UPDATES

ഉല്‍പന്ന വളര്‍ച്ചയെ കൂട്ടിക്കാണിച്ചെന്ന അരവിന്ദ് സുബ്രഹ്മണ്യന്റെ വാദം തള്ളി പ്രധാനമന്ത്രിയുടെ സാമ്പത്തികോപദേശക സമിതി

അര്‍വിന്ദ് സുബ്രഹ്മണ്യന്‍ തന്റെ കണ്ടെത്തലുകള്‍ക്കുപയോഗിച്ച രീതിശാസ്ത്രത്തെയും വാദങ്ങളെയും കണ്ടെത്തലുകളെയും സമിതി തള്ളിക്കളഞ്ഞു.

രാജ്യത്തിന്റെ വളര്‍ച്ചയെ കൂട്ടിക്കാണിച്ചെന്ന് ചൂണ്ടിക്കാട്ടുന്ന, പ്രധാനമന്ത്രിയുടെ മുന്‍ മുഖ്യ സാമ്പത്തികോപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്റെ വാദത്തെ തള്ളി പ്രധാനമന്ത്രിയുടെ സാമ്പത്തികോപദേശ സമിതി. അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ വാദം തെറ്റാണെന്ന് വിശദീകരിക്കാന്‍ 12 പേജുള്ള ഒരു വിയോജനക്കുറിപ്പ് സമിതി പുറത്തിറക്കി. ദി ഇന്ത്യന്‍ എക്സ്പ്രസ്സ് പത്രത്തിലാണ് തന്റെ ഗവേഷണത്തിലെ കണ്ടെത്തലുകള്‍ ഇദ്ദേഹം വിശദീകരിച്ചിരുന്നത്. 2011-2012, 2016-2017 കാലയളവിലെ രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് 2.5 ശതമാനത്തോളം അമിതമായി മതിച്ചുവെന്നാണ് അരവിന്ദിന്റെ കണ്ടെത്തല്‍.

തങ്ങള്‍ അരവിന്ദിന്റെ ഗവേഷണക്കുറിച്ച് സൂക്ഷ്മമായി വായിച്ചുവെന്നും 2019 ജൂണ്‍ 19 വരെ ലഭ്യമായ എല്ലാ വിവരങ്ങളും പരിശോധിച്ചെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ വാദങ്ങളെ തങ്ങള്‍ തള്ളുന്നുവെന്നും പ്രധാനമന്ത്രിയുടെ സാമ്പത്തികോപദേശ സമിതി വ്യക്തമാക്കി. അരവിന്ദ് സുബ്രഹ്മണ്യന്‍ തന്റെ കണ്ടെത്തലുകള്‍ക്കുപയോഗിച്ച രീതിശാസ്ത്രത്തെയും വാദങ്ങളെയും കണ്ടെത്തലുകളെയും സമിതി തള്ളിക്കളഞ്ഞു.

അരവിന്ദിന്റെ ഗവേഷണക്കുറിപ്പ് അക്കാദമികമോ, നയപരമോ ആയ ഗവേഷണങ്ങളുടെ നിലവാരം പുലര്‍ത്തുന്നില്ലെന്ന് സാമ്പത്തികോപദേശക സമിതി വ്യക്തമാക്കി. ബിബെക് ദുബെ, രതിന്‍ റോയ്, സുര്‍ജിത്ത് ഭല്ല, ചരണ്‍ സിങ്, അര്‍വിന്ദ് വിര്‍മാനി എന്നിവരാണ് ഈ വിയോജനക്കുറിപ്പ് തയ്യാറാക്കിയിട്ടുള്ളത്.

കൃത്യമായ ഡാറ്റയോ സോഴ്സോ നല്‍കാതെയും, ബദല്‍ ഹൈപ്പോതിസീസ് ഇല്ലാതെയും, യുക്തിഭദ്രമായ സമവാക്യങ്ങളില്ലാതെയുമാണ് അരവിന്ദ് തന്റെ വാദങ്ങള്‍ സമര്‍ത്ഥിക്കാന്‍ ശ്രമിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. തനിക്കിഷ്ടമുള്ള ചില സൂചകങ്ങള്‍ മാത്രം തെരഞ്ഞെടുത്താണ് അരവിന്ദ് വാദങ്ങളെ സ്ഥാപിക്കാന്‍ നോക്കുന്നത്. കൂടാതെ, അരവിന്ദ് തനിക്കാവശ്യമായ വിവരങ്ങള്‍ ഒരു സ്വകാര്യ ഏജന്‍സിയില്‍ നിന്നാണ് എടുത്തിരിക്കുന്നതെന്നും അത് അംഗീകരിക്കാനാകില്ലെന്നും സാമ്പത്ത്കോപദേശക സമിതി പറയുന്നു.

2011-12 കാലത്തും 2016-17 കാലത്തും ഇന്ത്യയുടെ മൊത്തം ആഭ്യന്തര വളര്‍ച്ചയുമായി ബന്ധപ്പെട്ട് പുറത്തുവിട്ട കണക്കുകള്‍ പര്‍വതീകരിച്ചതാണെന്ന് തന്റെ പഠനത്തില്‍ കണ്ടെത്തിയെന്നാണ് അരവിന്ദ് അവകാശപ്പെട്ടത്. ഔദ്യോഗിക കണക്ക് പ്രകാരം 2011-12 ലും 2016-17 ലും ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച രാജ്യം കൈവരിച്ചുവെന്നാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 4.5 ശതമാനം മാത്രമായിരുന്നു സാമ്പത്തിക വളര്‍ച്ചയെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. 17 സൂചികകളെടുത്ത് പരിശോധിച്ചാണ് ഔദ്യോഗിക നിഗമനങ്ങളില്‍ 2.5 ശതമാനം അധിക വളര്‍ച്ച രേഖപ്പെടുത്തിയതെന്ന് വ്യക്തമായതെന്നും അരവിന്ദ് സുബ്രഹ്മണ്യം പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍