UPDATES

രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ ആയില്ലെങ്കിലും അദ്വാനിയെ ചരിത്രം രേഖപ്പെടുത്തും; ഇന്ത്യയെ നെടുകെ പിളര്‍ന്നതിന്

മോദി അദ്വാനിയെ മറികടക്കുക മാത്രമല്ല, അദ്വാനി ചെയ്തതിലും കൃത്യതയോടെയും അനുകമ്പയില്ലാതെയും ആ വിഭജിത രാഷ്ട്രീയം നടപ്പാക്കിക്കൊണ്ടിരിക്കുന്നു.

വിശാലമായ ഒരു വീട്ടിലാണ് ആ വയോവൃദ്ധന്‍ താമസിക്കുന്നത്. ഒന്നുമില്ലായ്മയില്‍ നിന്ന് ഇന്നത്തെ ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയെ കെട്ടിപ്പടുത്ത, ഒരിക്കല്‍ രാഷ്ട്രീയ തന്ത്രജ്ഞതയ്ക്ക് പേരുകേട്ടയാള്‍. അദ്ദേഹത്തിന്റെ കീഴില്‍ നാലു ദശകം കൊണ്ട് ആ പാര്‍ട്ടി ഇന്ത്യ ഭരിക്കാന്‍ മാത്രം വളര്‍ന്നു. എന്നാല്‍ വയസായതോടെ, അദ്ദേഹം വര്‍ഷങ്ങള്‍ കൊണ്ട് വളര്‍ത്തിയെടുക്കുകയും സംരക്ഷിക്കുകയും ചെയ്ത, അധിമോഹികളായ അടുത്ത തലമുറ അദ്ദേഹത്തെ പതിയെ അരികിലേക്ക് തള്ളുകയായിരുന്നു. രാഷ്ട്രീയ കൗശലത്തിന് ഏറെ പേരുകേട്ടയാളാണ് അദ്ദേഹമെങ്കിലും അതിനെ കവച്ചു വയ്ക്കാന്‍ പോന്ന സാമര്‍ത്ഥ്യം പ്രകടിപ്പിക്കുകയും അനുകമ്പയില്ലാത്തവരുമായ യുവതലമുറ നേതാക്കള്‍ക്കു മുന്നില്‍ അദ്ദേഹം പതിയെ അപ്രസക്തനായി. ഇപ്പോള്‍ വളരെ കുറച്ച് സന്ദര്‍ശകള്‍ മാത്രമേ അദ്ദേഹത്തെ കാണാനെത്താറുള്ളൂ. ക്രിമിനല്‍ വിചാരണ നേരിട്ടുകൊണ്ട്, പറയത്തക്ക വിശ്വസ്തരോ സുഹൃത്തുക്കളോ ഇല്ലാതെ അദ്ദേഹം ജീവിതാന്ത്യത്തിലേക്ക് നടന്നടുത്തുകൊണ്ടിരിക്കുന്നു.

ലാല്‍ കൃഷ്ണ അദ്വാനിയുടെ ജീവിതത്തെ വേണമെങ്കില്‍ ഇപ്പോള്‍ ഇങ്ങനെ സംഗ്രഹിക്കാം.

താരതമ്യേനെ അറിയപ്പെടാത്ത രാംനാഥ് കോവിന്ദിന്റെ പേര് രാഷ്ട്രപതി സ്ഥാനത്തേക്ക് ബി.ജെ.പി നിര്‍ദേശിച്ചതോടെ, മാന്യമായ ഒരു വിരമിക്കല്‍, ബി.ജെ.പിക്ക് നല്‍കിയ സംഭാവനകള്‍ക്കുള്ള ഒരു പ്രത്യുപകാരം എന്നൊക്കെ കരുതിയിരുന്നത് അദ്വാനിക്കു മുമ്പില്‍ തകര്‍ന്നടിഞ്ഞു. ഇപ്പോള്‍ കിലോമീറ്ററുകള്‍ക്കകലെ ഉത്തര്‍ പ്രദേശിലെ ഒരു കോടതി മുറിയിലേക്ക് കണ്ണുംനട്ടിരിക്കുകയാണ് അദ്ദേഹം. 1992-ല്‍ ബാബറി മസ്ജിദ് പൊളിച്ച കേസില്‍ ക്രിമിനല്‍ വിചാരണ നേരിടുകയാണ് അദ്വാനി.

കോവിന്ദിന്റെ പേര് പുറത്തുവിടുന്നതു വരെ അദ്വാനിക്കും അദ്ദേഹത്തിന്റെ അനുയായികള്‍ക്കും കുറച്ചൊക്കെ പ്രതീക്ഷയുണ്ടായിരുന്നു. നരേന്ദ്ര മോദി തന്റെ രാഷ്ട്രീയ ഗുരുവും തലതൊട്ടപ്പനുമൊക്കെയായ അദ്വാനിയെ രാഷ്ട്രപതി എന്ന ആലങ്കാരിക പദവിയിലേക്ക് ഒരു ഉപകാരസ്മരണ എന്ന വിധം നയിക്കുമെന്ന്. പക്ഷേ, അദ്വാനി വളര്‍ത്തിയ രാഷ്ട്രീയക്കാരനാണ് മോദി. അത്തരത്തിലുള്ള ഒരനുകമ്പയും അദ്വാനിയുടെ രാഷ്ട്രീയ കളരിയില്‍ ഇല്ല.

പ്രധാനമന്ത്രിയാവുക എന്നതായിരുന്നു അദ്ദേഹത്തിന്റെ എക്കാലത്തേയും വലിയ മോഹമെന്നത് ഡല്‍ഹിയിലെ ഏതൊരാള്‍ക്കും അറിയാവുന്ന കാര്യമാണ്. അദ്ദേഹത്തിന്റെ കുടുംബം അതിനായി പ്രത്യേക പൂജകള്‍ വരെ നടത്തിയിരുന്നു. എന്നാല്‍ 2004-ലും 2009-ലും അടിപതറിയതോടെ അദ്വാനി കിതയ്ക്കാനാരംഭിച്ചു.

കാരണം, ഇന്നത്തെ അദ്ദേഹത്തിന്റെ അവസ്ഥ മനസിലാകണമെങ്കില്‍, 1980-കളിലും 90-കളിലും അദ്വാനി ആരായിരുന്നു എന്നറിയണം. ഹിന്ദുത്വയുടെ മൃദുല കോളമ മുഖമെന്ന നിലയില്‍ വാജ്‌പേയിയെ മുന്നില്‍ നിര്‍ത്തി പടനയിച്ചതു മുഴുവന്‍ അദ്വാനിയായിരുന്നു. ബി.ജെ.പിയെ ഈ രീതിയിലേക്ക് കെട്ടിപ്പടുക്കാന്‍ എല്ലാത്തരത്തിലുള്ള വഴികളും അദ്ദേഹം ഉപയോഗിക്കുകയും ചെയ്തു.

1990-കളുടെ തുടക്കത്തില്‍ എല്ലാം അദ്വാനിയുടെ കൈപ്പിടിയിലായിരുന്നു. ഈ സമയത്തായിരുന്നു ഡല്‍ഹിയില്‍ അധികാരം പിടിക്കുക എന്ന മോഹം കാവിപ്പട പ്രത്യക്ഷത്തില്‍ പ്രകടിപ്പിച്ചു തുടങ്ങുന്നതും. ആ കാലഘട്ടമായിരുന്നു ഇന്ത്യയെ നെടുകെ പിളര്‍ത്തിയ രാമജന്മഭൂഭൂമി-ബാബറി മസ്ജിദ് തര്‍ക്കം. അദ്വാനിയായിരുന്നു അതിന്റെ നെടുനായകത്വത്തില്‍. അദ്ദേഹമായിരുന്നു എല്ലാം. അന്ന് അദ്വാനിയുടെ ഈവന്റ് മാനേജര്‍/രഥയാത്രാ സംഘാടകന്‍ മാത്രമായിരുന്നു മോദി.

ബി.ജെ.പിയുടെ ദേശീയാധ്യക്ഷന്‍ മാത്രമായിരുന്നില്ല, മറിച്ച് രാമജന്മഭൂമി മൂവ്‌മെന്റിന് നേതൃത്വം നല്‍കിയ സംഘപരിവാരത്തിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവു കൂടിയായിരുന്നു ആ കാലഘട്ടത്തില്‍ അദ്വാനി. അയോധ്യയില്‍ ബാബറി മസ്ജിദ് നില്‍ക്കുന്ന സ്ഥലത്ത് രാമക്ഷേത്രം പണിയുക എന്ന സംഘപരിവാര്‍ താത്പര്യത്തിന് പിന്തുണ കിട്ടുന്നതും അദ്വാനിയുടെ നേതൃത്വത്തില്‍ തന്നെയായിരുന്നു.

സംഘപരിവാറിലെ എല്ലാ സംഘടനകളുടേയും – ആര്‍.എസ്.എസ് മുതല്‍ വി.എച്ച്.പി വരെയുള്ള മുഴുവന്‍ സംഘടനകളുടേയും – നേതാക്കള്‍ അദ്ദേഹത്തിന്റെ ആജ്ഞക്കായി കാത്തുനിന്നു. അദ്ദേഹം സ്വന്തം പാര്‍ട്ടിയെ രാമക്ഷേത്രം എന്ന ലക്ഷ്യത്തിലേക്ക് നയിക്കുക മാത്രമായിരുന്നില്ല, പാര്‍ട്ടി അണികളെ ഈ കാര്യത്തിലേക്ക് ഊര്‍ജിതമാക്കാനും അദ്ദേഹത്തിന് സാധിച്ചു. മറ്റൊന്നായിരുന്നു അതിലേറെ പ്രധാനം. ഭൂരിപക്ഷ സമുദായത്തെ രാമക്ഷേത്രം എന്ന കാര്യത്തിനു പിന്നില്‍ അണിനിരത്താന്‍ അദ്ദേഹത്തിന്റെ വക്രബുദ്ധിക്ക് സാധിച്ചു എന്നതാണ് ഇന്നും ഇന്ത്യന്‍ സമൂഹം നേരിടുന്ന പല കാര്യങ്ങളുടേയും പിന്നിലെ പ്രധാനപ്പെട്ട കാര്യം.

വിഭജിത രാഷ്ട്രീയം ഏറ്റവും നന്നായി കളിച്ച നേതാവായിരുന്നു അദ്വാനി. ഹിന്ദുക്കളുടെ ചിലവില്‍ മുസ്ലീം സമുദായത്തെ പ്രീതിപ്പെടുത്തുകയാണ് നിലവിലെ ഭരണകൂടം എന്ന് ഭൂരിപക്ഷ സമുദായത്തെ വിശ്വസിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ തന്ത്രം. അതിന്റെ ബാക്കിയായാണ് രാമജന്മഭൂമി-ബാബറി മസ്ജിദ് വിഷയത്തിലേക്ക് ഇന്ത്യന്‍ രാഷ്ട്രീയം മാറുന്നതും. അതിന്റെ കടിഞ്ഞാണ്‍ ഏന്തിയിരുന്ന നേതാവായിരുന്നു അദ്വാനി.

അന്ന് സ്വന്തം പാര്‍ട്ടിയിലും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലും പെട്ട നേതാക്കളേക്കാളൊക്കെ ഏറെ ഉയരത്തിലായിരുന്നു അദ്ദേഹം. ഇന്ത്യയൊട്ടാകെ അദ്വാനിയുടെ രഥം സഞ്ചരിച്ചു. സമുദായങ്ങളെ തമ്മില്‍ ഭിന്നിപ്പിച്ചു. സാമുദായിക സംഘര്‍ഷങ്ങളും കലാപങ്ങളും അരങ്ങേറി. ബാബറി മസ്ജിദ് തകര്‍ത്തു. ഇതിനുള്ള മറുപടിയെന്നോണം മുംബൈയിലെ മുസ്ലീം അധോലോകം സ്‌ഫോടന പരമ്പരകള്‍ നടത്തി. തിരിച്ചടികളുണ്ടായി. കൂട്ടക്കൊലകള്‍ അരങ്ങേറി. അധികാരം പിടിക്കാനുള്ള അദ്വാനിയുടെ രഥം ഇന്ത്യയുടെ മതേതര മനസിനെ എല്ലാക്കാലത്തേക്കുമായി കീറിമുറിക്കുകയായിരുന്നു.

ആ സമയത്തു മാത്രമാണ്, തന്റെ നീണ്ട രാഷ്ട്രീയജീവിത്തില്‍ സുഹൃത്തും എന്നാല്‍ പാര്‍ട്ടിയിലെ മുഖ്യ എതിരാളിയുമായ അടല്‍ ബിഹാരി വാജ്‌പേയിയുടെ നിഴലിലേക്ക് അദ്വാനി ഒതുങ്ങുന്നത്. ബി.ജെ.പി അധികാരം പിടിക്കുകയാണെങ്കില്‍ പ്രധാനമന്ത്രി അദ്വാനി തന്നെ എന്നതിന് യാതൊരു സംശയവും അക്കാലത്തുണ്ടായിരുന്നില്ല.

ഒരുപക്ഷേ കാവ്യനീതി എന്നു പറയാം. അദ്വാനിക്ക് തിരിച്ചടികള്‍ തുടങ്ങുന്നത് അവിടെ നിന്നാണ്. ജയിന്‍ ഹവാല ഡയറിയില്‍ അദ്ദേഹത്തിന്റെ പേര് പരാമര്‍ശിക്കപ്പെട്ടു. അതോടെ എല്ലാം തകരുകയായിരുന്നു. കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിരുന്ന മന്ത്രിസഭയില്‍ പി.വി നരസിംഹ റാവുവായിരുന്നു പ്രധാനമന്ത്രി. അദ്വാനി ബി.ജെ.പി അധ്യക്ഷനും.

രാമക്ഷേത്രത്തില്‍ നിന്ന് മാധ്യമ ശ്രദ്ധയും പതിയെ ഹവാല ഡയറിയിലേക്ക് മാറി. അജ്ഞാതനായ ഒരു വ്യക്തിയില്‍ നിന്ന് നിരവധി രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ ഉള്‍പ്പെട്ട ഒരു ഡയറി അന്വേഷണ ഏജന്‍കികള്‍ കണ്ടെടുത്തു. ആ പേരുകളിലേക്ക് ഹവാല മാര്‍ഗത്തില്‍ ചെന്നിട്ടുള്ള തുകയും അതില്‍ അടയാളപ്പെടുത്തിയിരുന്നു.

അതില്‍ അദ്വാനിയുടെ പേരും ഉണ്ടായിരുന്നു. അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടു. അറസ്റ്റ് ഒഴിവാക്കാനായി ജാമ്യം ലഭിച്ചു. രാഷ്ട്രീയ തിരമാലകള്‍ തിരിച്ചൊഴുകി തുടങ്ങി. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ രാമന്‍ എന്ന് ആളുകള്‍ വിശേഷിപ്പിച്ചിരുന്നിടത്തു നിന്ന് ഉത്തരേന്ത്യന്‍ സമൂഹം അദ്ദേഹത്തെ രാവണനെ പോലെ കണ്ടു തുടങ്ങി.

പാര്‍ട്ടി അധ്യക്ഷ പദം അദ്ദേഹം രാജിവച്ചു. ഹവാല കേസില്‍ കുറ്റവിമുക്തനാകുന്നതു വരെ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അതോടെ, ബി.ജെ.പിയില്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ യുഗം അതിന്റെ പൂര്‍ണ രീതിയില്‍ ആരംഭിക്കുകയായിരുന്നു. പാര്‍ട്ടി അധ്യക്ഷ പദവി ഏറ്റെടുത്ത അദ്ദേഹം 1996-ലെ തെരഞ്ഞടുപ്പില്‍ അധികാരം പിടിച്ചതോടെ ബി.ജെ.പി നേതൃത്വം കൊടുക്കുന്ന ആദ്യ സര്‍ക്കാരില്‍ പ്രധാനമന്ത്രിയുമായി.

അതോടെ അദ്വാനിയുടെ രാഷ്ട്രീയ ഗ്രാഫ് താഴ്ന്നു തുടങ്ങി. ഹവാല കേസില്‍ കുറ്റവിമുക്തനായതോടെ അദ്ദേഹം ബി.ജെ.പിയുടെ അധ്യക്ഷ പദവിയിലേക്ക് തിരികെയെത്തി. ബി.ജെ.പി രണ്ടാമതും അധികാരത്തില്‍ വന്ന 1998-ല്‍ വാജ്‌പേയി സര്‍ക്കാരിലെ ഉപപ്രധാനമന്ത്രിയുമായി അദ്ദേഹം.

ആ സമയങ്ങളിലൊന്നാണ് ബി.ജെ.പി അധികാരത്തിലിരുന്ന ഗുജറാത്തിലേ ഗോധ്രയില്‍ വച്ച് അയോധ്യയില്‍ നിന്ന് മടങ്ങുകയായിരുന്ന സന്യാസിമാര്‍ അടങ്ങുന്ന തീവണ്ടിക്ക് തീപിടിക്കുന്നത്. നിരവധി നിഗൂഡതകള്‍ ഉണ്ടായിരുന്നെങ്കിലും ഇതിനു പിന്നാലെ മുസ്ലീം വിരുദ്ധ കലാപം ആരംഭിക്കാന്‍ താമസമുണ്ടായില്ല. അദ്വാനി ഒരിക്കല്‍ തെളിച്ച വിഭജിത രാഷ്ട്രീയത്തിന്റെ വഴിയേ മോദിയും പതുക്കെ തന്റെ രാഷ്ട്രീയ ജീവിതം ഉയര്‍ച്ചയിലേക്ക് നയിച്ചു തുടങ്ങുകയായിരുന്നു.

മോദി മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന കാര്യത്തില്‍ വാജ്‌പേയിക്ക് യാതൊരു സംശയവുമുണ്ടായിരുന്നില്ല. കാരണം അന്നത്തെ ആ ഗുജറാത്ത് മുഖ്യമന്ത്രി ആഗോളതലത്തില്‍ തന്നെ ഇന്ത്യക്ക് നാണക്കേടുണ്ടാക്കിയിരുന്നു. എന്നാല്‍ അന്ന് മോദിയെ സംരക്ഷിച്ചത് അദ്വാനിയാണ്. അദ്വാനി അന്ന് തന്റെ ശിഷ്യനെ കൈവിട്ടിരുന്നെങ്കില്‍ മോദിയുടെ പൊതുജീവിതം എന്നെന്നേക്കുമായി അന്ന് അവസാനിക്കുമായിരുന്നു.

2004-ല്‍ ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യവുമായി പ്രമോദ് മഹാജന്റെ നേതൃത്വത്തില്‍ വമ്പന്‍ പ്രചരണ കോലാഹലങ്ങള്‍ നടത്തിയെങ്കിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇടതു പിന്തുണയോടെ യു.പി.എ സര്‍ക്കാര്‍ അധികാരത്തിലെത്തി. 2009-ലും അദ്വാനിയായിരുന്നു ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി. എന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ മാസ്മരികത അപ്പോഴേക്കും അവസാനിച്ചിരുന്നു. അദ്വാനിയുടെ നേതൃത്വത്തില്‍ ബി.ജെ.പി ഒരിക്കലും അധികാരത്തിലെത്തിയില്ല. അതിനു പുറമെയായിരുന്നു ആര്‍.എസ്.എസ് നേതൃത്വവുമായുള്ള അദ്ദേഹത്തിന്റെ ഏറ്റുമുട്ടലും. പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിനിടയില്‍ മുഹമ്മദലി ജിന്ന മതേതര രാഷ്ട്രീയക്കാരനാണെന്ന അദ്വാനിയുടെ പ്രസ്താവനയായിരുന്നു കാരണം. സംഘപരിവാര്‍ നേതൃത്വം അതിന്റെ പേരില്‍ അദ്വാനിയോട് ഒരിക്കലും ക്ഷമിച്ചില്ല.

2009-ലെ ബി.ജെ.പിയുടെ പരാജയം പാര്‍ട്ടിക്കകത്തും പുറത്തും നരേന്ദ്ര മോദിയുടെ ഉയര്‍ച്ചയ്ക്കും കാരണമായി. ഭിന്നിപ്പ് രാഷ്ട്രീയത്തിന്റെ കലയില്‍ തന്റെ ഗുരു അദ്വാനിയെ വെട്ടി മാറ്റി മോദിയാണ് ഇന്ന് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പുതിയ ഹീറോ. ബി.ജെ.പിക്ക് ലോക്‌സഭയില്‍ ആദ്യമായി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിക്കൊടുത്തു എന്നു മാത്രമല്ല, ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെയും കോര്‍പറേറ്റുകളുടേയും മിശിഹ കൂടിയാണ് ഇന്നദ്ദേഹം.

സംഘപരിവാറിലെ മുഴുവനാളുകളേയും മോദി കടത്തിവെട്ടിക്കളഞ്ഞു. രാജ്യത്തിന്റെ രാഷ്ട്രപതി പദത്തിലേക്ക് തന്റെ ശിഷ്യന്‍ തന്നെ നയിക്കുമെന്നായിരുന്നു അദ്വാനിയുടെ അവസാന പ്രതീക്ഷ. എന്നാല്‍ അതുണ്ടായില്ല.

ഒരര്‍ത്ഥത്തില്‍ വിതച്ചതു കൊയ്യുകയാണ് അദ്വാനിയെന്നു തന്നെ പറയാം. രാമക്ഷേത്ര നിര്‍മാണത്തിന്റെ ചുമലിലേറി 1990-കളില്‍ ഇന്ത്യന്‍ സമൂഹത്തെ ഭിന്നിപ്പിന്റേയും കലാപങ്ങളുടേയും വലിയ ദുരന്തങ്ങളിലേക്ക് കടത്തിവിട്ടതിന്റെ ബാക്കിപത്രം. മോദി ആ കലയില്‍ അദ്വാനിയെ മറികടക്കുക മാത്രമല്ല, അദ്വാനി ചെയ്തതിലും കൃത്യതയോടെയും അനുകമ്പയില്ലാതെയും ആ വിഭജിത രാഷ്ട്രീയം നടപ്പാക്കിക്കൊണ്ടിരിക്കുന്നു.

ശരിയാണ്, അദ്വാനി രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ ആയില്ല. പക്ഷേ അദ്ദേഹം ചരിത്രത്താളുകളില്‍ എഴുതപ്പെടുക തന്നെ ചെയ്യും; സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ വര്‍ഗീയവാദിയായ രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍