UPDATES

വാര്‍ത്തകള്‍

ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇത് അവസാന തെരഞ്ഞെടുപ്പായിരിക്കും; ‘മോദി നിര്‍മാർ‌ജന’ത്തിന് ആഹ്വാനം ചെയ്ത് പ്രതിപക്ഷ നേതാക്കൾ

മോദി ഒരു ‘സ്‌പ്ലിറ്റ് പേഴസനാലിറ്റി’യാണെന്ന് അദ്ദേഹം കളിയാക്കുകയും ചെയ്തു. മോദി താൻ ചിന്തിക്കുന്നത് പറയില്ല, പറയുന്നത് ചിന്തിക്കില്ല: നായിഡു പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ബാധിച്ച ട്യൂമറാണെന്ന് പ്രതിപക്ഷ നേതാക്കൾ. വിശാഖപട്ടണത്തിലെ പ്രിയദർശിനി മുനിസിപ്പൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ വെച്ചാണ് മമതാ ബാനർജി, അർവിന്ദ് കെജ്രിവാൾ, ചന്ദ്രബാബു നായിഡു എന്നിവർ ഈ പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ ബാധിച്ച ഈ ട്യൂമറിനെ ‘മോദി നിർമാർജന’ത്തിലൂടെ നീക്കം ചെയ്യണമെന്ന് നേതാക്കൾ ആഹ്വാനം ചെയ്തു.

‘മോദി ഹഠാവോ ദേശ് ബചാവോ’ എന്ന മുദ്രാവാക്യമാണ് സമ്മേളനത്തിൽ നേതാക്കൾ ഉയർത്തിയത്. 2019 ലോകസഭാ തെരഞ്ഞെടുപ്പിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടുമൊരിക്കൽക്കൂടി തെരഞ്ഞെടുക്കപ്പെട്ടാൽ അത് രാജ്യത്തെ അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കുമെന്ന് അർവിന്ദ് കെജ്രിവാൾ ചൂണ്ടിക്കാട്ടി. അധികാരത്തിലെത്തിയാൽ മോദി രാജ്യത്തിന്റെ ഭരണഘടനയെ ഇല്ലാതാക്കും. 1931ൽ ഹിറ്റ്ലർ ജർമനിയിൽ ചെയ്തത് അതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“മോദിയെ നീക്കിയാൽ പിന്നെ ആര് എന്ന് ചിലർ ചോദിക്കുന്നുണ്ട്. നിങ്ങൾക്ക് ട്യൂമർ വന്നാൽ അത് നീക്കം ചെയ്യുകയാണ് ആദ്യം ചെയ്യുക. ട്യൂമർ പോയാൽ പിന്നെ പിന്നെ ആര് എന്നൊരു ചോദ്യം ആരും ഡോക്ടറോട് ചോദിക്കാറില്ല,” -കെജ്രിവാൾ പറഞ്ഞു.

ആദ്യത്തെ അവസരത്തിൽ രാജ്യത്തെ എല്ലാ മഹത്തായ സ്ഥാപനങ്ങളെയും മോദി തകർത്തുവെന്ന് കെജ്രിവാൾ ചൂണ്ടിക്കാട്ടി. ഇനി അടുത്തത് രാജ്യത്തിന്റെ ഭരണഘടനയാണ്. കഴിഞ്ഞ 70 വര്‍ഷമായി ഇന്ത്യയെ തകർക്കാൻ പാകിസ്താൻ ശ്രമിച്ചു വരികയാണ്. വിഭജിക്കാൻ ശ്രമിക്കുകയാണ്. അവർക്കതിന് ഇതുവരെ സാധിച്ചിട്ടില്ല. എന്നാൽ നോട്ടുനിരോധനം വഴി ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ അപ്പാടെ തകർക്കാൻ മോദിക്ക് സാധിച്ചു. ജാതിവിഭാഗങ്ങളെയും മതവിഭാഗങ്ങളെയും തമ്മിൽത്തല്ലിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ചാണ് മമതാ ബാനർജി തന്റെ പ്രസംഗം തുടങ്ങിയത്. “നിങ്ങളുടെ സ്വന്തം ചാനലുകളിലൊന്നിൽ സംവാദം നടത്താം. ടെലിപ്രോംപ്റ്ററുകളും ഫോണുകളും അടുത്തുണ്ടാകാൻ പാടില്ല. നിങ്ങൾ ചോദ്യം ചോദിക്കുന്നു. ഞാൻ ഉത്തരം നൽകുന്നു. ഞാൻ ചോദ്യം ചോദിക്കുന്നു. നിങ്ങൾ ഉത്തരം പറയുന്നു,” മമത പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മോദി ചായക്കടക്കാരനായിരുന്നു (ചായ്‌വാല). ഈ തെരഞ്ഞെടുപ്പിൽ പെട്ടെന്നദ്ദേഹം കാവൽക്കാരൻ (ചൗക്കിദാർ) ആയി മാറി. തങ്ങൾ രാജ്യത്തിനു വേണ്ടി പോരാടി മരിക്കാനും തയ്യാറാണെന്നും ബിജെപി വീണ്ടും അധികാരത്തിൽ വരാൻ അനുവദിക്കില്ലെന്നും മമത പറഞ്ഞു.

2014ൽ നൽകിയ എല്ലാ വാഗ്ദാനങ്ങളും മോദി ലംഘിച്ചെന്നാണ് ചന്ദ്രബാബു നായിഡു പറഞ്ഞത്. മോദി ഒരു ‘സ്‌പ്ലിറ്റ് പേഴസനാലിറ്റി’യാണെന്ന് അദ്ദേഹം കളിയാക്കുകയും ചെയ്തു. മോദി താൻ ചിന്തിക്കുന്നത് പറയില്ല, പറയുന്നത് ചിന്തിക്കില്ല: നായിഡു പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍