UPDATES

ട്രെന്‍ഡിങ്ങ്

ലോക് സഭ തിരഞ്ഞെടുപ്പ് സഖ്യം: എഎപി – കോണ്‍ഗ്രസ് ചര്‍ച്ച അന്തിമഘട്ടത്തില്‍?

ഡല്‍ഹിയിലും കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കാന്‍ എഎപി തയ്യാറാണ്. എന്നാല്‍ ഏഴില്‍ മൂന്ന് ലോക്‌സഭ സീറ്റ് വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം അംഗീകരിക്കാന്‍ അവര്‍ തയ്യാറല്ല.

ലോക് സഭ തിരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് പഞ്ചാബില്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ചര്‍ച്ച നടത്തുന്നതായും ഇത് അന്തിമ ഘട്ടത്തിലാണെന്നും ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എഎപിയുമായി യാതൊരു സഖ്യവുമില്ലെന്ന് ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പറയുമ്പോളാണ് ഇത്. അതേസമയം ഡല്‍ഹിയില്‍ എഎപിയുമായി കോണ്‍ഗ്രസിന് യാതൊരു സഖ്യമോ ധാരണയോ ഉണ്ടാകില്ലെന്നാണ് പിസിസി പ്രസിഡന്റ് അജയ് മാക്കന്‍ പറയുന്നത് എന്നതും ശ്രദ്ധേയം. പഞ്ചാബിലെ പ്രതിപക്ഷ നേതാവായ എഎപിയുടെ സുഖ്പാല്‍ സിംഗ് കൈരാന പറയുന്നത് ലോക് സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാനായി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതില്‍ തിര്‍പ്പില്ലെന്നാണ്. ആം ആദ്മി പാര്‍ട്ടിയുടെ നാല് ലോക് സഭാംഗങ്ങളും പഞ്ചാബില്‍ നിന്നാണ്. സംസ്ഥാനത്ത് ആകെയുള്ള 13 സീറ്റില്‍ അഞ്ച് സീറ്റ് എഎപിക്ക് നല്‍കുകയാണെങ്കില്‍ പോലും സഖ്യം ആവാമെന്നാണ് എഎപി നേതാക്കള്‍ പറയുന്നത്.

അതേസമയം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള നീക്കത്തിനെതിരെ എച്ച്എസ് ഫൂല്‍ക്കയെ പോലുള്ള എഎപി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസുമായാണ് സഖ്യമുണ്ടാക്കിയാല്‍ താന്‍ പാര്‍ട്ടി വിടുമെന്നാണ് ഫൂല്‍ക്കയുടെ ഭീഷണി. 1984ല്‍ സുവര്‍ണ ക്ഷേത്രത്തിലെ സൈനിക നടപടി ഓപ്പറേഷന്‍ ബ്ലൂസ്റ്റാറും ഇന്ദിര ഗാന്ധിയുടെ വധത്തിന് ശേഷമുണ്ടായ സിഖ് കൂട്ടക്കൊലയും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് വിരുദ്ധ വികാരം സിഖുകാര്‍ക്കിടയില്‍ ശക്തമാണ് എന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം കോണ്‍ഗ്രസുമായുള്ള സഖ്യം എഎപിക്ക് ഗുണം മാത്രമേ ഉണ്ടാക്കൂ എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുനില്‍ ഛക്കര്‍ അഭിപ്രായപ്പെട്ടു.

2017ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 20 സീറ്റ് നേടി ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായി മാറിയ എഎപിക്ക് ഇതിന് ശേഷം പഞ്ചാബില്‍ കഷ്ടകാലമാണ്. നാല് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പുകളില്‍ തോറ്റു. ഗുര്‍ദാസ്പൂര്‍ ലോക് സഭ ഉപതിരഞ്ഞെടുപ്പിലും ഷാകോട്ട് നിയമ സഭ ഉപതിരഞ്ഞെടുപ്പിലും പരാജയപ്പെട്ടു. ഡല്‍ഹിയിലും കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കാന്‍ എഎപി തയ്യാറാണ്. എന്നാല്‍ ഏഴില്‍ മൂന്ന് ലോക്‌സഭ സീറ്റ് വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം അംഗീകരിക്കാന്‍ അവര്‍ തയ്യാറല്ല. ന്യൂഡല്‍ഹി, ചാന്ദ്‌നി ചൗക്, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി ലോക് സഭ സീറ്റുകളാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. എഎപിക്ക് അഞ്ചും കോണ്‍ഗ്രസിന് രണ്ടും എന്നതാണ് എഎപി മുന്നോട്ട് വയ്ക്കുന്ന ഫോര്‍മുല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍