UPDATES

ട്രെന്‍ഡിങ്ങ്

തിരിച്ചുവരാന്‍ വഴിയറിയാതെ ഉഴലുന്ന കോണ്‍ഗ്രസിന് മഹാരാഷ്ട്ര വഴികാട്ടുമോ?

കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്തുവരാനിരിക്കുകയാണ്.

ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ കടുത്ത പരാജയത്തിന് ശേഷം, കോണ്‍ഗ്രസ് മറ്റൊരു പ്രധാനവെല്ലുവിളിയാണ് മഹാരാഷ്ട്രയിലെ നിയമസഭ തെരഞ്ഞെടുപ്പ്. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലെ പ്രധാനപ്പെട്ട സംസ്ഥാനങ്ങളില്‍ ഒന്നായ മഹാരാഷ്ട്രയില്‍നിന്നുണ്ടാകുന്ന വിധി തിരിച്ചുവരവിന്റെ വഴിയെന്തെന്നറിയാതെ ഉഴലുന്ന കോണ്‍ഗ്രസിനെ സംബന്ധിച്ച് നിര്‍ണായകമാണ്.

മഹാരാഷ്ട്രയില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ തീയതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ട്.

കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്തുവരാനിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രിമാരായ അശോക് ചവാനും പൃഥ്വിരാജ് ചവാനും നിലവിലെ പിസിസി പ്രസിഡന്റ് ബാലാസാഹിബ് തൊറാട്ടും പട്ടികയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് . കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ 104 പേരുകളാണ് അന്തിമമായി അംഗീകരിച്ചിരിക്കുന്നത്.

2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് മുതല്‍ കോണ്‍ഗ്രസ് – എന്‍സിപി സഖ്യത്തിന് മഹാരാഷ്ട്രയില്‍ കഷ്ടകാലമാണ്. ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സീറ്റുകള്‍ 2009ലേതില്‍ നിന്ന് ഏതാണ്ട് പകുതിയായി കുറഞ്ഞു. 82 സീറ്റുകള്‍ 42ലേയ്ക്ക് ചുരുങ്ങി. എന്‍സിപിക്ക് 41 സീറ്റാണ് കിട്ടിയത്. ബിജെപി 122 സീറ്റിലേയ്ക്ക് വന്‍ കുതിപ്പ് നടത്തി. ശിവസേന 63 സീറ്റ് നേടി രണ്ടാമത്തെ വലിയ കക്ഷിയായി. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും നടത്തിയത് പോലൊരു തിരിച്ചുവരവ് നടത്താന്‍ കോണ്‍ഗ്രസിന് എത്രത്തോളം കഴിയുമെന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് പോലും ഉറപ്പില്ലെന്നാണ് അവിടെനിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ വലിയ അസ്വാരസ്യങ്ങളുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷ്ം മഹാരാഷ്ട്ര പിസിസി പ്രസിഡന്റ് അശോക് ചവാനും മുംബയ് പിസിസി പ്രസിഡന്റ് മിലിന്ദ് ദേവ്രയും രാജി വച്ചിരുന്നു. മുംബയ് നഗരത്തിലെ ഏഴ് സീറ്റുകളില്‍ ഒന്നില്‍പ്പോലും ജയിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. രാഹുല്‍ ഗാന്ധിയുടെ രാജി പ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ വിവിധ സംസ്ഥാന അധ്യക്ഷന്മാരുടെ രാജി പ്രഖ്യാപനങ്ങള്‍ക്ക് ഇടയിലായിരുന്നു ഇതെങ്കിലും സംസ്ഥാന നേതൃത്വത്തിലെ രൂക്ഷമായ അഭിപ്രായ ഭിന്നതകളും ഘടകമാണ്. കോണ്‍ഗ്രസ് വിജയിച്ച ഒരേയൊരു സീറ്റായ ചന്ദ്രാപ്പൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം പാര്‍ട്ടി പ്രവര്‍ത്തകനുമായി അശോക് ചവാന്‍ നടത്തിയത് എന്ന് പറയുന്ന സംഭാഷണത്തിന്റെ ഓഡിയോ ടേപ്പ് പുറത്തുവന്നത് വിവാദം സൃഷ്ടിച്ചിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ താന്‍ പറയുന്നത് ആരും കേള്‍ക്കുന്നില്ല എന്നായിരുന്നു ചവാന്റെ പരാതി. വിനായ് ബാഗ്‌ഡെയെ ചന്ദ്രാപ്പൂരില്‍ നിന്ന് മത്സരിപ്പിക്കാനാണ് ചവാന്‍ താല്‍പര്യപ്പെട്ടിരുന്നത്. എന്നാല്‍ ചന്ദ്രാപ്പൂര്‍ സീറ്റ് മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചത് എന്നതിനാല്‍ ചവാന്റെ വാദത്തിന് പ്രസക്തിയില്ലാതായി.

2014ലും 2019ലും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് എന്‍സിപിക്ക് പിന്നില്‍ പോയി എന്നത് ശ്രദ്ധേയമാണ്. എന്‍സിപി കഴിഞ്ഞ രണ്ട് തവണയും നാല് സീറ്റാണ് നേടിയത്. കോണ്‍ഗ്രസ് രണ്ടില്‍ നിന്ന് ഒന്നിലേയ്ക്ക് ചുരുങ്ങി (കോണ്‍ഗ്രസിന് ഒരു സ്വതന്ത്രന്‍ അടക്കം രണ്ട് സീറ്റ്). ചന്ദ്രാപ്പൂരില്‍ കോണ്‍ഗ്രസിന്റെ സുരേഷ് നാരായണ്‍ ധനോര്‍ക്കറും അമരാവതിയില്‍ കോണ്‍ഗ്രസ് സ്വതന്ത്രന്‍ നവനീത് രവി റാണയും ജയിച്ചു. 2009ല്‍ 17 സീറ്റാണ് കോണ്‍ഗ്രസിന് മഹാരാഷ്ട്രയില്‍ കിട്ടിയത്. എന്‍സിപിക്ക് എട്ടും. 2014ല്‍ ജയിച്ചത് അശോക് ചവാനും രാജീവ് സതാവും മാത്രം.

ശരദ് പവാറിന് ശേഷം പാര്‍ട്ടിയെ നയിക്കാന്‍, വലിയ പൊതുസ്വീകാര്യതയുള്ള നേതാക്കളില്ലാത്തത് എന്‍സിപിയുടെ പ്രതിസന്ധിയാണ്. എന്‍സിപി വിട്ട് നിരവധി പേര്‍ ശിവസേനയിലേയ്ക്കും ബിജെപിയിലേയ്ക്കും പോയി. അതേസമയം 125 സീറ്റുകള്‍ തുല്യമായി വീതിക്കുകയും ചെറു പാര്‍ട്ടികള്‍ക്ക് എല്ലാം കൂടി 38 സീറ്റ് നല്‍കുക എന്നുമുള്ള ധാരണയിലാണ് കോണ്‍ഗ്രസും എന്‍സിപിയും എത്തിയിരിക്കുന്നത്.

അടുത്തും അകന്നും സഖ്യത്തില്‍ അസ്വാരസ്യങ്ങളുമായി ശിവസേന മുന്നോട്ടുപോകുന്നത് ബിജെപിക്ക് തലവേദനയാണ്. സീറ്റുകള്‍ തുല്യമായി വീതിക്കുക എന്ന ഫോര്‍മുല അംഗീകരിച്ചില്ലെങ്കില്‍ സഖ്യം വിടുമെന്നാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് മുന്നറിയിപ്പ് നല്‍കിയത്.

എന്തായാലും മഹാരാഷ്ട്ര നിര്‍ണായകമാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നേടിയ വന്‍ ജയം ജനങ്ങളുടെ ഏതെങ്കിലും തരത്തിലുള്ള വൈകാരിക പ്രകടനമായിരുന്നില്ലെന്ന് പറയാന്‍ തെരഞ്ഞെടുപ്പ് വിജയത്തിലൂടെ ബിജെപിയ്ക്ക് കഴിയും. അതിലുമേറെ പ്രധാനം നിലനില്‍പ്പിനായി പോരടിക്കുന്ന കോണ്‍ഗ്രസിനാണ്. പിടിച്ചുനില്‍ക്കാന്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് അത്ഭുതമാണ് പ്രതീക്ഷിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍