UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മധ്യപ്രദേശ് കോണ്‍ഗ്രസില്‍ തമ്മിലടി മുറുകി; പ്രതിസന്ധി പരിഹരിക്കാന്‍ യോഗങ്ങളുമായി കമല്‍നാഥ്

പിസിസി പ്രസിഡന്റ് കൂടിയായ ആയ കമല്‍നാഥ് തോല്‍വിയുടെ കാരണങ്ങള്‍ വിളിക്കാന്‍ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുമ്പോള്‍, ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലുള്ള വിഭാഗം സംസ്ഥാനത്ത് പാര്‍ട്ടി അധ്യക്ഷന്‍ മാറണം എന്ന് ആവശ്യപ്പെടുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പിലെ വന്‍ തോല്‍വിക്ക് പിന്നാലെ മധ്യപ്രദേശ് കോണ്‍ഗ്രസില്‍ തമ്മിലടി മുറുകി. പാര്‍ട്ടിയും സര്‍ക്കാരും നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി കമല്‍നാഥിന്റെ അധ്യക്ഷതയില്‍ യോഗങ്ങള്‍ ചേര്‍ന്നു. ആകെയുള്ള 29 സീറ്റില്‍ ഒന്നില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്. മുഖ്യമന്ത്രിയായതിനെ തുടര്‍ന്ന് കമല്‍നാഥ് ഒഴിഞ്ഞ ചിന്ദ്വാരയില്‍ മകന്‍ കുനാല്‍നാഥ് ജയിച്ചത് മാത്രമാണ് കോണ്‍ഗ്രസിന്റെ വിജയം. സര്‍ക്കാരിനെ താഴെയിറക്കുന്നതിനായി ബിജെപി, കോണ്‍ഗ്രസ് എംഎല്‍എമാരെ സ്വാധീനിക്കാനുള്ള ശ്രമം തുടരുകയാണ്.

പിസിസി പ്രസിഡന്റ് കൂടിയായ ആയ കമല്‍നാഥ് തോല്‍വിയുടെ കാരണങ്ങള്‍ വിളിക്കാന്‍ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുമ്പോള്‍, മറ്റൊരു പ്രധാന നേതാവായ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലുള്ള വിഭാഗം സംസ്ഥാനത്ത് പാര്‍ട്ടി അധ്യക്ഷന്‍ മാറണം എന്ന് ആവശ്യപ്പെടുന്നു. നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രി സ്ഥാനത്തിനും അവകാവാദം ഉന്നയിച്ചിരുന്ന സിന്ധ്യ, കുടുംബ മണ്ഡലമായ ഗുണയില്‍ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയിരുന്നു. മധ്യപ്രദേശില്‍ കമല്‍നാഥിന്റേയും ജ്യോതിരാദിത്യ സിന്ധ്യയുടേയും മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗിന്റേയും നേതൃത്വത്തിലുള്ള ചേരിപ്പോരുകള്‍ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് തന്നെ വെളിവാക്കപ്പെട്ടിരുന്നു.

ALSO READ: മക്കളെ സ്ഥാനാർത്ഥികളാക്കാൻ കോൺഗ്രസ്സ് നേതാക്കൾ സമ്മർദ്ദം ചെലുത്തി: പ്രവര്‍ത്തക സമിതി യോഗത്തിൽ രാഹുൽ

ഭോപ്പാലില്‍ മത്സരിച്ച ദിഗ് വിജയ് ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥിയും മാലേഗാവ് സ്‌ഫോടന കേസ് പ്രതിയുമായ പ്രഗ്യ സിംഗ് ഠാക്കൂറിനോട് പരാജയപ്പെട്ടു. കഴിഞ്ഞ 30 വര്‍ഷമായി കോണ്‍ഗ്രസ് ജയിക്കാത്ത ഒരു സീറ്റില്‍ മത്സരിക്കണം എന്ന കമല്‍നാഥിന്റെ ആവശ്യം പരിഗണിച്ചാണ് ദിഗ് വിജയ് സിംഗ് ഭോപ്പാലില്‍ മത്സരിക്കാനുള്ള തീരുമാനമെടുത്തത്. കമല്‍നാഥ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പി ചിദംബരം എന്നിവര്‍ മക്കള്‍ക്ക് സീറ്റിന് വേണ്ടി പാര്‍ട്ടിയില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും മക്കള്‍ മത്സരിക്കുന്ന ഇടങ്ങളില്‍ മാത്രം പ്രചാരണത്തിനെത്തി എന്നും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. മകന് സീറ്റിലെങ്കില്‍ താന്‍ മുഖ്യമന്ത്രിയായി തുടരുന്നതില്‍ അര്‍ത്ഥമില്ല എന്നാണ് കമല്‍നാഥ് പറഞ്ഞത്.

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയതും ബിജെപിയുമായി മത്സരിച്ച് മൃദുഹിന്ദുത്വ പ്രചാരണവുമെല്ലാം നടത്തിയിട്ടും മധ്യപ്രദേശില്‍ കോണ്‍ഗ്രസ് രക്ഷപ്പെട്ടില്ല. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വയ്ക്കാന്‍ കമല്‍നാഥ് സന്നദ്ധത അറിയിച്ചിട്ടുണ്ട് എന്ന് ജനറല്‍ സെക്രട്ടറി ദീപക് ബബാരിയ പറഞ്ഞത് വിവാദമായിരുന്നു. അതേസമയം മുഖ്യമന്ത്രിയായ സമയത്താണ് താന്‍ പിസിസി പ്രസിഡന്റ് സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചത് എന്നും ഇപ്പോളല്ല എന്നും കമല്‍നാഥ് പറയുന്നു. നിയസഭയില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത കോണ്‍ഗ്രസിന് രണ്ട് സീറ്റുള്ള ബി എസ് പി നല്‍കുന്ന പിന്തുണ അനിവാര്യമാണ്. ഗുണയിലെ ബി എസ് പി സ്ഥാനാര്‍ത്ഥി, ജ്യോതിരാദിത്യക്ക് പിന്തുണ പ്രഖ്യാപിച്ചത് മായാവതിയെ ചൊടിപ്പിച്ചിരുന്നു. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കും എന്ന് അവര്‍ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

മധ്യപ്രദേശ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നും പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് സര്‍ക്കാര്‍ വിശ്വാസവോട്ട് തേടണം എന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. വിശ്വാസവോട്ടിനായി നിയമസഭ സമ്മേളനം വിളിക്കണം എന്ന് ആവശ്യപ്പെട്ട് ബിജെപി ഗവര്‍ണറെ സമീപിക്കുകയും ചെയ്തിരുന്നു. അതേസമയം ബിജെപിയുടെ വെല്ലുവിളി ഏറ്റെടുത്ത മുഖ്യമന്ത്രി കമല്‍നാഥ് വിശ്വാസവോട്ടിന് തങ്ങള്‍ തയ്യാറാണ് എന്ന മറുപടിയാണ് നല്‍കിയത്. 230 അംഗ നിയമസഭയില്‍ 114 സീറ്റാണ് കോണ്‍ഗ്രസിനുള്ളത്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 116 സീറ്റ്. ബി എസ് പിയുടെ രണ്ട് എംഎല്‍എമാരുടേയും സമാജ് വാദി പാര്‍ട്ടിയുടെ ഒരു എംഎല്‍എയുടേയും നാല് സ്വതന്ത്രന്മാരുടേയും പിന്തുണയിലാണ് സര്‍ക്കാര്‍ നിലനില്‍ക്കുന്നത്.

സംസ്ഥാന കോണ്‍ഗ്രസിലെ രൂക്ഷമായ ഗ്രൂപ്പ് പോരാണ് 28 സീറ്റ് നേടിയുള്ള വന്‍ വിജയത്തിന് ബിജെപിയെ സഹായിച്ചത് എന്ന് വിലയിരുത്തപ്പെടുന്നു. ജ്യോതിരാദിത്യയെ മുഖ്യമന്ത്രിയാക്കാഞ്ഞതില്‍ ശക്തമായ അതൃപ്തി കോണ്‍ഗ്രസിനുള്ളിലുണ്ട്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ നടത്തിയ തീവ്ര ഹിന്ദുത്വ, തീവ്ര ദേശീയ പ്രചാരണമാണ് തിരിച്ചടിയായത് എന്ന് വലിയൊരു വിഭാഗം കരുതുന്നു. എംഎല്‍എമാര്‍ മറുകണ്ടം ചാടാതിരിക്കാന്‍ നിരന്തര സമ്പര്‍ക്കം പുലര്‍ത്തണം എന്നാണ് സംസ്ഥാന നേതൃത്വത്തിനും മന്ത്രിമാര്‍ക്കും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശം. ജൂണില്‍ കമല്‍നാഥ് മന്ത്രിസഭ വികസനം നടത്തിയേക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍