UPDATES

ട്രെന്‍ഡിങ്ങ്

ലാലുവിനെ തടഞ്ഞ നിത്യാനന്ദ് റായിയും തെലങ്കാനയിലെ ജി കിഷന്‍ റെഡ്ഡിയും: ആഭ്യന്തര മന്ത്രി അമിത് ഷായുടെ സഹ മന്ത്രിമാര്‍

മോദിയ്ക്ക് നേരെ ഉയരുന്ന കൈകള്‍ വെട്ടിക്കളയും എന്ന നിത്യാനന്ദ റായുടെ പ്രസ്താവന വിവാദമായിരുന്നു. താനൊരു ഹിന്ദി പഴഞ്ചൊല്ല് പറഞ്ഞതാണ് എന്നായിരുന്നു നിത്യാനന്ദ റായിയുടെ വിശദീകരണം.

അമിത് ഷായുടെ സഹമന്ത്രിമാര്‍ ഇത്തവണ ആദ്യമായി കേന്ദ്ര മന്ത്രിസഭയിലെത്തുന്ന തെലങ്കാനയില്‍ നിന്നുള്ള ജി കിഷന്‍ റെഡ്ഡിയും ബിഹാറില്‍ നിന്നുള്ള നിത്യാനന്ദ് റായിയുമാണ്. ബിജെപി ബിഹാര്‍ സംസ്ഥാന പ്രസിഡന്റായ നിത്യാനന്ദ റായിക്ക് കിട്ടിയത് സംസ്ഥാനത്ത് അമിത് ഷായുടെ പദ്ധതി വിജയകരമായി നടപ്പാക്കി എന്‍ഡിഎയ്ക്ക് വന്‍ വിജയം നേടിക്കൊടുത്തതിനാണ്. ബിജെപി 17, ജെഡിയു 16, ലോക്ജനശക്തി പാര്‍ട്ടി ആറ് എന്ന നിലയില്‍ ആകെയുള്ള 40ല്‍ 39 സീറ്റും എന്‍ഡിഎ നേടി. ആര്‍ജെഡി തുടച്ചുനീക്കപ്പെട്ടു. മഹാസഖ്യത്തിന് കോണ്‍ഗ്രസിന്റെ ഒരു സീറ്റ് മാത്രം.

1990ല്‍ എല്‍കെ അദ്വാനി രഥയാത്ര നടത്തുമ്പോള്‍ ഹാജിപൂരില്‍ അദ്വാനിയുടെ അറസ്റ്റ് തടഞ്ഞതോടെയാണ്. അദ്വാനിയുടെ അറസ്റ്റ് തടയാനായി മഹാപഞ്ചായത്ത് സംഘടിപ്പിച്ചു നിത്യാനന്ദ് റായ്. അതേസമയം അന്നത്തെ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ നിര്‍ദ്ദേശപ്രകാരം സമസ്ഥിപ്പൂരില്‍ നിന്ന് പൊലീസ് അദ്വാനിയെ അറസ്റ്റ് ചെയ്ത് രഥയാത്ര തടഞ്ഞു. ജില്ല മജിസ്‌ട്രേറ്റ് ആര്‍കെ സിംഗിനെയാണ് ലാലു, അദ്വാനിയെ തടയാനും അറസ്റ്റ് ചെയ്യാനും പറഞ്ഞയച്ചത്. ആര്‍കെ സിംഗ് പിന്നീട് ബിജെപിയില്‍ ചേര്‍ന്നു. നിലവില്‍ അരായില്‍ നിന്നുള്ള എംപിയും മോദി മന്ത്രിസഭയില്‍ അംഗവുമാണ്. യാദവ സമുദായത്തില്‍ ലാലുവിനെ ചോദ്യം ചെയ്യാന്‍ ബിഹാറില്‍ ആരുമില്ലാതിരുന്ന കാലത്താണ് അതേ സമുദായക്കാരനായ നിത്യാനന്ദ റായ് ലാലുവിനെ വെല്ലുവിളിച്ച് രംഗത്തുവരുന്നത്. ഇപ്പോള്‍ ലാലുവിന്റെ പാര്‍ട്ടി ബിഹാറില്‍ ഒരു സീറ്റ് പോലുമില്ലാത്ത നിലയിലായപ്പോള്‍ നിത്യാനന്ദ റായ് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായി.

2015ല്‍ ജെഡിയു-ആര്‍ജെഡി-കോണ്‍ഗ്രസ് മഹാസഖ്യത്തിനോടേറ്റ ബിജെപിയുടെ വന്‍ പരാജയത്തിന് ശേഷം 2016ലാണ് ബിഹാര്‍ പ്രസിഡന്റായി നിത്യാനന്ദ റായിയെ അമിത് ഷാ നിയോഗിച്ചത്. 2000, 2005, 2010 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ബിഹാര്‍ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് നിത്യാനന്ദ് റായ്. 2014ല്‍ ഉജിയാര്‍പൂരില്‍ നിന്ന് ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആര്‍എല്‍എസ്പി നേതാവും ഒന്നാം മോദി മന്ത്രിസഭയില്‍ നിന്ന് രാജി വച്ച് ബിജെപി സഖ്യമുപേക്ഷിച്ച് ആര്‍ജെഡി സഖ്യത്തിലേയ്ക്ക് വന്നയാളുമായി ഉപേന്ദ്ര കുശ്വാഹയെ ഒരു ലക്ഷത്തില്‍ പരം വോട്ടിന് തോല്‍പ്പിച്ചാണ് നിത്യാനന്ദ റായ് ഇത്തവണ ലോക്‌സഭയിലെത്തിയത്.

മോദിയ്ക്ക് നേരെ ഉയരുന്ന കൈകള്‍ വെട്ടിക്കളയും എന്ന നിത്യാനന്ദ റായുടെ പ്രസ്താവന വിവാദമായിരുന്നു. പിന്നീട് നിത്യാനന്ദ് റായ് ഈ പ്രസ്താവനയില്‍ ക്ഷമ ചോദിച്ചു. താനോരു ഹിന്ദി പഴഞ്ചൊല്ല് പറഞ്ഞതാണ് എന്നായിരുന്നു നിത്യാനന്ദ റായിയുടെ വിശദീകരണം. മുസ്ലീം പള്ളികളില്‍ ബാങ്ക് വിളി നിര്‍ത്തി ഭാരത് മാതാ കി ജയ് എന്ന് വിളിക്കണം എന്ന് നിത്യാനന്ദ് റായ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ല എന്ന് നിത്യാനന്ദ് റായ് പിന്നീട് പറഞ്ഞു.

സെക്കന്ദരാബാദ് എംപിയാണ് ജി കിഷന്‍ റെഡ്ഡി. ജനത പാര്‍ട്ടിയിലൂടെ ബിജെപിയിലെത്തിയ കിഷന്‍ റെഡ്ഡി ഐക്യ ആന്ധ്രപ്രദേശില്‍ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നു. 2004ല്‍ ഹൈദരാബാദിലെ ഹിമായത്‌നഗറില്‍ നിന്ന് ആന്ധ്രപ്രദേശ് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2004ല്‍ ബിജെപിയുടെ ഏക എംഎല്‍എയായിരുന്നു കിഷന്‍ റെഡ്ഡി. 2009ലും 2014ലും ആംബര്‍പേട്ടില്‍ നിന്ന് നിയമസഭയിലെത്തി. 2018 ഡിസംബറിലെ തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. സിറ്റിംഗ് എംപിയും ഒന്നാം മോദി മന്ത്രിസഭയില്‍ മന്ത്രിയുമായിരുന്ന ബന്ദാരു ദത്താത്രേയയെ ഒഴിവാക്കിയാണ് കിഷന്‍ റെഡ്ഡിയെ ഇത്തവണ സെക്കന്ദരാബാദില്‍ ബിജെപി നിര്‍ത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍