UPDATES

പ്രതിസന്ധിയിലിടപെടാൻ കമൽനാഥും ആസാദും ബെംഗളൂരുവിലേക്ക്; മധ്യപ്രദേശിലും കുതിരക്കച്ചവടത്തിന് ബിജെപി ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ

കഴിഞ്ഞദിവസം നിയമസഭ സന്ദർ‌ശിച്ച സിന്ധ്യ കമൽനാഥുമായും സഭാംഗങ്ങളുമായും ചർച്ചകൾ നടത്തിയിരുന്നു.

കർണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ ഇടപെടാൻ കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് ബെംഗളൂരുവിലെത്തും. ഇന്നും നാളെയും ഇദ്ദേഹം നഗരത്തിലുണ്ടാകുമെന്നാണ് വിവരം. ഇദ്ദേഹത്തിനൊപ്പം കോണ്‍ഗ്രസ് ജനാറല്‍ സെക്രട്ടറി ഗുലാം നബി ആസാദും ഇന്ന് നഗരത്തിലെത്തുമെന്ന് റിപ്പോർട്ടുകള്‍.

കർണാടക നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടക്കാനുള്ള സാധ്യത കൂടി മുന്നിൽക്കണ്ടാണ് കമൽനാഥിനെ അയച്ചിരിക്കുന്നതെന്നാണ് വിവരം. വിമത എംഎൽഎമാരിലൊരാളായ എംടിബി നാഗരാജ് സിദ്ധരാമയ്യയെ നേരിൽക്കണ്ട് രാജി പിൻവലിക്കാനുള്ള സന്നദ്ധത അറിയിച്ചെന്ന റിപ്പോര്‍ട്ടുകൾക്കു പിന്നാലെയാണ് കമൽനാഥിന്റെ വരവ്. കോൺഗ്രസ് നേതാവ് ഡികെ ശിവകുമാർ നാഗരാജിന്റെ വീട് ഇന്ന് രാവിലെ സന്ദർ‌ശിക്കുകയും അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമം നടത്തുകയും ചെയ്തിരുന്നു.

ഇതിനിടെ സിപിഎം, കോണ്‍ഗ്രസ്, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികളിൽ നിന്നും 107 എംഎൽഎമാർ ബിജെപിയിലേക്ക് വരുമെന്ന് ബംഗാളിലെ ബിജെപി നേതാവ് മുകുൾ റോയ് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യപ്രദേശിൽ കർണാടകത്തേതിലേതിനു സമാനമായ സാഹചര്യം ഉണ്ടാകുന്നത് ഒഴിവാക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് തുടങ്ങിയിട്ടുള്ളതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. ഗോവയിൽ കുതിരക്കച്ചവടം വിജയകരമായി നടക്കുകയും സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന കോൺഗ്രസ് അഞ്ച് എംഎല്‍എമാരിലേക്ക് ചുരുങ്ങുകയും ചെയ്ത സാഹചര്യത്തിലാണിത്.

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ പതിനഞ്ചോളം എംഎൽഎമാരെ ബിജെപി ഇതിനകം ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ ഒരുമാസമായി സംസ്ഥാനത്ത് കുതിരക്കച്ചവടത്തിനുള്ള സാധ്യതകൾ ആരാഞ്ഞു വരികയാണ് ബിജെപിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

മധ്യപ്രദേശിൽ ചെറിയ ഭൂരിപക്ഷത്തിലാണ് സർക്കാർ നിലനിൽക്കുന്നത്. കോൺഗ്രസ്സിനെതിരെ മത്സരിച്ച് ജയിച്ച നാല് സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയും സർക്കാരിനുണ്ട്.

കർണാടകത്തിൽ ഡികെ ശിവകുമാറിന്റെ നേതൃത്വത്തിൽ അനുനയ നീക്കങ്ങൾ പുരോഗമിക്കുന്നതിനിടെ കൂടുതൽ എംഎൽഎമാർ സുപ്രീം കോടതിയിലേക്ക് നീങ്ങിയിട്ടുണ്ട്. രാജി അംഗീകരിക്കാൻ സ്പീക്കര്‍ക്ക് നിർദേശം നൽകണമെന്നാണ് ഇവരുടെ ആവശ്യം. രാമ ലിംഗ റെഡ്ഡി ഒഴികെ എല്ലാ വിമത എംഎൽഎമാരും സുപ്രീം കോടതിയിൽ ഹർജി നൽകിയവരിൽ ഉൾപ്പെടുന്നെന്നാണ് റിപ്പോർട്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍