UPDATES

ട്രെന്‍ഡിങ്ങ്

പശുവിനെക്കുറിച്ച് ഒരക്ഷരം പറയരുത്, അമര്‍ത്യ സെന്‍ ആയാലും: ഡോക്യുമെന്ററിക്ക് വിലക്ക്‌

ഈ വാക്കുകള്‍ പരാമര്‍ശിക്കുന്ന സ്ഥലത്ത് ബീപ്പ് ശബ്ദം കേള്‍പ്പിച്ചാല്‍ ‘യു/എ’ സര്‍ട്ടിഫിക്കറ്റ് നല്‍കാം എന്ന ഔദാര്യവും സെന്‍സര്‍ ബോര്‍ഡ് പ്രകടിപ്പിച്ചിട്ടുണ്ട്.

സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ ജേതാവുമായ അമര്‍ത്യ സെന്നിനെ കുറിച്ചുള്ള ഡോക്യമെന്‌ററിയില്‍ പശുവിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ്. ‘പശു’, ‘ഗുജറാത്ത്’, ‘ഇന്ത്യയെ കുറിച്ചുള്ള ഹൈന്ദവ കാഴ്ചപ്പാട്’, ‘ഹിന്ദു ഇന്ത്യ’ തുടങ്ങിയ പരാമര്‍ശങ്ങള്‍ നീക്കാതെ അദ്ദേഹത്തെ കുറിച്ചുള്ള ‘ദ ആര്‍ഗ്യുമെന്റേറ്റീവ് ഇന്ത്യന്‍’ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനാവില്ലെന്നാണ് സംവിധായകന്‍ സുമന്‍ ഘോഷിന് കൊല്‍ക്കത്ത സെന്‍സര്‍ ബോര്‍ഡാണ് അന്ത്യശാസന നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന രാഷ്ട്രീയാന്തരീക്ഷത്തില്‍ ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ലെന്നാണ് സാമ്പത്തികശാസ്ത്രകാരന്‍ കൂടിയായ സംവിധായകനോട് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞിരിക്കുന്നത്. ഈ വാക്കുകള്‍ പരാമര്‍ശിക്കുന്ന സ്ഥലത്ത് ബീപ്പ് ശബ്ദം കേള്‍പ്പിച്ചാല്‍ ‘യു/എ’ സര്‍ട്ടിഫിക്കറ്റ് നല്‍കാം എന്ന ഔദാര്യവും സെന്‍സര്‍ ബോര്‍ഡ് പ്രകടിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ നിലനില്‍ക്കുന്ന അസഹിഷ്ണുതയെ കുറിച്ച് അമര്‍ത്യ സെന്‍ നടത്തുന്ന പരാമര്‍ങ്ങള്‍ അടങ്ങുന്ന ഡോക്യുമെന്ററി എന്തുമാത്രം പ്രസക്തമാണെന്ന്, സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട് വ്യക്തമാക്കുന്നതായി സുമന്‍ ഘോഷ് ടെലിഗ്രാഫ് പത്രത്തോട് പറഞ്ഞു. ഒരു ജനാധിപത്യ രാജ്യത്ത് സര്‍ക്കാരിനെതിരെ വരുന്ന ഏതൊരു വിമര്‍ശനവും ഈ രീതിയില്‍ സെന്‍സര്‍ ചെയ്യപ്പെടുന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും സുമന്‍ ഘോഷ് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ പ്രമുഖ ചിന്തകരില്‍ ഒരാളായ വ്യക്തിയുടെ വാക്കുകള്‍ക്ക് മേല്‍ മേല്‍ ബീപ്പ് ശബ്ദം കേള്‍ക്കിപ്പിക്കാനോ മ്യൂട്ട് ചെയ്യാനോ തനിക്കാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2002ലും 2017ലും രണ്ട് ഭാഗങ്ങളായാണ് ഡോക്യുമെന്ററി ഷൂട്ട് ചെയ്തിരിക്കുന്നത്. കോര്‍ണേലി സര്‍വകലാശാലയില്‍ അമര്‍ത്യ സെന്‍ നടത്തിയ ഒരു പ്രഭാഷണത്തിലാണ് ‘ഗുജറാത്ത്’ എന്ന വാക്ക് കടന്നുവരുന്നത്. ‘സര്‍ക്കാരിന് സ്വന്തം മണ്ടത്തരങ്ങള്‍ ഉണ്ടാവാനുള്ള സ്വാതന്ത്ര്യം ഇല്ലാത്തതുകൊണ്ടാണ് ജനാധിപത്യം വളരെ മനോഹരമായി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഗുജറാത്തിന്റെ കാര്യത്തില്‍ ക്രമിനല്‍വത്ക്കരണമാണ് സംഭവിച്ചിരിക്കുന്നത്’ എന്നാണ് സെന്‍ പരാമര്‍ശിക്കുന്നത്. രാജ്യത്തെക്കുറിച്ചുള്ള തന്റെ മനസിലാക്കലിന്റെ അടിസ്ഥാനത്തിലാണ് ദി ആര്‍ഗ്യൂമെന്റേറ്റീവ് ഇന്ത്യന്‍ എന്ന പുസ്തകം രചിച്ചിരിക്കുന്നതെന്നും ചില സമയങ്ങളില്‍ രാജ്യത്തെ, ഹിന്ദു ഇന്ത്യയെന്ന നിലയിലും ചില സമയത്ത് മറ്റ് ചില നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിലും നിര്‍വചിക്കപ്പെടുന്ന സാഹചര്യം അതില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നതെന്നും സെന്‍ പറയുന്നു. സാമ്പത്തികവിദഗ്ധന്‍ കൗശിക് ബസുവിന്റെ ചോദ്യത്തിന് ഉത്തരമായാണ് സെന്‍ ഇങ്ങനെ പറയുന്നത്. ഇതേ വിശദീകരണത്തിന്റെ ഭാഗമായാണ് അദ്ദേഹം ‘പശു’വിനെ കുറിച്ചും പരാമര്‍ശിക്കുന്നത്.

തിങ്കളാഴ്ച കൊല്‍ക്കത്തയിലെ നന്ദന്‍ തീയറ്റര്‍ കോംപ്ലക്‌സില്‍ വച്ച് ഡോക്യുമെന്ററിയുടെ ഒരു സ്വകാര്യ പ്രദര്‍ശനം നടന്നിരുന്നു. ‘നമ്മുടെ ജനാധിപത്യ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടും ഒന്നും സംഭവിക്കുന്നില്ല. നമ്മള്‍ പ്രതികരിക്കുന്നില്ല എന്നത് എന്നെ ആശങ്കപ്പെടുത്തുന്നു,’ എന്ന് ചടങ്ങില്‍ അമര്‍ത്യ സെന്‍ പറഞ്ഞിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ആക്രമിക്കാനുള്ള ഏതൊരു ശ്രമവും അസ്വീകാര്യവും നിയമവിരുദ്ധവുമാണെന്ന് സെന്‍സര്‍ ബോര്‍ഡിന്റെ നടപടിയെ വിമര്‍ശിച്ചുകൊണ്ട് ഹാര്‍വാഡ് സര്‍വകലാശാല പ്രൊഫസര്‍ സുഗത ബോസ് പറഞ്ഞു. ഡോക്യുമെന്ററി അക്കാദമിക് പ്രാധാന്യമുള്ളതാണെന്നും അതില്‍ പരാമര്‍ശിക്കുന്ന ഓരോ വാക്കുകളും പ്രസക്തമാണെന്നും അതിനാല്‍ ഡോക്യുമെന്ററിക്ക് പ്രദര്‍ശനാനുമതി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ വിഷയത്തെ കുറിച്ച് പ്രതികരിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് അധികൃതര്‍ തയ്യാറായിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍