UPDATES

ട്രെന്‍ഡിങ്ങ്

പ്രളയം: കേരളത്തിന് 2500 കോടി കേന്ദ്ര സഹായത്തിന് ഉപസമിതിയുടെ ശുപാർശ; അന്തിമതീരുമാനം ആഭ്യന്തരമന്ത്രി ഉൾപെട്ട ഉന്നതതല സമിതി എടുക്കും

4800 കോടി രൂപയുടെ അടിയന്തിര സഹായമാണ് കേരള സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്.

പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ കേരളത്തിന് 2500 കോടി രൂപ കൂടി അനുവദിക്കാൻ ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതി അനുമതി നൽകി. ഇതിൽ അന്തിമതീരുമാനം ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഉൾപ്പെട്ട ഉന്നതതല സമിതി എടുക്കും. നേരത്തെ 600 കോടി നൽകിയതിനു പുറമെയാണിത്. പ്രളയത്തിനു ശേഷം നാലുമാസം പിന്നിട്ടപ്പോഴാണ് കേന്ദ്രത്തിന്റെ ഈ നടപടി.

4800 കോടി രൂപയുടെ അടിയന്തിര സഹായമാണ് കേരള സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. ഇതിൽ നടപടിയൊന്നും വരാതിരുന്നത് വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇതോടൊപ്പം വിദേശരാജ്യങ്ങളിൽ നിന്നുള്ള സഹായങ്ങൾ സ്വീകരിക്കുന്നതിനെ കേന്ദ്രം ഇടപെട്ട് തടഞ്ഞതും വലിയ വിമർശനങ്ങളുയർത്തി. സമാനമായ ദുരന്തങ്ങൾ നേരിട്ട, ബിജെപി ഭരണമുള്ള സംസ്ഥാനങ്ങൾക്ക് കൈയയച്ച് സഹായം നൽകിയതും ചർച്ചകളിൽ നിറഞ്ഞിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് തുക അനുവദിക്കപ്പെട്ടിരിക്കുന്നത്.

ആഭ്യന്തര സെക്രട്ടറി രാജിവ് ഗൂബ തലവനായ കമ്മറ്റിയാണ് 3100 കോടി (നേരത്തെ പ്രഖ്യാപിച്ച 600 കോടി രൂപയടക്കം) നൽകുന്നതിനുള്ള തീരുമാനമെടുത്തതെന്ന് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇതിന്മേൽ ഇനി രാജ്നാഥ് സിങ്ങും കേന്ദ്ര കൃഷിമന്ത്രി രാധാ മോഹൻ സിങ്ങും ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലിയും ഉൾപ്പെട്ട ഉന്നതതല സമിതിയാണ് അന്തിമതീരുമാനമെടുക്കുക. ഇവർ അന്തിമ പാക്കേജ് പ്രഖ്യാപിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

പ്രളയാനന്തരം സ്പെഷ്യൽ സെക്രട്ടറി ബിആർ ശർമ അധ്യക്ഷനായ ഒരു കേന്ദ്ര സംഘം കേരളം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തിയിരുന്നു. ഇദ്ദേഹത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നാഷണൽ എക്സിക്യുട്ടീവ് കമ്മറ്റിയുടെ ഉപസമിതി ഇപ്പോൾ തീരുമാനമെടുത്തിരിക്കുന്നത്. ഇതിന്മേൽ ഇനി മേൽക്കമ്മറ്റി അന്തിമതീരുമാനം എടുക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍