UPDATES

23 വര്‍ഷത്തിനിടെ ഇന്ത്യയുടെ പുരുഷ തൊഴില്‍ പങ്കാളിത്തം ഏറ്റവും കുറഞ്ഞ നിലയില്‍

28.6 കോടി പുരുഷന്മാരാണ് വര്‍ക് ഫോഴ്‌സിന്റെ ഭാഗമായുള്ളത്. 1993-94ല്‍ ഇത് 21.9 കോടിയായിരുന്നു.

1993-94ന് ശേഷം ഇന്ത്യയുടെ മൊത്തം പുരുഷ തൊഴില്‍ പങ്കാളിത്തം കുത്തനെ കുറഞ്ഞതായി എന്‍എസ്എസ്ഒ (നാഷണല്‍ സാംപിള്‍ സര്‍വേ ഓഫീസ്) റിപ്പോര്‍ട്ട്. മോദി സര്‍ക്കാര്‍ പുറത്തുവിടാതെ പൂഴ്ത്തി വച്ച 2017-18ലെ പിരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്. ദ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്‍എസ്എസ്ഒയുടെ പിരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ രാജ്യത്ത് 45 വര്‍ഷത്തിനിടെ ഇതേ കാലയളവില്‍ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടിയതായി പറഞ്ഞിരുന്നു. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ആണ് ആ റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നത്.

28.6 കോടി പുരുഷന്മാരാണ് വര്‍ക് ഫോഴ്‌സിന്റെ ഭാഗമായുള്ളത്. 1993-94ല്‍ ഇത് 21.9 കോടിയായിരുന്നു. ഇതിന് മുമ്പ് അവസാനമായി എന്‍എസ്എസ്ഒ സര്‍വേ നടത്തിയ 2011-12ല്‍ ഇത് 30.4 കോടിയായിരുന്നു. ഗ്രാമീണമേഖലയിലാണ് വലിയ തൊഴില്‍ നഷ്ടമുണ്ടായിരിക്കുന്നത്. 6.4 ശതമാനം ഇടിവ്. നഗരമേഖലകളില്‍ ഇത് 4.7 ശതമാനമാണ്.

പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നില്ല എന്ന പ്രശ്‌നത്തിലേയ്്ക്കും ഈ റിപ്പോര്‍ട്ടുകള്‍ വിരല്‍ ചൂണ്ടുന്നു. ഗ്രാമീണസ്ത്രീകള്‍ക്ക് വലിയ തൊഴില്‍ നഷ്ടം സംഭവിച്ചതായും 2011-12ലെ സര്‍വേയെ പോലെ 2017-18ലെ സര്‍വേയും പറയുന്നു. സര്‍ക്കാര്‍ എന്‍എസ്എസ്ഒ റിപ്പോര്‍ട്ട് പൂഴ്ത്തി വച്ചതില്‍ പ്രതിഷേധിച്ചാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാനായിരുന്ന പിസി മോഹനനും അംഗമായിരുന്ന ജെവി മീനാക്ഷിയും രാജി വച്ചത്.

വായനയ്ക്ക്: https://indianexpress.com/article/india/national-male-workforce-shrinking-says-labour-report-that-govt-buried-nsso-job-report-5634838/

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍