UPDATES

ട്രെന്‍ഡിങ്ങ്

ഭൂമി തര്‍ക്കത്തിന് ശാശ്വത പരിഹാരമുണ്ടാകണം, അയോധ്യയും ഇന്ത്യയും മുന്നോട്ട് നടക്കണം: ആവശ്യം ഇതാണ്

2.77 ഏക്കര്‍ വരുന്ന ഈ തര്‍ക്കഭൂമി രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കും സാമുദായിക വിഭജനത്തിനും കലാപങ്ങള്‍ക്കും ഇന്ത്യയുടെ ആത്മാവിനെ മുറിപ്പെടുത്തുന്നതിനും ഇതിനകം തന്നെ കാരണമായിക്കഴിഞ്ഞു.

അയോദ്ധ്യ ഭൂമി തര്‍ക്ക കേസില്‍ സുപ്രീം കോടതിയില്‍ ഇന്ന് അന്തിമ വാദം ആരംഭിക്കുമ്പോള്‍ അന്യായക്കാര്‍ക്ക് ഒറ്റ ആവശ്യമേയുള്ളു. തര്‍ക്കം ശാശ്വതമായി പരിഹരിക്കണം. നിര്‍ദ്ദിഷ്ട തര്‍ക്ക ഭൂമി നിര്‍മോഹി അഖാര, സുന്നി സെന്ററല്‍ വഖഫ് ബോര്‍ഡ്, യുപി ആന്റ് രാംലല്ല വിരാജ്മാന്‍ എന്നീ മൂന്ന് പരാതിക്കാര്‍ക്കുമായി തുല്യമായി വിഭജിച്ച് നല്‍കിയ 2010 സെപ്തംബറിലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിലെത്തിയ അപ്പീലുകളിലാണ് ഇപ്പോള്‍ അന്തിമവാദം കേള്‍ക്കുന്നത്.

2.77 ഏക്കര്‍ വരുന്ന ഈ തര്‍ക്കഭൂമി രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കും സാമുദായിക വിഭജനത്തിനും കലാപങ്ങള്‍ക്കും ഇന്ത്യയുടെ ആത്മാവിനെ മുറിപ്പെടുത്തുന്നതിനും ഇതിനകം തന്നെ കാരണമായിക്കഴിഞ്ഞു. എന്നാല്‍ സുപ്രീം കോടതിയില്‍ തങ്ങളുടെ അഭിഭാഷകര്‍ എന്താണ് വാദിക്കാന്‍ പോകുന്നത് എന്നതിനെ കുറിച്ച് പ്രധാന പരാതിക്കാര്‍ക്കായ മഹന്ത് ദിനേന്ദ്ര ദാസിനും ഹാജി മെഹബൂബിനും ഇഖ്ബാല്‍ അന്‍സാരിക്കും വലിയ പിടിയൊന്നുമില്ല. പക്ഷെ അയോദ്ധ്യയുടെ മൂന്ന് വ്യത്യസ്ത ഭാഗങ്ങളില്‍ ജീവിക്കുന്ന ഈ മൂന്നു പേരും ഒറ്റക്കെട്ടായി ആവശ്യപ്പെടുന്ന ഒരു കാര്യമിതാണ്: പ്രശ്‌നം ശാശ്വതമായി പരിഹരിക്കുകയും ഇന്ത്യയെയും അയോദ്ധ്യയെയും മുന്നോട്ട് പോകാന്‍ അനുവദിക്കുകയും ചെയ്യുക. ഇവരുടെ പിതാക്കന്മാരും ഗുരുവും ഈ കേസിനായി തങ്ങളുടെ ജീവിതം ഉഴിഞ്ഞുവെച്ചവരാണ്.

ഇഖ്ബാല്‍ അന്‍സാരിയുടെ പിതാവ് കഴിഞ്ഞ വര്‍ഷം മരിക്കുന്നത് വരെ ഈ കേസില്‍ കക്ഷിയായിരുന്നു. സുപ്രീം കോടതിയുടെ വിധി അംഗീകരിക്കുമെന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഏതായാലും കോടതിയുടെ തീര്‍പ്പ് അന്തിമമായിരിക്കണമെന്നും അതാണ് തന്റെ പിതാവും ഇപ്പോള്‍ താനും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കോടതിയ്ക്ക് പുറത്തുള്ള ഒരു ഒത്തുതീര്‍പ്പിനും തങ്ങള്‍ തയ്യാറാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തഹ്ങളുടെ അവകാശങ്ങള്‍ നഷ്ടപ്പെടുത്തുന്ന ഒരു കടലാസിലും ഒപ്പുവെക്കില്ല. ഇതൊരു വസ്തു തര്‍ക്കമായതിനാല്‍ ആരുടെ അവകാശമാണ് ശരിയെന്ന് കോടതിയാണ് തീരുമാനിക്കേണ്ടത്. അയോദ്ധ്യ ഹിന്ദുക്കളുടെ പുണ്യഭൂമിയായിരിക്കാം. എന്നാല്‍ വസ്തുതര്‍ക്കത്തില്‍ വിശ്വാസത്തിനും വികാരത്തിനും സ്ഥാനമില്ലെന്നും കോടതിയുടെ തീരുമാനമാണ് വേണ്ടതെന്നും ഇഖ്ബാല്‍ അന്‍സാരി വ്യക്തമാക്കി.

അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയുന്നതിന് തങ്ങള്‍ എതിരല്ലെന്നും എന്നാല്‍ ബാബറി മസ്ജിദ് കൂടി പണിയാന്‍ അനുവദിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അയോദ്ധ്യയില്‍ ധാരാളം പള്ളികളുണ്ടെന്നും അവയെല്ലാം ക്ഷേത്രത്തിന് സമീപമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആ സ്ഥിതിക്ക് ബാബറി മസ്ജിദ് മാത്രം മറ്റൊരു സ്ഥലത്ത് മാറ്റി സ്ഥാപിക്കണമെന്ന് പറയുന്നതിന്റെ യുക്തി മനസിലാവുന്നില്ലെന്നും അന്‍സാരി വ്യക്തമാക്കി. 2010ലെ ഹൈക്കോടതി വിധി 2011 മേയില്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു. തര്‍ക്കഭൂമി മൂന്ന് ഭാഗങ്ങളായി തുല്യമായി വീതിക്കാന്‍ പരാതിക്കാരാരും ആവശ്യപ്പെടുകയോ അപേക്ഷിക്കുകയോ ചെയ്തിരുന്നില്ല എന്നതിനാല്‍ തന്നെ ഹൈക്കോടതി വിധി ‘അസാധാരണം’ ആണെന്നായിരുന്നു അന്ന് സുപ്രീം കോടതി നിരീക്ഷിച്ചത്. സ്ഥലത്തിന്റെ തല്‍സ്ഥിതി നിലനിറുത്താന്‍ നിര്‍ദ്ദേശിച്ച കോടതി, 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ത്തതിന് ശേഷം സര്‍ക്കാര്‍ ഏറ്റെടുത്ത ചുറ്റുള്ള 67.7 ഏക്കറിലും ഒരു മതപരിപാടികളും നടത്തരുതെന്നും ഉത്തരവിട്ടിരുന്നു.

പ്രദേശത്ത് സാമുദായിക മൈത്രി നിലനിറുത്തണമെന്നുതന്നെയാണ് നിര്‍മോഹി അഖാരയുടെ മഹന്ത് ദിനേന്ദ്ര ദാസും ആവശ്യപ്പെടുന്നത്. കോടതിയ്ക്ക് പറത്ത് ഒരു ഒത്തുതീര്‍പ്പ് സാധ്യതയോ അനുരഞ്ജന ചര്‍ച്ചകളോ ഉണ്ടാവുന്നതിനെ അദ്ദേഹം എതിര്‍ക്കുന്നില്ലെങ്കിലും കോടതിയ്ക്ക് പുറത്തുള്ള ഒത്തുതീര്‍പ്പിന് സുന്നി വഖഫ് ബോര്‍ഡ് തയ്യാറാവില്ലെന്ന് അദ്ദേഹവും പറയുന്നു. വിഷയത്തിലേക്ക് എടുത്തു ചാടിയ യുപി ഷിയ വഖഫ് ബോര്‍ഡിന്റെ നീക്കങ്ങളാണ് സമീപകാലത്തെ കോടതിക്ക് വെളിയിലുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകളിലേക്ക് നയിച്ചത്. സുന്നി വഖഫ് ബോര്‍ഡിന്റെ അവകാശവാദങ്ങളെ വെല്ലുവിളിച്ച അവര്‍, ‘മര്യാദ പുരുഷനായ രാമന്റെ, ജന്മസ്ഥലത്തിന്’ നിശ്ചിത അകലത്തില്‍ പള്ളി പണിയാമെന്നും നിര്‍ദ്ദേശിച്ചു.

അയോധ്യയില്‍ രാമക്ഷേത്രവും രാമായണ മ്യൂസിയവും നിര്‍മ്മിക്കാന്‍ യോഗി സര്‍ക്കാര്‍

1958ല്‍ മിര്‍ ബാഖി എന്ന ഷിയയാണ് ബാബറി മസ്ജിദ് നിര്‍മ്മിച്ചതെന്നാണ് അവരുടെ വാദം. അതുകൊണ്ടുതന്നെ തര്‍ക്ക ഭൂമിയുടെ അവകാശം തങ്ങള്‍ക്കാണെന്നും ഷിയാക്കള്‍ വാദിക്കുന്നു. ഷിയാ നേതാവ് വാസിം റിസ്വി പ്രശ്‌നപരിഹാരം മറ്റ് പലരെയും കാണുന്നതിനൊപ്പം 1990കളില്‍ വിച്ച്പിയുടെ അയോദ്ധ്യ പ്രചാരണത്തിന് നേതൃത്വം നല്‍കിയ രാമജന്മഭൂമി ന്യായാസിന്റെ പ്രസിഡന്റ് മഹന്ത് നൃത്യഗോപാല്‍ ദാസിനെയും കണ്ടിരുന്നു. എന്നാല്‍, കേസില്‍ കക്ഷിയായിരുന്ന തന്റെ പിതാവ് ഹാജി ഫേക്കുവിന്റെ പാതകള്‍ പിന്തുടരുന്ന പുത്രന്‍ ഹാജി മെഹബൂബ് ഈ നീക്കങ്ങളെ എതിര്‍ക്കുന്നു. ഷിയാക്കള്‍ ഈ കേസിലെ ഒരു കക്ഷി പോലുമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. രാമക്ഷേത്ര നിര്‍മ്മാണത്തെ തങ്ങള്‍ എതിര്‍ക്കില്ലെന്നും പക്ഷെ കാര്യങ്ങള്‍ കോടതി തീരുമാനിക്കട്ടെയെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.

മുസ്ലീങ്ങള്‍ ഉന്നയിക്കുന്ന ന്യായവാദങ്ങള്‍ ശക്തമാണെന്ന് ഹാജി മെഹബൂബ് ചൂണ്ടിക്കാണിക്കുന്നു. കേസിലെ കക്ഷികള്‍ക്ക് എപ്പോഴും കൂടിയാലോചനകള്‍ നടത്താം. പക്ഷെ വിഎച്ച്പി കേസിലെ ഒരു കക്ഷിയല്ല. തര്‍ക്കത്തില്‍ ഒരു കേസ് നടക്കുന്നുണ്ട് എന്ന് അന്വേഷിക്കാന്‍ പോലും അവര്‍ തയ്യാറാവുന്നില്ല. ബാബറി മസ്ജിദ് ഒരു ക്ഷേത്രമായിരുന്നു എന്നാണ് അവര്‍ അവകാശപ്പെടുന്നത്. അങ്ങനെയെങ്കില്‍ എന്തിനാണ് അത് തകര്‍ത്തതെന്ന ചോദ്യത്തിന് അവര്‍ ഉത്തരം പറയുന്നില്ല. അതോ പള്ളിയാണെന്ന് തിരിച്ചറിഞ്ഞതിനാലാണോ അവര്‍ അത് തകര്‍ത്തത്. ഏതായാലും അന്തിമ വിധി സുപ്രീം കോടതിയില്‍ നിന്നും വരട്ടെയെന്നും ഹാജി മെഹബൂബ് പറഞ്ഞു. വിഷയം അന്തിമമായി പരിഹരിക്കുന്നതാണ് രാജ്യ താല്‍പര്യങ്ങള്‍ക്ക് നല്ലതെന്നും ഹാജി മെഹബൂബ് ചൂണ്ടിക്കാട്ടി.

അയോധ്യയില്‍ 18 സീറ്റുകളില്‍ ബിജെപി തോറ്റു; മുഖ്യമന്ത്രി യോഗിയുടെ വാര്‍ഡില്‍ മുസ്ലീം സ്വതന്ത്ര ബിജെപിയെ തോല്‍പ്പിച്ചു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍