UPDATES

2024ാമാണ്ടോടെ ഇന്ത്യയെ 5 ട്രില്യൺ ഡോളർ സാമ്പത്തിക വ്യവസ്ഥയാക്കാൻ കഴിയുമെന്ന് നീതി ആയോഗ് യോഗത്തിൽ നരേന്ദ്രമോദി

വളർച്ചയുടെ കാര്യത്തിൽ കയറ്റുമതി മേഖല വലിയ സംഭാവന നല്‍കുമെന്ന് മോദി ചൂണ്ടിക്കാട്ടി.

ഇന്ത്യയെ 2024ാമാണ്ടോടെ 5 ട്രില്യൺ ഡോളർ സാമ്പത്തിക വ്യവസ്ഥയാക്കുകയെന്നത് വലിയ വെല്ലുവിളിയാണെങ്കിലും അത് സാധ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നീതി ആയോഗിന്റെ ഗവേണിങ് കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങൾ തങ്ങളുടെ ജിഡിപി വളർച്ചാ ലക്ഷ്യങ്ങൾ എത്തിപ്പിടിക്കാൻ ജില്ലാതലങ്ങള്‍ മുതൽ പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വളർച്ചാനിരക്ക് വലിയ തോതിൽ ഇടിയുകയും തൊഴിലില്ലായ്മാ നിരക്ക് നാലുപതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം നിലയിലേക്ക് കൂപ്പുകുത്തുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് നീതി ആയോഗ് ഗവേണിങ് ബോഡി ചേരുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന വരൾച്ചയെ വേണ്ടവിധം നേരിടുന്നതിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഓരോ തുള്ളി വെള്ളവും ഉപയോഗിച്ച് വിള മെച്ചപ്പെടുത്താൻ ശ്രമം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവരുടെയും വികസനവും വളർച്ചയും ഉറപ്പുവരുത്തുന്നതിൽ നീതിയ ആയോഗിന് വലിയ പങ്ക് വഹിക്കാനാകുമെന്നും മോദി പറഞ്ഞു. അമിത് ഷാ അടക്കമുള്ളവർ നീതി ആയോഗി ഭരണസമിതിയിൽ അംഗമാണിപ്പോൾ.

വളർച്ചയുടെ കാര്യത്തിൽ കയറ്റുമതി മേഖല വലിയ സംഭാവന നല്‍കുമെന്ന് മോദി ചൂണ്ടിക്കാട്ടി. വികസ്വരരാജ്യങ്ങൾക്ക് കാര്യക്ഷമമായി ഉപയോഗിക്കാവുന്ന ഒന്നാണിത്. ഇതുവഴി ആളോഹരി വരുമാനം വർധിപ്പിക്കാൻ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

2024ാമാണ്ടോടെ എല്ലാ വീടുകളിലും പൈപ്പിൽ വെള്ളമെത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് മോദി വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ ഇൻഷൂറൻ പദ്ധതി നടപ്പാക്കാത്ത എല്ലാ സംസ്ഥാനങ്ങളും അത് നടപ്പാക്കാൻ തയ്യാറാകണമെന്ന ആവശ്യവും യോഗത്തിൽ മോദി മുമ്പോട്ടു വെച്ചു.

ഗവേണിങ് ബോഡി യോഗത്തിനു മുമ്പ് എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ യോഗം മോദി വിളിച്ചിരുന്നു. ഇതിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ പങ്കെടുത്തു. അതെസമയം, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എന്നിവർ വിട്ടു നിന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍