്നും പഠനം പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍