UPDATES

‘പാണ്ടിലോറി’കളിൽ കേറി തമിഴകം കേരളത്തിലേക്ക്; ഈ അൻപിനെ സ്വീകരിക്കാൻ മലയാളികൾക്ക് ബാധ്യതയുണ്ട്

വടനാട്ടുകാരുടെ തെന്നിന്ത്യൻ വിരോധത്തോട് സുന്ദരമായി മറുപടി നൽകുക കൂടിയാണ് തമിഴകം എന്നുറപ്പിക്കാൻ മടിക്കേണ്ടതില്ല.

മധുരൈയിലെ ഭരണകൂട പിന്തുണയുള്ള ശൈവമതക്കാരുമായി കലാപമുണ്ടാക്കി മുചിറിപ്പട്ടണത്തിലേക്ക് പലായനം ചെയ്ത ജൈന നായിക കണ്ണകി ഇന്ന് കൊടുങ്ങല്ലൂരിന് ദേവതയാണ്. ഇന്നത്തെ കേരളത്തിലുള്ള മുചിറിപ്പട്ടണത്തിലും മറ്റു പ്രദേശങ്ങളിലുമാണ് സംഘം കൃതികളിൽ വലിയ ഭാഗവും എഴുതപ്പെട്ടത്. മലയാള ഭാഷയ്ക്ക് ഏറ്റവും അടുപ്പമുള്ളത് തമിഴിനോടാണ്. പറയുന്നതേറെയും തമിഴായിരുന്നിട്ടും തങ്ങൾക്കുള്ളത് സംസ്കൃതപാരമ്പര്യമാണെന്ന് വരുത്തിത്തീർക്കാൻ പെടാപ്പാടു പെടുന്നവരാണ് മലയാളികൾ. വലിയൊരു പാരമ്പര്യത്തിന്റെ അവകാശികളായിട്ടും അതൊന്നും തങ്ങളുടേതല്ലെന്ന് പറയാൻ മലയാളിയെ പ്രേരിപ്പിക്കുന്ന ഘടകം തമിഴിനോടുള്ള ‘സംസ്കൃതജന്യമായ’ പുച്ഛമാണ്. വ്യാജമായി സൃഷ്ടിച്ചെടുത്ത ഈ ചരിത്രപരമായ പ്രതിച്ഛായയിലാണ് നമ്മുടെയെല്ലാം പൊങ്ങച്ചങ്ങൾ പ്രളയത്തിലെ വാഴത്തടി പോലെ പൊങ്ങിക്കിടന്ന് ആലോലമാടുന്നത്. നമുക്ക് നമ്മുടെ വേരുകളറിയില്ലെങ്കിലും തമിഴകത്തിന് അത് നന്നായറിയാം. പ്രതിസന്ധികളിൽ നമ്മെ സഹായിക്കാൻ ആരുടെയും ആഹ്വാനമില്ലാതെ അവരെത്തും. സഹായങ്ങൾ ചൊരിയാൻ സർക്കാരിനെ കാത്തുനിൽക്കുകയില്ല

നാടുവാഴിക്കാലത്തും ബ്രിട്ടീഷ് കാലത്തും പലവിധമായ മാറ്റങ്ങൾക്കു വിധേയമായി രൂപപ്പെട്ട ഇന്നത്തെ ഭൂമിശാസ്ത്രപരമായ വരമ്പുകൾ തമിഴകത്തെ തമിഴ്നാടെന്നും കേരളമെന്നും വിഭജിക്കുന്നതിനു മുമ്പത്തെ കാലം തമിഴരുടെ അബോധത്തിലെങ്കിലും മായാതെ കിടക്കുന്നുണ്ട്. ഒരേ മൂലഭാഷയിൽ നിന്നും മൂലസംസ്കാരത്തിൽ നിന്നും പിരിഞ്ഞുപോയ രണ്ടുകൂട്ടരാണെന്ന ബോധം അവർ സൂക്ഷിക്കുന്നുണ്ട്. തമിഴിൽ നിന്നും വേറിട്ട ഒരു സ്വത്വം നിർമിച്ചെടുക്കുന്നതിൽ ആണ്ടുമുഴുകിയ മലയാളികൾ ഈ വസ്തുത മനപ്പൂർവ്വം മറന്നു. പത്തെഴുന്നൂറാണ്ടുകൾക്കപ്പുറം നമുക്കൊരു സംസ്കാരമില്ലെന്നു പോലും പറയാൻമാത്രം നാണമില്ലാത്തവരായി നമ്മൾ.

കേരളത്തിൽ പ്രളയക്കെടുതിയുണ്ടായപ്പോൾ തമിഴകത്തെ ജനങ്ങളാണ് ഏറ്റവും വൈകാരികമായ പ്രതികരണങ്ങളുമായി എത്തിയത്. നാണയക്കുടുക്കകൾ പൊട്ടിച്ചും ചികിത്സയ്ക്കായി സ്വരൂപിച്ച പണത്തിൽ നിന്നൊരു വിഹിതം നൽകിയുമെല്ലാം കുട്ടികൾ പോലും സഹായവുമായെത്തി. എത്ര വൈകാരികമായി കേരളത്തിന്റെ ദുരിതത്തെ അവരേറ്റെടുത്തു എന്നതിനുദാഹരണമാണ് ഈ സംഭവങ്ങളെല്ലാം.

സംവിധായകനും നടനുമായ രാഘവാ ലോറൻസിന്റെ സംഭാവന നൽകൽ ഏറെ വൈകാരികത നിറഞ്ഞ ഒന്നായി മാറി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയാണ് രാഘവ പണം കൈമാറിയത്. തന്റെ അമ്മയെയും അദ്ദേഹം കൂടെ കൂട്ടിയിരുന്നു. ഒരു കോടിയുടെ ചെക്കാണ് രാഘവ കൈമാറിയത്.

കേരളത്തെക്കാൾ വലിയ വ്യവസായമാണ് തമിഴ് സിനിമ എന്നൊക്കെ പറയാമെങ്കിലും മറ്റൊരു സംസ്ഥാനത്തുണ്ടായ കെടുതിയിലേക്ക് അവർ നൽകിയ സംഭാവനകളെ അങ്ങനെ വിലയിരുത്തുന്നത് ശരിയാകില്ല. വ്യവസായത്തിന്റെ വലിപ്പം കൊണ്ടല്ല മനസ്സിന്റെ വലിപ്പം കൊണ്ടാണ് ഇവരെല്ലാം പണം നൽകിയതെന്ന് സുവ്യക്തമാണ്. കായൽ കയ്യേറി വീടുണ്ടാക്കി മാതൃക കാണിക്കുന്ന നമ്മുടെ സാമൂഹ്യപ്രവർത്തകരായ നടീനടന്മാർ‌ ഈ മനോഭാവത്തിലേക്ക് വളരാൻ ഇനിയും കാലമെടുക്കും. നൽകുന്ന പത്ത് രൂപയ്ക്കൊപ്പം ദുരിതാശ്വാസ ക്യാമ്പുകളിൽ പതിനായിരത്തിന്റെ ഷോ കളിച്ച് പിൻവാങ്ങുന്നവരാണ് അവരിൽപ്പലരും. ടോവിനോയെപ്പോലെ വ്യത്യസ്തരായ ചിലരുള്ളത് കാണാതെയല്ല ഈപ്പറയുന്നത്.

70 ലക്ഷം രൂപയാണ് നടൻ വിജയ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. നടൻ സൂര്യ 25 ലക്ഷം സഹായധനം നൽകി. നടനും മക്കൾ നീതി മയ്യം നേതാവുമായ കമലഹാസൻ നൽകിയത് 25 ലക്ഷം രൂപയാണ്.

കേരളത്തിൽ ആരാധകരുള്ള നടന്മാരുടെ സംഭാവനകൾ ഒഴിച്ചുനിറുത്തിയാലും തമിഴകത്തിന്റെ സ്നേഹപ്രകടനങ്ങൾ അതിരറ്റതാണെന്ന് കാണാം. തമിഴ്നാട് കൗണ്ടംപാളയം എംഎൽ‌എ ആറുക്കുട്ടി 16,000 കിലോ അരിയാണ് കേരളത്തിലെത്തിച്ചത്. 25 കിലോ അരി വീതം നിറച്ച 640 ചാക്കുകളാണ് ജയലളിതയുടെ ചിത്രമുള്ള ഫ്ലക്സ് പതിച്ച പാണ്ടിലോറിയിൽ കയറിയെത്തിയത്. ഇതിൽ ധാരാളം വസ്ത്രങ്ങളും അവരെത്തിച്ചിരുന്നു. ചെന്നൈ വെള്ളപ്പൊക്ക ദുരിതകാലത്ത് കേരളത്തിൽ നിന്നെത്തിയ സഹായങ്ങൾക്കുള്ള മറുപടി കൂടിയായിരുന്നു അത്.

നാങ്കുനേരി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ്സ് എംഎൽഎ എ വസന്തകുമാർ 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് രണ്ടുദിവസം മുമ്പാണ്.

ഏറ്റവുമൊടുവിൽ വരുന്ന വാർത്ത ഏറെ ആഹ്ലാദത്തിന് വക നൽകുന്നതാണ്. തമിഴ്നാട്ടിലെ എല്ലാ സർക്കാർ ജീവനക്കാരും ഒരു ദിവസത്തെ ശമ്പളം കേരളത്തിന് നൽകുമെന്നാണ് പ്രഖ്യാപനം, തമിഴ്നാട് ഗവൺമെന്റ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഈ സംഭാവന പിരിവ് നടക്കുക. 200 കോടി രൂപയുടെ സഹായം തമിഴകത്തെ സർക്കാരുദ്യോഗസ്ഥർ വഴി മാത്രം ലഭിക്കും. നേരത്തെ 4000 കിലോഗ്രാം അരിയും അവശ്യവസ്തുക്കളും ഇവരെത്തിച്ചിരുന്നു. ബെഡ്ഷീറ്റുകളും സാരികളുമെല്ലാം അക്കൂട്ടത്തിൽ എത്തിയിരുന്നു.

പാലക്കാടൻ ചുരത്തിലൂടെയും, പുനലൂർ ചെങ്കോട്ട വഴിയും വണ്ടിപ്പെരിയാർ വഴിയുമെല്ലാമുള്ള സഹായങ്ങൾ ഇപ്പോഴും നിലച്ചിട്ടില്ല. ഈ അയൽപ്പക്ക സ്നേഹത്തിൽ തമിഴകത്തിന് പറയാനുള്ളതെല്ലാം അടങ്ങിയിട്ടുണ്ട്. അതിൽ അൽപക്കസ്നേഹവും മനുഷ്യസ്നേഹത്തിലൂന്നിയ രാഷ്ട്രീയവുമെല്ലാം അടങ്ങിയിരിക്കുന്നു. ഇന്ന് മലയാളികൾ ‘ബംഗാളീ’ എന്നു വിളിക്കുന്ന അതേ മനോഭാവത്തോടെ ‘അണ്ണാച്ചീ’ എന്ന് തമിഴരെ വിളിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അവരുടെ തൊലിക്കറുപ്പിനെ കേരളത്തിലെ ഇരുണ്ട തൊലിയുള്ള ഭൂരിപക്ഷം പോലും കളിയാക്കി. വീടുകളിൽ വിറകു വെട്ടിയും കുപ്പ കോരിയും ഇരുമ്പും തകരവും പെറുക്കിയും പരിഹാസങ്ങൾക്ക് വിധേയരായി കഴിഞ്ഞിരുന്ന ആ മനുഷ്യരെ മലയാളികൾ മറന്നിരിക്കാം. തമിഴകം മറന്നിട്ടുണ്ടെന്ന് കരുതാമോ? അവർ പകരമായി നമുക്ക് സ്നേഹം നൽകുകയാണ്. വാങ്ങാൻ നമ്മൾ ബാധ്യസ്ഥരാണ്.

വടനാട്ടുകാരുടെ തെന്നിന്ത്യൻ വിരോധത്തോട് സുന്ദരമായി മറുപടി നൽകുക കൂടിയാണ് തമിഴകം എന്നുറപ്പിക്കാൻ മടിക്കേണ്ടതില്ല. അരസിയൽ (രാഷ്ട്രീയം) പേശുന്നതിൽ മലയാളികളെക്കാൾ അരസിയൽവാദികളാണ് തമിഴർ. വടക്കേ ഇന്ത്യ ദക്ഷിണേന്ത്യയോട് ചെയ്യുന്ന കെട്ട വേലകൾക്കുള്ള മറുപടികൂടിയാണ് തമിഴകത്തിന്റെ ഈ സംഭാവനകൾ.

മുല്ലപ്പെരിയാർ അണക്കെട്ടിനെ ഇതിനിടയിൽ കൂട്ടിക്കുഴയ്ക്കരുതെന്ന അഭ്യര്‍ത്ഥന കൂടിയുണ്ട് തമിഴ്നാട് ജനതയുടെ ഈ പെരുമാറ്റത്തിലെന്നു കാണാം. പിജെ ജോസഫിന്റെ കാലത്ത് വകതിരിവില്ലാത്ത രാഷ്ട്രീയ നേതൃത്വം കാണിച്ച മണ്ടത്തരം മൂലമുണ്ടായ പ്രശ്നങ്ങളല്ലാതെ ഇരുനാടുകളും തമ്മിൽ ഒരുകാലത്തും പ്രശ്നങ്ങളുണ്ടായിട്ടില്ല. അന്തസ്സ് വിട്ട് പെരുമാറിയിട്ടില്ലാത്ത കേരളത്തോട് അങ്ങനെ മാത്രമേ തമിഴ്നാടും പെരുമാറിയിട്ടുള്ളൂ. വെള്ളം നൽകുന്നതിൽ കേരളത്തിന് മടിയൊന്നുമില്ലെന്ന് തമിഴർക്കറിയാം. ഇക്കാരണത്താൽ തന്നെ കർണാടകത്തോടുള്ള അത്രയും പ്രശ്നങ്ങൾ കേരളത്തോട് അവർക്കില്ല. തങ്ങളെ വെള്ളം തന്ന് പോറ്റുന്നവരോട് ഇത്രയെങ്കിലും അനുതാപത്തോടെ പെരുമാറാതിരിക്കാൻ തമിഴർക്കാകില്ല.

Avatar

വാനവരമ്പന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍