UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അങ്ങേയറ്റത്തെ അനിശ്ചിതത്വങ്ങൾക്കിടയിലും മൻമോഹൻ സിങ് രാഷ്ട്രീയസ്ഥിരത ഉറപ്പാക്കി: പ്രണബ്

ജനങ്ങളുടെ ജീവിതം സുഗമമാക്കുന്നതിനുള്ള ആലോചനകളും നിയമനിർമാണങ്ങളും ഏറെ വരികയുണ്ടായി മൻമോഹൻ സിങ്ങിന്റെ കാലത്തെന്ന് പ്രണബ് മുഖർ‍ജി പറഞ്ഞു.

ഏറ്റവും അനിശ്ചിതത്വം നിറഞ്ഞ രാഷ്ട്രീയ കാലാവസ്ഥയിലും രാജ്യത്ത് രാഷ്ട്രീയസ്ഥിരത സൃഷ്ടിക്കാൻ പ്രധാനമന്ത്രിയെന്ന നിലയിൽ ഡോ. മൻമോഹൻ സിങ്ങിന് സാധിച്ചിരുന്നെന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി പറഞ്ഞു. 2004നും 2014നും ഇടയിലുള്ള അസ്ഥിരമായ രാഷ്ട്രീയസാഹചര്യങ്ങൾ അസുഖകരമായിരുന്നെങ്കിലും സിങ്ങിന്റെ നേതൃത്വം രാഷ്ട്രീയസ്ഥിരത പുലർത്താൻ സഹായിച്ചു. സഖ്യ സർക്കാരുകളെ കൈകാര്യം ചെയ്യാൻ സിങ്ങിന് വൈദഗ്ധ്യമുണ്ടായിരുന്നെന്നും പ്രണബ് പറഞ്ഞു.

1991 മുതൽ 1999 വരെയുള്ള കാലത്ത് ഒരു തെരഞ്ഞെടുപ്പ് മാത്രമേ സ്വാഭാവികമായ അവസ്ഥയിൽ ഉണ്ടാകുമായിരുന്നുള്ളൂ. എന്നാൽ, ആ കാലയളവിൽ മൂന്ന് തെരഞ്ഞെടുപ്പുകളാണ് നടന്നത്. 89 മുതൽ 99 വരെയുള്ള കാലയളവില്‍ അഞ്ച് തെരഞ്ഞെടുപ്പുകളും അഞ്ച് സർക്കാരുകളുമുണ്ടായി. ഈ സാഹചര്യത്തിലാണ് പുതിയ സർക്കാർ വരുന്നതും മൻമോഹൻ സിങ് പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നതും. സ്ഥിരതയുള്ള ഒരു സർക്കാർ വേണമെന്നതായിരുന്നു അന്നത്തെ സാഹചര്യം ആവശ്യപ്പെട്ടത്. സിങ്ങിന് ലഭിച്ചത് ഒരു സഖ്യ സർക്കാരും. സഖ്യകക്ഷികളെ എങ്ങനെ നയിക്കണമെന്നത് മൻമോഹൻ സിങ്ങിന് നന്നായറിയാമായിരുന്നെന്നും പ്രണബ് വ്യക്തമാക്കി.

ജനങ്ങളുടെ ജീവിതം സുഗമമാക്കുന്നതിനുള്ള ആലോചനകളും നിയമനിർമാണങ്ങളും ഏറെ വരികയുണ്ടായി മൻമോഹൻ സിങ്ങിന്റെ കാലത്തെന്ന് പ്രണബ് മുഖർ‍ജി പറഞ്ഞു. ഭക്ഷണത്തിനും തൊഴിലിനുമുള്ള അവകാശങ്ങൾ ഉറപ്പിക്കുന്ന നിയമനിർമാണം ആ കാലത്താണ് വന്നത്. വിവരാവകാശനിയമം വന്നതും സിങ്ങിന്റെ കാർമികത്വത്തിലാണ്.

സഖ്യസർക്കാരിനെ എങ്ങനെയാണ് കാര്യക്ഷമമായി കൈകാര്യം ചെയ്യേണ്ടതെന്ന് മൻമോഹൻ സിങ്ങിന് അറിയാമായിരുന്നെന്നും പ്രണബ് ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ ബാങ്കിങ് സംവിധാനം ശക്തമല്ലാത്തതു കൊണ്ടാണ് സ്വർണത്തിന് ഇത്രയധികം പ്രാധാന്യം വന്നതെന്ന് സിങ് മനസ്സിലാക്കിയിരുന്നെന്ന് പ്രണബ് പറഞ്ഞു. ബാങ്ക് സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ സ്വർണത്തിലാണ് സാധാരണക്കാർ നിക്ഷേപം നടത്തുന്നത്. ആവശ്യമായ സമയത്ത് അവർക്ക് പണം ‘പിൻവലിക്കാൻ’ സ്വർണം സൗകര്യം നൽകുന്നെന്നും അദ്ദേഹം കണ്ടെത്തിയിരുന്നു. സാമ്പത്തികകാര്യത്തിലുള്ള നിരക്ഷരതയാണ് ഇന്ത്യയിലെ സ്വർണത്തിനുള്ള ഡിമാൻഡിന്റെ പ്രധാന കാരണം. ഈ ദുരവസ്ഥ മാറുന്നതിനുള്ള സാമ്പത്തികരംഗത്തെ മാറ്റങ്ങൾക്കു വേണ്ടിയാണ് മൻമോഹൻ‍സിങ് പ്രവർത്തിച്ചിരുന്നതെന്നും പ്രണബ് വിശദീകരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍