UPDATES

ട്രെന്‍ഡിങ്ങ്

രാജിവയ്ക്കുന്ന മദ്രാസ് ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ് വി.കെ താഹില്‍രമണി; ഗുജറാത്ത് കലാപത്തിലെ ബില്‍ക്കീസ് ബാനു കേസില്‍ ശിക്ഷ ശരിവെച്ച ജഡ്ജി

സ്ഥലംമാറ്റം അസ്വാഭാവിക നടപടിയെന്ന് റിപ്പോര്‍ട്ടുകള്‍

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കമലേഷ് താഹില്‍രമണിയുടെ സ്ഥലമാറ്റവും തുടര്‍ന്ന് താന്‍ രാജിവെക്കുകയാണെന്ന അവരുടെ പ്രഖ്യാപനവും വിവാദമായിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും സീനിയറായ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് താഹില്‍രമണി. രാജ്യത്തെ ഏറ്റവും പഴക്കമുള്ളതും വലുതുമായ മദ്രാസ് ഹൈക്കോടതിയില്‍ നിന്നാണ് അടുത്തിടെ മാത്രം രൂപീകരിച്ച മേഘാലയ ഹൈക്കോടതിയിലേക്ക് അവരെ സ്ഥലം മാറ്റാന്‍ സുപ്രീം കോടതി കൊളീജിയം തീരുമാനിച്ചത്. ഉത്തരവ് പുനഃപരിശോധിക്കണമെന്ന അവരുടെ ആവശ്യം കൊളീജിയം തള്ളിയതോടെ, താന്‍ രാജിവെയ്ക്കുകയാണെന്ന് അവര്‍ അറിയിച്ചു കഴിഞ്ഞു. ഇന്നലെ വൈകുന്നേരം മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിമാര്‍ സംഘടിപ്പിച്ച വിരുന്നിലാണ് അവര്‍ തന്റെ തീരുമാനം അറിയിച്ചത്. “എന്റെ മന:സാക്ഷി ശുദ്ധമാണ്. ജഡ്ജി എന്ന നിലയില്‍ നാളിതു വരെയുള്ള പ്രവര്‍ത്തനം സ്വതന്ത്രമായിട്ടാണ് ചെയ്തത്. നന്നായി ജോലി ചെയ്തിട്ടുണ്ടെന്ന സംതൃപ്തിയോട് കൂടി തന്നെയാണ് രാജി വയ്ക്കുന്നത്”, ജസ്റ്റിസ് താഹില്‍രമണി പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ ഹൈക്കോടതിയാണ് മദ്രാസ് ഹൈക്കോടതി. 1862-ല്‍ വിക്ടോറിയ രാജ്ഞിക്ക് കീഴില്‍ സ്ഥാപിതമായ ബോംബ, കല്‍ക്കട്ട എന്നിവയ്ക്കൊപ്പമാണ് മദ്രാസ് ഹൈക്കോടതിയും നിലവില്‍ വന്നത്. 75 ജഡ്ജിമാരുള്ള ഹൈക്കോടതി. ബോംബെ ഹൈക്കോടതിയില്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആയിരിക്കെയാണ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അവരെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കുന്നത്. 2020 ഒക്ടോബര്‍ 20-ന് വിരമിക്കേണ്ട ജസ്റ്റിസ് താഹില്‍രമണിയെ സ്ഥലം മാറ്റിയതില്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിമാര്‍ക്കിടയിലും അസ്വസ്ഥതയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മഹാരാഷ്ട്ര സ്വദേശിയാണ് ജസ്റ്റിസ് താഹില്‍ രമണി.

മേഘാലയ ഹൈക്കോടതി രാജ്യത്തെ ഏറ്റവും ചെറിയ ഹൈക്കോടതികളിലൊന്നാണ്. മൂന്ന് ജഡ്ജിമാര്‍ മാത്രമാണ് ഇവിടെ ഉള്ളത്. മദ്രാസ് പോലുള്ള ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റീസായ ഒരാളെ സാധാരണ ഗതിയില്‍ 2013-ല്‍ മാത്രം സ്ഥാപിച്ച താരതമ്യേന ചെറിയ ഹൈക്കോടതികളിലേക്ക് മാറ്റി നിയമിക്കാറില്ല. അതാണ് ജസ്റ്റിസ് താഹില്‍രമണിയുടെ സ്ഥലം മാറ്റം വിവാദമായത്. മികച്ച ട്രാക്ക് റിക്കോര്‍ഡ് ഉള്ള ഇവര്‍ക്കെതിരെ എന്തെങ്കിലും പരാതി ഉയര്‍ന്നതായും സൂചനയില്ല. മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.കെ മിത്തലാണ് മദ്രാസ് ഹൈക്കോടതിയിലെ പുതിയ ചീഫ് ജസ്റ്റീസ്. താഹില്‍രമണിയെക്കാള്‍ മൂന്ന് വര്‍ഷം ജൂനിയറാണ് മിത്തല്‍. രാജ്യത്ത് ഇപ്പോള്‍ നിലവില്‍ രണ്ട് വനിത ചീഫ് ജസ്റ്റിസുമാരാണുള്ളത്.

ബോംബെ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആയിരിക്കുമ്പോള്‍ ജസ്റ്റിസ് താഹില്‍ രമണി നിര്‍ണായകമായ പല കേസുകളിലും വിധി പറഞ്ഞിട്ടുണ്ട്. 2002-ലെ ഗുജറാത്ത് കലാപത്തിനിടെ ഉണ്ടായ ബില്‍ക്കീസ് ബാനു ബലാത്സംഗ കേസില്‍ 11 പ്രതികള്‍ക്കുമുള്ള ശിക്ഷ ശരിവെച്ചത് ശരി വച്ചത് താഹില്‍ രമണിയാണ്. പോലീസുകാരും ഡോക്ടര്‍മാരും ഉള്‍പ്പെടെയുള്ള ഏഴ് പേരെ വെറുതെ വിട്ട നടപടിയും ഇവര്‍ റദ്ദാക്കിയിരുന്നു. ആറ് മാസം ഗര്‍ഭിണിയായ ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും അവരുടെ ആറ് ബന്ധുക്കളെ കൊലപ്പെടുത്തുകയും ചെയ്തുവെന്നതായിരുന്നു കേസ്. ഈ കേസില്‍ പിന്നിട് സുപ്രീം കോടതി ബില്‍ക്കീസ് ബാനുവിന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കാനും ഗുജറാത്ത് സര്‍ക്കാരിനോട് ഉത്തരവിട്ടിരുന്നു.

കൊളീജിയത്തിന്റെ സ്ഥലം മാറ്റം ഉത്തരവിനെതിരെ ജസ്റ്റീസ് താഹില്‍രമണി നല്‍കിയ തീരുമാനം പുന:പരിശോധിക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് രാജി വെയ്ക്കാന്‍ അവര്‍ തീരുമാനിച്ചത്. ജസ്റ്റിസ് താഹില്‍രമണിയുടെ സ്ഥലം മാറ്റം ബില്‍ക്കീസ്‌ ബാനു കേസില്‍ വിധി പറഞ്ഞതിന് സര്‍ക്കാര്‍ പകപോക്കുന്നതിന്റെ ഭാഗമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ ആരോപിച്ചു. ഇവരുടെ സ്ഥലംമാറ്റത്തിനെതിരെ മദ്രാസ് ഹൈക്കോടതിയിലെ ഒരു വിഭാഗം അഭിഭാഷകരും സുപ്രീം കോടതിക്ക് പരാതി നല്‍കിയിട്ടുണ്ട്. നടപടി നീതിന്യായ സംവിധാനത്തിന്റെ സ്വതന്ത്ര പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ ഏറ്റവും ചെറിയ ഹൈക്കോടതിയിലേക്കുള്ള ജസ്റ്റിസ് താഹില്‍രമണിയുടെ സ്ഥലംമാറ്റം ശിക്ഷയും അപമാനിക്കലുമല്ലാതെ മറ്റൊന്നുമല്ലെന്നും അവര്‍ കത്തില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍