UPDATES

ട്രെന്‍ഡിങ്ങ്

‘എനിക്ക് മാധ്യമങ്ങളോട് സംസാരിക്കാൻ പേടിയുണ്ടായിരുന്നില്ല’: മോദിയെ ഒളിയമ്പെയ്ത് മൻമോഹൻ സിങ്

സാമ്പത്തികശാസ്ത്രജ്ഞൻ എന്ന നിലയിലുള്ള തന്റെ ജീവിതത്തെക്കുറിച്ചാണ് മൻമോഹൻ സിങ് ചേഞ്ചിങ് ഇന്ത്യ അഞ്ച് വോള്യത്തിലുള്ള പുതിയ പുസ്തകത്തിൽ വിവരിക്കുന്നത്.

ഭരണം അവസാനിക്കാനിരിക്കെ ഇക്കാലയളവിനിടയിൽ ഒരിക്കൽപ്പോലും മാധ്യമങ്ങളെ കാണാൻ തയ്യാറാകാതിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഒളിയമ്പെയ്ത് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് രംഗത്ത്. തന്നെ ‘നിശ്ശബ്ദനായ’ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയ മൻമോഹൻ സിങ് താനൊരിക്കലും മാധ്യമങ്ങളോട് സംസാരിക്കാൻ ഭയപ്പെട്ടിരുന്നില്ലെന്ന് വ്യക്തമാക്കി. താന്‍ മാധ്യമങ്ങളെ സ്ഥിരമായി കാണാറുണ്ടായിരുന്ന കാര്യം സിങ് ഓർമിപ്പിച്ചു. ഓരോ വിദേശയാത്രയ്ക്കു ശേഷവും വാർത്താ സമ്മേളനം വിളിക്കുമായിരുന്നു. തന്റെ പുതിയ പുസ്തകമായ ‘ചേഞ്ചിങ് ഇന്ത്യ’ പുറത്തിറക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു സിങ്.

2014ൽ അധികാരത്തിലെത്തിയതിനു ശേഷം ഇതുവരെ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരിക്കൽപ്പോലും മാധ്യമങ്ങളോട് സംസാരിച്ചിട്ടില്ല. ഇത് പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും വിമർശനത്തിന് കാരണമായിട്ടുണ്ട്. കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി പലവട്ടം മോദിയെ ഇക്കാര്യം ചൂണ്ടിക്കാട്ടി പരിഹസിക്കുകയും ചെയ്തിട്ടുണ്ട്.

റിസർവ്വ് ബാങ്കിന്റെ കരുതൽ ധനത്തിന്റെ മൂന്നിലൊന്ന് ഭാഗം കൈക്കലാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നേരിട്ടുത്തരം നൽകാതെ സിങ് ഒഴിഞ്ഞുമാറി. രണ്ട് സ്ഥാപനങ്ങൾക്കും ഒരുമയോടെ പ്രവര്‍ത്തിക്കാൻ കഴിയണമെന്ന് അദ്ദേഹം വ്യക്തമാക്കി. നേരത്തെ ഗവർണർ സ്ഥാനത്തു നിന്നുള്ള ഊർജിത് പട്ടേലിന്റെ രാജി രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥയ്ക്ക് കനത്ത പ്രഹരമാണെന്ന് സിങ് വിശേഷിപ്പിച്ചിരുന്നു.

സാമ്പത്തികശാസ്ത്രജ്ഞൻ എന്ന നിലയിലുള്ള തന്റെ ജീവിതത്തെക്കുറിച്ചാണ് മൻമോഹൻ സിങ് ചേഞ്ചിങ് ഇന്ത്യ അഞ്ച് വോള്യത്തിലുള്ള പുതിയ പുസ്തകത്തിൽ വിവരിക്കുന്നത്. തന്റെ ജീവിതം സാഹസികത നിറഞ്ഞതും പുതുമകൾ തേടുന്നതുമായിരുന്നെന്ന് സിങ് ചൂണ്ടിക്കാട്ടി. തനിക്ക് നിരാശയോ ദുഖമോ ഇല്ല. രാജ്യം തന്നോട് ഏറെ കരുണ കാണിച്ചെന്നും അതിന്റെ കടം കൊടുത്തു തീർക്കാനാകില്ലെന്നും സിങ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍