UPDATES

പോസിറ്റീവ് സ്റ്റോറീസ്

70 ദിവസം കൊണ്ട് 21 ലക്ഷം! സോളങ്കിയുടെ തൈക്കുമ്പളവള്ളികളുടെ കഥ

റിസ്കെടുക്കാൻ തയ്യാറുള്ള കർഷകർക്ക് മാതൃകയാണ് സോളങ്കി.

തൈക്കുമ്പളം എന്ന പഴത്തെക്കുറിച്ച് മലയാളികൾക്ക് അത്ര ധാരണയുണ്ടാകണമെന്നില്ല. ഉത്തരേന്ത്യൻ നാടുകളാണ് ഈ പഴത്തിന്റെ ജന്മദേശം. മലയാളം വിക്കിപീഡിയ ഇങ്ങനെ പറയുന്നു: “നിലത്തുപടർന്നു വളരുന്ന വാർഷിക സസ്യമാണ് തയ്ക്കുമ്പളം. നീണ്ട പത്രവൃന്ദങ്ങളോടു കൂടിയ ഇതിന്റെ ഇലകൾ ഏകാന്തരന്യാസരീതിയിൽ ക്രമീകരിച്ചിരിക്കുന്നു. ഹൃദയാകാരത്തിലുള്ള പത്രപാളിയുടെ അരിക് ദന്തുരമായിരിക്കും. ഇലയുടെ ഉപരിതലം രോമിലമാണ്.” ഉത്തരേന്ത്യൻ നാടുകളിൽ വ്യാപകമായി കാണപ്പെടുന്ന ‘ഏകാന്തരരന്യാസ ഹൃദയാകാര ദന്തുര രോമില പത്രപാളി’കളുള്ള ഈ സസ്യത്തെ വളർത്തി വിജയം കൈവരിച്ച ഒരു കർഷകന്റെ കഥയാണ് നമ്മൾ ഇനി വായിക്കാൻ പോകുന്നത്. ഏതൊരു കര്‍ഷകനും പ്രചോദനമാകുന്ന കഥയാണ് ഖേതാജി സോളങ്കിയുടേത്.

ഗുജറാത്തിലെ ബനസ്കാന്ത ജില്ലയിലാണ് സോളങ്കി താമസിക്കുന്നത്. ഈ ജില്ല ഉരളക്കിഴങ്ങ് കൃഷിക്ക് പേരു കേട്ടതാണ്. എന്നാൽ സോളങ്കി ഈ പാരമ്പര്യത്തെ പിൻപറ്റാൻ തയ്യാറായില്ല.

തന്റെ ഏഴേക്കർ ഭൂമിയിൽ സോളങ്കി തൈക്കുമ്പളം നടാൻ തീരുമാനിച്ചു. ഫെബ്രുവരിയിലാണ് ഈ തീരുമാനമെടുത്തത്. വെറും എഴുപത് ദിവസങ്ങൾ കൊണ്ട് 140 ടൺ തൈക്കമ്പളം കൊയ്തെടുത്തു സോളങ്കി. ഇതിലൂടെ 21 ലക്ഷം രൂപയാണ് വരുമാനമുണ്ടായത്.

കൃഷിക്കായി സോളങ്കി നടത്തിയ നിക്ഷേപം എത്രയെന്നു കൂടി അറിയണം. വെറും 1.21 ലക്ഷംരൂപ!

കൃഷി ചെയ്തുണ്ടാക്കിയതെല്ലാം എങ്ങനെ വിറ്റു എന്നതായിരിക്കും ഇനി നിങ്ങളുടെ സംശയം. ഇതിനായി സോളങ്കി താൻ നട്ട തൈക്കുമ്പളവള്ളികളെ വിട്ട് എങ്ങും പോയില്ല. ആവശ്യക്കാർ ഇങ്ങോട്ടു വന്നു. പല സംസ്ഥാനങ്ങളിൽ നിന്നാണ് സോളങ്കിയുടെ തൈക്കുമ്പളങ്ങളെ തേടി ആളുകളെത്തിയത്. പണം നൽകി അവർ തൈക്കുമ്പളങ്ങൾ കയറ്റിക്കൊണ്ടു പോകുമ്പോൾ സോളങ്കി വെറുതെ നോക്കി നിൽക്കുക മാത്രം ചെയ്തു.

വെറും എഴാംക്ലാസ്സുകാരനായ സോളങ്കി പക്ഷെ എപ്പോഴും ‘വെൽ ഇൻഫോമ്ഡാ’ണ്. കൃഷിയുടെ അത്യാധുനിക സാങ്കേതികതകളെക്കുറിച്ച് സോളങ്കി ഇന്റർനെറ്റിലൂടെ മനസ്സിലാക്കുന്നു. എന്നിട്ട് അത് സ്വന്തം കൃഷിയിടത്തിൽ പ്രാവർത്തികമാക്കുന്നു.

റിസ്കെടുക്കാൻ തയ്യാറുള്ള കർഷകർക്ക് മാതൃകയാണ് സോളങ്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍