UPDATES

ട്രെന്‍ഡിങ്ങ്

ഒരിടത്ത് ശിവലിംഗത്തിനായി കുഴിക്കുന്നു, മറ്റൊരിടത്ത് റോക്കറ്റ് വിക്ഷേപിക്കുന്നു; ഇതാണ് ഇന്ത്യ

യുവാവ് സ്വപ്‌നം കണ്ട ശിവലിംഗം കണ്ടെത്താന്‍ ദേശീയപാതയോരത്ത് കുഴിച്ചത് 15 അടി താഴ്ചയുള്ള കുഴി

ഇന്ത്യയെ എങ്ങനെ അടയാളപ്പെടുത്തണം! ഇന്നലെയാണ് രാജ്യം അതിന്റെ ഏറ്റവും ശക്തിയേറിയ റോക്കറ്റായ ജിഎസ്എല്‍വി എംകെ ത്രീ വിക്ഷേപിച്ചത്. അതുകൊണ്ട് ശാസ്ത്രപുരോഗതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയെ അടയാളപ്പെടുത്തണമെന്നാണോ? പക്ഷേ ഇനി പറയുന്ന സംഭവം കൂടി വായിച്ചശേഷം പോരെ അങ്ങനെയൊരു തീരുമാനം എടുക്കുന്നത്.
തെലുങ്കാനയില്‍ നിന്നുള്ള വാര്‍ത്തയാണ്. ഒരു വ്യക്തി സ്വപ്‌നത്തില്‍ കണ്ട ശിവലിംഗം കണ്ടെടുക്കാന്‍ ദേശീയപതയോരത്ത് 15 മീറ്റര്‍ താഴത്തില്‍ കുഴിയെടുത്തതാണ് വാര്‍ത്ത.

ഹൈദരബാദില്‍ നിന്നും 80 കിലോമീറ്റര്‍ അകലെയായി ജാന്‍ഗോനില്‍ വാറങ്കല്‍-ഹൈദരാബാദ് ബന്ധിപ്പിക്കുന്ന ദേശീയ പാത 163 നോട് ചേര്‍ന്നായിരുന്നു ശിവലിംഗം കുഴിച്ചെടുക്കാനുള്ള ശ്രമം നടത്തിയത്. 15 അടിത്താഴ്ച്ചയില്‍ ഒരു വലിയ കുഴി. വിശ്വാസത്തിന്റെ പ്രശ്‌നമായതുകൊണ്ട് ദേശീയപാതയുടെ രണ്ട് ഭാഗത്തുമായി കിലോമീറ്ററുകളോളം നീണ്ട ട്രാഫിക് ജാം ആരും കണ്ടതുമില്ല.

മനോജ് എന്ന വ്യക്തിയാണ് സ്വപ്‌നത്തില്‍ ശിവലിംഗം കണ്ടത്. കഴിഞ്ഞ മൂന്നുവര്‍ഷമായി മനോജ് ഇതേ സ്വപ്‌നം കാണുന്നു. പ്രസ്തുത സ്ഥലത്ത് എത്തുമ്പോള്‍ മനോജിന് മോഹാലസ്യവും ശരീരം വിറയലുമൊക്കെ ഉണ്ടാകും. താഴെയായി ശിവലിംഗം ഉണ്ടെന്നു മനോജിനറിയാം, ശിവരാത്രി ദിവസം അതു കുഴിച്ചു പുറത്തെടുക്കണമെന്നും അയാള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ മറ്റുള്ളവരെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടേ. അതുകൊണ്ട് എല്ലാ തിങ്കളാഴ്ച ദിവസും ദേശീയപാതയ്ക്കരികിലുള്ള പ്രസ്തുത സ്ഥലത്ത് അയാള്‍ പൂജകള്‍ നടത്തിപ്പോന്നു. പക്ഷേ നാളുകളെടുത്തെങ്കിലും ഒടുവിലയാള്‍ തന്റെ സ്വപ്‌നദര്‍ശനത്തിന്റെ കാര്യം മറ്റുള്ളവരെയും വിശ്വസിപ്പിച്ചെടുക്കുന്നതില്‍ വിജയിച്ചു. പ്രാദേശിക രാഷ്ട്രീയക്കാരെയും ഗ്രാമത്തലവനെയും ശിവലിംഗത്തിന്റെ കാര്യത്തില്‍ തന്റെ കൂടെ നിര്‍ത്താന്‍ കഴിഞ്ഞതോടെ ഗ്രാമവാസികളും അയാളെ വിശ്വസിച്ചു.

ഇതോടെ ഒരു കൂറ്റന്‍ ജെസിബിയും സംഘടിപ്പിച്ച് എല്ലാവരും ദേശീയപാതയ്ക്കരികിലേക്ക് പോയി. 10 അടി കുഴച്ചാല്‍ ശിവലിംഗം കാണാമെന്നായിരുന്നു മനോജിന് സ്വപ്‌നത്തില്‍ കിട്ടിയ വിവരം. പക്ഷേ പത്തടി താന്നിട്ടും ഒന്നും കണ്ടില്ല. പിന്നെയും കുഴിച്ചു. 15 അടിവരെയായി കുഴിയുടെ ആഴം. ഇതോടെ ഒരു പൊലീസുകാരന്‍ ക്ഷമ നശിച്ച് ഇടപെട്ടു. കുഴിക്കല്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. മനോജ് ജനങ്ങളെ വിഡ്ഡികളാക്കുകയാണെന്നായിരുന്നു പൊലീസുകാരന്‍ പറഞ്ഞത്. ആദ്യമയാള്‍ പത്തടി കുഴിക്കാന്‍ പറഞ്ഞു. പിന്നെയത് 15 അടിയാക്കി. എന്നിട്ടും കാണാതായപ്പോള്‍ വീണ്ടും രണ്ടടി കൂടി കുഴിക്കാനാണ് പറയുന്നത്. ഇങ്ങനെപോയാല്‍ ഹൈവേയ്ക്ക് നടുവില്‍ ഒരു കിണര്‍ തന്നെ ഉണ്ടാകും; പൊലീസുകാരന്‍ രോഷത്തോടെ പറഞ്ഞു.

ഇതോടെ മനോജിനെയും അയാള്‍ക്ക് വേണ്ട പിന്തുണകൊടുത്തു നിന്ന ഒരു രാഷ്ട്രീയക്കാരനെയും പൊലീസ് പിടിച്ചുകൊണ്ടുപോയി. കുഴിയുടെ ഇരുഭാഗത്തുമായി താത്കാലിക തൂണുകള്‍ വച്ചിരിക്കുകയാണ്. ആരും കുഴിയില്‍ വീണ് അപകടമുണ്ടാകല്ലല്ലോ! ദേശീയപാതയ്ക്ക് നാശമൊന്നും വന്നിട്ടില്ലെന്നാണ് ജാന്‍ഗോന്‍ ഇന്‍സ്‌പെക്ടര്‍ ശ്രീനിവാസ് മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്. അനധികൃതമായി ദേശീയപാതയോരത്ത് കുഴിച്ചതിന് ഒരു കേസ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പക്ഷേ എഫ് ഐ ആറില്‍ ഒരാളുടെ പോലും പേരു ചേര്‍ത്തിട്ടില്ലെന്നു മാത്രം.

ഇനി തീരുമാനിക്കാം, മാര്‍ക്ക് ത്രീ വിക്ഷേപിച്ച ഇന്ത്യയാണോ, സ്വപ്‌നത്തില്‍ കണ്ട ശിവലിംഗം കുഴിച്ചെടുക്കുന്ന ഇന്ത്യയാണോ യഥാര്‍ത്ഥ ഇന്ത്യയെന്ന്…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍