UPDATES

കായികം

ഓസ്ട്രേലിയxഇന്ത്യ ഏകദിനം; ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി

Avatar

ഉണ്ണികൃഷ്ണന്‍ ആര്‍

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോല്‍വി. വെസ്റ്റേണ്‍ ഓസ്‌ട്രേലിയ ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 5 വിക്കറ്റിനാണ് സ്റ്റീവന്‍ സ്മിത്തിന്റെ കംഗാരു കൂട്ടം ഇന്ത്യന്‍ പുലികളുടെ കഥ കഴിച്ചത്. അഞ്ചു മത്സര പരമ്പരയില്‍ ഇതോടെ ഓസ്‌ട്രേലിയ 1-0 ന് മുന്നിലെത്തി. റണ്‍ മഴ കണ്ട മത്സരത്തില്‍ ആകെ 3 സെഞ്ച്വറികള്‍ പിറന്നു. ഓസ്‌ട്രേലിയക്കായി ജോര്‍ജ് ബെയ്‌ലി, ക്യാപ്റ്റന്‍ സ്മിത്തും ഇന്ത്യക്കായി ഓപണര്‍ രോഹിത്ശര്‍മ്മയും മൂന്നക്കം കണ്ടെത്തി. സ്‌കോര്‍ ഇന്ത്യ 309-3 50 ഓവറില്‍, ഓസ്‌ട്രേലിയ 310-5 49.2 ഓവറില്‍.മുന്‍ ക്യാപ്റ്റന്‍ കൂടിയായ ബെയ്‌ലിയുടെയും (112), നായകന്‍ സ്മിത്തിന്റെയും(149) ശതകങ്ങളാണ് ഓസ്ട്രലിയന്‍ വിജയം അനായാസമാക്കിയത്.

ടോസ് നേടി ആദ്യം ബാറ്റുചെയ്യാന്‍ തീരുമാനിച്ച മഹേന്ദ്ര സിംഗ് ധോണിയുടെ തീരുമാനം ശരിയാണ് എന്ന് തെളിയിക്കുന്ന വിധമായിരുന്നു ഇന്ത്യയുടെ തുടക്കം. കരുതലോടെ തുടങ്ങിയ ഇന്ത്യന്‍ ഓപ്പണിംഗ് ജോഡികളായ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ആദ്യ പത്തോവറില്‍ വിക്കറ്റുവീഴാതിരിക്കുവാന്‍ ശ്രമിക്കുന്നത് വ്യക്തമായി കാണാമായിരുന്നു. സ്‌കോര്‍ 36ല്‍ നില്‍ക്കെ ഹാസല്‍വുടിനെ ഹുക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ലോങ്ങ് ലെഗ്ഗില്‍ മിച്ചെല്‍ മാര്‍ഷിനു ക്യാച്ച് സമ്മാനിച്ച് ധവാന്‍ മടങ്ങി. 22 പന്തില്‍ 9 റണ്‍സ് മാത്രമാണ് ഇന്ത്യന്‍ താരത്തിനു നേടാനായത്. ധവാന്റെ പുറത്താകലിനു ശേഷമെത്തിയ ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ കോഹ്ലി, രോഹിതിനു ചേര്‍ന്ന കൂട്ടാളിയായി മാറുന്നതാണ് പിന്നീട് കണ്ടത്. റണ്‍ നിരക്ക് നിലനിര്‍ത്തുന്നതില്‍ ശ്രദ്ധിച്ച ഈ കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ 37.5 ഓവറില്‍ 207 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ഫോക്‌നറിനെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തിനിടയില്‍ 45മത്തെ ഓവറില്‍ കോഹ്ലി ലോങ്ങ് ഓണില്‍ ഫിന്‍ച് പിടിച്ചു പുറത്തായി. സെഞ്ച്വറിക്ക് ഒന്‍പത് റണ്‍സ് അകലെ ഇന്ത്യന്‍ ഉപനായകന്‍ പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 243. പിന്നീടെത്തിയ നായകന്‍ ധോണി 13 പന്തില്‍ 18 റണ്‍സെടുത്ത് പുറത്തായി.

വിക്കറ്റുകള്‍ ഒരുവശത്ത് വീഴുമ്പോഴും മറുവശത്ത് സംഹാര താണ്ഡവമാടുകയായിരുന്നു രോഹിത് ശര്‍മ്മ. ഓസ്‌ട്രേലിയക്കെതിരായ മികച്ച ഫോം തുടര്‍ന്ന രോഹിത് ഓസ്‌ട്രേലിയയില്‍ ഒരിന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറും തന്റെ പേരിലാക്കി ഈ മത്സരത്തിലൂടെ. പതിവ് ശൈലിയില്‍ കരുതലോടെ തന്റെ ബാറ്റിങ്ങിനെ സമീപിച്ച ശര്‍മ്മ ഇന്നിങ്ങ്‌സ് പുരോഗമിക്കുംപോഴേക്കും കത്തികയറുകയായിരുന്നു.

63 പന്തില്‍ അര്‍ദ്ധശതകം തികച്ച രോഹിത് പിന്നീടങ്ങോട്ട് തന്റെ ‘ഗിയര്‍’ മാറ്റുന്നതിനാണ് പെര്‍ത്ത് സാക്ഷ്യം വഹിച്ചത്. സൗത്ത് ആഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം സ്‌കോറുകള്‍ തന്റെ ഫോമിനു മങ്ങലേല്പിച്ചിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു ഈ മുംബൈ താരത്തിന്റെ ഇന്നത്തെ പ്രകടനം. 163 പന്തില്‍ പുറത്താകാതെ 171 റണ്‍സ് നേടിയ രോഹിത്തിന്റെ ഇന്നിങ്ങ്‌സിനു കൂട്ടായി 13 ഫോറും 7 അംബര ചുംബികളായ സിക്‌സറുകളും ഉണ്ടായിരുന്നു. ഇതോടെ ഓസ്‌ട്രേലിയയില്‍

ആതിഥേയര്‍ക്കെതിരെ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറും രോഹിറ്റ് തന്റെ പേരിലാക്കി. വിവ് റിച്ചാര്‍ഡ്‌സിന്റെ (153*) പേരിലായിരുന്നു ഈ റെക്കോര്‍ഡ്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന്റെ തുടക്കം തന്നെ പാളി. സ്‌കോര്‍ ബോര്‍ഡില്‍ 21 റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ടു വിലപ്പെട്ട വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. ഫോമിലുള്ള ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ അഞ്ചുറണ്‍സ് എടുത്തും മറ്റൊരു ഓപ്പണറായ ആരോണ്‍ ഫിന്‍ച് 8 റണ്‍സോടെയും പവലിയനിലേക്ക് മടങ്ങി. ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച പഞ്ചാബ് താരം ബരീന്ദര്‍ സ്രാനിനാണ് രണ്ടു വിക്കറ്റും.

മൂന്നാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ബെയ്‌ലി സ്മിത്ത് കൂട്ടുകെട്ട് ഇന്ത്യയുടെ വിജയ മോഹങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ പടര്‍ത്തി. സ്പിന്നിനെ തിരഞ്ഞെടുത്ത് ആക്രമിക്കുന്നതില്‍ വിരുതു കാട്ടിയ ഈ കൂട്ടുകെട്ട് മൂന്നാം വിക്കറ്റില്‍ 242 റണ്‍സ് കൂടിചേര്‍ത്തതിനു ശേഷമാണ് മടങ്ങിയതു. 135 പന്തില്‍ 11 ഫോറും 2 സിക്‌സും അടങ്ങുന്നതാണ് സ്മിത്തിന്റെ 149 റണ്‍സ്. ബെയ്‌ലിയുടെ 112 റണ്‍സിനു മാറ്റുകൂട്ടുവാന്‍ 7 ഫോറും 2 സിക്‌സും കൂട്ടായുണ്ട്. കളിയുടെ അവസാന ഘട്ടത്തില്‍ പുറത്തായ ഇരുവരും മത്സരം ഇന്ത്യയുടെ പക്കല്‍ നിന്നും തട്ടി അകറ്റിയതിനു ശേഷമാണ് കളം വിട്ടത്. ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിതാണ് കളിയിലെ താരം. ഇന്ത്യക്കായി സ്രാന്‍ മൂന്നും അശ്വിന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. പേരുകേട്ട ഇന്ത്യന്‍ സ്പിന്നേര്‍സിനു അവസരത്തിനൊത് ഉയരാന്‍ സാധികാതെ പോയതു ഇന്ത്യക്കു വിനയായി. ഏകദിന ടീമിലേക്ക് മടങ്ങിയെത്തിയ രവിന്ദ്ര ജടെജ 9 ഓവറില്‍ 61ഉം അശ്വിന്‍ 9 ഓവറില്‍ 68 ഉം റണ്‍സ് വഴങ്ങി. പരമ്പരയിലെ അടുത്ത മത്സരം വെള്ളിയാഴ്ച ബ്രിസ്‌ബേനില്‍ നടക്കും.

(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍