UPDATES

മതത്തിന്റെ അടിസ്ഥാനത്തിലാണോ ഭീകരവാദം നിര്‍ണയിക്കപ്പെടുക?

അറസ്റ്റിലായതിനു പിന്നാലെ പുരോഹിതിനെ സൈന്യത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു

2008 സെപ്റ്റംബര്‍ 29-ന് മഹാരാഷ്ട്രയിലെ മലേഗാവിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് ഏഴു പേരാണ്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. കേസ് ആദ്യം അന്വേഷിച്ചത് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡാണ്. അവര്‍ ഈ കേസില്‍ ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത്, സാധ്വി പ്രജ്ഞ സിംഗ് താക്കൂര്‍ എന്നിവര്‍ക്കെതിരെ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യം തടയല്‍ നിയമം (MCOCA) ചുമത്തി.

പിന്നീട് എന്‍ഐഎ കേസ് ഏറ്റെടുത്തു. 2016 മെയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ എന്‍.ഐ.എ സാധ്വി പ്രജ്ഞയ്ക്ക് ക്ലീന്‍ചീറ്റ് നല്‍കുകയും ലഫ്. കേണല്‍ പുരോഹിതിനെതിരെയുള്ള MCOCA പിന്‍വലിക്കുകയും ചെയ്തു. പുരോഹിതിനെതിരെയുള്ള തെളിവുകള്‍ അപര്യാപ്തമാണെന്നാണ് ഇതിന് എന്‍.ഐ.എ കാരണമായി ചൂണ്ടിക്കാട്ടിയത്. എന്നാല്‍ അദ്ദേഹത്തെ വിചാരണ ചെയ്യേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ എന്‍.ഐ.എയുടെ ഇപ്പോഴത്തെ നിലപാടാകട്ടെ, അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.

2000-ത്തിന്റെ തുടക്കം മുതല്‍ രാജ്യത്ത് ഒരു ഹിന്ദുത്വ തീവ്രവാദി സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന കണ്ടെത്തല്‍ തന്നെയായിരുന്നു ഈ കേസുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാന കാര്യം. ഹൈദരാബാദിലെ മെക്ക മസ്ജിദ്, മലേഗാവ്, സംഝോത എക്‌സ്പ്രസ് സ്‌ഫോടനങ്ങള്‍ തുടങ്ങി മുസ്ലീം ഭൂരിപക്ഷ മേഖലകളില്‍ അരങ്ങേറിയ സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ ആരാണെന്നുളളതിന് ഉത്തരം ലഭിച്ചത് അങ്ങനെയാണ്.

എന്നാല്‍ നരേന്ദ്ര മോദി ഭരണത്തില്‍ അതൊക്കെ വെറും നിഷ്ഫലമായിക്കൊണ്ടിരിക്കുകയാണ്. ഒരു പ്രൊഫഷണല്‍ അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തലുകള്‍ക്ക് ഒരു വിലയുമില്ലാതാകുന്ന അവസ്ഥ.

തിങ്കളാഴ്ച ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിതിന് ജാമ്യം അനുവദിച്ചപ്പോള്‍ സുപ്രീം കോടതി ചെയ്തത് ജാമ്യം ലഭിക്കാനുള്ള പുരോഹിതിന്റെ ഭരണഘടനാപരമായ അവകാശത്തെ ശരിവയ്ക്കുകയായിരുന്നു. എന്നാല്‍ ഈ ഉത്തരവിനപ്പുറമുള്ള ചില കാര്യങ്ങളുണ്ട്. ഹിന്ദുത്വ തീവ്രവാദി സംഘത്തെക്കുറിച്ചുള്ള കണ്ടെത്തലുകള്‍ എങ്ങനെയാണ് എന്‍.ഐ.എ നശിപ്പിച്ചത് എന്നതിന്റെ കാര്യങ്ങള്‍ കൂടി ഇവിടെ പ്രസക്തമാണ്.

അഭിനവ് ഭാരത്

എന്‍.ഐ.എ പറയുന്നത് സൈന്യത്തില്‍ കമ്മീഷന്‍ഡ് ഓഫീസറായിരിക്കുമ്പോഴാണ് 2006-ല്‍ ലഫ്. കേണല്‍ പുരോഹിത് അഭിനവ് ഭാരത് എന്ന സംഘടന രുപീകരിക്കുന്നത്. ഇത് സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. സംഘടന രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്റെ തൊഴിലായി പുരോഹിത് കാണിച്ചിരുന്നത് താനൊരു കൃഷിക്കാരന്‍ ആണെന്നായിരുന്നു.

“2008 ഏപ്രിലില്‍ ഭോപ്പാലില്‍ നടന്ന ഒരു രഹസ്യ യോഗത്തില്‍ വച്ചാണ് മുസ്ലീങ്ങള്‍ക്കെതിരെ പ്രതികാരം ചെയ്യാന്‍ മലേഗാവില്‍ സ്‌ഫോടനം നടത്തുന്നതിന് പുരോഹിത് തീരുമാനിക്കുന്നത്. 2008 ഓഗസ്റ്റില്‍ ഉജ്ജയിനില്‍ നടന്ന യോഗത്തില്‍ ഇപ്പോള്‍ ഒളിവിലുള്ള രാമചന്ദ്ര കല്‍സംഗ്രയ്‌ക്കൊപ്പം പുരോഹിത് പങ്കെടുത്തിരുന്നു. കേസിലെ മറ്റൊരു പ്രതി സുധാകര്‍ ധര്‍ ദ്വിവേദിയുടെ നിര്‍ദേശ പ്രകാരം ആര്‍.ഡി.എക്‌സ് സംഭരിക്കുന്ന കാര്യവും ഈ യോഗത്തില്‍ ചര്‍ച്ച ചെയ്തു”- കുറ്റപത്രത്തില്‍ പറയുന്നു.

എന്നാല്‍ പിന്നീട് എന്‍.ഐ.എ പറയുന്നത് ലഫ്. കേണല്‍ പുരോഹിതിന്റെ വീട്ടില്‍ ആര്‍.ഡി.എക്‌സ് വച്ചത് മഹാരാഷ്ട്ര ഭീകരവിരുദ്ധ സംഘമാണ് എന്നാണ്. പുരോഹിതിന്റെ പക്കല്‍ നിന്നു പിടിച്ചുവെന്ന് മഹാരാഷ്ട്ര എ.റ്റി.എസ് അവകാശപ്പെടുന്ന 70 കിലോ ആര്‍.ഡി.എക്‌സ് സൈന്യത്തിന്റെ കണക്കില്‍ ഉള്‍പ്പെടുന്നതാണെന്നും എന്‍.ഐ.എ പറയുന്നു.

ലഫ്. കേണല്‍ പുരോഹിതിന് ജാമ്യം ലഭിച്ചതില്‍ യാതൊരു ഗൂഡാലോചനയുമില്ലെന്നും സ്വാഭാവികമായ ജുഡീഷ്യല്‍ നടപടി ക്രമങ്ങള്‍ മാത്രമാണ് അതെന്നുമാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞത്.

നിരവധി ഹിന്ദുത്വ നേതാക്കള്‍ ഉള്‍പ്പെട്ട ഈ കേസില്‍ വെള്ളം ചേര്‍ക്കാന്‍ 2014-ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം തനിക്ക് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് എന്‍.ഐ.എയുടെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന രോഹിണി സല്യാന്‍ വെളിപ്പെടുത്തിയതും ഏറെ വിവാദമായിരുന്നു. ലഫ്. കേണല്‍ പുരോഹിതിന്റെ ജാമ്യ വാര്‍ത്ത കേട്ട ശേഷം അവര്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചത് ഇങ്ങനെയാണ്: “ഈ രാജ്യത്തെ ദൈവം രക്ഷിക്കട്ടെ”.

അറസ്റ്റിലായതിനു പിന്നാലെ പുരോഹിതിനെ സൈന്യത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സുപ്രീം കോടതിയുടെ ജാമ്യ ഉത്തരവ് പരിശോധിച്ചതിനു ശേഷം പുരോഹിതിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യം പരിശോധിക്കുമെന്ന് സൈന്യം വ്യക്തമാക്കി. “ജാമ്യ ഉത്തരവ് ലഭിച്ചതിനു ശേഷം പുരോഹിതിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണോ അതോ സര്‍വീസില്‍ തിരികെ പ്രവേശിപ്പിക്കണോ എന്ന കാര്യം തീരുമാനിക്കും. അതുവരെ അദ്ദേഹം ഓപണ്‍ അറസ്റ്റിിലായിരിക്കും. അതായത്, ഒരു യൂണിറ്റില്‍ പുരോഹിതിനെ ഉള്‍പ്പെടുത്തുകയും യൂണിഫോം ധരിക്കാന്‍ അനുവദിക്കുകയും ചെയ്യും”- ആര്‍മി വൃത്തങ്ങള്‍ വ്യക്തമാക്കി. മറ്റു ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ജാമ്യ ഉത്തരവ് ലഭിച്ചാലുടന്‍ പുരോഹിതിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുമെങ്കിലും പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങള്‍ ഒന്നും തത്കാലം നല്‍കില്ല എന്നാണ്.

2009 ജനുവരിയില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായെങ്കിലും ശമ്പളത്തിന്റെ 25 ശതമാനം അനുവദിക്കുന്നുണ്ട്. പുരോഹിത് പിന്നീട് ഇതിനെതിരെ ആംഡ് ഫോഴ്‌സസ് ട്രിബ്യൂണലിനെ സമീപിക്കുകയും 75 ശതമാനം ശമ്പളം നല്‍കാന്‍ ട്രിബ്യൂണല്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

പുരോഹിത് അറസ്റ്റിലായ സമയത്ത് പറഞ്ഞത് താന്‍ മിലിട്ടറി ഇന്റലിജന്‍സിന്റെ ഉത്തരവ് അനുസരിച്ച് അഭിനവ് ഭാരതില്‍ നുഴഞ്ഞു കയറുകയായിരുന്നു എന്നും തന്നെ ഏല്‍പ്പിച്ച ജോലി മാത്രമേ ചെയ്തുള്ളൂ എന്നുമാണ്. എന്നാല്‍ ഇത്തരത്തില്‍ യാതൊരു നിര്‍ദ്ദേശവും തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് മുതിര്‍ന്ന സൈനികോദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിരുന്നു. പുരോഹിതിന്റെ കേസുകള്‍ അടക്കമുള്ളവ നോക്കിയിരുന്നതും അഭിനവ് ഭാരത് ആയിരുന്നു. നാഥുറാം ഗോഡ്സെയുടെ സഹോദരന്‍ ഗോപാല്‍ ഗോഡ്സെയുടെ മകളും സവര്‍ക്കരിന്റെ മരുമകന്റെ ഭാര്യയുമായിരുന്ന ഹിമാനി സവര്‍ക്കര്‍ ആയിരുന്നു സംഘടനയുടെ നടത്തിപ്പ് ചുമതല.

ലഫ്. കേണല്‍ പുരോഹിത് അറസ്റ്റിലായി മാസങ്ങള്‍ക്കുള്ളിലാണ് മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കറെ മുംബൈ ഭീകരാക്രമണ സമയത്ത് കൊല്ലപ്പെടുന്നത്. ഹിന്ദുത്വ തീവ്രവാദി സംഘടാനകളുടെ പങ്കാളിത്തം പുറത്തുകൊണ്ടുവന്നത് കര്‍ക്കറെ നടത്തിയ അന്വേഷണത്തിലായിരുന്നു.

എന്നാല്‍ പ്രധാനപ്പെട്ട ഒരു ചോദ്യം ഉയരുന്നത് ഇവിടെയാണ്: ഭീകരവാദത്തെ കണക്കിലെടുക്കേണ്ടത് ഏതു മതവുമായി ചേര്‍ന്നു നില്‍ക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണോ? അതായത്, ഒരു ഇസ്ലാമിക് ഭീകരവാദിയെ ശിക്ഷിക്കുകയും ഒരു ഹിന്ദുത്വ ഭീകരവാദിയെ രക്ഷിക്കുകയും ചെയ്യുക എന്നതാണോ?

എന്തായാലും നാം ചിലതിന് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. ഭരണഘടനയെ അടിസ്ഥാനമാക്കിയുള്ള ഒരു സമൂഹം എന്ന നിലയില്‍ നിന്ന് നമ്മുടെ രാജ്യം വഴുതിവീണുകൊണ്ടിരിക്കുകയാണ്. മതഭ്രാന്തിന്റേയും വെറുപ്പിന്റെയും വിദ്വേഷ രാഷ്ട്രീയത്തിന്റെയും കുഴപ്പങ്ങള്‍ നിറഞ്ഞ ഒരു ലോകത്തേക്ക് നാം പതിയെ നടന്നു കയറിക്കൊണ്ടിരിക്കുകയാണ്. ആ ലോകത്ത്, ഏത് അന്വേഷണ ഏജന്‍സിയും, അത് ഏത് പേരില്‍ വിളിച്ചാലും, വിഷം തുപ്പുന്ന തങ്ങളുടെ രാഷ്ട്രീയ യജമാനന്മാരുടെ കാലാള്‍പ്പടകള്‍ മാത്രമായിരിക്കുകയും ചെയ്യുമെന്നും ഇപ്പോഴത്തെ സംഭവങ്ങള്‍ ഊട്ടിയുറപ്പിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍