UPDATES

ട്രെന്‍ഡിങ്ങ്

ദീദി മമതാ, ഏത് ജനാധിപത്യം വിജയിച്ചു എന്ന് പറഞ്ഞാണ് ഇന്നലെ നിങ്ങള്‍ ആഹ്ളാദിച്ചത്?

സിപിഎമ്മുകാരായ ദാര്യാഭര്‍ത്താക്കന്മാരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ക്രിമിനലുകള്‍ ചുട്ടുകൊന്ന് ബംഗാളില്‍ ‘ജനാധിപത്യം’ ഉയര്‍ത്തിപ്പിടിച്ചത്, മമത ഈ ജനാധിപത്യ മഹത്വം വിളമ്പുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ്.

കര്‍ണാടകയില്‍ ബിഎസ് യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജി വച്ചതിനെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയുടെ പ്രതികരണം “ഇത് ജനാധിപത്യത്തിന്റെ വിജയമാണ്” എന്നായിരുന്നു. ജനാധിപത്യം, വികസനം എന്നിവ ഭരണവര്‍ഗം പ്രവൃത്തി കൊണ്ട് അശ്ലീലവത്കരിച്ച വാക്കുകളാണ്. എന്താണ് മമത പറയുന്ന ജനാധിപത്യം എന്ന് തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ക്ക് മാത്രമേ മനസിലാകാനിടയുള്ളൂ. സിപിഎമ്മുകാരായ ഭാര്യാഭര്‍ത്താക്കന്മാരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ക്രിമിനലുകള്‍ ചുട്ടുകൊന്ന് ബംഗാളില്‍ ‘ജനാധിപത്യം’ ഉയര്‍ത്തിപ്പിടിച്ചത്, മമത ഈ ജനാധിപത്യ മഹത്വം വിളമ്പുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ്.

പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ ബംഗാളിലെ കാക് ദ്വീപില്‍ സിപിഎം പ്രവര്‍ത്തകരായ ദേബു ദാസിനെയും ഭാര്യ ഉഷ ദാസിനെയും തൃണമൂലുകാര്‍ ‘ജനാധിപത്യ സംരക്ഷണ’ത്തിന്‍റെ ഭാഗമായി ചുട്ടുകരിക്കുകയായിരുന്നു. പോളിംഗ് ദിവസം മാത്രം 11 സിപിഎമ്മുകാരാണ് ബംഗാളില്‍ കൊല്ലപ്പെട്ടത്. ബസുദേബ് ആചാര്യ, രാമചന്ദ്ര ഡോം എന്നീ മുതിര്‍ന്ന നേതാക്കളെ തൃണമൂല്‍ ഗുണ്ടകള്‍ ഭീകരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ക്രിമിനലുകള്‍ ബൂത്തുകളില്‍ അതിക്രമിച്ച് കയറി പോളിംഗ് സാമഗ്രികള്‍ എടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

മോദി-അമിത് ഷാ ടീം നയിക്കുന്ന സംഘപരിവാറിന്‍റെ ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടത്തെ പരാജയപ്പെടുത്താനും ഇന്ത്യയിലെ ജനാധിപത്യത്തേയും ഭരണഘടനയേയും സംരക്ഷിക്കാനും സിപിഎം അടക്കമുള്ള പ്രതിപക്ഷ കക്ഷികളെ ഒരൊറ്റ മുന്നണിക്ക്‌ കീഴില്‍ അണിനിരത്താന്‍ കിണഞ്ഞ് പരിശ്രമിക്കുന്നതായി അവകാശപ്പെടുന്ന മമത ബാനര്‍ജി തന്നെയാണ് ഈ അക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതും.

2011ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത് മുതല്‍ പശ്ചിമ ബംഗാളില്‍ എത്ര സിപിഎംകാര്‍ കൊല്ലപ്പെട്ടു? എത്ര പേര്‍ ആക്രമിക്കപ്പെട്ടു? എത്ര പാര്‍ട്ടി ഓഫീസുകള്‍ തകര്‍ക്കപ്പെട്ടു? എത്രയെണ്ണം ബാക്കിയുണ്ട്? പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എന്തുകൊണ്ട് സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിയുന്നില്ല എന്നൊക്കെ നോക്കിയാല്‍ അറിയാം മമതയുടെ ജനാധിപത്യത്തിന്റെ മഹത്വം. ഒടുവില്‍ കോടതിയുടെ നിര്‍ദേശാനുസരണം വാട്സ് ആപ്പിലൂടെയാണ് ചില സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചത്! സിപിഎമ്മുകാരും ഭരിക്കുമ്പോള്‍ രാഷ്ട്രീയ എതിരാളികളെ ഇതുപോലെ ആക്രമിച്ചിരുന്നു, ഉന്മൂലനം ചെയ്തിരുന്നു എന്ന് പറയുന്നത് ഇപ്പോള്‍ ബംഗാളില്‍ നടക്കുന്നതിന് ന്യായീകരണമാകില്ല. സിപിഎം ഭരണ കാലത്ത് നടന്നിരുന്നതിനേക്കാള്‍ എത്രയോ ഭീകരമായ ജനാധിപത്യ ധ്വംസനമാണ് തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ പ്രാവര്‍ത്തികമാക്കുന്നത്. പശ്ചിമ ബംഗാളില്‍ മിനിമം ജനാധിപത്യ അവകാശങ്ങള്‍ സാധ്യമാക്കിയിട്ട് പോരേ രാജ്യത്തുടനീളം ജനാധിപത്യം സ്ഥാപിക്കാന്‍ ഇറങ്ങിത്തിരിക്കുന്നത് എന്ന് മമതയോട് ചോദിക്കേണ്ടതാണ്. ദേശീയ തലത്തിലെ മുന്നണി ചര്‍ച്ചകളില്‍ ഒതുങ്ങുന്ന ഒന്നല്ലല്ലോ ജനാധിപത്യം.

പൊതുവേ പൊലീസ് സാന്നിദ്ധ്യമോ പൊലീസ് മേധാവിത്തമോ മറ്റ് ഇന്ത്യന്‍ നഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അത്ര പ്രകടമായി അനുഭവപ്പെടാത്ത നഗരമാണ് കൊല്‍ക്കത്ത. എന്നാല്‍ ബംഗാളിലെ വിവിധ പ്രദേശങ്ങളില്‍ സിവിക് വളണ്ടിയേഴ്സ് എന്ന സമാന്തര പൊലീസ് സേനയെ കാണാം. ഇതില്‍ പലരും പൊലീസുകാര്‍ ഒന്നുമല്ലെന്നും തൃണമൂല്‍ ഗുണ്ടകള്‍ ആണെന്നുമുള്ള വിമര്‍ശനം ശക്തമാണ്. Political Violence മറ്റേതൊരു സംസ്ഥാനത്തേക്കാളും ബംഗാളിനെ സംബന്ധിച്ച് അന്തര്‍ലീനമാണ് എന്നത് വസ്തുത. എന്നാല്‍ അത് എക്കാലവും അതിന്‍റെ ഏറ്റവും മോശമായ അവസ്ഥയില്‍ തുടരണം എന്നത് ആരുടെ നിര്‍ബന്ധമാണ്? ‘ബൂര്‍ഷ്വാ ലിബറല്‍ കവി’യും ഉദാര ജനാധിപത്യവാദിയും, എംഎന്‍ റോയ് റാഡിക്കല്‍ ഹ്യൂമണിസത്തിലേക്ക് വരുന്നതിന് മുമ്പ് തന്നെ അതിനെ തന്റെതായ വേര്‍ഷനില്‍ സ്വാംശീകരിക്കുകയും ചെയ്തിരുന്നയാളും അല്‍പ്പം കാല്‍പ്പനികനും ഒക്കെ ആയിരുന്നു രബീന്ദ്രനാഥ് ടാഗോര്‍. അതിന്‍റെ പരിമിതികള്‍ തീര്‍ച്ചയായും അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ ടാഗോറിനെ അതിരറ്റ് സ്നേഹിക്കുന്നു എന്ന് അവകാശപ്പെടുന്ന ബംഗാളികളെ സംബന്ധിച്ച് ഈ പരിമിതികളും ബാധ്യതകളുമൊന്നും ഇല്ല.

ബംഗാള്‍ അന്തര്‍ലീനമായ അതിന്‍റെ വയലന്‍സും ക്രമരാഹിത്യവുമായി മുന്നോട്ട് പോകുമ്പോള്‍ എന്താണ് ഇപ്പോള്‍ അവിടെ നടക്കുന്ന പൊളിറ്റിക്കല്‍ വയലന്‍സിന്‍റെ സ്വഭാവം എന്നും ആരൊക്കെയാണ് ഇതിന്‍റെ ഗുണഭോക്താക്കള്‍ എന്നും പരിശോധിക്കേണ്ടി വരും. 1977ല്‍ ജ്യോതിബസുവിന്‍റെ നേതൃത്വത്തിലുള്ള ആദ്യ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന സാഹചര്യത്തിന് വഴിയൊരുക്കിയ ജനാധിപത്യ കശാപ്പിന്‍റെ സാഹചര്യത്തിലെ പൊളിറ്റിക്കല്‍ വയലന്‍സ്, ആ സര്‍ക്കാര്‍ വരുന്നത് വരെ ഉണ്ടായിരുന്ന അവസ്ഥ, 2011ല്‍ 34 വര്‍ഷത്തെ സിപിഎമ്മിന്‍റെ അധികാര കുത്തക അവസാനിപ്പിച്ച് തൃണമൂലിനെ തല്‍സ്ഥാനത്ത് പ്രതിഷ്ടിച്ച്തോടെ ഏത് തരത്തില്‍ തുടര്‍ച്ച നേടി, എത്തരത്തില്‍ രൂപാന്തരപ്പെട്ടു എന്നൊക്കെയുള്ള ചോദ്യങ്ങളുണ്ട്.

ഭരണകക്ഷിയില്‍ നിന്ന് പ്രധാന പ്രതിപക്ഷ കക്ഷിയിലേക്കും മൂന്നാം കക്ഷിയെന്നോ നാലാം കക്ഷിയെന്നോ വ്യക്തമല്ലാത്ത അധപതനത്തിലേക്കും സിപിഎമ്മിനെ എത്തിച്ച, ബിജെപിയെ രണ്ടാമത്ത ശക്തി എന്ന നിലയിലേക്ക് ഉയര്‍ത്തുന്ന സൂചനകള്‍ നല്‍കുന്ന സാഹചര്യത്തിലെ political violence – ഇതിനെല്ലാം ഒരേ സ്വഭാവമാണ് എന്ന് കരുതാന്‍ വയ്യ. എല്ലാത്തരം അക്രമങ്ങളും പ്രതിലോമകരമാണ്. എന്നാല്‍ നിലവിലെ വയലന്‍സ് അത്യന്തം ഫാഷിസ്റ്റ് സ്വഭാവമുള്ളതാണ്. ഫാഷിസ്റ്റ്‌ ആസൂത്രിത പദ്ധതിയാണ്. ഈ ഫാഷിസ്റ്റ്‌ ചെടിയെ വെള്ളമൊഴിച്ച് വളര്‍ത്തുക എന്ന പ്രതിലോമ രാഷ്ട്രീയമാണ് മമത ബാനര്‍ജിയുടെ പാര്‍ട്ടി ബംഗാളില്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഇങ്ങനെ പാര്‍ട്ടിയെ നയിക്കുന്നയാളാണ് ഇന്ത്യയിലെ ജനാധിപത്യം സംരക്ഷിക്കാന്‍ പ്രതിപക്ഷ ഐക്യത്തിനായി ഓടി നടക്കുന്നത് എന്നതാണ് പരിഹാസ്യമായ കാര്യം.

സിദ്ധാര്‍ത്ഥ ശങ്കര്‍ റേയുടെ ജനാധിപത്യം എന്തായിരുന്നു എന്ന് ഓര്‍മ്മയുള്ള ബംഗാളികള്‍ ആ നാട്ടില്‍ തന്നെയുണ്ടല്ലോ. അന്നത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന മമത ബാനര്‍ജിയുടെ ജനാധിപത്യം എന്തായിരുന്നു എന്നും പ്രിയരഞ്ജന്‍ ദാസ് മുന്‍ഷിയുടേയും സുബ്രതോ മുഖര്‍ജിയുടേയും ജനാധിപത്യം എന്തായിരുന്നു എന്നുമൊക്കെ നാട്ടുകാര്‍ക്ക് ഓര്‍മ്മയുണ്ടാകും. അത്തരമൊരു ഓര്‍മ്മപ്പെടുത്തലാണ് ദിവസങ്ങള്‍ക്ക് മുമ്പ് മാധ്യമപ്രവര്‍ത്തകന്‍ പ്രബിര്‍ പുര്‍കായസ്ത ഫേസ്ബുക്കില്‍ നടത്തിയത്. നിഷ്‌കളങ്ക ഉദാര ജനാധിപത്യവാദികളെ ചരിത്രം ഓര്‍മ്മിപ്പിക്കുക എന്ന ഉത്തരവാദിത്തത്തിന്റെ ഭാഗമായിരുന്നു ഇത്. അടിയന്തരാവസ്ഥ കാലത്ത് ജനാധിപത്യ പ്രക്ഷോഭത്തിന്‍റെ നേതാവായ ജയപ്രകാശ് നാരായണന്‍ കൊല്‍ക്കത്തയില്‍ വന്നപ്പോള്‍ അദ്ദേഹത്തിന്‍റെ കാറിന് മുകളില്‍ കയറി മമത നടത്തിയ ‘ജനാധിപത്യ നൃത്തം’ ചരിത്രപ്രസിദ്ധമാണ്. യൂത്ത് കോണ്‍ഗ്രസിനും ബംഗാളിലെ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടന ഛാത്ര പരിഷദിനും സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ നടന്നിരുന്ന ഭീകരമായ അതിക്രമങ്ങളിലുണ്ടായിരുന്ന പങ്ക് എന്താണ് എന്ന് പ്രബീര്‍ പുര്‍കായസ്ഥ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

ബംഗാളില്‍ താന്‍ നടത്തിയ പരീക്ഷണം നിയമസാധുതയോടെ രാജ്യത്താകെ വ്യാപിപ്പിക്കാവുന്നതാണ് എന്ന് ഇന്ദിര ഗാന്ധിയെ ഉപദേശിക്കുകയും അടിയന്തരാവസ്ഥയുടെ സൂത്രധാരനായി മാറുകയും ചെയ്ത നേതാവാണ്‌ സിദ്ധാര്‍ത്ഥ ശങ്കര്‍ റേ. സിദ്ധാര്‍ത്ഥ ശങ്കര്‍ റേയുടെ ലക്ഷണമൊത്ത പിന്തുടര്‍ച്ചക്കാരിയാണ് മമത ബാനര്‍ജി എന്നാണ് എഴ് വര്‍ഷത്തെ അവരുടെ ഭരണം തെളിയിക്കുന്നത്. മാ, മാതി, മാനുഷ് മുദ്രാവാക്യങ്ങള്‍ ഉയര്‍ത്താന്‍ മമതയ്ക്ക് യാതൊരു അര്‍ഹതയുമില്ല. ഭാംഗറിലെ ഭൂസമരം അടക്കമുള്ള പ്രശ്നങ്ങള്‍ ഇതാണ് പറയുന്നത്.  നന്ദിഗ്രാമിന്‍റെയും സിംഗൂരിന്‍റെയും പേരില്‍ മമതയുടെ ജനാധിപത്യത്തെ വിശ്വസിച്ച മഹാശ്വേത ദേവി ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ എന്ത് രാഷ്ട്രീയ നിലപാട് ആയിരിക്കും സ്വീകരിക്കുക എന്നത് കൗതുകകരമാണ്. അവര്‍ക്ക് എന്നും പ്രതിപക്ഷത്ത് നില്‍ക്കാനേ സാധിക്കൂ എന്നാണ് അവരുടെ പ്രവര്‍ത്തനങ്ങളും കാഴ്ചപ്പാടുകളും വച്ച് നോക്കുമ്പോള്‍ കരുതേണ്ടത്. നന്ദിഗ്രാം, സിംഗൂര്‍ പ്രശ്നങ്ങളെ തുടര്‍ന്ന് സിപിഎമ്മിനെ കൈവിട്ട ലിബറല്‍ ബുദ്ധിജീവികളും ഭദ്രലോഗുകളും തൃണമൂലിനേയും കൈവിട്ടിരിക്കുന്നു. എന്നാല്‍ ബംഗാളികള്‍ക്ക് ഒരിക്കലും സംഘപരിവാറിന്‍റെ ഹിന്ദുത്വ രാഷ്ട്രീയത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ദേവ്ദാന്‍ ചൌധരിയെപോലുള്ളവര്‍ വാദിക്കുമ്പോളും വലിയ ഭീഷണിയായി ബംഗാളില്‍ ബിജെപിയും സംഘപരിവാറും വളര്‍ന്നിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

വിഖ്യാതമായ Writers Buildingല്‍ നിന്ന് ഹൗറയിലെ നബന്നയിലേക്ക് താല്‍ക്കാലികമായി ഭരണസിരാ കേന്ദ്രം മാറ്റിയത് അറിയാതെ സെക്രട്ടറിയേറ്റിലേയ്ക്കുള്ള വഴി അന്വേഷിച്ചാല്‍ “അത് സെക്രട്ടറിയേറ്റ് ഒന്നുമല്ല, അതൊരു Ghost House ആണ്” എന്ന് ചിലപ്പോള്‍ ബംഗാളികള്‍ പറഞ്ഞേക്കും. അത് ഭരണം തലയില്‍ നിന്ന് മാറിപ്പോയ ഒരു കൊളോണിയല്‍ അവശേഷിപ്പിന്‍റെ വിശദീകരണം മാത്രമല്ല, ബംഗാളിന്‍റെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചുള്ള സൂചന കൂടിയാണ്. ബംഗാളില്‍ ഇപ്പോള്‍ നേട്ടമുണ്ടാക്കുന്നത് ബിജെപിയും സംഘപരിവാറുമാണ്. ദേശ രാഷ്ട്രം, ദേശഭക്തി, മതാധിഷ്ഠിത സമൂഹം തുടങ്ങിയ വിശുദ്ധ പശുക്കളെ എന്നും വെറുത്തിരുന്ന, അതിന്‍റെ പേരില്‍ ബ്രിട്ടീഷ് വിരുദ്ധ സ്വദേശി പ്രസ്ഥാനത്തെ പോലും എതിര്‍ത്തിരുന്ന, സാര്‍വലൗകികനായ ടാഗോറിനെ ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന നാട്ടിലാണ് ഇപ്പോള്‍ സംഘപരിവാറിന്‍റെ ഹിന്ദുത്വ രാഷ്ട്ര പരീക്ഷണങ്ങള്‍ ശക്താമായി മുന്നോട്ട് പോകുന്നത്.

രാഷ്ട്രീയ ഹിന്ദുത്വത്തിന് സഹായകരമായ ഹിന്ദു പുനരുത്ഥാനത്തിന്‍റെയും, ഹിന്ദു ശാക്തീകരണത്തിന്‍റെയും  വക്താവായ സ്വാമി വിവേകാനന്ദന്‍റെയും ജനസംഘം നേതാവ് ശ്യാമ പ്രസാദ് മുഖര്‍ജിയുടെയും നാട് എന്ന പോലെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ സ്ഥാപക നേതാവ് എംഎന്‍ റോയിയുടെയും, ചൈനയിലെ ചെയര്‍മാനെ സ്വന്തം ചെയര്‍മാനും നക്സല്‍ ബാഡിയെ സ്വന്തം വീടായും (അമാര്‍ ബാഡി, തോമാര്‍ ബാഡി, നക്സല്‍ ബാഡി) കണ്ട ഇടതുപക്ഷ തീവ്രവാദികളുടേയും ദേശീയ പ്രസ്ഥാനത്തിന്‍റെ ഭാഗമായിരുന്ന തീവ്ര വിപ്ളവകാരികളുടേയും “അമര്‍ നാം തോമാര്‍ നാം വിയറ്റ്‌നാം, വിയറ്റ്‌നാം” (എന്‍റെ പേര്, നിന്‍റെ പേര് വിയറ്റ്‌നാം) എന്ന മുദ്രാവാക്യവുമായി തെരുവിലിറങ്ങിയവരുടെയും നാടാണ് ബംഗാള്‍. സംഘപരിവാരത്തെ ഇത്തരത്തില്‍ സംസ്കാരികമായി തടയാനും ബൗദ്ധികമായി ചെറുക്കാനും കരുത്തുള്ള ഒരിടം. എന്നാല്‍ ഇവിടെയാണ്‌ ബിജെപിയും സംഘപരിവാറും വേരുറപ്പിക്കുന്നത്. രാമനവമിയുടെ പേരില്‍ അക്രമം അഴിച്ചുവിടുന്നതും മുസ്ലീം ഇമാമിന്‍റെ കൌമാര പ്രായക്കാരനായ മകനെ സംഘ പ്രവര്‍ത്തകര്‍ കൊല്ലുന്നതും. ഇത്തരമൊരു രാഷ്ട്രീയ സാഹചര്യമുണ്ടാക്കുന്നതില്‍ പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന മമത ബാനര്‍ജി വഹിക്കുന്ന പങ്കാണ് പ്രശ്നം.

ത്രിപുരയില്‍ നിങ്ങള്‍ ജയിക്കണം എന്നാണ് ആഗ്രഹം എന്നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പ് മമത ബാനര്‍ജി മുഖ്യമന്ത്രി ആയിരുന്ന മണിക് സര്‍ക്കാരിനോട് പറഞ്ഞത്. ബംഗാള്‍ ഗ്രാമങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ തൃണമൂലുകാര്‍ വ്യാപക അക്രമം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നതിന് ഇടയിലായിരുന്നു ഈ ജനാധിപത്യ ജാഗ്രതയും ഐക്യദാര്‍ഢ്യ പ്രകടനവും. ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തില്‍ വ്യക്തത വരുത്താത്ത, മാറി നില്‍ക്കുന്ന സിപിഎമ്മിനെ മതേതര ജനാധിപത്യത്തിന്‍റെ ഏറ്റവും ശക്തയായ വക്താവ് എന്ന് അവകാശപ്പെടുന്ന മമത രൂക്ഷമായി വിമര്‍ശിക്കാറുണ്ട്. എന്നാല്‍ ജനാധിപത്യ സംരക്ഷണം, ഭരണഘടനാ സംരക്ഷണം, ഫാഷിസ്റ്റ്‌ വിരുദ്ധത എന്നൊക്കെ മമത ബാനര്‍ജി പറയുമ്പോള്‍ അത് പരിഹാസ്യമാകുകയാണ്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തുന്ന രാഷ്ട്രീയ എതിരാളികളെ മമതയുടെ പാര്‍ട്ടിക്കാര്‍ അടിച്ചോടിക്കുന്നത് ഏത് ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണ്? ബംഗാളില്‍ സിപിഎം എങ്ങനെയാണ് തൃണമൂല്‍ കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുക? കൊല്ലാന്‍ വരുന്നവനുമായി സൗഹൃദമുണ്ടാക്കാന്‍ കഴിയുമോ?

രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്ത സിദ്ധാര്‍ത്ഥ ശങ്കര്‍ റേയ്ക്കും കര്‍ഷകരെ വെടിവച്ച് കൊന്ന് ബംഗാളിനെ വികസിപ്പിച്ച് കളയാം എന്ന് വ്യാമോഹിച്ച ബുദ്ധദേബ് ഭട്ടാചാര്യക്കും (അഹിംസ പ്രവാചകനും പ്രാചീന ഇന്ത്യയിലെ ആദ്യ ജനാധിപത്യ പരീക്ഷണത്തിന്‍റെ ഉപജ്ഞാതാവും ആയ ബുദ്ധന്‍റെ പേരുകളാണ് ഇരുവര്‍ക്കും എന്നത് രസകരമാണ്) ബാധകമായ ജനവിധി മമതക്കും നേരിടേണ്ടി വരും എന്ന കാര്യം ഉറപ്പാണ്. പക്ഷെ അതില്‍ വിളവെടുത്ത് നേട്ടം കൊയ്യുന്നത് ബിജെപി ആണ് എങ്കില്‍ പിന്നെ ബംഗാള്‍ എങ്ങനെ അതിജീവിക്കും? ചരിത്രത്തിലെ തെറ്റുകള്‍ വര്‍ത്തമാനത്തില്‍ ശരിയായ നിലപാടുകള്‍ സ്വീകരിക്കുന്നതിനോ ഭേദപ്പെട്ട ജനാധിപത്യ പരിപാടിയുമായി മുന്നോട്ട് പോകുന്നതിനോ ഒരാള്‍ക്കും അയോഗ്യത കല്‍പ്പിക്കുന്നില്ല. വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യങ്ങള്‍, മൂര്‍ത്തമായ ഇത്തരം രാഷ്ട്രീയ സാഹചര്യങ്ങളുടെ മൂര്‍ത്തമായ വിശകലനം ഇതൊക്കെ തന്നെയാണ് പ്രശ്‌നം. പക്ഷെ വര്‍ത്തമാനത്തില്‍ തന്നെ ജനാധിപത്യ കശാപ്പ് നടത്തിക്കൊണ്ടിരിക്കുന്നവര്‍ എങ്ങനെയാണ് ജനാധിപത്യം സംരക്ഷിക്കുക?

അഴിമുഖം വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍