UPDATES

പോലീസ് കേസെടുത്തു, എല്ലാം നിഷേധിച്ച് കെ.ആര്‍ ഇന്ദിര; ‘പ്രചരിക്കുന്ന പോസ്റ്റുകള്‍ ഫോട്ടോഷോപ്പില്‍ ഉണ്ടാക്കിയത്’

19 ലക്ഷം പേരെ പുറത്താക്കിക്കൊണ്ട് അസമില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചതിനെ സംബന്ധിച്ച കെ.ആര്‍ ഇന്ദിരയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ മതവിദ്വേഷം പടര്‍ത്തുന്നുവെന്ന് വ്യാപകമായി പരാതിയുര്‍ന്നിരുന്നു.

ആർഷ കബനി

ആർഷ കബനി

ആളുകള്‍ പ്രചരിപ്പിക്കുന്ന തരത്തില്‍ മുസ്ലീങ്ങള്‍ക്കെതിരെ താന്‍ ഒന്നും എഴുതിയിട്ടില്ലെന്ന് ആകാശവാണി ഉദ്യോഗസ്ഥയും എഴുത്തുകാരിയുമായ കെ.ആര്‍ ഇന്ദിര. സോഷ്യല്‍ മീഡിയയിലൂടെ താന്റെ കമന്റുകളായി പ്രചരിക്കുന്ന സ്‌ക്രീന്‍ ഷോട്ടുകളൊന്നും തന്റേതല്ലെന്നും കെ.ആര്‍ ഇന്ദിര അവകാശപ്പെട്ടു. മതവിദ്വേഷം പരത്തുന്ന രീതിയില്‍ സോഷ്യല്‍ മീഡിയ വഴി പോസ്റ്റുകള്‍ ഇട്ടു എന്ന പരാതിയില്‍ ഇന്ദിരയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇന്നലെ കേസെടുത്തിരുന്നു. എന്നാല്‍ താന്‍ കേസിനെ കുറിച്ച് മാധ്യമങ്ങളില്‍ കൂടി മാത്രമാണ് അറിഞ്ഞത് എന്നും തന്‍റെ പേരില്‍ വ്യാജമായി സ്ക്രീന്‍ ഷോട്ടുകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ താനും പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ അഴിമുഖത്തോട് പറഞ്ഞു.

ഫേസ്ബുക്ക് പേജില്‍ താന്‍ ഇട്ടിരുന്ന പോസ്റ്റുകളിലെവിടേയും മുസ്ലീം വിഭാഗക്കാരെ പരാമര്‍ശിക്കുന്നില്ലെന്നും, ഇല്ലാത്ത കാരണം ചുമത്തിയാണ് ചില ആളുകള്‍ തനിക്കെതിരെ പരാതി നല്‍കിയിരിക്കുന്നതെന്നുമാണ് ഇന്ദിരയുടെ നിലപാട്. മുസ്ലീം വിഭാഗക്കാരെ അപമാനിക്കുന്ന തരത്തില്‍ താന്‍ കമന്റ് ചെയ്തിട്ടില്ലെന്നും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ചിലര്‍ ഫോട്ടോഷോപ്പിലൂടെ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നതാണെന്നും കെ.ആര്‍ ഇന്ദിര പറയുന്നു.

താന്‍ ഫേസ്ബുക്കില്‍ നിന്ന് പോസ്റ്റുകള്‍ പിന്‍വലിച്ചുവെന്ന പ്രചരണം തെറ്റാണെന്നും ഫേസ്ബുക്കില്‍ ഇട്ട രണ്ടു പോസ്റ്റുകള്‍ക്കുണ്ടായ കമന്റുകള്‍ക്കൊന്നും താന്‍ മറുപടി നല്‍കിയിട്ടില്ലെന്നാണ് ഇന്ദിരയുടെ അവകാശവാദം. “ഞാന്‍ ഒരു പോസ്റ്റിലും മറുപടി നല്‍കിയിട്ടില്ല, അതോകെ അവര്‍ ഉണ്ടാക്കിയതാണ്”, ഇന്ദിര പറയുന്നു. ഈ പോസ്റ്റുകളില്‍ മുസ്ലീം വിഭാഗക്കാരെ പരാമര്‍ശിക്കുകയോ മുസ്ലീം വിരുദ്ധത പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ഈ പ്രശ്‌നത്തില്‍ താന്‍ നിരപരാധിയാണെന്നുമാണ് ഇന്ദിര പറയുന്നത്. താന്‍ മുസ്ലീം വിരുദ്ധയാണെന്ന് സ്ഥാപിക്കാന്‍ താത്പര്യപ്പെടുന്നവരാണ് വ്യാജമായ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിപ്പിക്കുന്നതെന്നും ഇന്ദിര ആരോപിക്കുന്നു. ഇന്ത്യയില്‍ ജനസംഖ്യ ഒരു പ്രശ്‌നമാണെന്നും അത് നിയന്തിക്കണം എന്നത് താന്‍ നിരന്തരം പറയുന്ന കാര്യമാണെന്നും അത് പറയുക മാത്രമാണ് താന്‍ ഫേസ്ബുക്  പോസ്റ്റിലൂടെ പറഞ്ഞതെന്നുമാണ് കെ.ആര്‍ ഇന്ദിര പറയുന്നത്.

താന്‍ വീ വിഷയത്തില്‍ പ്രസിദ്ധീകരിച്ചതായി കെ.ആര്‍ ഇന്ദിര വായിച്ചു കേള്‍പ്പിച്ച രണ്ടു ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇവയാണ്.

“ലോഞ്ചില്‍ കയറി പേര്‍ഷ്യയില്‍ പോയിട്ടുള്ള നിരവധിയാളുകള്‍ ഏറെക്കാലം അവിടെ ജോലി ചെയ്തിട്ടുണ്ട്, അവര്‍ക്കൊന്നും അവിടെ പൌരത്വം കിട്ടിയിട്ടില്ല. അതില്‍ അവര്‍ക്കോ നമുക്കോ വിരോധമില്ല, അതുകൊണ്ട് ബംഗ്ലാദേശികളുടെ പൌരത്വത്തെ കുറിച്ചോര്‍ത്താരും മുതലക്കണ്ണീരൊഴുക്കേണ്ട”.

“ഇന്ത്യന്‍ പൌരാര്‍ അല്ലാതാകുന്നവര്‍ എങ്ങോട്ടു പോകും എന്ന വേവലാതിയിലാണ് കേരളത്തിലെ സഹോദര സ്നേഹികള്‍. അവരെ അനധികൃത കുടിയേറ്റക്കാരായി ക്യാമ്പുകളില്‍ പാര്‍പ്പിക്കാം. വോട്ടും റേഷന്‍കാര്‍ഡും ആധാര്‍ക്കാര്‍ഡും ഇല്ലാതെ. പെറ്റുപെരുകുന്നത് തടയാന്‍ സ്റ്റെറിലൈസേഷന്‍ നടത്തുകയുമാവാം.  ചെയ്യുകയുമാവാം” 

ഇതാണ് താന്‍ ഇട്ടിട്ടുള്ള രണ്ടു പോസ്റ്റുകള്‍ എന്നും ഇതില്‍ ഒരിടത്തും താന്‍ മുസ്ലീങ്ങള്‍ എന്ന് പറഞ്ഞിട്ടില്ല എന്നുമാണ് കെ.ആര്‍ ഇന്ദിര പറയുന്നത്. “അവര് ധരിച്ചിരിക്കുന്നത് ഇതെല്ലാം മുസ്ലീങ്ങള്‍ക്ക് എതിരാണെന്നാണ്. അസമിലെ പൌരത്വ പ്രശ്നം മുഴുവന്‍ മുസ്ലീങ്ങള്‍ക്ക് എതിരാണെന്ന് അവര്‍ക്ക് മുന്‍വിധിയുണ്ട്. അതുകൊണ്ട് അതിന് അനുകൂലമായി സംസാരിക്കുന്നവരെ മുഴുവന്‍ മുസ്ലീം വിരുദ്ധരായി പ്രചരിപ്പിക്കുന്നു. അത് കഴിഞ്ഞ് അവര് തന്നെ ഫോട്ടോഷോപ്പില്‍ കയറി ഞാന്‍ പറയാത്ത കാര്യങ്ങളും അറിയാത്ത കാര്യങ്ങളും ഉണ്ടാക്കി ലിങ്ക് ഒക്കെ കൊടുത്ത് എനിക്കെതിരെ പ്രചാരണം നടത്തുന്നു. എന്നിട്ട് അവര്‍ എനിക്കെതിരെ കേസും കൊടുത്തു”, എന്നാണ് ഇന്ദിര പറയുന്നത്.

താന്‍ മുസ്ലീം വിരുദ്ധയാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന മുസ്ലീങ്ങളും ഹിന്ദു പേരുകള്‍ ഉള്ളവരും ഒക്കെ ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത് അന്വേഷിക്കാന്‍ തനിക്ക് സാധിക്കില്ലെന്നും പറഞ്ഞ ഇന്ദിര, താന്‍ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തിട്ടില്ലെന്നും പോലീസ് കണ്ടോട്ടെ എന്ന് കരുതി അവിടെ തന്നെ നിലനിര്‍ത്തിയിട്ടുണ്ടെന്നും പറയുന്നു. തനിക്കെതിരെ പച്ചത്തെറിയും പലവിധ നുണകളും പ്രചരിപ്പിക്കുന്നുണ്ടെന്നും ഇതിനെതിരെയാണ് താന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുള്ളതെന്നും ഇന്ദിര പറയുന്നു.

“ഇന്ത്യയിലെ ജനസംഖ്യ പെരുകുന്നത് തടയേണ്ടതാണെന്ന് തന്റെ ഒഫീഷ്യല്‍ ഡ്യൂട്ടി ആയിട്ടും സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ആയിട്ടും പറഞ്ഞു കൊണ്ടേയിരിക്കുന്ന കാര്യമാണ്. 130 കോടി ജനങ്ങള്‍ ഉള്ള രാജ്യത്ത് ഒരു കാരണവശാലും ഇനിയും ജനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ഇവരെ ഹോളോകോസ്റ്റ് ചെയ്യണമെന്ന് ഞാന്‍ പറഞ്ഞതായി വേറെ എവിടെയോ കണ്ടു. മുസ്ലീങ്ങളെ ഹോളോകോസ്റ്റ് ചെയ്യണമെന്ന് ജീവിതത്തില്‍ ഒരിക്കലും പറഞ്ഞിട്ടില്ല. കേരളത്തില്‍ ഹോളോകോസ്റ്റ് നടത്തണം എന്ന് എഴുതി കണ്ടു ഒരിടത്ത്. അതും ഞാന്‍ പറഞ്ഞിട്ടില്ല”, ഇന്ദിര അവകാശപ്പെട്ടു.

ക്യാമ്പുകളില്‍ മാത്രമല്ല, രാജ്യമെമ്പാടും ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരണമെന്നാണ് തന്റെ നിലപാട് എന്ന് പറഞ്ഞ ഇന്ദിര, ക്യാമ്പുകളില്‍ കഴിയുന്നവരെ നിയമപ്രകാരം സ്റ്റെറിലൈസ് ചെയ്യണമെന്നും പറഞ്ഞു. “അവര്‍ ഫോറിനെഴ്സ് ആണ്. അവര്‍ നിയമപ്രകാരം ക്യാമ്പുകളില്‍ താമസിപ്പിക്കാം. അവരെ സ്റ്റെറിലൈസ് ചെയ്യണമെന്ന് പറഞ്ഞതില്‍ എവിടെയാണ് മതനിന്ദ? ക്യാമ്പുകളിലുള്ള ഹിന്ദുക്കളെ വേണ്ട, മുസ്ലീങ്ങളെ മാത്രം സ്റ്റെറിലൈസ് ചെയ്യണമെന്ന് ഞാന്‍ എഴുതിയിട്ടില്ല, അങ്ങനെ പറഞ്ഞാല്‍ അല്ലേ മതസ്പര്‍ധ?”, ഇന്ദിര അവകാശപ്പെട്ടു.

19 ലക്ഷം പേരെ പുറത്താക്കിക്കൊണ്ട് അസമില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചതിനെ സംബന്ധിച്ച കെ.ആര്‍ ഇന്ദിരയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ മതവിദ്വേഷം പടര്‍ത്തുന്നുവെന്ന് വ്യാപകമായി പരാതിയുര്‍ന്നിരുന്നു. പോസ്റ്റ് മത വിദ്വേഷം പരത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ സമര്‍പ്പിക്കപ്പെട്ടതോടെയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ദളിത് ഫെമിനിസ്റ്റും എഴുത്തുകാരിയുമായ രേഖ രാജ്, അഭിഭാഷകനായ ശ്രീജിത്ത് പെരുവണ്ണ തുടങ്ങിയവര്‍ പരാതി നല്‍കിയവരില്‍ ഉള്‍പ്പെടുന്നു. പോലീസിന് പരാതി നല്‍കിയതോടെ ഇവര്‍ പോസ്റ്റുകള്‍ പിന്‍വലിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു.

Read: “ദളിത് കോളനികള്‍ ക്രിമിനലുകളുടെ ഇടമല്ല”; അമേരിക്കയിലെ ബ്രാന്‍ഡീസ് സര്‍വകലാശാലയുടെ ബ്ലൂ സ്റ്റോണ്‍ റൈസിങ് സ്‌കോളര്‍ പുരസ്‌കാരം ലഭിച്ച മായ പ്രമോദ് സംസാരിക്കുന്നു

ആർഷ കബനി

ആർഷ കബനി

അഴിമുഖം മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍