UPDATES

വിജയ്‌ മല്യയെ എന്തുകൊണ്ട് ഇന്ത്യക്ക് കിട്ടിയേക്കില്ല

അനവധി വര്‍ഷങ്ങളായി ബ്രിട്ടനില്‍ നിന്ന് നിരവധി പേരെ വിട്ടുകിട്ടാന്‍ ഇന്ത്യ ശ്രമം നടത്തിയിട്ടുണ്ട്. എന്നാല്‍ അതൊരിക്കല്‍ മാത്രമാണ് നടന്നിട്ടുള്ളത്

വിജയ് മല്യയുടെ കാര്യത്തില്‍ സംഭവിക്കാനുള്ള ഏറ്റവും വലിയ സാധ്യത പറയട്ടെ, അയാള്‍ ഒരിക്കലും ഇനി ഇന്ത്യയിലേക്ക് തിരിച്ചു വന്നേക്കില്ല. എന്തുകൊണ്ടെന്നാല്‍, ചരിത്രം അതാണ് നമ്മോട് പറയുന്നത്.

അനവധി വര്‍ഷങ്ങളായി ബ്രിട്ടനില്‍ നിന്ന് നിരവധി പേരെ വിട്ടുകിട്ടാന്‍ ഇന്ത്യ ശ്രമം നടത്തിയിട്ടുണ്ട്. എന്നാല്‍ അതൊരിക്കല്‍ മാത്രമാണ് നടന്നിട്ടുള്ളത്. ഗുജറാത്ത് കലാപ കേസിലെ പ്രതി സ്മൃതിഭായ് വിനുഭായ് പട്ടേല്‍. അതിനൊരു കാരണവുമുണ്ട്, ഇന്ത്യക്ക് തന്നെ കൈമാറുന്നതിനെ പട്ടേല്‍ എതിര്‍ത്തില്ല എന്നതു തന്നെ. തങ്ങളെ വിട്ടുനല്‍കുന്നതിനെ എതിര്‍ക്കുന്നവര്‍ ബ്രിട്ടനില്‍ തന്നെ തുടരുന്നതിനു വേണ്ടി ആവശ്യമായ കാര്യങ്ങള്‍ അവര്‍ ചെയ്യുകയും ചെയ്യും. അതാണ് ഇതുവരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ രണ്ടു ദശകത്തിനിടെ ഇത്തരത്തില്‍ ‘ഹൈ – പ്രൊഫൈല്‍’ കുറ്റവാളികളെ ബ്രിട്ടനില്‍ നിന്ന് ഇന്ത്യക്ക് വിട്ടുകിട്ടുന്നതിനായി നടത്തിയ ശ്രമങ്ങളൊക്കെ പരാജയപ്പെട്ട നിരവധി ഉദാഹരണങ്ങളുണ്ട്.

ഏറെ കോളിളക്കം സൃഷ്ടിച്ച നേവല്‍ വാര്‍ റൂം ലീക്കിന്റെ സൂത്രധാരനായ രവി ശങ്കരനെ വിട്ടുകിട്ടാനുള്ള ശ്രമങ്ങള്‍ ഇന്ത്യ ഏറെക്കുറെ ഉപേക്ഷിച്ച മട്ടാണ്. ഒരു ദശകം നീണ്ട നിയമപരമായ പരിശ്രമങ്ങള്‍ മുഴുവന്‍ പരാജയപ്പെട്ടതോടെയാണിത്. ഡല്‍ഹിയിലെ നാവിക സേനാ വാര്‍ റൂമില്‍ നിന്ന് പ്രധാനപ്പെട്ട രേഖകള്‍ നാവികസേനാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇടനിലക്കാര്‍ കടത്തിയെന്ന കേസ് 2005-ലാണ് പൊതുശ്രദ്ധയില്‍ വരുന്നത്. ഈ കേസിലെ പ്രധാന കുറ്റാരോപിതനാണ് രവി ശങ്കരന്‍.

ശങ്കരനെ വിട്ടുകിട്ടുന്നതിനുള്ള അപേക്ഷ ഇന്ത്യ 2007-ല്‍ ബ്രിട്ടീഷ് അധികൃതര്‍ക്ക് സമര്‍പ്പിച്ചു. 2010-ല്‍ ശങ്കരന്‍ അറസ്റ്റിലായി.

മുന്‍ നാവിക സേനാ ഉദ്യോഗസ്ഥന്‍ കൂടിയായ ശങ്കരനെ ഇന്ത്യക്ക് കൈമാറുന്നതിനുള്ള ഉത്തരവില്‍ ഇന്നത്തെ പ്രധാനമന്ത്രിയും അന്ന് ആഭ്യന്തര സെക്രട്ടറിയുമായിരുന്ന തെരേസാ മെയ് 2013 മെയ് മാസത്തില്‍ ഒപ്പുവച്ചു. എന്നാല്‍ ഇതിന്റെ നിയമസാധുത ചോദ്യം ചെയ്യപ്പെട്ടു. സി.ബി.ഐയുടെ ഒരുദശകം നീണ്ട ശ്രമങ്ങളെ മുഴുവന്‍ ഇല്ലാതാക്കി കൊണ്ട് ശങ്കരനെ ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവ് ബ്രിട്ടീഷ് ഹൈക്കോടതി 2014-ല്‍ റദ്ദാക്കി. ഇന്ത്യയുടെ രാജ്യരഹസ്യങ്ങള്‍ ചോര്‍ത്തിയതില്‍ ശങ്കരനുള്ള പങ്ക് സംബന്ധിച്ച എല്ലാ തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്ന സി.ബി.ഐ വാദം ബ്രിട്ടീഷ് ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല.

അതേ സമയം, ശങ്കരനെ എന്തുകൊണ്ട് വിട്ടുകൊടുക്കരുത് എന്നതിന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയ ഒരു കാര്യം മനുഷ്യാവകാശ ലംഘന കാര്യത്തില്‍ ഇന്ത്യക്കുള്ള കുപ്രസിദ്ധിയായിരുന്നു. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ജയിലില്‍ ശങ്കരന്റെ ജീവന്‍ അപകടത്തിലാകാന്‍ സാധ്യതയുണ്ടെന്നും.

അധോലോകവും കൊലപ്പുള്ളിയും
1997 ഓഗസ്റ്റിലാണ് പ്രശസ്ത മ്യൂസീഷ്യനായ ഗുല്‍ഷന്‍ കുമാര്‍ കൊല്ലപ്പെടുന്നത്. ഇതിന് ഒരു മാസം കഴിഞ്ഞ് മുംബൈ പോലീസ് ഒരു അവകാശവാദവുമായി രംഗത്തെത്തി. ബോളിവുഡിലെ തന്നെ സംഗീത സംവിധായകന്‍ നദീം സൈഫിക്ക് ഗുല്‍ഷന്‍ കുമാര്‍ വധവുമായി ബന്ധപ്പെട്ട ഗൂഡാലോചനയില്‍ പങ്കുണ്ട് എന്നതായിരുന്നു അത്. ആ വര്‍ഷം സെപ്റ്റംബറില്‍ സൈഫിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പക്ഷേ സൈഫി ലണ്ടനില്‍ തന്നെ ജീവിച്ചു.

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയായിരുന്ന ഇക്ബാല്‍ മിര്‍ച്ചിയുടെ കാര്യവും വ്യത്യസ്തമല്ല. ഇന്ത്യക്ക് കൈമാറാനുള്ള ആവശ്യത്തെ മരിക്കുന്നതു വരെ ചെറുത്തു നില്‍ക്കാന്‍ മിര്‍ച്ചിക്ക് സാധിച്ചു. 1994-ലാണ് ഇന്റര്‍പോള്‍ മിര്‍ച്ചിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നത്. അന്നു മുതല്‍ മിര്‍ച്ചിയെ വിട്ടുകിട്ടാന്‍ ഇന്ത്യ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. ഭീഷണിപ്പെടുത്തി പണം തട്ടല്‍, മയക്കുമരുന്ന് വ്യാപാരം, 1993-ലെ മുംബൈ സ്‌ഫോടനങ്ങളുമായി ബന്ധം തുടങ്ങി നിരവധി കുറ്റകൃത്യങ്ങളായിരുന്നു മിര്‍ച്ചിയുടെ പേരില്‍ ഉണ്ടായിരുന്നത്. എന്നാല്‍ 2013-ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുമ്പോഴും മിര്‍ച്ചി ലണ്ടനില്‍ തന്നെയായിരുന്നു.

രവി ശങ്കരന്‍, നദീം സൈഫി, ഇക്ബാല്‍ മിര്‍ച്ചി

 

മല്യയുടെ കാര്യത്തില്‍
ലോകത്തെ മറ്റേതൊരു വികസിത ജനാധിപത്യ രാജ്യത്തേയും പോലെ നിയമസംവിധാനത്തെ മാനിക്കുന്ന രാജ്യങ്ങളിലൊന്നാണ് ബ്രിട്ടന്‍. അതുകൊണ്ടു തന്നെ തെറ്റായ ഒരു ശിക്ഷാവിധിക്കല്ല തങ്ങളൊരാളെ കൈമാറുന്നതെന്ന കാര്യം അവര്‍ ഉറപ്പാക്കാരുണ്ട്. ആ സാഹചര്യത്തില്‍ ഇന്ത്യയില്‍ മല്യ നേരിടാന്‍ സാധ്യതയുള്ള മനുഷ്യാവകാശ ലംഘനം, രാഷ്ട്രീയ പകപോക്കല്‍, പീഡനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ മാത്രം മതി അദ്ദേഹത്തെ ഇന്ത്യക്ക് വിട്ടുനല്‍കാനുള്ള തീരുമാനം ബ്രിട്ടീഷ് കോടതി റദ്ദാക്കാന്‍.

ബ്രിട്ടീഷ് ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസിന്റെ പരിഗണനയിലുള്ള കേസ് ദിനംപ്രതി എന്നോണം കേള്‍ക്കാനുള്ള സമ്മര്‍ദ്ദം ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായില്ലെങ്കില്‍ മല്യയെ വിട്ടുകിട്ടാനുള്ള നിയമനടപടികള്‍ അനന്തമായി നീണ്ടു പോകുകയും ചെയ്യും.

കുറ്റവാളികളെ കൈമാറുന്നതിനുള്ള നിയമത്തിലെ പ്രത്യേക വകുപ്പുകള്‍ അനുസരിച്ചാണ് മല്യ അറസ്റ്റിലാകുന്നതും കോടതിയില്‍ ഹാജരാക്കപ്പെട്ടതും. മല്യക്കെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുന്നുണ്ടോ എന്ന കാര്യം ജഡ്ജി ഇനി പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും മല്യയെ വിട്ടുനല്‍കണോ എന്ന കാര്യം തീരുമാനിക്കുക. മല്യയെ വിട്ടുനല്‍കാന്‍ കോടതി നിര്‍ദേശിച്ചാലും മല്യക്ക് ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാം. ഇവിടെയും അപ്പീല്‍ തള്ളിയാല്‍ ബ്രിട്ടീഷ് നിയമം അനുശാസിക്കുന്നതനുസരിച്ച് അദ്ദേഹത്തിന് പ്രഭുസഭയിലെ കോടതിയെ സമീപിക്കാം. മനുഷ്യാവകാശത്തിനുള്ള യൂറോപ്യന്‍ കോടതിയെ സമീപിക്കാനും മല്യക്ക് അവസരമുണ്ട്.

എന്തായാലും ബ്രിട്ടന്‍ അവരുടെ തെരഞ്ഞെടുപ്പ് ഘട്ടത്തിലേക്ക് കടക്കുകയാണ്. മല്യ സാധ്യമായ എല്ലാ നിയമവഴികളും തേടുന്ന ഒരാളാണ്. ഇന്ത്യക്കാര്‍ക്ക് മല്യയെ പരിഹസിച്ച് ട്രോളുകളും തെറിവിളികളും നടത്താം. പക്ഷേ ഉടനെങ്ങും വിജയ് മല്യ എന്ന മദ്യരാജാവ് ഇന്ത്യയിലേക്ക് തിരികെ വരാന്‍ പോകുന്നില്ല എന്നതാണ് വാസ്തവം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍