UPDATES

ട്രെന്‍ഡിങ്ങ്

കാശ്മീരില്‍ യുവാവിനെ ജീപ്പിനു മുന്നില്‍ കെട്ടിവച്ച സൈനികോദ്യോഗസ്ഥന് ക്ലീന്‍ചീട്ടെന്ന് റിപ്പോര്‍ട്ട്

സൈന്യത്തിനെതിരെ വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും മേജറിനെ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ അനുമോദിക്കുകയാണ് ചെയ്തതെന്നും റിപ്പോര്‍ട്ട്

ജമ്മു-കാശ്മീരില്‍ യുവാവിനെ ജീപ്പിനു മുന്നില്‍ കെട്ടിവച്ച സൈന്യത്തിന്റെ വിവാദ നടപടിക്ക് നേതൃത്വം നല്‍കിയ സൈനിക ഉദ്യോഗസ്ഥന് ക്ലീന്‍ചീട്ടെന്ന് റിപ്പോര്‍ട്ട്. നടപടിക്ക് നേതൃത്വം നല്‍കിയ 53 രാഷ്ട്രീയ റൈഫിള്‍സിലെ മേജര്‍ നിതിന്‍ ഗോഗോയി സന്ദര്‍ഭം ആവശ്യപ്പെടുന്ന കാര്യമാണ് ചെയ്തതെന്നും അതുവഴി നിരവധി ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞുവെന്നും വിവാദ സംഭവത്തിനു പിന്നാലെ നടന്ന കോര്‍ട്ട് ഓഫ് എന്‍ക്വയറി വിലയിരുത്തിയതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജനങ്ങളുടെ കല്ലേറില്‍ നിന്ന് രക്ഷപെടാന്‍ സൈനിക വ്യൂഹത്തിന്റെ മുന്‍നിരയിലുള്ള ജീപ്പില്‍ ഫാറൂഖ് അഹമ്മദ് ധര്‍ എന്ന യുവാവിനെ കെട്ടിവച്ച സൈന്യത്തിന്റെ നടപടിയാണ് വിവാദമായത്. ലോകത്തൊരിടത്തും നടക്കാത്ത വിധത്തിലുള്ള കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്ന വിമര്‍ശനവുമുയര്‍ന്നു. ജമ്മു-കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അടക്കമുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ജമ്മു-കാശ്മീര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്നാണ് സൈന്യം കഴിഞ്ഞ ഏപ്രില്‍ 15-ന് കോര്‍ട്ട് ഓഫ് എന്‍ക്വയറി നടത്തിയത്.

മേജര്‍ നിതിന്‍ ഗോഗോയിക്കെതിരെ കോര്‍ട്ട് മാര്‍ഷ്യല്‍ അടക്കമുള്ള നടപടികള്‍ പോയിട്ട് അച്ചടക്ക നടപടി പോലും ഉണ്ടാകില്ലെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. സന്ദര്‍ഭം ആവശ്യപ്പെടുന്ന കാര്യമാണ് മേജര്‍ ചെയ്തത്. 10 വര്‍ഷത്തോളം പരിചയസമ്പത്തുള്ളയാളാണ് അദ്ദേഹം. സൈന്യത്തിന് അതിന്റെ ചുമതലകള്‍ നിറവേറ്റുകയാണ് വേണ്ടത്. അത് നല്ല രീതിയില്‍ തന്നെ അദ്ദേഹം നിര്‍വഹിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശ്രീനഗര്‍ ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ശക്തമായ അക്രമ സംഭവങ്ങള്‍ക്ക് കാശ്മീര്‍ താഴ്‌വര സാക്ഷ്യം വഹിച്ച സമയത്തായിരുന്നു സംഭവം. 12 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, ഒമ്പത് ഐ.റ്റി.ബി.പി ഉദ്യോഗസ്ഥര്‍, രണ്ട് പോലീസുകാര്‍, സൈനികര്‍ തുടങ്ങിയവര്‍ ഉള്‍ക്കൊള്ളുന്ന അഞ്ച് വാഹനങ്ങളുടെ നിരയ്ക്ക് ജനങ്ങളുടെ കല്ലേറില്‍ നിന്നു രക്ഷപെടാന്‍ മേജര്‍ കണ്ടെത്തിയ വഴിയായിരുന്നു അഹമ്മദ് ധറിനെ ജീപ്പിനു മുന്നില്‍ കെട്ടിവയ്ക്കുക എന്നത്.

സൈന്യത്തിനെതിരെ വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും മേജറിനെ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ അനുമോദിക്കുകയാണ് ചെയ്തതെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. സംഭവം സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റി ഊതിപ്പെരുപ്പിച്ചതാണെന്നാണ് സൈന്യത്തിന്റെ നിലപാടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജീപ്പിനു മുന്നില്‍ കെട്ടവയ്ക്കപ്പെട്ട അഹമ്മദ് ധര്‍ കല്ലെറിഞ്ഞവരില്‍ ഉള്‍പ്പെട്ടിരുന്നതായാണ് സൈന്യം പറയുന്നത്. എന്നാല്‍ താന്‍ വോട്ട് ചെയ്തു മടങ്ങുമ്പോള്‍ പിടികൂടി ജീപ്പിനു മുന്നില്‍ കെട്ടിവയ്ക്കപ്പെടുകയായിരുന്നുവെന്ന് ധര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. കോര്‍ട്ട് ഓഫ് എന്‍ക്വയറിയുടെ ഭാഗമായി ധറിനെയും ചോദ്യം ചെയ്യലിനായി സൈന്യം വിളിപ്പിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍