UPDATES

“ഇത് ഞങ്ങള്‍ ഡല്‍ഹിയിലേ നിര്‍ത്തൂ”, കേന്ദ്രത്തിനെതിരായ മൂന്ന് ദിവസത്തെ പ്രതിഷേധ ധര്‍ണ അവസാനിപ്പിച്ച് മമത ബാനര്‍ജി

മൂന്ന് ദിവസത്തേയ്ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തെ കൊല്‍ക്കത്തയില്‍ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞ ശേഷമാണ് മമതയുടെ പ്രതിഷേധം അവസാനിച്ചത്.

കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചിട്ടി തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്യാനുള്ള സിബിഐ നീക്കങ്ങളെ തുടര്‍ന്ന് ഞായറാഴ്ച വൈകീട്ട് ആരംഭിച്ച കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധ ധര്‍ണ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അവസാനിപ്പിച്ചു. മൂന്ന് ദിവസത്തേയ്ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തെ കൊല്‍ക്കത്തയില്‍ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞ ശേഷമാണ് മമതയുടെ പ്രതിഷേധം അവസാനിച്ചത്. ഞങ്ങള്‍ ഇത് ഇവിടം കൊണ്ട് അവസാനിപ്പിക്കില്ല. ഇത് ഡ്ല്‍ഹിയില്‍ ചെന്നേ അവസാനിക്കൂ. മമത പറഞ്ഞു.

കൊല്‍ക്കത്ത എസ്പ്ലനേഡിലെ പൊതുയോഗത്തില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായി ചന്ദ്രബാബു നായിഡു അടക്കമുള്ളവര്‍ പങ്കെടുത്തു. സിബിഐ നടപടിയേയും കേന്ദ്ര സര്‍ക്കാരിനേയും വിമര്‍ശിച്ചും മമതയ്ക്ക് പിന്തുണ അറിയിച്ചും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി അടക്കം മിക്ക പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിരുന്നു.

ഞായറാഴ്ച പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘടത്തെ പൊലീസ് ക്സ്റ്റഡിയിലെടുക്കുന്ന അസാധാരണ സാഹചര്യമുണ്ടായിരുന്നു. തുടര്‍ന്ന് സിആര്‍പിഎഫിനെ വിന്യസിച്ചു. ബംഗാള്‍ സര്‍ക്കാരിന്റെ നടപടിക്കെതിരെ സിബിഐയും കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചു. സിബിഐ നടപടിക്കെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാരും സുപ്രീം കോടതിയെ സമിപിച്ചു. പൊലീസ് കമ്മീഷണറെ അറസ്റ്റ് ചെയ്യരുതെന്നും അതേസമയം സിബിഐ അന്വേഷണവുമായി കമ്മീഷണര്‍ സഹകരിക്കണമെന്നും ഫെബ്രുവരി 20ന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്നുമാണ് ചീഫ് ജസ്റ്റിസിന്റെ ബഞ്ച് ഇന്ന് ഉത്തരവിട്ടത്. മേഘാലയയിലെ ഷില്ലോംഗിലാണ് ഹാജരാകേണ്ടത്. ചിട്ടി തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും അന്വേഷണസംഘത്തിന് കൈമാറാനും കോടതി ആവശ്യപ്പെട്ടു.

ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസുകളില്‍ അന്വേഷണ സംഘം തലവനായിരുന്ന രാജീവ് കുമാര്‍ കേസില്‍ ആരോപണവിധേയരായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ രക്ഷിക്കുന്നതിനായി തെളിവുകള്‍ നശിപ്പിച്ചതായാണ് സിബിഐയുടെ ആരോപണം. അതേസമയം ഇത് തങ്ങളുടെ ധാര്‍മ്മികവിജയമാണ് എന്ന് മമത ബാനര്‍ജി അവകാശപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍