UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എഎപിയുമായി സഖ്യം വേണോ എന്ന് തീരുമാനിക്കേണ്ടത് ഷീല ദീക്ഷിത് അല്ല, ഭൂരിഭാഗം നേതാക്കളും സഖ്യത്തിന് അനുകൂലമെന്ന് പിസി ചാക്കോ

എഎപിയെ ന്യായീകരിച്ചും ഷീല ദിക്ഷിതിനെ വിമര്‍ശിച്ചുമാണ് പിസി ചാക്കോ സംസാരിച്ചത്. ഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റ് എല്ലാ ദിവസവും സഖ്യമില്ല, സഖ്യമില്ല എന്ന് പറഞ്ഞാല്‍ അവര്‍ എന്തുചെയ്യും എന്ന് പിസി ചാക്കോ ചോദിച്ചു.

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യം വേണമെന്നാണ് ഭൂരിഭാഗവും കോണ്‍ഗ്രസ് നേതാക്കളുടെ താല്‍പര്യം എന്ന് ഡല്‍ഹിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ. ഔട്ട്‌ലുക്ക് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ചാക്കോ ഇക്കാര്യം പറഞ്ഞത്. ഡല്‍ഹിയില്‍ എഎപിയുമായി സഖ്യമുണ്ടാകില്ല എന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ചാക്കോ ഇക്കാര്യം പറഞ്ഞത്. ഡല്‍ഹി കോണ്‍ഗ്രസ് പ്രസിന്റുമാര്‍ ആയിരുന്ന ആറ് പേരില്‍ ഷീല ദീക്ഷിത് ഒഴികെ അഞ്ച് പേരും സഖ്യത്തിന് അനുകൂലമാണ് എന്ന് ചാക്കോ പറഞ്ഞു. ഡല്‍ഹിയിലെ 14 ജില്ലാ കമ്മിറ്റികള്‍ എഎപിയുമായുള്ള സഖ്യത്തെ അനുകൂലിക്കുന്നുണ്ട്. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഡല്‍ഹിയില്‍ ജയിക്കാനാകില്ല എന്നാണ് ഞങ്ങള്‍ കരുതുന്നത്. സഖ്യം എന്നത് പ്രവര്‍ത്തകസമിതി അംഗീകരിച്ച നയമാണെന്നും പിസി ചാക്കോ പറഞ്ഞു.

ഡല്‍ഹിയില്‍ എഎപിയുമായി സഖ്യം വേണോ എന്നത് സംബന്ധിച്ച് അന്തിമ തിരുമാനമെടുക്കേണ്ടത് ഷീല ദീക്ഷിത് അല്ല. ഏഴ് സീറ്റിലും ജയം ഉറപ്പുവരുത്തണം എന്നാണ് കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്ന തരത്തിക്കൊണ്ട് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞത്. അതേസമയം ചാക്കോ പറയുന്നത് രാഹുല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടും എന്ന് എവിടെയും പറഞ്ഞിട്ടില്ല എന്നാണ്. കോണ്‍ഗ്രസുമായി സഖ്യത്തിനുള്ള താല്‍പര്യം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അടക്കം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. സഖ്യമില്ലെന്ന് പറയുന്നതിലൂടെ കോണ്‍ഗ്രസും ഷീല ദീക്ഷിതും ഡല്‍ഹിയില്‍ ബിജെപിയെ സഹായിക്കുകയാണ് എന്ന് എഎപി ആരോപിക്കുന്നു.

അതേസമയം എഎപിയെ ന്യായീകരിച്ചും ഷീല ദിക്ഷിതിനെ വിമര്‍ശിച്ചുമാണ് പിസി ചാക്കോ സംസാരിച്ചത്. ഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റ് എല്ലാ ദിവസവും സഖ്യമില്ല, സഖ്യമില്ല എന്ന് പറഞ്ഞാല്‍ അവര്‍ എന്തുചെയ്യും എന്ന് പിസി ചാക്കോ ചോദിച്ചു. ഞങ്ങളുമായുള്ള എല്ലാ അഭിപ്രായ ഭിന്നതകളും നിലനില്‍ക്കെ തന്നെയാണ് അവര്‍ സഖ്യത്തിന് തയ്യാറാകുന്നത് – ചാക്കോ ചൂണ്ടിക്കാട്ടി. ത്രികോണ മത്സരമുണ്ടായാല്‍ ബിജെപിക്ക് നേട്ടമുണ്ടാകുമെന്നും ചാക്കോ അഭിപ്രായപ്പെട്ടു. 2014ല്‍ ആകെയുള്ള ഏഴ് സീറ്റും ബിജെപി ജയിച്ചിരുന്നു. ഡല്‍ഹിയില്‍ ഇത്തവണ മേയ് 12നാണ് വോട്ടെടുപ്പ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍