UPDATES

വായിച്ചോ‌

40 വർഷം സിപിഎം നേതാവ്, ഇപ്പോൾ ബിജെപി എംപി: മുർമുവിന്റെ മാറ്റത്തിലുണ്ട് ബംഗാള്‍ പാർട്ടിയുടെ ചരമ കാരണം

“ആശയങ്ങളിൽ അവർ വെള്ളം ചേർക്കുന്നു. കോൺഗ്രസ്സുമായി പോരാടിയാണ് സിപിഎം മുൻകാലങ്ങളിൽ അധികാരത്തിലെത്തിയിരുന്നത്. ഇപ്പോൾ നോക്കൂ, അവർ രണ്ടുകൂട്ടരും ഒരുമിച്ച് പ്രവർത്തിക്കുന്നു. ഈ തീരുമാനം എനിക്ക് സഹിക്കാൻ കഴിയുന്നതായിരുന്നില്ല.”

നാല് ദശകത്തോളം സിപിഎമ്മിന്റെ നേതാവായി കഴിഞ്ഞയാളാണ് ഖാഗൻ മുർമു. ഇപ്പോൾ പാർട്ടി വിട്ട ഇദ്ദേഹം ബിജെപി നേതാവാണ്. സിപിഎം സംസ്ഥാന സെക്രട്ടറി ബിമൻ ബോസ് ഇദ്ദേഹത്തെ വിശേഷിപ്പിച്ചത് ‘വഞ്ചകൻ’ എന്നാണ്. വടക്കൻ മാൽഡയിലെ ആദിവാസി വിഭാഗങ്ങൾ മുർമുവിന് തക്കതായ മറുപടി നൽകുമെന്നും അദ്ദേഹം പറയുകയുണ്ടായി. മുർമുവിന്റെ മണ്ഡലമാണ് മാൽഡ. ബിമൻ ബോസിന്റെ ഈ പ്രസ്താവന വന്നതിനു ശേഷം ലോകസഭാ തെരഞ്ഞെടുപ്പിൽ മുർമു വിജയിച്ചുവെന്ന വാർത്തകളാണ് പുറത്തു വന്നത്. അദ്ദേഹത്തിന്റെ ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പായിരുന്നു അത്. തെരഞ്ഞെടുപ്പിന് രണ്ടുമാസം മുമ്പു മാത്രമാണ് മുർമു ബിജെപിയിൽ ചേർന്നത്.

ബിജെപിയിൽ ചേർന്നയന്നു മുതൽ തന്റെ ഫേസ്ബുക്ക് ഡിസ്‌പ്ലേ ചിത്രമായി ചേർത്തിരിക്കുന്നത് നരേന്ദ്രമോദിയുമൊത്തുള്ള ചിത്രമാണ്. എന്നാൽ ഇതേ പേജിൽ കുറച്ചു താഴേക്കു പോയാൽ കേന്ദ്ര സർക്കാരിനെതിരെ വീറോടെ ജാഥ നയിക്കുന്ന മുര്‍മുവിന്റെ ചിത്രങ്ങൾ കാണാൻ കഴിയും. മോദിയുടെ എല്‍പിജി വിതരണ പദ്ധതിയെ വിമർശിക്കുന്ന പോസ്റ്ററുകളുമായി ആദിവാസികളെ നയിച്ച് സമരം ചെയ്യുന്ന മുർമുവിനെ അവിടെ കാണാം. ശാരദാ ചിറ്റ് ഫണ്ട് കേസിൽ മോദി മിണ്ടാതിരിക്കുന്നതിനെക്കുറിച്ചും അവയിൽ കാണാനാകും.

മുർമുവിന്റെ ഈ പരിവർത്തനം രണ്ട് കൂട്ടരെ പ്രശ്നത്തിലാക്കുന്നുണ്ട്. ഒന്ന് അദ്ദേഹം നാല് പതിറ്റാണ്ടോളം പ്രവർത്തിച്ച രാഷ്ട്രീയ പാർട്ടിയായ സിപിഎമ്മിനെത്തന്നെ. മറ്റൊന്ന് തൃണമൂൽ കോൺഗ്രസ്സിനെയും.

ബിജെപിയിൽ ചേരാനുള്ള തീരുമാനം എങ്ങനെയെടുത്തുവെന്ന ചോദ്യത്തിന് മുർമുവിന്റെ മറുപടി അതൊരു ‘പെട്ടെന്നുള്ള തീരുമാനം’ ആയിരുന്നെന്നാണ്. ഒരു കമ്മ്യൂണിസ്റ്റു പാർട്ടിയിൽ നാല് ദശകത്തോളം പ്രവർത്തിച്ചുവന്ന ഒരു നേതാവിന് എങ്ങനെയാണ് പെട്ടെന്നൊരു തീരുമാനമെടുത്ത് ഒരു തീവ്രവലതു പാർട്ടിയിലേക്ക് പോകാനാകുക?

എഴുപതുകൾ മുതൽ തന്നെ താൻ പാർട്ടിയിൽ അംഗമായിരുന്നെന്ന് മുർമു പറയുന്നു. “കമ്മ്യൂണിസ്റ്റു പാർട്ടിയുടെ ആശയങ്ങളിൽ ഞാൻ വിശ്വസിച്ചിരുന്നു. എന്നാൽ ഇന്ന് ബംഗാളിൽ ഇടത് ആശയശാസ്ത്രം അധപ്പതിച്ചിരിക്കുന്നു. ആശയങ്ങളിൽ അവർ വെള്ളം ചേർക്കുന്നു. കോൺഗ്രസ്സുമായി പോരാടിയാണ് സിപിഎം മുൻകാലങ്ങളിൽ അധികാരത്തിലെത്തിയിരുന്നത്. ഇപ്പോൾ നോക്കൂ, അവർ രണ്ടുകൂട്ടരും ഒരുമിച്ച് പ്രവർത്തിക്കുന്നു. ഈ തീരുമാനം എനിക്ക് സഹിക്കാൻ കഴിയുന്നതായിരുന്നില്ല. 2016ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ കോൺഗ്രസ്സുമായുള്ള സഖ്യത്തോടൊപ്പം പ്രവർത്തിക്കാൻ എനിക്ക് പ്രയാസപ്പെടേണ്ടി വന്നു. ഒരു കോൺഗ്രസ് അനുഭാവി പോലും ആ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വോട്ട് ചെയ്തില്ല. അത് അപമാനകരമായിരുന്നു,” -മുർമു പറയുന്നു.

ദേശീയരാഷ്ട്രീയത്തിൽ ഇടപെടാൻ സിപിഎമ്മിന് യാതൊരു താൽപര്യമില്ലെന്ന് മുർമു പറയുന്നു. അവർ സംസ്ഥാനത്ത് സമൂഹത്തെ മാറ്റിത്തീർക്കുകയാണ് വേണ്ടത്. എന്നാൽ തെരഞ്ഞെടുപ്പിൽ ജയിക്കാതെ എങ്ങനെയാണത് സാധിക്കുക? ഇടതു പാർട്ടികൾ തങ്ങളുടെ മനോഭാവത്തിൽ മാറ്റം വരുത്താതെ ഇനിയൊരു മുന്നോട്ടുപോക്ക് അവർക്ക് സാധ്യമല്ലെന്ന് മുർമു പറയുന്നു. പോരാടാനുള്ള മനസ്ഥിതി പാർട്ടിക്ക് വേണം. പോരാട്ടത്തിന് തക്കതായ തന്ത്രങ്ങൾ ഉണ്ടാക്കണം. തെരഞ്ഞെടുപ്പ് വിജയിക്കണം. പാർട്ടി നേതൃത്വത്തിന് അതിനു ശേഷിയുള്ള നേതൃത്വമില്ലെന്ന് മുർമു പറയുന്നു.

ബിജെപിയുടെ ആശയശാസ്ത്രം ഇടതുപാർട്ടികളുടേതിന് എതിരല്ലെന്നും മുർമു അവകാശപ്പെടുന്നു. താഴെത്തട്ടിൽ വേരുകളുള്ള സംഘടനയാണത്. തൃണമൂൽ കോൺഗ്രസ്സിനും സിപിഎമ്മിനും ഇന്നതില്ല.

പശ്ചിമ ബംഗാളിൽ ജയ് ശ്രീരാം വിളികൾ ഉയരുന്നതിനെക്കുറിച്ചും മുർമു പ്രതികരിക്കുന്നു. ജയ് ശ്രീരാം വിളിക്കുന്നത് ബിജെപി പ്രവര്‍ത്തകർ മാത്രമല്ലെന്ന് അദ്ദേഹം പറയുന്നു. എല്ലാവരും ജയ് ശ്രീരാം വിളിക്കുന്നുണ്ട്: അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂടുതൽ വായിക്കാം

ഒടുവിൽ ബാലചന്ദ്രൻ ചുള്ളിക്കാടെത്തി, സഹോദരനെ കാണാൻ അഗതി മന്ദിരത്തിൽ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍