UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊറെഗാവ് ഭീമ: മാവോയിസ്റ്റ് ബന്ധമാരോപിച്ച് സാമൂഹ്യപ്രവർത്തകരുടെ വീടുകളിൽ റെയ്ഡ്

ജൂണ്‍ മാസത്തിൽ എൽഗാർ പരിഷത്ത് സംഘാടകൻ സുധീർ ധവാലെയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കൊറെഗാവ് ഭീമ അക്രമവുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് ബന്ധമാരോപിച്ച് സാമൂഹ്യപ്രവർത്തകരുടെയും മാധ്യമപ്രവർത്തകരുടെയും വീടുകളിൽ റെയ്ഡ്. കൊറെഗാവ് ഭീമ അക്രമങ്ങൾക്ക് ഇവരുടെ പ്രേരണയുണ്ടായിരുന്നെന്നാണ് റെയ്ഡ് നടത്തിയ പൂനെ പൊലീസ് പറയുന്നത്. ഡൽഹി, ഹൈദരാബാദ്, റായ്പൂർ എന്നിവിടങ്ങളിൽ താമസിക്കുന്ന സാമൂഹ്യപ്രവർത്തകരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്.

ഭീമ കൊറെഗാവിലെ യുദ്ധവിജയ സ്തൂപത്തിൽ ആരാധനയർപ്പിക്കാൻ എത്തിയ ദളിതർക്കു നേരെ ഉയർ‌ന്ന ജാതിവിഭാഗങ്ങൾ വൻ ആക്രമണങ്ങൾ സംഘടിപ്പിച്ചത് രാജ്യവ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു. ചില ഹിന്ദുത്വ സംഘടനകളാണ് ഈ ആക്രമണങ്ങൾ നടത്തിയതെന്ന് ആരോപണമുണ്ട്. ഹിന്ദുത്വ നേതാക്കളെ അറസ്റ്റ് ചെയ്യാതെ പൂനെ പൊലീസ് ഒളിച്ചുകളിക്കുന്നതായും ആരോപണമുയര്‍ന്നിരുന്നു. ശിവ് പ്രതിഷ്ഠാൻ എന്ന തീവ്ര വലതു സംഘടനയുടെ നേതാവ് ഗുരുജി എന്ന സംഭാജി ഭിടെയാണ് ഭീമ കൊറെഗാവ് കലാപത്തിന്റെ സൂത്രധാരൻ എന്ന് ഭാരപ് ബഹുജൻ മഹാസംഘ് (ബിബിഎം) നേതാവ് പ്രകാശ് അംബേദ്‌കർ ആരോപിക്കുന്നു.

എന്നാൽ, എൽഗാർ പരിഷത്ത് എന്ന സാംസ്കാരിക സംഘടനയുടെ പരിപാടികളിൽ പങ്കെടുത്ത് മാധ്യമപ്രവർത്തകരും സാസ്കാരിക പ്രവർത്തകരും നടത്തിയ പ്രഭാഷണങ്ങളാണ് ഭീമ കൊറെഗാവ് അക്രമങ്ങൾക്ക് കാരണമായതെന്നാണ് പൂനെ പൊലീസിന്റെ നിലപാട്.

മനുഷ്യാവകാശ പ്രവർത്തകനും ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ക്‌ലിയിലെ മാധ്യമപ്രവർത്തകനുമായ ഗൗതം നവലഖ, എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ വരവര റാവു, സാമൂഹ്യപ്രവർത്തകൻ വെർനോൺ ഗോൺസാൽവസ്, മനുഷ്യാവകാശ പ്രവർത്തകൻ സുധാ ഭരദ്വാജ്, അരുൺ പെരേര എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്.

ജൂണ്‍ മാസത്തിൽ എൽഗാർ പരിഷത്ത് സംഘാടകൻ സുധീർ ധവാലെയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍