UPDATES

സംസ്ഥാനങ്ങളിലൂടെ

സീറ്റ് കിട്ടിയില്ലെങ്കിലും ചന്ദ്രബാബു നായിഡുവിന്റെ പതനം കാത്ത് ബിജെപി; കോണ്‍ഗ്രസ്സിന് ഒന്നും ചെയ്യാനില്ലാത്ത ആന്ധ്രയില്‍ സംഭവിക്കുന്നത്

ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടിയും (ടിഡിപി) വൈസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ എസ് ആര്‍ കോണ്‍ഗ്രസും (യുവജന ശ്രമിക റയ്തു കോണ്‍ഗ്രസ്) തമ്മിലുള്ള നേരിട്ടുള്ള പോരാണ് നടക്കുന്നത്

ഏഴ് ഘട്ടമായി നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഏപ്രില്‍ 11ന്റെ ആദ്യ ഘട്ടത്തില്‍ ആന്ധ്രപ്രദേശ് വിധിയെഴുതും. ഐക്യ ആന്ധ്ര പ്രദേശില്‍ 42 ലോക് സഭ സീറ്റുകളാണുണ്ടായിരുന്നത്. സംസ്ഥാന വിഭജനത്തിന് ശേഷം ആദ്യമുണ്ടായ 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് മുതല്‍ ആന്ധ്ര പ്രദേശില്‍ 25 സീറ്റും തെലങ്കാനയില്‍ 17 സീറ്റുമാണുള്ളത്. ലോക്‌സഭയിലേയ്‌ക്കൊപ്പം ആന്ധ്രപ്രദേശ് നിയമസഭയിലേയ്ക്കും വോട്ടെടുപ്പ് നടക്കുന്നുണ്ട്. 175 നിയമസഭ സീറ്റുകളാണുള്ളത്.

ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടിയും (ടിഡിപി) വൈസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ എസ് ആര്‍ കോണ്‍ഗ്രസും (യുവജന ശ്രമിക റയ്തു കോണ്‍ഗ്രസ്) തമ്മിലുള്ള നേരിട്ടുള്ള പോരാണ് നടക്കുന്നത്. ടിഡിപിയാണ് ഭൂരിഭാഗം സീറ്റുകളും നേടുന്നതെങ്കില്‍ അത് പ്രതിപക്ഷ സഖ്യത്തിന് ഗുണം ചെയ്യും. വൈഎസ്ആര്‍ കോണ്‍ഗ്രസ് ആണ് നേട്ടമുണ്ടാക്കുന്നത് എങ്കില്‍ അത് എന്‍ഡിഎയ്ക്ക് ഗുണം ചെയ്യാനാണ് കൂടുതല്‍ സാധ്യത. അതേസമയം ദേശീയ തലത്തില്‍ യുപിഎ സഖ്യത്തിന് മുന്നേറ്റമുണ്ടാക്കാനായാല്‍ വൈഎസ്ആര്‍ എന്ത് നിലപാട് സ്വീകരിക്കും എന്ന് പറയാന്‍ കഴിയില്ല. പിതാവ് വൈഎസ് രാജശേഖര റെഡ്ഡിയുടെ ശൈലിയില്‍ സംസ്ഥാനത്ത് 3500 കിലോമീറ്റര്‍ പദയാത്ര നടത്തിയാണ് ജഗന്‍ പ്രചാരണം തുടങ്ങിയത്.

ഭരണകക്ഷിയായ തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി) ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ശക്തമായ പ്രതിഷേധവും ജനവികാരവുമാണ് ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുള്ളത്. മറുഭാഗത്ത് ബിജെപിയോട് മൃദു സമീപനവുമായി വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈ എസ് ആര്‍ കോണ്‍ഗ്രസ് നില്‍ക്കുന്നു. ജഗന്‍ ബിജെപിയുടെ ബി ടീം ആണെന്ന് ടിഡിപി ആരോപിക്കുന്നു. മോദി സര്‍ക്കാരിനെതിരെ ആദ്യമായി അവശ്വാസ പ്രമേയ നോട്ടീസുമായി രംഗത്തെത്തിയത് വൈ എസ് ആര്‍ കോണ്‍ഗ്രസ് ആയിരുന്നു എന്ന വൈരുദ്ധ്യമുണ്ട്.

ടിആര്‍എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവു വൈഎസ്ആര്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തെലങ്കാനയിലെ മറ്റൊരു പാര്‍ട്ടിയായ ഹൈദരാബാദ് എംപി അസദുദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മും വൈഎസ്ആറിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ധ്രയിലെ ജനങ്ങളുടെ സ്വാഭിമാന പരിക്ഷണമാണ് ഈ തിരഞ്ഞെടുപ്പ് എന്നാണ് ചന്ദ്രബാബു നായിഡു പറഞ്ഞത്. ആന്ധ്രയിലെ ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ടിഡിപിയാണോ അതോ ടിആര്‍എസിന്റേയും ചന്ദ്രശേഖര്‍ റാവുവിന്റേയും താല്‍പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന വൈഎസ്ആര്‍ ആണോ വേണ്ടത് എന്നാണ് നായിഡു ചോദിച്ചത്.

ആന്ധ്രപ്രദേശില്‍ ബിജെപി എന്തെങ്കിലും പ്രതീക്ഷ വച്ചുപുലര്‍ത്തണമെങ്കില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടുകയും അവരുടെ പിന്തുണ ബിജെപിക്ക് ലഭിക്കുകയും വേണം. അവിശ്വാസ പ്രമേയത്തിലൊഴികെ ബിജെപി വിരുദ്ധ ചേരിയില്‍ സജീവമായി പ്രത്യക്ഷപ്പെടാത്ത വൈഎസ്ആറില്‍ ബിജെപി പ്രതീക്ഷ വച്ചുപുലര്‍ത്തുന്നുണ്ട്. 2014ല്‍ വെറും നാല് ശതമാനം വോട്ട് മാത്രമാണ് കോണ്‍ഗ്രസിന് കിട്ടിയത്.

ടിഡിപിയും കോണ്‍ഗ്രസും തമ്മിലുള്ള ഇരുകക്ഷി പോരാട്ടം എന്ന നില സംസ്ഥാന വിഭജനത്തിന് ശേഷം ആന്ധ്രപ്രദേശില്‍ ഇല്ലാതായി. കോണ്‍ഗ്രസ് മുഖ്യപ്രതിപക്ഷം പോലും അല്ലാതായി. അടിയന്തരാവസ്ഥക്ക് ശേഷം പോലും കോണ്‍ഗ്രസിന് വന്‍ വിജയം സമ്മാനിച്ച ആന്ധ്ര പാര്‍ട്ടിയെ തഴഞ്ഞു. ചിരവൈരികളായിരുന്ന ഇരു പാര്‍ട്ടികളും തെലങ്കാനയില്‍ ടിആര്‍എസിനെതിരെ സഖ്യമായി മത്സരിച്ചെങ്കിലും ഈ പരീക്ഷണം പരാജയപ്പെട്ടിരുന്നു. ആന്ധ്രപ്രദേശിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് ഇരു പാര്‍ട്ടികളുടേയും തീരുമാനം.

ബി എസ് പി നേതാവ് മായാവതി അടക്കമുള്ളവരുമായി ചന്ദ്രബാബു നായിഡു സഖ്യ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ മായാവതി പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടിയുമായാണ് സഖ്യമുണ്ടാക്കിയത്. ഇത് നായിഡുവിന് വലിയ തിരിച്ചടിയായിരുന്നു. പവന്‍ കല്യാണ്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയാകണമെന്ന് മായാവതിയും മായാവതി പ്രധാനമന്ത്രിയാകണം എന്ന് പവന്‍ കല്യാണും പറഞ്ഞു. പല മേഖലകളിലും വലിയ സ്വാധീനമുള്ള പവന്‍ കല്യാണിന്റെ പാര്‍ട്ടിയുമായി സഖ്യത്തിന് നായിഡു താല്‍പര്യപ്പെടുന്നുണ്ട്. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ടിഡിപിയും പവന്‍ കല്യാണിന്റെ പാര്‍ട്ടിയും ബിജെപി സഖ്യത്തിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പവന്‍ കല്യാണ്‍ രംഗത്തെത്തിയിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് യുദ്ധമുണ്ടാകുമെന്ന് ബിജെപി നേതാക്കള്‍ തന്നോട് പറഞ്ഞിരുന്നതായാണ് പവന്‍ കല്യാണ്‍ പറഞ്ഞത്.

പവന്‍ കല്യാണ്‍ സ്വതന്ത്ര ശക്തിയായി നില്‍ക്കുന്നത് ചന്ദ്രബാബു നായിഡുവിന് ഭീഷണിയാണ്. കാപു സമുദായം നിര്‍ണായക ശക്തിയായ ഈസ്റ്റ്, വെസ്റ്റ് ഗോദാവരി ജില്ലകളിലെ 36 നിയമസഭ മണ്ഡലങ്ങളിലും മൂന്ന് ലോക്‌സഭ മണ്ഡലങ്ങളിലും പവന്‍ കല്യാണ്‍ ടിഡിപിക്ക് വലിയ പ്രശ്‌നമാകും. കാപു സമുദായത്തിന് അഞ്ച് ശതമാനം സംവരണം എന്ന ‘പച്ചില’ കാട്ടി നായിഡു വിളിക്കുന്നുണ്ട്. തീരദേശ ആന്ധ്രയിലെ ജില്ലകളില്‍ പവന്‍ കല്യാണ്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുകയാണ്. തെലുങ്ക് സിനിമയിലെ സൂപ്പര്‍സ്റ്റാറുകളിലൊരാളായ പവന്റെ ജനപ്രിയത വര്‍ദ്ധിക്കുന്നത് നായിഡുവിന് തലവേദനയാണ്. സഹോദരന്‍ ചിരഞ്ജീവി രൂപീകരിച്ച പ്രജാരാജ്യത്തില്‍ നിന്ന് തെറ്റിപ്പിരിഞ്ഞാണ് പവന്‍ ജനസേന പാട്ടിയുണ്ടാക്കിയത്. ചിരഞ്ജീവി പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന് രാജ്യസഭ എംപിയായി. പവന്റെ മുന്നേറ്റം ജഗന്‍മോഹന്‍ റെഡ്ഡിക്കും അനുഗ്രഹമാണ്.

ആന്ധ്രയുടെ പ്രത്യേക സംസ്ഥാന പദവി പ്രശ്‌നത്തില്‍ ബിജെപി സഖ്യം ഉപേക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ജഗന്‍മോഹന്‍ റെഡ്ഡി നടത്തിയ പ്രചാരണം ടിഡിപിയെ പ്രതിരോധത്തിലാക്കിയിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ബിജെപി ബന്ധം ടിഡിപി ഉപേക്ഷിച്ചതോടെ ഈ പ്രചാരണത്തിന്റെ മുനയൊടിഞ്ഞു.

കഴിഞ്ഞ വര്‍ഷം ടിഡിപി മോദി മന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കുകയും എന്‍ഡിഎ വിടുകയും ചെയ്തത് ആന്ധ്രപ്രദേശ് വിഭജന കരാറില്‍ ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി അടക്കമുള്ള കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നടപ്പാക്കാതെ വഞ്ചിച്ചു എന്ന് ആരോപിച്ചാണ്. അവിടുന്നിങ്ങോട്ട് ബിജെപി വിരുദ്ധ, ദേശീയ പ്രതിപക്ഷ ഐക്യനിര ശക്തിപ്പെടുത്താന്‍ മുന്നിട്ട് നില്‍ക്കുകയാണ് ചന്ദ്രബാബു നായിഡു. ഡല്‍ഹിയിലെ ധര്‍മ്മ പോരാട്ട അടക്കമുള്ള പ്രക്ഷോഭങ്ങള്‍ ഇതിന്റെ ഭാഗമായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പദ്ധതി ഉദ്ഘാടനങ്ങളില്‍ ഭൂരിഭാഗവും ദക്ഷിണേന്ത്യയിലായിരുന്നു. പ്രത്യേകിച്ച് ആന്ധ്രപ്രദേശിലും തമിഴ്‌നാട്ടിലും. രണ്ട് സംസ്ഥാനങ്ങളിലും ബിജെപിക്കും മോദി സര്‍ക്കാരിനുമെതിരെ ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. ‘മോദി ഗോ ബാക്ക്’ മുദ്രാവാക്യങ്ങളുമായാണ് ആന്ധ്രപ്രദേശില്‍ ചന്ദ്രബാബു നായിഡുവിന്റെ ആഹ്വാനപ്രകാരം ടിഡിപിയും തമിഴ്‌നാട്ടില്‍ ഡിഎംകെയും മോദിയെ സ്വീകരിച്ചത്. വ്യക്തിപരമായി തന്നെ ആക്രമിച്ച മോദിയെ അതേ നാണയത്തില്‍ തന്നെ നായിഡു തിരിച്ചടിച്ചിരുന്നു. ഒന്നും തരാതെ പറ്റിച്ച് ഇങ്ങനെ ഇവിടെ വരാന്‍ നിങ്ങള്‍ക്ക് നാണമില്ലേ എന്നാണ് മോദിയോട് നായിഡു ചോദിച്ചത്.

ടിഡിപിക്കെതിരെ ജഗന്‍മോഹന്‍ റെഡ്ഡിയുടെ ഏറ്റവും പുതിയ രാഷ്ട്രീയ ആയുധം അമ്മാവന്‍ വൈഎസ് വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകമാണ്. ചന്ദ്രബാബു നായിഡുവാണ് ഇതിന് പിന്നില്‍ എന്നാണ് പ്രതിപക്ഷ നേതാവായ ജഗന്റെ ആരോപണം. മുന്‍ എംപിയാണ് വിവേകാനന്ദ റെഡ്ഡി. പുലിവെന്ദുലയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എപ്പോളൊക്കെ തന്റെ കുടുംബത്തില്‍ കൊലപാതകമുണ്ടായിട്ടുണ്ടോ അപ്പോളെല്ലാം ടിഡിപി ആയിരുന്നു അധികാരത്തില്‍ എന്ന് ജഗന്‍ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പില്‍ ജഗന്റെ പ്രധാന പ്രചാരണ വിഷയങ്ങളിലൊന്നായി ഇത് മാറിയേക്കാം. അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ തള്ളിയ ചന്ദ്രബാബു നായിഡു, തെളിവ് നശിപ്പിച്ചത് വിവേകാനന്ദയുടെ കുടുംബമാണ് എന്ന് ആരോപിച്ചു.

ടിഡിപി നേതാവും മന്ത്രിയും ചന്ദ്രബാബു നായിഡുവിന്റെ മകനുമായ നര ലോകേഷ് ടിഡിപി വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികള്‍ ടിഡിപിക്ക് ഗുണം ചെയ്യുമെന്ന് ലോകേഷ് പറയുന്നു. ഞങ്ങള്‍ എന്തൊക്കെ ചെയ്തിട്ടുണ്ട് എന്ന് എല്ലാവര്‍ക്കുമറിയാം. ആന്ധ്രയിലെ ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പമാണ്. ഇത്തവണ നായിഡുവിന്റെ നിഴലില്‍ നിന്ന് മാറിയ നര ലോകേഷ് ടിഡിപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാന പങ്കാണ് വഹിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി യുവ വോട്ടര്‍മാരെ ലക്ഷ്യംവച്ചുകൊണ്ടുള്ള പ്രചാരണത്തിന് ടിഡിപി പ്രാധാന്യം നല്‍കുന്നുണ്ട്. തൊഴിലില്ലാത്ത യുവാക്കള്‍ക്ക് പ്രതിമാസം 2000 രൂപ അലവന്‍സ് നല്‍കുന്ന മുഖ്യമന്ത്രി യുവനേഷ്ടം പദ്ധതി ലോകേഷ് പരമാവധി പ്രചാരണവിഷയമാക്കുന്നുണ്ട്.

2014ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ടിഡിപി 175ല്‍ 103 നേടിയാണ് അധികാരത്തിലെത്തിയത്. വൈ എസ് ആര്‍ കോണ്‍ഗ്രസിന് 66 സീറ്റ്. ബിജെപിക്ക് നാല് സീറ്റാണ് കിട്ടിയത്. ടിഡിപി 15 ലോക്‌സഭ സീറ്റുകള്‍ നേടിയപ്പോള്‍ വൈഎസ്ആറിന് എട്ടും ബിജെപിക്ക് രണ്ട് സീറ്റുമാണ് കിട്ടിയത്.

നിലവിലെ കക്ഷിനില – ലോക് സഭ

ടിഡിപി – 15
വൈ എസ് ആര്‍ കോണ്‍ഗ്രസ് – 8
ബിജെപി – 2

നിയമസഭ
ടിഡിപി – 103
വൈ എസ് ആര്‍ കോണ്‍ഗ്രസ് – 66
ബിജെപി – 4
ജനസേന പാര്‍ട്ടി – 2

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍