UPDATES

കാശ്മീരില്‍ അപായമണി മുഴക്കി ലഷ്‌കറെ തയിബ ജനപിന്തുണ നേടുന്നു

ഭീകരസംഘടനകള്‍ തമ്മിലുള്ള സഹകരണം വര്‍ദ്ധിക്കുന്നതും പൊലീസിന് പുതിയ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നുണ്ട്

തെക്കന്‍ കാശ്മീരില്‍ ലഷ്‌കര്‍-ഇ-തയിബയ്ക്ക് ജനപിന്തുണ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പുല്‍വാമ ജില്ലയില്‍ താമസിക്കുന്നവര്‍ പറയുന്ന കഥ സൂചിപ്പിക്കുന്നത് അതാണ്. കഴിഞ്ഞ വര്‍ഷം നടന്ന പ്രക്ഷോഭങ്ങള്‍ക്കിടെ കല്ലെറിയുന്നവര്‍ ഒരു ബൈക്ക് യാത്രക്കാരനെ തടഞ്ഞുനിറുത്തിയിരുന്നു. വഴി മാറിക്കൊടുക്കാന്‍ യാത്രക്കാരന്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ അദ്ദേഹത്തിന് മര്‍ദ്ദനവും ഏല്‍ക്കേണ്ടി വന്നു. പക്ഷെ അത് ലഷ്‌കര്‍-ഇ-തയിബയുടെ ഡിവിഷണല്‍ കമാന്‍ഡര്‍ അബു ദുജാന എന്ന 24-കാരനാണെന്നാണ് തദ്ദേശവാസികള്‍ പറയുന്നത്.

കഴിഞ്ഞയാഴ്ച ഇന്ത്യന്‍ സൈന്യം പുറത്തിറക്കിയ അതിഭീകരരുടെ പട്ടികയില്‍ ദുജാനയുടെ പേരുണ്ട്. 2014 ഡിസംബര്‍ മുതല്‍ ഹഫീസ് എന്ന പേരിലാണ് ഇയാള്‍ പ്രവര്‍ത്തിച്ചുവരുന്നതെന്ന് സൈന്യം പറയുന്നു. സാധാരണഗതിയില്‍ ലഷ്‌കറില്‍ ചേരുന്നവര്‍ പഞ്ചാബ്, പഷ്തൂണ്‍ വിഭാഗങ്ങളില്‍ പെട്ട പാകിസ്ഥാനികളാണെങ്കില്‍ ദുജാന പ്രദേശവാസിയാണ് എന്ന് പൊലീസ് വിശ്വസിക്കുന്നു. പുല്‍വാമ, കുല്‍ഗാം ജില്ലകളില്‍ പരിചിതനാണ് ഇയാള്‍. വിദേശത്ത് നിന്നും വരുന്ന ഭീകരവാദികളില്‍ നിന്നും വ്യത്യസ്തമായി ഇയാള്‍ക്ക് തെക്കന്‍ കാശ്മീരിന്റെ ഭൂമിശാസ്ത്രവും വഴികളുമെല്ലാം പരിചിതമാണെന്നതാണ് ഇത്തരം ഭീകരവാദികളെ കൂടുതല്‍ അപകടകാരികളാക്കുന്നത്. കാശ്മീരി ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവും ഇവരെ വ്യത്യസ്തരാക്കുന്നു. നിരായുധനായാണ് ഇയാള്‍ സഞ്ചരിക്കാറുള്ളതെന്നാണ് പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നത്.

പൊതു ഇടങ്ങളില്‍ ഒളിക്കാനുള്ള കഴിവാണ് ഇയാള്‍ക്ക് രക്ഷയാവുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കഴിഞ്ഞ മാസം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു പ്രദേശത്ത് നിന്നും ഇയാള്‍ കഷ്ടിച്ചാണ് പൊലീസിന്റെ പിടിയിലാവാതെ രക്ഷപ്പെട്ടത്. സിവിലിയന്മാരുടെ സാന്നിധ്യം ഉണ്ടായതിനാല്‍ പൊലീസ് വെടി വയ്ക്കാന്‍ മടിച്ചതോടെ ഇയാളും മറ്റ് രണ്ട് ഭീകരവാദികളും രക്ഷപ്പെടുകയായിരുന്നു. മിക്ക ആക്രമണങ്ങളും ആസൂത്രണം ചെയ്യുന്നത് ദുജാനയാണെങ്കിലും ഒരിക്കലും ഇയാള്‍ നേരിട്ട് ആക്രമണങ്ങളില്‍ പങ്കെടുക്കാറില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. അതിജീവനമാണ് ഇയാളുടെ തന്ത്രമെന്നാണ് പൊലീസ് ഉദ്യോഗസ്ഥരും സമ്മതിക്കുന്നത്. ഇയാള്‍ സ്വയം സൃഷ്ടിച്ചിരിക്കുന്ന പ്രതിച്ഛായ സുരക്ഷാസേനകള്‍ക്ക് തലവേദനയാകുന്നുണ്ടെന്നും അവര്‍ തുറന്ന് സമ്മതിക്കുന്നു.

ദൂജാനയുടെ പ്രശസ്തി തെക്കന്‍ കാശ്മീരിലെ ലഷ്‌കറിന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്. തദ്ദേശസംഘടനയായ ഹിസ്ബുള്‍ മുജാഹിദീനില്‍ നിന്നും വ്യത്യസ്തമായി പാകിസ്ഥാനാണ് ലഷ്‌കറിന്റെ ആസ്ഥാനം. ഒരിക്കല്‍ പാകിസ്ഥാന്‍കാര്‍ മാത്രമായിരുന്നു ലഷ്‌കര്‍ അണികളായി ഉണ്ടായിരുന്നത്. എന്നാല്‍ തെക്കന്‍ കാശ്മീരില്‍ നിന്നും ഇപ്പോള്‍ ധാരാളം ചെറുപ്പക്കാര്‍ ലഷ്കറില്‍ ചേരുന്നുണ്ട് എന്നാണ് സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 30 വയസിന് താഴെ പ്രായമുള്ള ചെറുപ്പക്കാരാണ് ഇവരില്‍ അധികവും. 35 തദ്ദേശവാസികളെങ്കിലും ഇപ്പോള്‍ ലഷ്‌കറില്‍ ചേര്‍ന്നിട്ടുണ്ടെന്നും വിദേശ നുഴഞ്ഞുകയറ്റക്കാരോടൊപ്പം ചേര്‍ന്ന് ഇവര്‍ ആക്രമണങ്ങള്‍ സംഘടിപ്പിക്കുന്നുണ്ടെന്നുമാണ് സുരക്ഷാസേനകള്‍ പറയുന്നത്.

ഇന്ത്യയുടെ അവസാനം ആസന്നമായിരിക്കുന്നു, ലഷ്‌കര്‍ വന്നിരിക്കുന്നു എന്ന മുദ്രാവാക്യമാണ് തെക്കന്‍ കാശ്മീരിലെ പ്രതിഷേധ പ്രകടനങ്ങളിലൊക്കെ മുഴങ്ങുന്നത്. ശ്രീനഗറിലെ മൗലാന ആസാദ് റോഡിലുള്ള വനിതാ കോളേജിലും കഴിഞ്ഞ മാസം ഈ മുദ്രാവാക്യം മുഴങ്ങി. എന്നാല്‍, ലഷ്‌കറിന്റെ വളര്‍ച്ച പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ സംഭവിച്ചതല്ല എന്നാണ് പറയപ്പെടുന്നത്. സംഘടനയുടെ തെക്കന്‍ കാശ്മീര്‍ ഡിവിഷണല്‍ കമാന്ററായിരുന്ന അബ്ദുള്‍ റഹ്മാന്‍ എന്ന അബു കാസിം 2015 ഒക്ടോബര്‍ 29ന് കൊല്ലപ്പെട്ടിരുന്നു. സമീപ വര്‍ഷങ്ങളില്‍ ഒരു ഭീകരവാദിയുടെ ശവസംസ്‌കാരത്തിന് കണ്ട ഏറ്റവും വലിയ ജനക്കൂട്ടമായിരുന്നു അന്ന് കണ്ടത്. ഇയാളുടെ ശവസംസ്‌കാരത്തിന് പുല്‍വാമ, സോഫിയാന്‍, കുല്‍ഗാം ജില്ലകളില്‍ നിന്നാണ് 20,000 പേരെങ്കിലും പങ്കെടുത്തതായി കണക്കാക്കപ്പെടുന്നു. ഇതോടെ ലഷ്‌കറിന്‍റെ ജനകീയ പങ്കാളിത്തം വര്‍ദ്ധിക്കുകയും അവര്‍ തദ്ദേശസംഘടനയാണെന്ന് സ്വയം അവകാശപ്പെടാന്‍ തുടങ്ങുകയും ചെയ്തു. കഴിഞ്ഞ ഏപ്രില്‍ 17ന് ഇറക്കിയ ഒരു പത്രക്കുറിപ്പിലാണ് സംഘടന ആദ്യമായി ഇങ്ങനെ ഒരു അവകാശവാദം ഉന്നയിച്ചത്.

2016 ഒക്ടോബര്‍ ആറിന് ഡിപ്ലോമക്കാരനായ റയീസ് അഹമ്മദ് ധര്‍ സ്വന്തം ജോലി ഉപേക്ഷിച്ച് ലഷ്‌കറില്‍ ചേര്‍ന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 20ന് ഇയാള്‍ കൊല്ലപ്പെട്ടു. ലഷ്‌കര്‍ പാകിസ്ഥാനില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്ന ഇന്ത്യന്‍ മാധ്യമങ്ങളുടെ വിലയിരുത്തല്‍ തെറ്റാണെന്നാണ് ഇയാള്‍ കൊല്ലപ്പെട്ട ശേഷം സഹോദരന്‍ ഷൗക്കത്ത് അഹമ്മദ് പറഞ്ഞത്. സംഘടന ഏതായാലും ലക്ഷ്യം ഒന്നാണെന്ന് ഇയാളുടെ അമ്മാവന്‍ ഫയാസ് അഹമ്മദ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ നിന്നും സ്വാതന്ത്ര്യം നേടേണ്ടതുണ്ടെന്നും അതിന് ജിഹാദാണ് ഏക മാര്‍ഗമെന്നും ഇയാള്‍ വിശ്വസിക്കുന്നു.

മാര്‍ച്ച് ഒമ്പതിന് കല്ലെറിയുന്നവരുമായി സുരക്ഷസേന ഏറ്റുമുട്ടിയപ്പോള്‍ 14കാരനായ അമീര്‍ നസീര്‍ വാനി വെടിയേറ്റ് മരിച്ചു. ഇതോടെ രൂക്ഷമായ കലാപമാണ് പൊട്ടിപ്പുറപ്പെട്ടത്. ഹിസ്ബുളും ലഷ്‌കറും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചോ അവര്‍ വിദേശികളോ സ്വദേശികളോ ആണെന്നതിനെ കുറിച്ചോ ജനങ്ങള്‍ വ്യത്യാസം കാണുന്നില്ലെന്നാണ് വാനിയുടെ സഹോദരന്‍ ബിലാല്‍ അഹമ്മദ് പ്രതികരിച്ചത്. അനന്ദ്‌നാഗ് ജില്ലയിലെ അര്‍വാണി ഗ്രാമത്തില്‍ വച്ച് മൂന്ന് ഭീകരരുമായി ഏറ്റുമുട്ടാന്‍ സുരക്ഷാസേന ശ്രമിച്ചെങ്കിലും ജനക്കൂട്ടത്തിന്റെ ഇടപെടല്‍ മൂലം സാധിച്ചില്ല. തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ മുഹമ്മദ് അഷ്‌റഫ് (22), അഹ്‌സാന്‍ അഹമ്മദ് (14) എന്നീ സിവിലിയന്മാര്‍ കൊല്ലപ്പെട്ടു.

2016 നടന്ന പ്രതിഷേധങ്ങളെ തുടര്‍ന്ന് ഭീകരവിരുദ്ധ നീക്കങ്ങള്‍ സുരക്ഷസേന മരവിപ്പിച്ചപ്പോള്‍ ലഷ്‌കര്‍ ശക്തി പ്രാപിച്ചതായി പോലീസ് പറയുന്നു. ‘രാഷ്ട്രീയ ഇസ്ലാമി’ല്‍ വിശ്വസിക്കുന്ന ജമാ അത്തെ ഇസ്ലാമിക്ക് സ്വാധീനമുള്ള മേഖലകളിലൊക്കെ ഭീകരര്‍ ശക്തിപ്രാപിക്കുന്നതായി സുരക്ഷസേനകള്‍ വിലയിരുത്തുന്നു. കല്ലെറിയുന്ന പ്രവണത ഏറെയുള്ള പ്രദേശങ്ങളിലാണ് ഭീകരവാദികള്‍ ഏറെയും തമ്പടിക്കുന്നത്. ഇത്തരം പ്രദേശങ്ങളിലെ സംഘര്‍ഷഭരിതമായ സാഹചര്യങ്ങള്‍ ലഷ്‌കര്‍ പോലുള്ള ഭീകരര്‍ക്ക് നുഴഞ്ഞുകയറാന്‍ അനുകൂലമായ സ്ഥിതിവിശേഷം സംഘടിപ്പിക്കുന്നുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. പുല്‍വാമ പോലെയുള്ള പ്രദേശങ്ങള്‍ ഒളിവില്‍ താമസിക്കാന്‍ അനുകൂലമാണെന്നും അവര്‍ പറയുന്നു. നദികളിലൂടെയുള്ള വഴികള്‍ പ്രദേശവാസികള്‍ക്ക് മാത്രം പരിചിതമാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഭൂമിശാസ്ത്രപരമായ ഈ മുന്‍കൈ തദ്ദേശവാസികളുടെ സഹായത്തോടെ ഭീകരര്‍ മുതലാക്കുന്നു.

ഭീകരസംഘടനകള്‍ തമ്മിലുള്ള സഹകരണം വര്‍ദ്ധിക്കുന്നതും പൊലീസിന് പുതിയ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നുണ്ട്. അതിര്‍ത്തി കടന്നുള്ള സഹായങ്ങളും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും സ്വാതന്ത്ര്യം വേണം എന്ന് വാദിക്കുന്ന കാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന് പാകിസ്ഥാനില്‍ നിന്നും സഹായം ലഭിക്കുന്നുണ്ട് എന്നും പറയപ്പെടുന്നു. എന്നാല്‍ ലഷ്‌കറിന്റെ ജനപിന്തുണ വര്‍ദ്ധിക്കുന്നതിന് നിരവധി കാരണങ്ങള്‍ ഉണ്ടെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സുരക്ഷസേനകളുടെ അക്രമങ്ങളെ മാത്രം പര്‍വതീകരിച്ച് കാണിക്കുകയും ഭീകരവാദികളുടെ ആക്രമണങ്ങളെ കുറിച്ച് മൗനം പാലിക്കുകയും ചെയ്യുന്ന പ്രചാരണതന്ത്രമാണ് ഒരു കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത്. അതോടൊപ്പം കാശ്മീരി യുവാക്കള്‍ ഭീകരവാദികളിലേക്ക് കൂടുതലായി ആകര്‍ഷിക്കപ്പെടുന്ന പ്രവണത വര്‍ദ്ധിക്കുകയും ചെയ്യുന്നു. സായുധസമരം രാഷ്ട്രീയമല്ലെന്നും ഇസ്ലാമികമാണെന്നും ചില ഭീകരസംഘടനകള്‍ പ്രചരിപ്പിക്കുന്നു.

എന്നാല്‍ ഇതിനെക്കാളൊക്കെ നിര്‍ണായകമായി സാധാരണ ജനങ്ങളോടുള്ള പൊലീസിന്റെ മോശം മനോഭാവം സ്ഥിതിഗതികള്‍ വഷളാക്കുന്നുണ്ടെന്ന് ചില ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. ലഷ്‌കര്‍ നടത്തുന്ന ‘ധീരമായ ആക്രമണങ്ങള്‍’ അവരുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതായി കാശ്മീര്‍ ഒബ്‌സര്‍വര്‍ പത്രത്തിന്റെ എഡിറ്റര്‍ സജാദ് ഹൈദര്‍ ചൂണ്ടിക്കാണിക്കുന്നു. സാധാരണ ജനങ്ങള്‍ കാല്‍നടയായി പോകാന്‍ പോലും ഭയപ്പെടുന്ന പ്രത്യേക സുരക്ഷാസേനയുടെ ക്യാമ്പുകള്‍ വരെ അവര്‍ ആക്രമിക്കുന്നു. എന്നാല്‍ ഇപ്പോഴത്തെ സംഭവങ്ങളെ ലഷ്‌കറിന്റെ വളര്‍ച്ചയായി കണക്കാക്കാനാവില്ലെന്നാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അഹമ്മദ് അലി ഫയാസ് വാദിക്കുന്നത്.

ഇപ്പോഴും ഭീകരവാദികളെ കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ സുരക്ഷസേനയ്ക്ക് ലഭിക്കുന്നുണ്ടെന്നും ഭീകരവാദികള്‍ കൊല്ലപ്പെടുന്നുണ്ടെന്നും ഫയാസ് ചൂണ്ടിക്കാണിക്കുന്നു. ഈ രഹസ്യവിവരങ്ങള്‍ കൈമാറുന്നത് ഡല്‍ഹിയില്‍ നിന്നും വരുന്നവരല്ലെന്ന് മനസിലാക്കണമെന്നും അദ്ദേഹം പറയുന്നു. മുഖ്യധാരാ രാഷ്ട്രീയക്കാര്‍ പ്രചരിപ്പിക്കുന്ന മത്സരാധിഷ്ടിത വിഭാഗീയതയാണ് ലഷ്‌കറിനെ പോലുള്ള സംഘടനയ്ക്ക് വളംവെക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂക്ക് അബ്ദുള്ളയെ പോലെയുള്ളവര്‍ ഭീകരവാദികള്‍ക്ക് പരസ്യപിന്തുണ നല്‍കുന്നതും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

മുഫ്തി മുഹമ്മദ് സയിദ് മുഖ്യമന്ത്രിയായിരുന്ന 2015ല്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് മസാറത്ത് ആലത്തിനെ ജയിലില്‍ നിന്നും മോചിപ്പിച്ച കാര്യവും ഫയാസ് ചൂണ്ടിക്കാണിക്കുന്നു. ഹുറിയത്തിന്റെ സയിദ് അലി ഷാ ഗീലാനിയുടെ പക്ഷക്കാരനായ ആലമായിരുന്നു 2010ല്‍ താഴ്‌വരയില്‍ നടന്ന പ്രക്ഷോഭങ്ങളുടെ സൂത്രധാരന്‍. സുരക്ഷാസേനകള്‍ നടത്തുന്ന വ്യാജ ഏറ്റുമട്ടലുകള്‍ക്കെതിരായി നടന്ന അന്നത്തെ പ്രക്ഷോഭങ്ങളില്‍ 100-ലേറെ കൊല്ലപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍