UPDATES

ട്രെന്‍ഡിങ്ങ്

തൊഴിലുറപ്പ് പദ്ധതിയില്‍ ഈ വര്‍ഷം ഏറ്റവും കുറഞ്ഞ കൂലിവര്‍ദ്ധന; കേരളത്തില്‍ വേതന വര്‍ദ്ധനവുണ്ടാകില്ല

കേരളമടക്കമുള്ള ആറ് സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും വേതനം ഇതേക്കാള്‍ കൂടിയതായതിനാല്‍, ഈ സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം വേതന വര്‍ദ്ധനവുണ്ടാകില്ല.

മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ 2019-20 വര്‍ഷത്തേയ്ക്ക് നല്‍കുന്നത് ഏറ്റവും കുറഞ്ഞ വേതന വര്‍ദ്ധന. കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം ഓരോ സംസ്ഥാനങ്ങളിലും തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്കുള്ള വേതനം സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. 2.16 ശതമാനം വേതന വര്‍ദ്ധനവാണ് 2019-20-ലേക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വേതന വര്‍ദ്ധനവാണ്.

കേരളമടക്കമുള്ള ആറ് സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും വേതനം ഇതിനേക്കാള്‍ കൂടിയതായതിനാല്‍, ഈ സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം വേതന വര്‍ദ്ധനവുണ്ടാകില്ല. കേരളത്തിലും കര്‍ണാടകയിലും പശ്ചിമ ബംഗാളിലും സമാനമായ അവസ്ഥയാണ്. ഹിമാചല്‍പ്രദേശിലും പഞ്ചാബിലും ഓരോ രൂപ വീതവും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രണ്ട് രൂപ വീതവുമാണ് വര്‍ദ്ധിക്കുക. 15 സംസ്ഥാനങ്ങളില്‍ പരമാവധി അഞ്ച് രൂപ മാത്രമാണ് കൂലി വര്‍ദ്ധിക്കുക.

ശരാശരി വേതന വര്‍ദ്ധന, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി താഴോട്ട് പോവുകയാണ്. 2018-19ല്‍ അത് 2.9 ശതമാനമാണ്. 2017-18ല്‍ ഇത് 2.7ഉം 2016-17ല്‍ ഇത് 5.7ഉം ആയിരുന്നു. 2010-11ന് ശേഷം വ്യക്തിയുടെ തൊഴില്‍ ദിവസങ്ങള്‍ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയ വര്‍ഷം തന്നെയാണ് ഏറ്റവും കുറഞ്ഞ വേതന വര്‍ദ്ധനവ് വന്നിരിക്കുന്നത്. മാര്‍ച്ച് 28 വരെയുള്ള കണക്ക് പ്രകാരം ഈ സാമ്പത്തികവര്‍ഷം 257 കോടി വ്യക്തിഗത തൊഴില്‍ദിനങ്ങളാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 233 ആയിരുന്നു. ഏറ്റവും കുറവ് തൊഴിലുറപ്പ് കൂലിയുള്ള സംസ്ഥാനങ്ങള്‍ ഝാര്‍ഖണ്ഡും ബിഹാറുമാണ് – 171 രൂപ. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും 176. ഏറ്റവും കൂടുതല്‍ കൂലി നല്‍കുന്ന സംസ്ഥാനം ഹരിയാനയാണ് – 284 രൂപ. കേരളമാണ് രണ്ടാം സ്ഥാനത്ത് – 271.

Also Read: 2.8 കോടി ഗ്രാമീണ സ്ത്രീകള്‍ക്ക് തൊഴില്‍ നഷ്ടമായി: ആറ് വര്‍ഷത്തെ കണക്കുമായി എന്‍എസ്എസ്ഒ റിപ്പോര്‍ട്ട്‌

തൊഴിലുറപ്പ് പദ്ധതിയുടെ വേതനം സംബന്ധിച്ച് മഹേന്ദ്ര ദേവ് കമ്മിറ്റി റിപ്പോര്‍ട്ട് മുന്നോട്ട് വച്ച നിര്‍ദ്ദേശം ധനമന്ത്രാലയം തള്ളിയതാണ് വേതന വര്‍ദ്ധന ഇങ്ങനെ കുറഞ്ഞിരിക്കുന്നതിന്റെ കാരണം എന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തൊഴിലുറപ്പ് വേതനം കര്‍ഷകതൊഴിലാളികളുടെ മിനിമം കൂലിയുമായി ബന്ധപ്പെട്ടും ഗ്രാമീണ ഉപഭോക്തൃ സംരക്ഷണ വിലയുമായി ബന്ധപ്പെട്ടും വാര്‍ഷിക പരിഷ്‌കരണം നടത്തണം എന്ന് മഹേന്ദ്രദേവ് കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു. നിലവിലെ സംവിധാനം 1983ലെ സ്ഥിതിഗതികള്‍ അനുസരിച്ചുള്ളതാണെന്നും ഇത് കാലഹരണപ്പെട്ടതാണെന്നും മഹേന്ദ്രദേവ് കമ്മിറ്റി വ്യക്തമാക്കിയിരുന്നു. എന്നാല്‍ മഹേന്ദ്രദേവ് കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിയ ശേഷം ഗ്രാമീണവികസന മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി നാഗേഷ് സിംഗിനെ അധ്യക്ഷനാക്കി മറ്റൊരു കമ്മിറ്റിയെ ഇത് സംബന്ധിച്ച് പഠിക്കുന്നതിനായി നിയോഗിച്ചു. ഈ കമ്മിറ്റി മഹേന്ദ്രദേവിന്റെ നിര്‍ദ്ദേശം മുന്നോട്ട് വച്ചിരുന്നില്ല. അതേസമയം വാര്‍ഷിക വേതന വര്‍ദ്ധന കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഈ നിര്‍ദ്ദേശവും ധനമന്ത്രാലയം തള്ളി.

2006-ല്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് പൊതുമിനിമം പരിപാടിയുടെ നയങ്ങളുടെ ഭാഗമായി വന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎന്‍ആര്‍ജി) പ്രകാരം ഗ്രാമങ്ങളില്‍ തൊഴില്‍ ആവശ്യമുള്ളവര്‍ക്ക് വര്‍ഷത്തില്‍ 100 ദിവസമാണ് തൊഴില്‍ നല്‍കുക. വരള്‍ച്ച, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങള്‍ അടക്കമുള്ളവയുടെ സാഹചര്യത്തില്‍ ഇത് 150 ദിവസമായി ഉയര്‍ത്തും. തൃണമൂല്‍ കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ തൊഴിലുറപ്പ് ദിനങ്ങള്‍ 200 ആക്കി ഉയര്‍ത്തുമെന്നും വേതനം ഇരട്ടിയാക്കുമെന്നുമാണ് വാഗ്ദാനം. ഏപ്രില്‍ രണ്ടിന് പുറത്തിറക്കാനിരിക്കുന്ന കോണ്‍ഗ്രസ് പ്രകടന പത്രികയിലും ഇത് സംബന്ധിച്ച് വാഗ്ദാനങ്ങള്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് അപര്യാപ്തമാണ് എന്ന വിമര്‍ശനം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വ്യാപകമായി ഉയര്‍ന്നിരുന്നു.

Also Read: ജാർഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തത് തൊഴിലുറപ്പ് പദ്ധതിയുടെ കരട് തയ്യാറാക്കിയ സാമ്പത്തിക ശാസ്ത്രജ്ഞനെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍