UPDATES

ഇന്ത്യ

മധ്യപ്രദേശില്‍ പാകിസ്ഥാന്റെ ജയത്തില്‍ ആഹ്ലാദമെന്ന് പറഞ്ഞ് അറസ്റ്റ്‌: പൊലീസിന്റെ കഥയെന്ന് നാട്ടുകാര്‍

15 പേരെ അറസ്റ്റ് ചെയ്ത കേസ് പൊലീസ് പടച്ചുണ്ടാക്കിയതാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ ജില്ലയില്‍ പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫി ജയിച്ചപ്പോള്‍ ആഹ്ലാദപ്രകടനം നടത്തിയെന്ന പേരില്‍ 15 പേരെ അറസ്റ്റ് ചെയ്ത കേസ് പൊലീസ് പടച്ചുണ്ടാക്കിയതാണെന്ന് പ്രദേശവാസികള്‍ പറയുന്നു. സ്ഥലം സന്ദര്‍ശിച്ച സ്‌ക്രോള്‍.ഇന്‍ റിപ്പോര്‍ട്ടര്‍ മൃദുല ചാരിയാണ് ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ജൂണ്‍ 18ന് ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ബുര്‍ഹാന്‍പൂര്‍ ജില്ലയിലെ മൊഹദ് ഗ്രാമത്തില്‍ നിന്നും 25കാരനായ അനിസ് ഷെയ്ക്ക് ബാബു മന്‍സൂരിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

നോമ്പ് മുറിച്ച ശേഷം തന്റെ വീട്ടില്‍ ഉപജീവനമാര്‍ഗമായ തയ്യല്‍ ജോലികളില്‍ മുഴുകിയിരിക്കുകയായിരുന്നു ഡിഗ്രിയും വിദ്യാഭ്യാസത്തില്‍ ഡിപ്ലോമയുമുള്ള ഈ ചെറുപ്പക്കാരന്‍. തുടര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ ഈ ഗ്രാമത്തില്‍ നിന്നുള്ള ഏഴ് ചെറുപ്പക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. മന്‍സൂരിയെ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ അയാളുടെ അടുത്ത സുഹൃത്തായ സുഭാഷ് ലക്ഷ്മണ്‍ കോലി ആദ്യം ഭയന്നെങ്കിലും പിന്നീട് തന്റെ പിതാവിനെയും മറ്റൊരു ചങ്ങാതിയെയും കൂട്ടി താലൂക്ക് ആസ്ഥാനമായ ഷാഹ്പൂരിലുള്ള പൊലീസ് സ്‌റ്റേഷനിലേക്ക് പോയി.

അവിടെ തങ്ങള്‍ക്ക് ലഭിച്ച സ്വീകരണം ഞെട്ടിപ്പിക്കുന്നതായിരുന്നുവെന്ന് കോലി ഓര്‍ക്കുന്നു. എന്തിനാണ് വന്നതെന്ന് ചോദിച്ചപ്പോള്‍ മന്‍സൂരിയെ വിട്ടുകിട്ടമോ എന്നറിയാനാണെന്ന് അവര്‍ മറുപടി പറഞ്ഞു. എന്നാല്‍, ഒരു ഹിന്ദു, മുസ്ലീങ്ങളുമായി ചങ്ങാത്തം കൂടുന്നോ എന്ന് ആക്രോശിച്ചുകൊണ്ട് ഷാഹ്പൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ സഞ്ജയ് പഥക്കും മറ്റൊരു കോണ്‍സ്റ്റബിളും തന്നെ മര്‍ദ്ദിക്കുകയായിരുന്നു എന്ന് കോലി ആരോപിക്കുന്നു. പിറ്റേ ദിവസം കോലിയെ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും അവിടെ എസ്പി യാദവ് ഉണ്ടായിരുന്നതായും അദ്ദേഹം പറയുന്നു. കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള യാദവ് റിപ്പോര്‍ട്ട് എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. 15 ആളുകള്‍ ചേര്‍ന്ന് പടക്കം പൊട്ടിച്ചു എന്ന് അദ്ദേഹം റിപ്പോര്‍ട്ടില്‍ എഴുതി. തുടര്‍ന്ന് യാദവ് ആളുകള്‍ ‘പാകിസ്ഥാന്‍ സിന്ദാബാദ്’ എന്ന് മുദ്രാവാക്യം വിളിവെന്ന് റിപ്പോര്‍ട്ടില്‍ എഴുതിയത് തന്റെ മുന്നില്‍വെച്ചാണെന്നും കോലി പറയുന്നു.

ആ സമയത്ത് താന്‍ ഷാഹ്പൂര്‍ പൊലീസ് സ്‌റ്റേഷനിലുണ്ടെന്ന് അവിടുത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണെന്നും എന്നാല്‍ യാദവ് എഴുതിയ കാര്യങ്ങള്‍ എതിര്‍ക്കാന്‍ ഭയം മൂലം തനിക്ക് സാധിച്ചില്ലെന്നും കോലി പറയുന്നു. ആളുകള്‍ മിഠായി വിതരണം ചെയ്തു എന്നുകൂടി എഴുതിച്ചേര്‍ത്തപ്പോള്‍ എസ്പി കേസിന് എരിവും പുളിവും ചേര്‍ക്കുന്നത് കണ്ട് തനിക്ക് ചിരി വന്നതായി കോലി പറയുന്നു. അതിന് ശേഷം തന്നോട് ഒപ്പിടാന്‍ ആവശ്യപ്പെട്ടതായും എന്നാല്‍ അനിസ് മന്‍സൂരിയെ മോചിപ്പിക്കുന്നതിന് വേണ്ടിയാണ് താന്‍ എത്തിയതെന്നും റിപ്പോര്‍ട്ട് മുഴുവന്‍ വായിച്ചുനോക്കിയിട്ടില്ലെന്നും പറഞ്ഞതിന് ശേഷം ഒപ്പിട്ട് നല്‍കുകയായിരുന്നവെന്നും കോലി കൂട്ടിച്ചേര്‍ത്തു. പതിനേഴിനും നാല്‍പതിനും ഇടയില്‍ പ്രായമുള്ള 15 മുസ്ലീം പുരുഷന്മാര്‍ക്കെതിരെയാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനിടയില്‍ പടക്കം പൊട്ടിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് രാജ്യദ്രോഹത്തിന് കേസെടുത്തത്.

എന്നാല്‍ സംഭവം ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ കോടതിയില്‍ തെളിയിക്കാന്‍ ബുദ്ധിമുട്ടായിരിക്കും എന്ന് ചൂണ്ടിക്കാട്ടി പൊലീസ് ദേശദ്രോഹക്കുറ്റം ഒഴിവാക്കുകയായിരുന്നു. എന്നാല്‍ സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് കേസുണ്ട്. അഞ്ച് വര്‍ഷവും വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കേസാണിത്. ഇവരെ അറസ്റ്റ് ചെയ്തതിലൂടെ ഗ്രാമത്തിലെ സമാധാനം സംരക്ഷിക്കുകയാണ് തങ്ങള്‍ ചെയ്തതെന്നാണ് ഷാഹ്പൂര്‍ താലൂക്ക് ടൗണ്‍ ഇന്‍സ്‌പെക്ടര്‍ സഞ്ജയ് പഥക് പറയുന്നു. നടപടിയെടുത്തില്ലെങ്കില്‍ മാധ്യമങ്ങള്‍ തങ്ങളെ വിചാരണ ചെയ്യുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഗ്രാമത്തിലെ 18 മുസ്ലീം ഭൂരിപക്ഷ മേഖലകളില്‍ നിന്നും തങ്ങള്‍ക്ക് പടക്കത്തിന്റെ അവശിഷ്ടങ്ങള്‍ കിട്ടിയെന്നും പഥക് അവകാശപ്പെടുന്നു. എന്നാല്‍ തങ്ങളാരും പടക്കം പൊട്ടുന്ന ശബ്ദം കേട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

കേസില്‍ സാക്ഷിയായി എസ്പി യാദവ് രേഖപ്പെടുത്തിയിരിക്കുന്ന സുഭാഷ് കോലി പൊലീസിന്റെ ഭാഷ്യത്തെ പരസ്യമായി തള്ളിക്കളയുന്നവെന്നതാണ് ഏറ്റവും സുപ്രധാനമായ കാര്യം. ചില പ്രാദേശിക ഹിന്ദി മാധ്യമങ്ങളോടും സ്‌ക്രോള്‍.ഇന്നിനോടും അദ്ദേഹം ഇക്കാര്യം പരസ്യമായി വെളിപ്പെടുത്തി. താന്‍ ഹിന്ദുസ്ഥാന്റെ പുത്രനാണെന്നും അനീതി ചെയ്യില്ലെന്നും സത്യം പറയാന്‍ ആഗ്രഹിക്കുന്നവെന്നും കോലി പറഞ്ഞു. ‘ഇപ്പള്‍ ഒരു കള്ളം കൊണ്ട് 15 പേരുടെ ജീവിതം തകര്‍ക്കാം. അതുപോലെ തന്നെ ഒരു സത്യത്തിന് 15 പേരുടെ ജീവിതം മാറ്റിമറിക്കാനും സാധിക്കും.’

എന്നാല്‍ ഇന്ന് രാവിലെ സ്‌ക്രോളിന്റെ ലേഖകനെ വിളിച്ച തദ്ദേശവാസികള്‍ പറഞ്ഞത് കോലിയെ കാണാനില്ലെന്നാണ്. സുഭാഷ് ശനിയാഴ്ച കോടതിയില്‍ മൊഴി നല്‍കിയയെന്നാണ് പഥക് അവകാശപ്പെടുന്നത്. എന്നാല്‍ അയാള്‍ക്ക് വിവിധ മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും ധാരാളം വിളികള്‍ വരാന്‍ തുടങ്ങിയതോടെ കഥകള്‍ മാറ്റിമാറ്റി പറയാനും തുടങ്ങിയെന്നാണ് പഥകിന്റെ വിശദീകരണം. പരാതി നല്‍കിയതില്‍ അയാള്‍ ഒരു തെറ്റും വരുത്തിയിട്ടില്ലെന്നും എന്നാല്‍ ജനങ്ങളെല്ലാം അയാളെ കുറ്റവാളിയായിട്ടാണ് കാണുന്നതെന്ന് പഥക് കൂട്ടിച്ചേര്‍ക്കുന്നു.

മഹാരാഷ്ട്ര അതിര്‍ത്തിയിലുള്ള മുസ്ലീം ഭൂരിപക്ഷ ഗ്രാമമാണ് മൊഹദ്. ഇവിടെ മൂന്ന് കേന്ദ്രങ്ങളിലായി മുസ്ലീങ്ങള്‍ പാര്‍ക്കുന്നു. ഇവിടേക്കാണ് പോലീസ് ആദ്യമെത്തി മന്‍സൂരിയെ അറസ്റ്റ് ചെയ്തത്. മന്‍സൂരിയെ പൊലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ അവിടെ ഇരുവിഭാഗങ്ങളിലും പെട്ട ധാരാളം ആളുകള്‍ തടിച്ചുകൂടിയിരുന്നെങ്കിലും സര്‍ഫറസ് തഡ്വി മാത്രമാണ് അതിനെ ചോദ്യം ചെയ്തത്. മന്‍സൂരി കഠിനമായി അദ്ധ്വാനിക്കുന്ന വ്യക്തിയാണെന്നും ഇത്തരം ആഘോഷങ്ങള്‍ക്കൊന്നും പങ്കെടുക്കില്ലെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു. എന്നാല്‍ പൊലീസ് അദ്ദേഹത്തെ മര്‍ദ്ദിച്ച് നിശബ്ദനാക്കുകയായിരുന്നു. ഏകദേശം ഒരു മണിയോടെ മടങ്ങിയെത്തിയ പോലീസ് സര്‍ഫറസ് തഡ്വിയെയും അറസ്റ്റ് ചെയ്തു.

പ്രാര്‍ത്ഥനയുടെ സമയത്ത് ബഹളം കേട്ടാണ് താന്‍ പുറത്തുവന്നതെന്ന് മന്‍സൂരിയുടെ മാതാവ് ഷഹദത്ത്ബി പറയുന്നു. എന്താണ് തന്റെ മകന്‍ ചെയ്ത കുറ്റമെന്നും അവനെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ തന്നെയും അറസ്റ്റ് ചെയ്യണമെന്നും അവര്‍ പൊലീസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ അവരെ അപമാനിച്ച പൊലീസ് അതിവേഗം അവരുടെ ആഗ്രഹം നടപ്പിലാവുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് കണ്ടുനിന്നവര്‍ പറയുന്നു. റംസാന്‍ കാലത്ത് പ്രദേശത്തെ മുസ്ലീങ്ങള്‍ ആരും ടീവി കാണാറില്ലെന്നും അതിനാല്‍ തന്നെ ക്രിക്കറ്റ് മത്സരത്തെ കുറിച്ച് ആരും അറിഞ്ഞില്ലെന്നുമാണ് ഷഹദത്ത്ബി പറയുന്നത്.

ഷഹദത്ത്ബി മന്‍സൂരി

ദാരിദ്രരേഖയ്ക്ക് താഴെയുള്ള ആളുകള്‍ക്ക് ഇന്ദിര ആവാസ് യോജന പ്രകാരം വീടുവെച്ച് നല്‍കിയതിനാല്‍ ഇന്ദിര മൊഹല്ല എന്നറിയപ്പെടുന്ന സ്ഥലത്ത് 19ന് രാവിലെ പൊലീസെത്തി. ഗ്രാമത്തില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെ ദരിദ്രര്‍ മാത്രം താമസിക്കുന്ന ഇവിടെ നിന്നും പിറ്റെ ദിവസം രാവിലെ അഞ്ചുപേരെയാണ് പൊലീസ് പിടിച്ചുകൊണ്ട് പോയത്. പൊലീസിനെ കണ്ട് ഗ്രാമവാസികളെല്ലാം ഓടി മറഞ്ഞതായി അറസ്റ്റിലായ ഇമാം തുഡാബക്ഷ് തഡ്വിയുടെ മാതാവ് ജഗ്ദുബായി അഹമ്മദ് പറയുന്നു. തന്റെ ഒന്നര വയസുള്ള മകളെയും എടുത്ത് ഓടുന്നതിനിടയിലാണ് ഇമാം തഡ്വിയെ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മൂക്കില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. പൊലീസിനെ ഭയന്ന് മൊഹല്ലയിലുള്ള പുരുഷന്മാരൊക്കെ മഹാരാഷ്ട്രയിലെ കുന്നിന്‍പുറങ്ങളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. അവരില്‍ ചിലരൊക്കെ തിരികെ എത്തിയിട്ടുണ്ട്. ബുധനാഴ്ച നടന്ന സമാധാനയോഗത്തില്‍ കുറ്റം ചെയ്യാത്തവര്‍ക്കെതിരെ നടപടിയുണ്ടാവില്ലെന്നും ഓടിപ്പോയവരൊക്കെ മടങ്ങിയെത്തണമെന്നും എസ്പി പഥക് ആവശ്യപ്പെട്ടു.

നൂറു കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്ലാമിലേക്ക് മതം മാറിയ തഡ്വി പതാന്‍സ്-ബില്‍സ് ആണ് മൊഹദില്‍ ഭൂരിപക്ഷവും. മഹാരാഷ്ട്രയില്‍ ബില്ലുകളെ പട്ടികവര്‍ഗ വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. മധ്യപ്രദേശില്‍ ഇവര്‍ മറ്റ് പിന്നോക്ക വിഭാഗങ്ങളില്‍ പെടുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഏറെയും തഡ്വി പതാന്മാരാണ്. ഷാഹ്പൂര്‍ പൊലീസ് സ്‌റ്റേഷനില്‍ വിചിത്രമായ ഒരു ബോര്‍ഡുണ്ട്. ആ ബോര്‍ഡില്‍ കലാപസാധ്യതയുള്ള പ്രദേശങ്ങളുടെ കൂട്ടത്തില്‍ മൊഹദ് ഗ്രാമത്തിന്റെ പേരുമുണ്ട്. എന്നാല്‍ സമാനസ്വഭാവമുള്ള ഹിന്ദുഗ്രാമങ്ങളുടെ പേരൊന്നും പട്ടികയില്‍ ഇല്ല. എട്ട് മാസങ്ങള്‍ക്ക് മുമ്പ് താന്‍ ഷാഹ്പൂരില്‍ നിയമിക്കപ്പെടുന്നതിന് മുമ്പ് തയ്യാറാക്കിയ ബോര്‍ഡാണ് ഇതെന്നും പ്രദേശത്ത് നിന്നും പരാതികള്‍ ധാരാളം വരുന്നതാവാം ഗ്രാമത്തിന്റെ പേര് പ്രദര്‍ശിപ്പിക്കാന്‍ കാരണമെന്നുമാണ് പഥക് പറയുന്നത്.

എന്നാല്‍ ഗ്രാമത്തില്‍ ഒരിക്കലും വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് മൊഹദിലുള്ള ഇരുവിഭാഗക്കാരും ആണയിടുന്നു. ഹിന്ദു അയല്‍ക്കാരോടൊപ്പം ദസ്‌റയും ദീപാവലിയും ഹോളിയും മുസ്ലീങ്ങള്‍ ആഘോഷിക്കുന്നു. അതുപോലെ തിരിച്ച് ഈദ് പോലെയുള്ള ആഘോഷങ്ങളില്‍ ഹിന്ദുക്കളും പങ്കെടുക്കുന്നു.100 വര്‍ഷത്തില്‍ ഏറെയായി എല്ലാക്കൊല്ലവും ജനുവരി 15ന് സംഘടിപ്പിക്കപ്പെടുന്ന ഖവാലി കച്ചേരിയാണ് ഇവിടുത്തെ വേറൊരു പ്രത്യേകത. അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്ത് സമീപ പ്രദേശമായ ബുര്‍ഹാന്‍പൂര്‍ ഉള്‍പ്പെടെ രാജ്യമൊട്ടാകെ കത്തിയെരിഞ്ഞപ്പോഴും ഈ ഗ്രാമം ശാന്തമായിരുന്നു. നാലുവര്‍ഷം മുമ്പ് ഗ്രാമത്തിലെ പള്ളിയില്‍ ചിലര്‍ കുങ്കുമപ്പൊടി വിതറിയപ്പോഴും അനിഷ്ട സംഭവങ്ങളൊന്നും നടന്നിരുന്നില്ല. 2008ല്‍ ബുര്‍ഹാന്‍പൂരില്‍ വര്‍ഗീയ കലാപം നടന്നപ്പോഴും ഇവിടും ശാന്തമായിരുന്നു.

എന്നാല്‍ ക്രിക്കറ്റ് മത്സരത്തിന്റെ അന്ന് ചിലര്‍ പടക്കം പൊട്ടിച്ചതായി കോലി തന്നെ പറയുന്നു. പക്ഷെ ആരാണ് പടക്കം പൊട്ടിച്ചതെന്ന് ആര്‍ക്കും അറിയില്ല. എന്നാല്‍ ഗ്രാമത്തിലുള്ള ആരെങ്കിലും ‘പാകിസ്ഥാന്‍ സിന്ദാബാദ്’ എന്ന് മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്ന് തെളിയിച്ചാല്‍ അയാളെ ഉടനടി വെടിവെച്ചുകൊല്ലാന്‍ താന്‍ ആവശ്യപ്പെടുമെന്നും കോലി കൂട്ടിച്ചേര്‍ക്കുന്നു. സമീപകാലത്ത് ചില ബജ്രംഗദള്‍, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇവിടം സന്ദര്‍ശിക്കുകയും 11 അംഗങ്ങള്‍ ഉള്ള ഒരു സംഘത്തിന് രൂപം നല്‍കുകയും ചെയ്തായി ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. അതിന് ശേഷമാണ് ചെറിയ തോതിലെങ്കിലും വര്‍ഗീയ ചേരി തിരിവുകള്‍ പ്രത്യേക്ഷപ്പെടാന്‍ തുടങ്ങിയത്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബുര്‍ഹാന്‍പൂരില്‍ തുടങ്ങി മധ്യപ്രദേശില്‍ എമ്പാടും വര്‍ഗീയ കലാപങ്ങള്‍ ഇളക്കിവിടാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്നാണ് കേസിലെ 12 പ്രതികളുടെ അഭിഭാഷകനായ ഉബൈദ് ഷെയ്ക്ക് അഹമ്മദ് ആരോപിക്കുന്നു. പുതിയ തലമുറയില്‍ ഉള്ളവര്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും മറ്റ് മതങ്ങളുടെ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അവര്‍ ഇപ്പോള്‍ പൊതുവില്‍ താല്‍പര്യം കാണിക്കാറില്ലെന്നും മുതിര്‍ന്നവര്‍ ചൂണ്ടിക്കാണിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍