UPDATES

പാടത്തുനിന്നും കാട്ടില്‍ നിന്നും മുംബൈയിലേക്കൊരു ലോംഗ് മാര്‍ച്ച്

സര്‍ക്കാര്‍ വഞ്ചനയ്ക്കെതിരെ പതിനായിരക്കണക്കിന് കര്‍ഷകര്‍ മുംബൈയില്‍ സെക്രട്ടേറിയറ്റ് വളയാനുള്ള സമരയാത്രയാണ്; വായ്പകള്‍ എഴുതിത്തള്ളുക, വനാവകാശം, സംഭരണം… പ്രതിഷേധം ഉയരുന്നു

മാര്‍ച്ച് ആറിന് നാസികിലെ സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡ് ചൗക്കില്‍ നിന്ന് തുടങ്ങിയ ലോംഗ് മാര്‍ച്ച് ഇന്ന് മുംബൈയിലേക്ക് കടക്കും. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കര്‍ഷകരാണ് സിപിഎമ്മിന്റെ കര്‍ഷക സംഘടനയായ അഖിലേന്ത്യ കിസാന്‍ സഭ മഹാരാഷ്ട്ര ഘടകം നേതൃത്വം നല്‍കുന്ന മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളല്‍, വനാവകാശ നിയമം നടപ്പാക്കല്‍, ദരിദ്ര കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും പെന്‍ഷന്‍ നല്‍കല്‍, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കല്‍ തുടങ്ങിയ വാഗ്ദാനങ്ങളെല്ലാം ലംഘിച്ച് കര്‍ഷകരെ വഞ്ചിച്ച ബിജെപി സര്‍ക്കാരിനെതിരായ പ്രതിഷേധമാണ് ലോംഗ് മാര്‍ച്ചിലൂടെ പ്രകടിപ്പിക്കുന്നത്. വന്‍തോതിലുള്ള കൃഷിനാശം നേരിട്ട കര്‍ഷകരെ ഏക്കറിന് നാല്‍പ്പതിനായിരം രൂപ നല്‍കി സഹായിക്കുക, കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും കര്‍ഷകര്‍ ഉന്നയിക്കുന്നുണ്ട്. റൂറല്‍ ഇന്ത്യ ഓണ്‍ലൈനില്‍ പാര്‍ത്ഥ് എം.എന്‍ എഴുതിയ റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍.

ശങ്കര്‍ വഖേരെ തന്റെ പ്ലാസ്റ്റിക് സഞ്ചി നിലത്തിട്ട്, കയ്യിലെ വടികുത്തിനിന്ന് കിതച്ചു. കിതച്ചുകൊണ്ട് മുട്ടുകുത്തി നിലത്തിരുന്ന് കണ്ണടച്ചു. അടുത്ത 15 നിമിഷങ്ങള്‍ അയാള്‍ അങ്ങനെതന്നെ ഇരുന്നു. ഒരു 65 വയസുകാരന് ഒരു ദിവസം മുഴുവനുമുള്ള നടപ്പ് ഒട്ടും കുറവല്ല. അയാള്‍ക്ക് ചുറ്റും ഇരുട്ടില്‍, ഏതാണ്ട് 25,000 മറ്റ് കര്‍ഷകരുമുണ്ട്.

“ഞങ്ങള്‍ക്ക് ഞങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടേണ്ടതുണ്ട്,” നാസിക്-ആഗ്ര ദേശീയപാതയിലെ റായ്ഗഡ് നഗര്‍ പ്രദേശത്തുള്ള ഇഗാത്പുരിയില്‍ ഇരുന്ന് ശങ്കര്‍ വഖേരെ പറഞ്ഞു. മാര്‍ച്ച് 6-ന് നാസിക് നഗരത്തില്‍ നിന്നും തുടങ്ങിയ കര്‍ഷകരുടെ ജാഥയുടെ ആദ്യത്തെ താവളമാണത്. മാര്‍ച്ച് 11-ന് ഞായറാഴ്ച്ചയാണ് ജാഥ മുംബൈയില്‍ എത്തുക. സര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെ പിറ്റേന്ന് നിയമസഭാ മന്ദിരം വളയാനാണ് പരിപാടി.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്)യുടെ കര്‍ഷക സംഘടനയായ അഖില ഭാരതീയ കിസാന്‍ സഭയാണ് ലോംഗ് മാര്‍ച്ചിന് ആഹ്വാനം നല്‍കിയത്. സര്‍ക്കാരിന് പൊള്ളയായ വാക്കുകളുമായി രക്ഷപ്പെടാനാവില്ല എന്ന് കിസാന്‍ സഭ ജനറല്‍ സെക്രട്ടറി അജിത്ത് നവാലെ പറയുന്നു. “2015-ല്‍ വനഭൂമിക്കുള്ള കര്‍ഷകരുടെ അവകാശത്തിനും വിളകള്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കാനും വായ്പ എഴുതിത്തള്ളാനുമായി ഞങ്ങള്‍ സമരം ചെയ്തു. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നു എന്ന് വെറുതെ നടിക്കുകയാണ്. ഇത്തവണ അതിന് അനുവദിക്കുകയില്ല.”

180 കിലോമീറ്റര്‍ സഞ്ചരിച്ചു കഴിഞ്ഞ ജാഥ മുന്നോട്ട് നീങ്ങുന്തോറും മഹാരാഷ്ട്രയില്‍ പലയിടത്തു നിന്നുമുള്ള- മറാത്ത് വാഡ, റായ്ഗഡ്, വിദര്‍ഭ തുടങ്ങിയ ജില്ലകളില്‍ നിന്നും- കൃഷിക്കാര്‍ അതില്‍ അണിചേരുന്നുണ്ട്. നാസിക്കിലും പരിസരപ്രദേശത്തുനിന്നുമുള്ള കൃഷിക്കാരില്‍ നിരവധിപേര്‍ ആദിവാസികളാണ്. നാസിക്കിലെ ഡിണ്ടോരി താലൂക്കിലെ നാലേഗാവ് ഗ്രാമത്തില്‍ നിന്നും വന്ന വഖേരെ, കോലി മഹാദേവ് സമുദായത്തില്‍ നിന്നാണ്. ഗ്രാമത്തില്‍ നിന്നും 28 കിലോമീറ്റര്‍ നടന്നാണ് ആ വൃദ്ധന്‍ നാസിക്കിലെ സി ബി എസ് ചൌക്കില്‍ എത്തിയത്. അവിടെനിന്നാണ് മുംബൈയിലേക്കുള്ള നീണ്ട ജാഥ തുടങ്ങിയത്.

“തലമുറകളായി ഞങ്ങളാണ് ഈ മണ്ണില്‍ കൃഷി ചെയ്യുന്നത്, എന്നാലിപ്പോഴും അത് വനംവകുപ്പിന്റെ കയ്യിലാണ്,” അയാള്‍ പറയുന്നു. “വാഗ്ദാനങ്ങള്‍ ഉണ്ടായിട്ടും (വനാവകാശ നിയമം 2006 അനുസരിച്ച് ആദിവാസികള്‍ക്ക് ഭൂമിയുടെ അവകാശം നല്‍കുന്നതിന്) ഞങ്ങളിപ്പോഴും ഭൂമിയുടെ അവകാശികളല്ല.”

മഹാരാഷ്ട്രയെ ചെങ്കടലാക്കി കര്‍ഷകരുടെ ലോംഗ് മാര്‍ച്ച്

വഖേരയുടെ ഗ്രാമത്തില്‍ ഏതാണ്ടെല്ലാവരും നെല്ല് കൃഷി ചെയ്യുന്നു. “ഒരു ഏക്കറിലെ ഉത്പാദനച്ചെലവ് 12,000 രൂപയാണ്. മഴ നന്നായി ലഭിച്ചാല്‍ 15 ക്വിന്‍റല്‍ അരി കിട്ടും. ഇപ്പോഴത്തെ അങ്ങാടിവില ഒരു കിലോയ്ക്ക് 10 രൂപയാണ്. (ക്വിന്റലിന് 1000 രൂപ). എങ്ങനെയാണ് ഞങ്ങള്‍ കഴിഞ്ഞുപോവുക? ജാഥയെക്കുറിച്ച് കേട്ടപ്പോള്‍ എന്തുവന്നാലും അതില്‍ പങ്കെടുക്കണമെന്ന് ഞാന്‍ തീരുമാനിക്കുകയായിരുന്നു.”

സി ബി എസ് ചൌക്കില്‍ ഉച്ചയ്ക്ക് 1 മണിക്ക് എത്തിയപ്പോള്‍ ചെറിയ ആള്‍ക്കൂട്ടമേ ഉണ്ടായിരുന്നുള്ളൂ. പതുക്കെ നിറയെ കര്‍ഷകരുമായി ജീപ്പുകളെത്താന്‍ തുടങ്ങി. തെരുവ് മുഴുവന്‍ സിപിഎമ്മിന്റെ ചുവന്ന കൊടികളും തൊപ്പികളും നിറഞ്ഞു. കടുത്ത ചൂട് തടയാന്‍ ചിലര്‍ തൂവാലയെടുത്ത് നെറ്റിയില്‍ കെട്ടി, സ്ത്രീകള്‍ സാരിത്തലപ്പുകൊണ്ട് തലമൂടി. ഒരാഴ്ച്ചത്തെ യാത്രക്കായി മിക്കവരും പ്ലാസ്റ്റിക് തോള്‍ സഞ്ചികളില്‍ തുണിയും ഗോതമ്പും അരിയും ബാജ്രയും കരുതിയിട്ടുണ്ട്.

ഉച്ചതിരിഞ്ഞ് 2.30 ആയതോടെ ആളുകള്‍ സഞ്ചിയില്‍ നിന്നും പത്രക്കടലാസില്‍ പൊതിഞ്ഞ ചപ്പാത്തിയും കറിയുമെടുത്തു. ഉച്ചഭക്ഷണത്തിനായി അവര്‍ വഴിയിലിരുന്നു. അടുത്ത് മറ്റ് ആദിവാസി കര്‍ഷകര്‍ നേരം പോകാന്‍ അവരുടെ പരമ്പരാഗത പാട്ട് പാടുന്നു. നാസിക് ജില്ലയിലെ സുര്‍ഗന താലൂക്കിലെ പന്‍ഗാര്‍നെ ഗ്രാമത്തില്‍ നിന്നുള്ള ബാലു പവാര്‍, വിഷ്ണു പവാര്‍, യാവാജി പിതെ എന്നിവര്‍ ഒരു പരിപാടി അവതരിപ്പിക്കുകയാണ്. പോലീസ് വളഞ്ഞുനില്‍ക്കുന്ന വഴിയിലിരുന്ന് ബാലു ഒരു തുന്‍തുന വായിക്കുന്നു. വിഷ്ണു ദഫ്ലിയും യെവാജി സിംബലുമാണ് വായിക്കുന്നത്. “ഞങ്ങളുടെ ദൈവം ഖണ്ഡരായ്ക്കുള്ള ആദരവാണ്,” അവര്‍ പറഞ്ഞു.

അവര്‍ മൂന്നു പേരും കോലി മഹാദേവ് സമുദായത്തില്‍ നിന്നുതന്നെയാണ്. വഖാരെയുടെ അതേ പരാതികള്‍ത്തന്നെയാണ് ഇവര്‍ക്കും. “ഞാന്‍ അഞ്ചേക്കര്‍ നിലമുഴുന്നുണ്ട്,” വിഷ്ണു പറഞ്ഞു. “സാങ്കേതികമായി അതെന്റെയാണ്. പക്ഷേ എനിക്കു തോന്നുന്നത് ഞാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ദയയിലാണ് എന്നാണ്. അവര്‍ക്കെന്നെ എപ്പോള്‍ വേണമെങ്കിലും വന്നു കുടിയിറക്കാം. അടുത്തുള്ള ഗ്രാമത്തില്‍ നെല്‍ക്കൃഷി നടത്തിയ ചിലയിടങ്ങളില്‍ അധികൃതര്‍ വന്നു മരം നട്ടുപോയി. അടുത്തത് ഞങ്ങളാണ്.”

വളരെ അകലെ നിന്നാണ് സന്‍ജയ് ബോരാസ്ത്തെയും ജാഥയ്ക്കെത്തിയത്. നാസിക്കില്‍ നിന്നും 26 കിലോമീറ്റര്‍ അകലെ ഡിണ്ടോരി താലൂക്കിലുള്ള ഡിണ്ടോരി ഗ്രാമത്തില്‍ നിന്നുമാണ് അയാള്‍ വരുന്നത്. അയാള്‍ക്ക് 8 ലക്ഷത്തിനുമേലെ കടമുണ്ട്. “സര്‍ക്കാര്‍ വായ്പ എഴുതിത്തള്ളല്‍ പ്രഖ്യാപിച്ചപ്പോള്‍ രക്ഷപെട്ടു എന്ന് ഞാന്‍ കരുതി. പക്ഷേ 1.5 ലക്ഷം എന്ന പരിധി ഏര്‍പ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രി ക്രൂരമായ തമാശയാണ് കളിച്ചത്.” തന്റെ 2.5 ഏക്കറില്‍ ഈ മാസം മത്തങ്ങയാണ് 48-കാരനായ ബോരാസ്തേ കൃഷി ചെയ്തത്. “ഒരു കിലോയ്ക്ക് 2 രൂപയ്ക്ക് എനിക്കത് വില്‍ക്കേണ്ടിവന്നു. വിലയാകെ ഇടിഞ്ഞിരിക്കുന്നു. മത്തങ്ങയാണെങ്കില്‍ കേടുവന്നുപോവും.”

കുറഞ്ഞ താങ്ങുവില, വായ്പ എഴുതിത്തള്ളല്‍, ആശ്രയിക്കാവുന്ന ജലസേചനം തുടങ്ങി സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ മറാത്ത് വാഡയില്‍ നിന്നുള്ള കര്‍ഷകര്‍ ആവശ്യപ്പെടുന്നു. നാസിക്കില്‍ ഒത്തുകൂടിയവരില്‍ പലര്‍ക്കും ഈ ആവശ്യങ്ങള്‍ പ്രധാനമാണ്, എന്നാലവരുടെ പ്രധാന ആവശ്യം ഭൂമിയുടെ അവകാശമാണ്. ജാഥ പുരോഗമിക്കുന്തോറും കര്‍ഷകരുടെ ആവശ്യങ്ങള്‍ കൂടുതല്‍ വിപുലമാകും.

ഉച്ചതിരിഞ്ഞ് 3 മണിയോടെ സംഘാടകര്‍ ജാഥയെ അഭിസംബോധന ചെയ്യാന്‍ തൂടങ്ങി. 4 മണിയോടെ ആയിരക്കണക്കിനാളുകള്‍ ചടുലമായി നാസിക്-ആഗ്ര ദേശീയപാതയിലേക്ക് നടക്കാന്‍ തുടങ്ങി. കയ്യിലൊരു ചെങ്കൊടിയുമേന്തി നൃത്തം ചെയ്തുകൊണ്ട് 60-കാരിയായ രുക്മാബായി ബെണ്ഡൂക്ക്ലെ ജാഥയുടെ മുന്നണിയിലുണ്ട്. ഡിണ്ടോരി താലൂക്കിലെ ഡോണ്ടെഗാവില്‍ നിന്നുള്ള കര്‍ഷകത്തൊഴിലാളിയാണ് രുക്മബായി. ആഴ്ച്ചയില്‍ മൂന്നു ദിവസം പണികിട്ടുന്ന അവര്‍ക്ക് ദിവസം 200 രൂപ കൂലി കിട്ടും. അതായത് 6 ദിവസം ഈ കാല്‍നടജാഥയില്‍ ചേരുമ്പോള്‍ വിലപ്പെട്ട 600 രൂപ നഷ്ടപ്പെടും എന്നര്‍ത്ഥം. “ഞാന്‍ കൃഷിയൊന്നും ചെയ്യുന്നില്ലെങ്കിലും എന്റെ ഗ്രാമത്തിലെ കൃഷിക്കാര്‍ക്ക് ഭൂമി നഷ്ടപ്പെട്ടാല്‍, ഞാനെവിടെ പണിയെടുക്കും?” അവര്‍ ചോദിക്കുന്നു. സര്‍ക്കാര്‍ വഴങ്ങുമോ എന്ന ചോദ്യത്തിന് “അവര്‍ക്ക് വേറെന്ത് വഴിയാണുള്ളത്” അവര്‍ ചിരിച്ചുകൊണ്ടു തിരിച്ചു ചോദിച്ചു.

ഇതുപോലുള്ള പ്രതിഷേധങ്ങള്‍ക്ക് സര്‍ക്കാരിന്റെ മേല്‍ സ്വാധീനമുണ്ടെന്ന് നവാലെ പറയുന്നു. “ഞങ്ങള്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നു. നിരവധി ഉപാധികളോടെയാണെങ്കിലും സര്‍ക്കാരിന് കുറച്ചു വായ്പകള്‍ എഴുതിത്തള്ളേണ്ടിവന്നു. ഞങ്ങളതിനെ കൊള്ളയടിച്ചത് തിരിച്ചു തരുന്നു എന്നാണ് പറയുക. ഞങ്ങളുടെ മുന്‍ തലമുറകളെ വര്‍ഷങ്ങളായി സര്‍ക്കാരുകള്‍ കൊള്ളയടിക്കുകയും ചൂഷണം ചെയ്യുകയുമാണ്. ഞങ്ങള്‍ ഓരോ അടിയുമായാണ് മുന്നോട്ട് വെക്കുന്നത്.”

വഴിയില്‍ സംഘാടകര്‍ തയ്യാറാക്കിയ വെള്ളം നിറച്ച വണ്ടികളില്‍ നിന്നും കര്‍ഷകര്‍ തങ്ങളുടെ പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം നിറച്ചു. അഞ്ചു മണിക്കൂര്‍ യാത്രയ്ക്ക് ശേഷം രാത്രി 9 മണിയോടെ എത്തേണ്ട, അന്നത്തെ രാത്രി താവളമായ റായ്ഗഡ് നഗറിലേക്കുള്ള വഴിയില്‍ ഇവിടെ മാത്രമാണ് ജാഥ അല്പനേരം നില്‍ക്കുന്നത്. വാല്‍ദേവി അണക്കെട്ടില്‍ നിന്നും അകലെയല്ലാത്ത റായ്ഗഡ് നഗറില്‍ തുറന്ന ആകാശത്തിന് കീഴില്‍ അവരാ രാത്രി കഴിക്കും.

അത്താഴത്തിന് ശേഷം – അതും അവര്‍ സഞ്ചിയില്‍ കൊണ്ടുവന്നിരുന്നു, ചപ്പാത്തിയും കറിയും- ജാഥയ്ക്കൊപ്പമുള്ള ട്രക്കിലെ ഉച്ചഭാഷിണിയിലൂടെ ചില കര്‍ഷകര്‍ പാട്ടുപാടാന്‍ തുടങ്ങി. ഇരുട്ടില്‍ നാടന്‍പാട്ടുകള്‍ മുഴങ്ങി. പരസ്പരം കൈകള്‍ പിറകിലേക്ക് ചേര്‍ത്തുപിടിച്ചു അര്‍ദ്ധവൃത്തത്തില്‍ അവരില്‍ പലരും കൂട്ടമായി നൃത്തം ചെയ്യാന്‍ തുടങ്ങി.

ഒരു കമ്പിളിക്കുള്ളില്‍ കയറിയ വഖാരെ അവരുടെ പ്രസരിപ്പില്‍ അത്ഭുതം കൊണ്ടു. “ഞാനാകെ തളര്‍ന്നു. എന്റെ കാലുകള്‍ വേദനിക്കുന്നു.” അടുത്ത ആറ് ദിവസം ഇങ്ങനെ നടക്കാന്‍ കഴിയുമോ? “തീര്‍ച്ചയായും,” അയാള്‍ പറഞ്ഞു. “ഇപ്പോള്‍ ഞാന്‍ ഉറങ്ങട്ടെ.”

സികാര്‍ കാര്‍ഷിക പ്രക്ഷോഭം: രാജസ്ഥാനില്‍ സിപിഎം ചെങ്കടല്‍ തീര്‍ക്കുന്നതെങ്ങനെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍