UPDATES

ട്രെന്‍ഡിങ്ങ്

തിയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ ജസ്റ്റിസ് ദീപക് മിശ്ര അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ചീഫ് ജസ്റ്റിസ് ജെഎസ് കേഹര്‍ ഈമാസം 27ന് വിരമിക്കുന്ന ഒഴിവിലാണ് മിശ്ര രാജ്യത്തെ പരമോന്നത ന്യായാധിപനാകുന്നത്

എല്ലാ തിയറ്ററുകളിലും സിനിമ തുടങ്ങുന്നതിന് മുമ്പ് ദേശീയഗാനം ആലപിക്കണെന്ന ഉത്തരവിറക്കിയ ദീപക് മിശ്ര സുപ്രിം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസാകും. കേന്ദ്ര നിയമമന്ത്രാലയം ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. നിലവിലെ ചീഫ് ജസ്റ്റിസ് ജെഎസ് കേഹര്‍ ഈമാസം 27ന് വിരമിക്കുന്ന ഒഴിവിലാണ് മിശ്ര രാജ്യത്തെ പരമോന്നത ന്യായാധിപനാകുന്നത്.

2018 ഒക്ടോബര്‍ രണ്ട് വരെയാണ് മിശ്രയുടെ കാലാവധി. ജസ്റ്റിസ് കേഹര്‍ തന്നെയാണ് തന്റെ പിന്‍ഗാമിയായി മിശ്രയുടെ പേര് നിര്‍ദ്ദേശിച്ചതെന്ന് മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. 1977ലാണ് ഇദ്ദേഹം ഒഡീഷ ഹൈക്കോടതിയില്‍ അഭിഭാഷകനാകുന്നത്. 1996ല്‍ ഇദ്ദേഹത്തെ ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി നിയമിച്ചു. 1997ല്‍ മധ്യപ്രദേശ് ഹൈക്കോടതിയില്‍ സ്ഥിര ജഡ്ജിയായി. 2009ല്‍ പാട്‌ന ഹൈക്കോടതിയിലും 2010ല്‍ ഡല്‍ഹി ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിച്ചു. 2011ല്‍ സുപ്രിംകോടതി ജഡ്ജിയായി.

ഒഡീഷയില്‍ നിന്നുള്ള മൂന്നാമത്തെ ചീഫ് ജസ്റ്റിസാണ് മിശ്ര. ഇദ്ദേഹത്തിന്റെ അമ്മാവനായിരുന്ന രഘുനാഥ് മിശ്രയായിരുന്നു ആദ്യ ചീഫ് ജസ്റ്റിസ്. ജിബി പടനായിക് ആണ് സംസ്ഥാനത്തുനിന്നും പരമോന്നത ന്യായാധിപനായ മറ്റൊരാള്‍. സുപ്രിംകോടതിയിലെ പ്രമുഖമായ നിരവധി വിധിന്യായങ്ങള്‍ക്ക് പിന്നില്‍ ഇദ്ദേഹം ഉണ്ടായിരുന്നു. നിര്‍ഭയ കേസില്‍ നാല് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചതാണ് അതില്‍ പ്രധാനപ്പെട്ട വിധി. 1993ലെ മുംബൈ സ്‌ഫോടന പരമ്പര കേസില്‍ യാക്കൂബ് മേമന്റെ വധശിക്ഷയ്‌ക്കെതിരായ അപ്പീല്‍ നിരസിച്ച ബഞ്ചില്‍ ഇദ്ദേഹം അംഗമായിരുന്നു. പിന്നീട് ഇതിന്റെ പേരില്‍ വധഭീഷണി നേരിട്ടു.

അപകീര്‍ത്തി പ്രസംഗങ്ങളുടെ പേരില്‍ ഭരണകൂടത്തിന് കേസെടുക്കാമെന്ന വിധി പ്രഖ്യാപിച്ച ബഞ്ചിലും ഇദ്ദേഹമുണ്ടായിരുന്നു. രാഹുല്‍ ഗാന്ധി, സുബ്രഹ്മണ്യം സ്വാമി, അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും ആ വിധിയില്‍ വ്യക്തമാക്കിയിരുന്നു. ജോലി പ്രമോഷന് റിസര്‍വേഷന്‍ അനുവദിക്കാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനം നിരസിച്ച ബഞ്ചിലും ഇദ്ദേഹമുണ്ട്. അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് ഇദ്ദേഹമുള്‍പ്പെട്ട ബഞ്ച് ശരിവയ്ക്കുകയായിരുന്നു.

സിനിമ തിയറ്ററുകളില്‍ ഓരോ സിനിമയും തുടങ്ങണമെന്ന ഇദ്ദേഹം ഉള്‍പ്പെടുന്ന ബഞ്ചിന്റെ വിധിയ്‌ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ബിജെപി സര്‍ക്കാരിന്റെ തീവ്രദേശീയവാദത്തിനും അതുവഴിയുള്ള ആക്രമണങ്ങള്‍ക്കും സുപ്രിംകോടതി നല്‍കുന്ന പിന്തുണയായി അത് വിലയിരുത്തപ്പെട്ടു. അയോധ്യ തര്‍ക്ക ഭൂമിയിലെ അലഹബാദ് ഹൈക്കോടതിയുടെ വിധിയെക്കുറിച്ചുള്ള പരാതികളില്‍ വാദം കേള്‍ക്കാന്‍ നിലവിലെ ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍ നിയോഗിച്ച മൂന്നംഗ ബഞ്ചിലെ അംഗവുമാണ് ഇദ്ദേഹം. അശോക് ഭൂഷണ്‍, എസ്എ നസീര്‍ എന്നിവരാണ് മറ്റ് ജഡ്ജിമാര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍