UPDATES

വാര്‍ത്തകള്‍

ബംഗാളില്‍ 38 സീറ്റില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഇടതുമുന്നണി; കോണ്‍ഗ്രസിന് 24 മണിക്കൂര്‍ സമയമെന്ന് ബിമന്‍ ബോസ്

നാളെ വൈകീട്ട് 4.30 വരെ ഞങ്ങള്‍ കാത്തിരിക്കും. കോണ്‍ഗ്രസിന് 24 മണിക്കൂര്‍ സമയമുണ്ട്. പ്രശ്‌നങ്ങള്‍ സംസാരിച്ച് തീര്‍ക്കാനുള്ള സമയമുണ്ട് – ബിമന്‍ ബോസ് പറഞ്ഞു.

കോണ്‍ഗ്രസുമായുള്ള സീറ്റ് ധാരണ സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടയില്‍ പശ്ചിമ ബംഗാളില്‍ 42ല്‍ 38 സീറ്റിലും ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 2014ല്‍ കോണ്‍ഗ്രസ് ജയിച്ച നാല് സീറ്റുകള്‍ മാത്രമാണ് ഒഴിച്ചിട്ടിരിക്കുന്നത്. തീരുമാനം അറിയിക്കാന്‍ കോണ്‍ഗ്രസിന് തങ്ങള്‍ 24 മണിക്കൂര്‍ സമയം നല്‍കുകയാണ് എന്ന് ഇടതുമുന്നണി ചെയര്‍മാനും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായി ബിമന്‍ ബോസ് പറഞ്ഞു. കോണ്‍ഗ്രസിന്റെ തീരുമാനം അറിഞ്ഞ ശേഷം ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റം വരുത്താന്‍ തയ്യാറാണ് എന്ന് ബിമന്‍ ബോസ് വ്യക്തമാക്കി.

കോണ്‍ഗ്രസ് 11 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത് ഏകപക്ഷീയമായാണ് എന്ന് ബിമന്‍ ബോസ് കുറ്റപ്പെടുത്തി. സിപിഎം കഴിഞ്ഞ തവണ ജയിച്ച രണ്ട് സീറ്റുകളില്‍ – മുഹമ്മദ് സലീം ജയിച്ച റായ്ഗഞ്ചിലും ബദറുദ്ദോസ ഖാന്‍ ജയിച്ച മുര്‍ഷിദാബാദിലും – സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. സിറ്റിംഗ് സീറ്റുകളില്‍ പരസ്പരം മത്സരിക്കാത്ത വിധമുള്ള ധാരണയാണ് കോണ്‍ഗ്രസിനോട് സിപിഎം ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുമായി നടത്തുന്ന ചര്‍ച്ചയില്‍ ഇത് സംബന്ധിച്ച് തീരുമാനമാകുമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ.

ബിജെപി വിരുദ്ധ, തൃണമൂല്‍ വിരുദ്ധ വോട്ടുകള്‍ പരമാവധി ഏകീകരിക്കുക എന്നതാണ് ലക്ഷ്യം. നാളെ വൈകീട്ട് 4.30 വരെ ഞങ്ങള്‍ കാത്തിരിക്കും. കോണ്‍ഗ്രസിന് 24 മണിക്കൂര്‍ സമയമുണ്ട്. പ്രശ്‌നങ്ങള്‍ സംസാരിച്ച് തീര്‍ക്കാനുള്ള സമയമുണ്ട് – ബിമന്‍ ബോസ് പറഞ്ഞു. അതേസമയം സിപിഎം ഏകപക്ഷീയമായി 17 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു എന്ന് കോണ്‍ഗ്രസും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. 2014ല്‍ നാല് സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത് – ബെറാംപൂര്‍, ജംഗിപ്പൂര്‍, മാള്‍ഡ ഉത്തര്‍, മാള്‍ഡ ദക്ഷിണ്‍ എന്നിവ. 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 45 സീറ്റും ഇടതുമുന്നണി 32 സീറ്റുമാണ് നേടിയത്. തൃണമൂലിന് ശേഷം നിയമസഭയിലെ രണ്ടാം കക്ഷിയായി കോണ്‍ഗ്രസ്.

അതേസമയം വോട്ട് വിഹിതത്തില് കോണ്‍ഗ്രസിനേക്കാള്‍ മുന്നിലായിരുന്നു ഇടതുമുന്നണി. നിയമസഭയില്‍ സിപിഎമ്മിനേക്കാള്‍ വലിയ കക്ഷിയും കഴിഞ്ഞ തവണ കൂടുതല്‍ ലോക്‌സഭ സീറ്റുകളുമുള്ള തങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ ഇത്തവണ വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. സിപിഎമ്മുമായി സഖ്യത്തിന് താല്‍പര്യമില്ലെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സോമേന്ദ്രനാഥ് മിത്ര പറഞ്ഞിരുന്നു. സിപിഎം ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കബളിപ്പിക്കുന്നതിനാല്‍ സഖ്യത്തിന് മുന്നോട്ട് പോകാനാകില്ലെന്ന് സോമന്‍ മിത്ര പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍